Image

ജെയിൻ ഗുഡാലിന് ആദരാഞ്ജലി (കവിത: ആൻഡ്രൂസ് അഞ്ചേരി)

Published on 08 October, 2025
ജെയിൻ ഗുഡാലിന് ആദരാഞ്ജലി (കവിത: ആൻഡ്രൂസ് അഞ്ചേരി)

ലണ്ടനിൽ ജനിച്ചൊരു പെൺകുട്ടി കണ്ടു
പണ്ടൊരു സ്വപ്നം ആഫ്രിക്കൻ വനാന്തരം
കൊണ്ടു പിടിച്ചെത്തി ടാൻസാനിയയിൽ
കണ്ട സ്വപ്നം പൂവണിഞ്ഞു വൻ കാടതിൽ

ഒത്തു വസിച്ചു ചിമ്പാൻസികളോടൊപ്പം
ആറു പതിറ്റാണ്ട് ഘോര വനാന്തരത്തിൽ
ചിമ്പാൻസികൾ കാട്ടിൽ മിണ്ടാതിരുന്നു
മാതാവിൻ കരുതൽ കാട്ടിൽ നിറഞ്ഞു

ഗോംബെയിൻ പുലരി നിശ്ശബ്ദം ശ്രവിച്ചു 
ഗുഡാൽ ജെയിൻ മാഡത്തിൻ കാലൊച്ചകൾ 
മാഡത്തിൻ കണ്ണുകൾ കണ്ടൊരു ലോകം 
മനുഷ്യർ മറന്നതാം സഹജീവിതം.

ഭൂമി ഒരുകൂറ്റൻ കൂട്ടുകുടുംബം
നാമെല്ലാം ഓരോരോ അംഗങ്ങളും
മനുഷ്യനു മസ്തിഷ്കം കൂടാമെന്നാകിലും  
മൃഗം ജീവജാലമെല്ലാം അംഗങ്ങൾ


ഒന്നിന് കടപ്പാട് മറ്റൊന്നിനോടെറെ 
ഒറ്റയ്ക്ക് നിലനിൽപ്പാനാവില്ലാർക്കും
ദൈവത്തിൻ സൃഷ്ട്ടിയിൽ ആരും ചെറുതല്ല 
സൃഷ്ട്ടിതൻ സൗന്ദര്യം സഹജീവിതം

ഒരു വൃക്ഷം നട്ടിടൂ നീ ഇന്ന് തന്നെ 
ഭൂമി തൻ ശ്വാസം നീ നീട്ടി നല്കൂ.
ഒരു ഇല പിറക്കുമ്പോൾ വളരും പ്രതീക്ഷകൾ 
ഒരു കായ് അതിനുള്ളിൽ പുതു ജീവനും

പക്ഷികൾ വിശ്രമം തേടട്ടെ കൊമ്പതിൽ 
മരം ചുറ്റി കളിക്കട്ടെ കുട്ടികളും 
ഒരു വൃക്ഷം നട്ടിടൂ നീ ഇന്നു തന്നെ 
ഭൂമി തൻ പുഞ്ചിരി നില നിന്നിടാൻ.

കാടും മനുഷ്യനും കൈകോർത്ത് നിൽക്കട്ടെ,
കാറ്റും കരുണയും ചേർന്ന് പാടീടട്ടെ
മാഡത്തിൻ വാക്കുകൾ കാടിനുള്ളിൽ നിന്നും
പ്രതിധ്വനിച്ചെത്തി ഭൂലോകമെങ്ങും
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക