Image

മനസ്സിൽ മലയാളം;കൈകളിൽ കരുണ: സരോജ വർഗീസ്

-മീട്ടു റഹ്മത്ത് കലാം Published on 08 October, 2025
മനസ്സിൽ മലയാളം;കൈകളിൽ കരുണ: സരോജ വർഗീസ്

പ്രവാസജീവിതത്തിന്റെ തിരക്കിനും ദൂരം നിറഞ്ഞ യാഥാർത്ഥ്യങ്ങൾക്കും ഇടയിലും മലയാളത്തിന്റെ നന്മ ഉള്ളിൽ കാത്തുവച്ച സരോജാ വർഗീസ്, ഇ-മലയാളി വായനക്കാർക്കിടയിൽ ആമുഖം ആവശ്യമില്ലാത്ത വ്യക്തിത്വമാണ്. എഴുത്തുകാരി, നഴ്‌സ്, സാംസ്കാരികപ്രവർത്തക, ആത്മീയ സേവക — ഈ നിലകളിലെ പതിറ്റാണ്ടുകളുടെ അനുഭവങ്ങളാണ് അവർക്ക് പങ്കുവയ്ക്കാനുള്ളത്.

ജീവിതത്തിലെ സന്നിഗ്ദ്ധ ഘട്ടങ്ങൾപ്പോലും അക്ഷരങ്ങളാൽ അലങ്കരിച്ച് പ്രവാസമണ്ണിൽ മലയാളത്തിന്റെ ഗന്ധം പടർത്തിയ സരോജാ വർഗീസ്, മനസുതുറക്കുമ്പോൾ അത് ഒരു സ്ത്രീയുടെ ആത്മസാക്ഷാത്കാരത്തിന്റെ യാത്രയായി മാറുന്നു. ജീവിതം, എഴുത്ത്, സേവനം, ആത്മീയത — എല്ലാം പരസ്പരം ചേരുന്ന ആ മധുരസംഗമത്തിലേക്കാണ് ഈ സംഭാഷണം നമ്മെ നയിക്കുന്നത്.

 ബാല്യകാലത്തിന്റെ ഓർമ്മകളും എഴുത്തിലേക്കുള്ള  പ്രചോദനവും?

  1940 ഡിസംബർ ഒന്നിന് തിരുവല്ലയിൽ തുകലശ്ശേരി എന്ന കൊച്ചുഗ്രാമത്തിലാണ് ജനിച്ചത്. വയലുകളുടെയും പച്ചപ്പിന്റെയും ഇടയിൽ വളർന്ന ഒരു ബാല്യമാണ് എന്റേത്. അമ്മച്ചി തങ്കമ്മ മലയാളം അധ്യാപികയായിരുന്നു. അമ്മച്ചിയെ പഠിപ്പിച്ച ടീച്ചറാണ് എന്നെയും പഠിപ്പിച്ചത്. അതുകൊണ്ടുതന്നെ ഒരു പ്രത്യേക വാത്സല്യവും പ്രകടിപ്പിച്ചിരുന്നു. എഴുത്തിലേക്ക് പ്രോത്സാഹനം നൽകിയതും അമ്മച്ചിയും ടീച്ചറും തന്നെയാണ്. ചെറുപ്പത്തിൽ കവിതകളും സ്കിറ്റുകളും കുത്തികുറിച്ചിരുന്നു. ജീവിതത്തിലെ തിരക്കുകൾ കൊണ്ട് കുറച്ചുകാലം എഴുത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു. അമേരിക്കയിൽ വന്ന ശേഷമാണ് വീണ്ടും എഴുതാനുള്ള ആഗ്രഹം ഉണർന്നത്.

1988-ൽ ചാക്കോ ശങ്കരത്തിലിന്റെ പ്രോത്സാഹനത്തോടെയാണ് ആദ്യ കഥ പ്രസിദ്ധീകരിച്ചത്. ‘രജനി’ മാഗസിനിലും മലയാളം പത്രം, സംഗമം, കൈരളി തുടങ്ങി അമേരിക്കയിലെ ആദ്യകാല മലയാള പ്രസിദ്ധീകരണങ്ങളിൽ  കവിതകളും കഥകളും പ്രസിദ്ധീകരിച്ചു. ഇ-മലയാളിയിലും സജീവമായി എഴുതിവരുന്നു.

 നഴ്‌സിംഗ് ജീവിതത്തിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു?

 മനുഷ്യസേവനമാണ് എനിക്ക് എപ്പോഴും പ്രിയമായിരുന്നത്.പതിനഞ്ച് വയസിൽ പത്താം തരം പാസായപ്പോൾ തന്നെ നഴ്സിങ്ങിന് ചേരാൻ ആഗ്രഹം തോന്നി. പതിനേഴ് തികയാതെ പ്രവേശനം സാധ്യമല്ലെന്ന് അറിഞ്ഞ് തൽക്കാലത്തേക്ക് ഹിന്ദി വിദ്വാൻ പഠിച്ചു. ബിഎ യുടെ സ്റ്റാൻഡേർഡിലുള്ള ഇംഗ്ലീഷ്,ഹിന്ദി,സംസ്കൃതം പുസ്തകങ്ങളായിരുന്നു സിലബസിൽ. ഫൈനൽ പരീക്ഷ എഴുതുന്നതിന് മുൻപ് തന്നെ ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരുള്ള കുഗ്ലർ ഹോസ്പിറ്റലിൽ നഴ്സിങ്ങിന് അഡ്മിഷൻ ലഭിച്ചു. സ്‌കൂളിലേതുപോലെ സ്കോളർഷിപ്പോടെ നഴ്സിംഗ് പഠനവും പൂർത്തിയാക്കി. തിരുവനന്തപുരത്തും കോട്ടയത്തും എറണാകുളത്തും സർക്കാർ ആശുപത്രികളിൽ നഴ്‌സായി സേവനമനുഷ്ഠിച്ച ശേഷമാണ് മിലിറ്ററിയിലേക്ക് ഡെപ്യൂട്ടേഷൻ ചോദിച്ചത്. 1964 ൽ അഭിമുഖവും ഫിസിക്കൽ ടെസ്റ്റും പാസായാണ് കാൻപൂറിൽ ഓഫീസർ റാങ്കിൽ ജോലി ലഭിച്ചത്.

1965ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് പരുക്കേറ്റ ജവാന്മാരെ പരിചരിച്ച അനുഭവം ജീവിതത്തിലെ വലിയ പാഠമായി. യുദ്ധം അവസാനിച്ചപ്പോൾ വീട്ടുകാർ മിലിട്ടറിയിലേക്ക് തിരിച്ച് പോകാൻ സമ്മതിച്ചില്ല. പിന്നെ വിവാഹം, കുടുംബം, വീണ്ടും സർക്കാർ സേവനം — അങ്ങനെ ജീവിതം മുന്നോട്ട് പോയി.

1972-ൽ കൊളംബിയ പ്രെസ്ബിറ്റേറിയൻ ഹോസ്പിറ്റലിന്റെ സ്പോൺസർഷിപ്പിൽ അമേരിക്കയിലേക്കെത്തി. ഭർത്താവും മകളും പിന്നീടെത്തി. മകൻ ജനിച്ചത് അമേരിക്കയിലാണ്. 16 വർഷം ന്യൂയോർക്കിലെ ഹോസ്പിറ്റലിൽ സേവനം അനുഷ്ഠിച്ചു. 62 വയസിൽ സ്വമേധയാ വിരമിച്ചു.

 അമേരിക്കയിലെ ജീവിതം  എഴുത്തിനെ എങ്ങനെ സ്വാധീനിച്ചു?

 പ്രവാസജീവിതം മനുഷ്യനെ ഉള്ളിലേക്ക് നോക്കാൻ പഠിപ്പിക്കുമെന്ന് തോന്നിയിട്ടുണ്ട്. വീടിനെക്കുറിച്ചുള്ള ഓർമ്മകളും ഭാഷയോടുള്ള പ്രണയവും എഴുത്തിനുള്ള പ്രേരണയായി. സാഹിത്യം  ഹൃദയത്തിന്റെ ശ്വാസമാണ്. എന്റെ എല്ലാ ഇഷ്ടങ്ങൾക്കും കൂടെനിന്ന ഭർത്താവ് മാത്യു വർഗീസിനോടാണ് (ജോ) ഇതിനെല്ലാം ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത്. മലയാള സാഹിത്യവുമായി ബന്ധമില്ലെങ്കിലും ഞാൻ എഴുതുന്നതൊക്കെ വളരെ സ്നേഹത്തോടെ അദ്ദേഹം വായിച്ചിരുന്നു. മരിക്കും മുൻപ് ഞാൻ കുത്തിക്കുറിച്ച ഓർമ്മക്കുറിപ്പുകൾ അച്ചടിച്ച് കാണണമെന്നുള്ള  ജോയുടെ ആഗ്രഹം നടത്തിക്കൊടുക്കാൻ സാധിച്ചതാണ് എഴുത്തുകാരി എന്ന നിലയിൽ ധന്യത തോന്നിയ അനുഭവം. ‘ഓർമ്മയുടെ സരോവരതീരങ്ങളിൽ’ എന്ന പേരിലാണ് ആ പുസ്തകം പ്രസിദ്ധീകൃതമായത്. 

മറ്റു  കൃതികൾ?

തീരം കാണാത്ത തിര (ചെറുകഥകൾ)

വിശുദ്ധ സ്വപ്നങ്ങളുമായി വിശുദ്ധനാട്ടിൽ (യാത്രാവിവരണം)

പൊലിയാത്ത പൊൻവിളക്ക് (ചെറുകഥകൾ) – പിന്നീട് ഇംഗ്ലീഷിലേക്ക് The Golden Lamp Stand എന്ന പേരിൽ വിവർത്തനം ചെയ്തു

സഹൃദയരേഖകൾ (ചെറുകഥകൾ, ലേഖനങ്ങൾ)

സാഗരഹൃദയത്തിലെ പറുദീസയുടെ (യാത്രാവിവരണം)

സുവാർത്ത ഗീതം (ക്രിസ്തുമസ് ഗാനങ്ങൾ)

മുത്തശ്ശി കഥകൾ (കുട്ടികൾക്കായുള്ള കഥകൾ)

പ്രിയ ജോ, നിനക്കായി ഈ വരികൾ (ഓർമ്മക്കുറിപ്പുകൾ)

സഞ്ചാരം സാഹിത്യം സന്ദേശം

കമലദളങ്ങൾ (കവിതാസമാഹാരം)

സ്വാധീനിച്ച എഴുത്തുകാർ?

  മുട്ടത്ത് വർക്കിയോട് അന്നും ഇന്നും വലിയ ആരാധനയാണ്. ഏത് സാധാരണക്കാരനും മനസ്സിലാകുന്ന ഭാഷയിലുള്ള ആ എഴുത്തിന് വല്ലാത്ത ശക്തിയുണ്ട്.  അദ്ദേഹത്തിന്റെ വീടിനടുത്തായിരുന്നു എന്റെ അമ്മയുടെ സഹോദരി താമസിച്ചിരുന്നത്. നേരിൽ പരിചയപ്പെടാൻ സാധിച്ചത് ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളിൽ ഒന്നാണ്. പഠിക്കാൻ മിടുക്കിയാണെന്നൊക്കെ എന്നെപ്പറ്റി പറഞ്ഞുകൊടുത്തപ്പോൾ അദ്ദേഹം തലയിൽ കൈവച്ച് അനുഗ്രഹിക്കുകയും എന്തെങ്കിലുമൊക്കെ എഴുതണമെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു. കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവലുകൾക്കായി കാത്തിരുന്ന കാലവുമുണ്ട്. എം.ടി.യുടെ ശൈലിയും പ്രിയപ്പെട്ടതാണ്. 2014 ൽ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ജോയിന്റ് സെക്രട്ടറി ആയിരിക്കെ കേരളത്തിൽ വച്ച് സംഘടിപ്പിച്ച കോൺഫറൻസിൽ മുഖ്യാതിഥിയായെത്തിയ എം.ടി.സാറാണ് ജോയെക്കുറിച്ച് ഞാനെഴുതിയ പുസ്തകം പ്രകാശനം ചെയ്തത്.

യാത്ര നടത്തുമ്പോൾ ആ സ്ഥലത്തെക്കുറിച്ചുള്ള അറിവുകൾ എങ്ങനെയാണ് കണ്ടെത്തിയിരുന്നത്?

ഇന്നത്തേതുപോലെ ഗൂഗിളും ചാറ്റ് ജിബിറ്റി യും ഒന്നും ഇല്ലാത്ത കാലത്താണ് ഞാൻ യാത്രകൾ നടത്തിയതും യാത്രാവിവരണങ്ങൾ എഴുതിയതും. അറിവുകൾക്ക് തീർച്ചയായും പരിമിതിയുണ്ടായിരുന്നു. പുസ്തകങ്ങളും താമസിക്കുന്ന ഹോട്ടലുകളിലെ ബ്രോഷറുകളും നേരിൽ കാണുന്ന കാഴ്ചകളും തന്നെയായിരുന്നു എഴുത്തിന്റെ സ്രോതസ്സ്. പോകുന്ന വഴിൽതന്നെ കുറിപ്പുകൾ തയ്യാറാക്കുന്ന ശീലം അതിന് സഹായിച്ചിട്ടുണ്ട്. ദൂരയാത്രകളിൽ സുഹൃത്ത് സാറാമ്മ ജോർജാണ് ചിത്രങ്ങൾ പകർത്താൻ ഒപ്പം ഉണ്ടായിരിക്കുക. 

സംഘടനാപ്രവർത്തനങ്ങൾ?

 കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ ആജീവനാന്ത അംഗംമാണ്. 2012–16 വരെ ബോർഡ് ഓഫ് ട്രസ്റ്റി അംഗമായും 2016-ൽ ചെയർപേഴ്സണായും, സുവനീർ ചീഫ് എഡിറ്റർ, പത്രാധിപസമിതി അംഗം, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.അതിനുപുറമേ കേരള കൾച്ചറൽ അസോസിയേഷൻ (ന്യൂയോർക്ക്), മലയാളി അസോസിയേഷൻ ഓഫ് മെരിലാൻഡ് എന്നിവയിലെ ആജീവനാന്ത അംഗവുമാണ്. കേരള കൾച്ചറൽ ആൻഡ് സിവിക് സെന്ററിന്റെ ബോർഡ് ഓഫ് ഡയറക്ടർ സ്ഥാനവും വഹിച്ചു.

പുരസ്‌കാരങ്ങൾ?

സാഹിത്യത്തിന്റെയും സാമൂഹിക പ്രവർത്തനങ്ങളുടെയും അംഗീകാരമായി ലഭിച്ച പുരസ്‌കാരങ്ങളിൽ ചിലത്

ഫിലാഡൽഫിയ മലയാള സാഹിത്യവേദിയുടെ സാഹിത്യ അവാർഡ്

കമ്മ്യൂണിറ്റി ലീഡർഷിപ്പ് ഫൗണ്ടേഷന്റെ പ്രവാസി മലയാളി കഥാപ്രതിഭ അവാർഡ്

കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ സാഹിത്യ അവാർഡ്

മലയാളി അസോസിയേഷൻ ഓഫ് മെരിലാൻഡിന്റെ സാഹിത്യ അവാർഡ്

ഫൊക്കാനയുടെ ഗ്ലോബൽ അവാർഡ്

ലാനയുടെ മികച്ച ലേഖനത്തിനുള്ള അവാർഡ്

മുട്ടത്തു വർക്കി അവാർഡ് (2014)

ഫൊക്കാനയുടെ സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് (2014)

പ്രവാസി മലയാളി ഫൗണ്ടേഷന്റെ നൈറ്റിംഗേൽ അവാർഡ്

ഇമലയാളി അവാർഡ് (2016, 2018)

ആധ്യാത്മിക പ്രവർത്തനങ്ങൾ

1980 മുതൽ ആത്മീയ രംഗങ്ങളിൽ സജീവമാണ്.  മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനത്തിൽ നിരവധി നിലകളിൽ പ്രവർത്തിച്ചു.

ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് സെക്രട്ടറി (5 വർഷം)

ഡയോസിഷൻ വോയ്സ് മുഖപത്രാധിപർ

മർത്തമറിയം വനിതാ സമാജത്തിന്റെ സെക്രട്ടറി, പി.ആർ.ഒ, ട്രഷറർ (1992–2009)

സെന്റ് തോമസ് എക്യുമിനിക്കൽ പ്രസ്ഥാനത്തിലെ വനിത വിഭാഗം കോ-ഓർഡിനേറ്റർ, വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകൾ

മതബോധന ലീഡർഷിപ്പ് കോഴ്‌സിന്റെ കോർഡിനേറ്റർ 

മക്കൾ?

 അധ്യാപികയായ മകൾ മഞ്ജുവിനും മരുമകൻ കോശി മാത്യുവിനുമൊപ്പം ഫ്ലോറിഡയിലാണ് കഴിഞ്ഞ മൂന്നുനാല് വർഷമായി താമസം. മകളുടെ രണ്ടു പെൺമക്കളുടെയും(ജെന്നീഫർ,ജാക്ലിൻ) വിവാഹംകഴിഞ്ഞു. ഒരാൾ ഫ്ളോറിഡയിലും മറ്റൊരാൾ ന്യൂജേഴ്സിയിലുമാണ് താമസം. അൻപത് വർഷത്തോളം ന്യൂയോർക്കിലായിരുന്നതുകൊണ്ട് സൗഹൃദങ്ങൾ അധികവും അവിടെയാണ്. മകൻ മജു വർഗീസ് പൊളിറ്റിക്‌സിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഡെമോക്രാറ്റിക്‌ പാർട്ടി അനുഭാവിയാണ്.  ഒബാമയും ബൈഡനും പ്രസിഡൻഷ്യൽ സ്ഥാനാർഥികൾ ആയിരിക്കെ അവരുടെ കാമ്പെയ്ൻ മാനേജരായിരുന്നു. അമേരിക്കക്കാരിയായ ജൂലിയെയാണ്  വിവാഹം ചെയ്തിരിക്കുന്നത്. അവർക്കൊരു മോനുണ്ട്-എവൻ.  ഇന്ത്യയുടെ റിപ്പബ്ലിക് ഡേ പരേഡിൽ പ്രസിഡന്റ് ബരാക്ക് ഒബാമ പങ്കെടുത്തപ്പോൾ ഒപ്പമുണ്ടായിരുന്ന മലയാളി എന്ന പേരിൽ മജുവിനെക്കുറിച്ച് കേരളത്തിലെ പത്രങ്ങളിൽ വാർത്ത വന്നപ്പോൾ ഏറെ അഭിമാനം തോന്നി. ബൈഡൻ ഭരണകൂടത്തിനു കീഴിൽ ഡയറക്ടർ ഓഫ് വൈറ്റ് ഹൗസ് മിലിട്ടറിയായി പ്രവർത്തിച്ചിരുന്നു.മക്കളും കൊച്ചുമക്കളും ജോയെക്കുറിച്ചുള്ള ഓർമ്മകളുമാണ് ഇന്നെന്റെ കരുത്ത്.

Join WhatsApp News
Abdul 2025-10-08 11:14:28
Proud to hear that Saroja treated our soldiers in 1965 during the India-Pakistan war. Keep up good work; keep active, Saroja.
Korason 2025-10-08 18:12:45
Great note on her personality. Saroja Anty, we fondly call her, is a woman with golden pens.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക