Image

അപ്പു എന്നെ അനുഗ്രഹിക്കണം (രാജു മൈലപ്രാ)

Published on 08 October, 2025
അപ്പു എന്നെ അനുഗ്രഹിക്കണം (രാജു മൈലപ്രാ)

അങ്ങനെ ഒരു തിരുവോണം കൂടി കഴിഞ്ഞു. മഹാബലി തമ്പുരാന്‍ തന്‍റെ പ്രജകളെ സന്ദര്‍ശിച്ച ശേഷം സസുഖം പാതാളത്തില്‍ തിരിച്ചെത്തി.ഏതായാലും സന്ദര്‍ശനം കഴിഞ്ഞയുടന്‍ തന്നെ 'ആഗോള അയ്യപ്പ സംഗമ'ത്തിലൊന്നും പങ്കെടുക്കുവാന്‍ നില്‍ക്കാതെ തിരിച്ചു പോയതു നന്നായി. അല്ലെങ്കില്‍ ഇന്നത്തെ ഒരു 'ഇതു' വെച്ച് നോക്കുകയാണെങ്കില്‍, സന്നിധാനത്തെ സ്വര്‍ണ്ണപ്പാളികള്‍ അടിച്ചു മാറ്റിയെന്ന 'മോഷണക്കുറ്റം' തമ്പുരാന്‍റെ തലയില്‍ കെട്ടിവെച്ചേനേ! പരാതിയില്ലെങ്കിലും പ്രതികളെ തപ്പി നടക്കുന്ന ഒരു പോലീസ് സംവിധാനമാണ് നമുക്കുള്ളത്. ഏതായാലും ഉറക്കമുണരുമ്പോള്‍ തലയിലെ തങ്കക്കിരീടം ഒന്നു പരിശോധിക്കുന്നത് നല്ലതാണ്. സ്വര്‍ണ്ണം ചെമ്പാക്കി മാറ്റുന്ന ജ്വാലവിദ്യക്കാരാണ് ഇന്ന് അധികാരം കൈയാളുന്നത്.

അമേരിക്കയിലെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സമംഗളം പര്യവസാനിച്ചു എന്നു വേണം കരുതുവാന്‍. പരിപാടികളെല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു. എത്രയധികം കലാകാരന്മാരും കലാകാരികളുമാണ് മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചത്. അഭിനന്ദനങ്ങള്‍!

നമ്മുടെ ആഘോഷങ്ങള്‍ അതിരുകടന്ന് തെരുവുകളിലേക്കും വ്യാപിക്കുന്നത് അഭികാമ്യമാണോ എന്നത് ആലോചിക്കേണ്ട വിഷയമാണ്. താലപ്പൊലിയുടെയും താളമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ മഹാബലിത്തമ്പുരാനെ പബ്ലിക് റോഡുകളിലൂടെ ആനയിക്കേണ്ട ആവശ്യമുണ്ടോ? അധികാരികളുടെ അനുവാദത്തോടെയാണ് ഇതു നടത്തുന്നതെന്ന് അറിയാം. പക്ഷേ, പൊതുജനത്തിനു അസൗകര്യമുണ്ടാക്കുന്ന ഇത്തരം പരിപാടികള്‍ക്കെതിരെ അവര്‍ പ്രതികരിച്ചാല്‍ ഇന്നത്തെ അന്തരീക്ഷത്തില്‍ അത് ഇന്ത്യക്കാര്‍ക്ക് ബുദ്ധിമുട്ടാകും.

മഹാബലിയായി ഈ ഭൂമിയില്‍ ഏറ്റവുമധികം തവണ വേഷമിട്ടിട്ടുള്ളത് എന്‍റെ നല്ല സുഹൃത്ത് അപ്പുവാണ് (അപ്പുക്കുട്ടന്‍ പിള്ള). അപ്പു അണിഞ്ഞൊരുങ്ങി വരുമ്പോള്‍ ആകപ്പാടെ ഒരു ആനച്ചന്തമുണ്ട്. 'അപ്പു എന്നെ അനുഗ്രഹിക്കണം.'

ഈ വര്‍ഷം അമേരിക്കയില്‍ ഏറ്റവുമധികം ഓണാഘോഷങ്ങളില്‍ പങ്കെടുത്തത് ഫൊക്കാനയുടെ അനിഷേദ്ധ്യ നേതാവും എന്‍റെ സ്നേഹിതനുമായ പോള്‍ കറുകപ്പള്ളിയാണ്. ഇത് എന്‍റെ ഒരു നിരീക്ഷണമാണ്.
ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ഇവിടെ ആഘോഷിക്കുന്നത് എന്തിനാണെന്ന് ഒരു പിടിയും കിട്ടുന്നില്ല. മറ്റു രാജ്യക്കാര്‍ ഇന്ത്യയില്‍ വന്ന് അവരുടെ എന്തെങ്കിലും ദേശീയ പരിപാടികള്‍ നടത്താറുണ്ടോ?

രാവിലെ കുറെ അച്ചായന്മാര്‍ മുണ്ടും ജുബ്ബയും കഴുത്തിലൊരു കോണ്‍ഗ്രസ് ഷാളുമണിഞ്ഞ് ഏതെങ്കിലുമൊരു പാര്‍ക്കിന്‍റെ മൂലയില്‍ കൂടുന്നു. കൂട്ടിനു സാരിയണിഞ്ഞ കുറേ തരുണീമണികളുമുണ്ട്. കുറച്ചു കഴിയുമ്പോള്‍ ഒരു ബാനറില്‍ തൂങ്ങിക്കിടന്ന് നേതാക്കന്മാര്‍ മുന്നില്‍. ചെണ്ടയടിയും മുത്തുക്കുടകളുമായി അഞ്ചെട്ടെണ്ണം പിന്നാലെ.. 'ഭാരത മാതാ കീ ജെയ്' എന്ന് ഇടയ്ക്കിടെ മുദ്രാവാക്യം മുഴക്കുന്നുണ്ട്.

'താങ്ക്സ് ഗിവിംഗ് ഡേ' പരേഡും 'റോസസ് ഡേ' പരേഡും മറ്റും വര്‍ണ്ണശബളമായി, ചിട്ടയോടു കൂടി നടത്തുന്ന നാട്ടിലാണ്, നമ്മളീ നായ്ക്കോലം കെട്ടുന്നതെന്ന് ഓര്‍ക്കണം.
ഇനി മറ്റു ചിലര്‍ക്ക് ഗാന്ധിജിയുടെയും പട്ടേലിന്‍റെയും വീരപ്പന്‍റെയും മറ്റും പ്രതിമകള്‍ മുക്കിനും മൂലയിലും സ്ഥാപിക്കാതെ ഉറക്കം വരില്ല. ആരെങ്കിലുമൊക്കെ ഈ പ്രതിമകള്‍ അലങ്കോലപ്പെടുത്തുമ്പോള്‍ വെറുതേ കിടന്നു മോങ്ങുന്നു!

ജനമനസ്സുകളില്‍ ജീവിക്കുന്ന മഹാത്മാ ഗാന്ധിയെ ആദരിക്കുവാന്‍ എന്തിനൊരു കളിമണ്‍ പ്രതിമ?
ലോകത്തിന്‍റെ പല കോണുകളില്‍ ഇന്ത്യക്കാര്‍ക്കെതിരെയുള്ള അധിക്ഷേപ സ്വരങ്ങള്‍ ഉയരുന്നുണ്ട്. ചിലയിടങ്ങളില്‍ കൈയാങ്കളിയും നടന്നതായി വാര്‍ത്തകളുണ്ട്.
വൃത്തിയുടെ കാര്യത്തില്‍ നമ്മള്‍ നമ്പര്‍ വണ്‍ ആണെന്ന് ഒരു തെറ്റിദ്ധാരണയുണ്ട്. സത്യത്തില്‍ ശുചിത്വ പരിപാലനത്തില്‍ (hygiene) നമ്മള്‍ എത്രയോ പിന്നിലാണെന്ന് മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോഴാണ് മനസ്സിലാകുന്നത്.

Deodarant, Mouthwash, Perfume/Cologue തുടങ്ങിയവ നനയ്ക്കാതെയും കുളിക്കാതെയും നടക്കുന്ന സായിപ്പന്‍മാര്‍ക്കുള്ള ഉല്പന്നങ്ങളാണെന്നാണ് പല ഇന്ത്യക്കാരുടെയും ധാരണം.
അമേരിക്കന്‍ പരിപാടികളില്‍, പ്രത്യേകിച്ച് നമ്മുടെ കുട്ടികളുടെ വിദ്യാലയങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മസാലയുടെയും മത്തി വറുത്തതിന്‍റെയും മണം തങ്ങി നില്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം.

പൊതു ഇടങ്ങളിലെ ടോയ്ലറ്റ് ഉപയോഗിച്ചശേഷം അതു വേണ്ട രീതിയില്‍ വൃത്തിയാക്കപ്പെടാതെയാണ് പലരും സ്ഥലം വിടുന്നത്. "Toilet Cloggers' എന്നൊരു പേരും അടുത്തകാലത്ത് നമുക്കു പതിച്ചു നല്കിയിട്ടുണ്ട്.

വിവാഹസല്‍ക്കാരത്തിനും മറ്റും ഒരിക്കല്‍ വാടകയ്ക്കു കൊടുത്ത ഹാളുകള്‍ പിന്നീട് ഇന്ത്യക്കാര്‍ക്ക് നല്കാത്തതും നമ്മള്‍ അവിടെ കാണിക്കുന്ന ശുചിത്വമില്ലായ്മ കൊണ്ടാണ്.
Expiry date കഴിഞ്ഞിട്ടും ഇവിടെ ജീവിക്കുന്ന നമ്മളില്‍ പലരേയും ഒരുപക്ഷേ ഇതൊന്നും ബാധിക്കില്ല, പക്ഷേ, നമ്മുടെ അനന്തര തലമുറ നമ്മുടെ അശ്രദ്ധ മൂലം പരിഹസിക്കപ്പെടുവാന്‍ ഇടവരുത്തരുത്.
എത്ര തൂത്താലും തുടച്ചാലും, തലമുറകള്‍ കഴിഞ്ഞാലും 'ഇന്ത്യന്‍ മുഖഛായ' അവരുടെ മുഖത്തുനിന്നും മായിക്കാനാവില്ല. അവരുടെ ശാപം നമ്മളെ പിന്തുടരുവാന്‍ ഇടവരുത്തരുത്.
ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ഒരു 'കാലാവസ്ഥാ വ്യതിയാനമാണ്' അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നുള്ള സത്യം നമ്മള്‍ ഉള്‍ക്കൊള്ളണം.
ഭയം വേണ്ടാ, ജാഗ്രത മതി
'അപ്പു എന്നെ അനുഗ്രഹിക്കണം'
(ഇതൊരു സ്വയം വിമര്‍ശനമാണ്. മറ്റാരെയും ഉദ്ദേശിച്ച് എഴുതിയതല്ല).

Join WhatsApp News
Philip Thomas 2025-10-08 13:03:18
ഓണം പോലെയുള്ള ആഘോഷങ്ങൾ നല്ലതു തന്നെ. അതു നമ്മുടെ കുട്ടികൾക്ക് അവരുടെ ടാലെൻറ്റുകൾ പ്രദർശിപ്പിക്കുവാൻ ഒരു വേദി നൽകുന്നു. ചില വിരുതന്മാർക്കു പാസ് എടുക്കാതെ, പത്തു പൈസ മുടക്കാതെ ഓണസദ്യയും കഴിക്കാം.(Please cooperate with the organizers, by taking the required pass. To make these celebrations happen, there is a lot of expenses). നമ്മുടെ സാംസ്ക്കാരിക-സാമുദായിക പരിപാടികൾ പബ്ലിക്കിന് അരോചകവും, അസൗകര്യവും ആകുന്ന രീതിയിലേക്ക് നീങ്ങുന്നതു നല്ലതല്ല. ഒരു negative opinion - ഇൻഡ്യക്കാർക്കെതിരെ ഉണ്ടാവാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ ആവശ്യമാണ്. നമ്മൾ അമേരിക്കൻ സിറ്റിസൺ ആണെന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. Discrimination is still there. മൈലപ്ര സൂചിപ്പിച്ചതു പോലെ എത്ര തലമുറകൾ കഴിഞ്ഞാലും നമ്മൾ Indian label- ൽ ആയിരിക്കും അറിയപ്പെടുന്നത്. We have a lot of great professionals serving in different areas here and they all are getting their deserved respect. നമ്മളയിട്ടു അത് തെരുവ് നാടകം കളിച്ചു ഇല്ലാതാക്കരുത്. ചെറിയ പിഴവുകൾക്ക് പോലും, വലിയ നടപടി ഉണ്ടാകും. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ജോസ് കാവിൽ 2025-10-08 15:47:21
നാടുനീളെ ചെണ്ട അടി അരോചകം സൃഷ്‌ടിക്കുന്നു ണ്ട് .പബ്ളിക്ക് റോഡുകൾ തടപ്പപ്പെടുത്തി ക്കൊണ്ട് ഒരു ആഘോഷവും നമ്മൾ നടത്തരുത് .കാരണം ആരുവൃത്തി കേടു കാണി ച്ചാലും ഇന്ത്യാക്കാരൻ എന്നൊരു ചൊല്ല് വന്നിട്ടുണ്ട് .നമ്മുടെ ആഘോഷ ങ്ങൾ നമ്മുടെ ബിൽഡിംഗിൽ ഒതുക്കിക്കൊണ്ട് നമ്മുടെ സംസ്ക്കാരം നിലനിർത്താം .അതുപോലെ ചില പള്ളിപെരുന്നാൾ റാസ ,പുറത്ത് അരോചകം സൃക്ഷ്ടിക്കുന്നു .തിരുവാതിര ഒരു രസവും ഇല്ല പുറംതിരിഞ്ഞു നിന്നുള്ള ഇത്തരം കോപ്രായങ്ങൾ നിർത്തണം .തിരുമേനിമാരെ സ്വീകരിക്കാൻ സ്ത്രീകളെ അണിഞ്ഞു നിർത്തുന്ന താലപ്പൊലി യും വേണ്ട .രജാക്കൻമാരല്ല മറിച്ച് ആത്മീയ പിതാക്കൻ മാരാണ് വരുന്നത് അവരുടെ മുൻപിൽ അണിഞ്ഞൊരുങ്ങി സ്ത്രീകളുടെ പ്രദർശനം പാടില്ല .ചുരുക്കത്തിൽ ഒരുപാടു മാറ്റങ്ങൾ വേണ്ടതാണ് .മറ്റുരാജ്യത്ത് വന്ന് നമ്മൾ താമസിക്കുമ്പോൾ ആരാജ്യത്തിൻ്റെ സംസ്ക്കാരം നിലനിർത്തണം .പിന്നെ ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയത്തിൽ കുഞ്ഞുങ്ങളെ വളർത്തുന്നതിനു പകരം കുറെ ഓവർസീസ് കോൺഗ്രസ്സ് സംഘടന അതും നിർത്തണം .ഇന്ത്യയിലെ ചീപ്പായ രാഷ്ട്രീയ പാരമ്പര്യമല്ല നമ്മൾ വളർത്തേണ്ടത് .പകരം കുട്ടികൾ ഇവിടുത്തെ രാഷ്ട്രീയം പഠിച്ച് നീതിപീഠങ്ങ ളിൽ എത്തി നമുക്കു നീതി കിട്ടത്തക്ക രീതിയിൽ വളർത്തുകയും വേണം . മാറ്റം വന്നില്ലെങ്കിൽ ഇനിയും നാറ്റം വർദ്ധിക്കും .തുറന്ന് എഴുതുന്ന മൈലപ്രയ്ക്ക് ഒരു സല്യൂട്ട് കൂടി
സായിപ്പിന്റെ ഇടി 2025-10-08 19:13:43
മലയാളികൾ മുണ്ട് ഉടുത്തു പബ്ലിക്‌ റോഡിൽ നടക്കുന്നത് നാണക്കേടാണ്. കുർത്തയും പയ്ജമയും കുഴപ്പമില്ല. ഈ ഇടെ, കൈലി മുണ്ടും ഉടുത്തു ഒരു വിദ്വാൻ ഓസ്ട്രേലിയയിൽ, പബ്ലിക്ൽ മിടുക്കായി നടക്കുന്ന വീഡിയോ ഫേസ്ബുക് ൽ ഇട്ടിരുന്നു. സായിപ്പിന്റെ ഇടി എപ്പോഴാ കിട്ടുന്നത് എന്ന്‌ ഇവർക്കു അറിയില്ലലോ.
Embarrassed in TX 2025-10-09 00:29:56
Recently, I had to go through an embarrassing and humiliating situation. I booked a rather exclusive and expensive banquet hall for the wedding reception of our daughter. There were more than 500 invited guests - family, friends and our fellow parishioners. Opened up the appetizer hall around five o'clock. I saw a group of young people, whom I had never seen before. There were about five liquor stands and they were crowding in front of it, and gulping drinks after drinks, behaving rudely to the bartenders. Our men were also drinking, as if they had never seen alcohol before. We had a variety of international delicacies, where some of our people taking food with their hands from the buffet stands. The young people, whom I mentioned before, left after eating, drinking, and behaving inappropriately. Later, I found out that they were not invited and these kind of incidents are going and growing in our Indian community. These young rowdies came drunk, ate and left after creating a havoc. The thing I want to mention in particular is that the 'toilet clogging' done by our people. There were napkins, diapers, tissues, etc. were all over the floor, especially in the ladies room The housekeeping people got tired of cleaning after them and finally they gave up. I had to pay additional expenses for housekeeping. It is my understanding that there is an unwritten understanding among the banquet hall owners, never to rent their facilities to Indian people. We should behave more properly, where ever we are. Otherwise, like the writer pointed out, our future generation will suffer the consequences of our behavior.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക