വിനോദ സഞ്ചാരം, വിനോദ സഞ്ചാരി, സന്ദര്‍ശകന്‍, ആതിഥേയന്‍ തുടങ്ങിയ വാക്കുകളൊക്കെ അപ്രത്യക്ഷമായ രണ്ടു വര്‍ഷം. അടഞ്ഞുകിടന്ന അതിര്‍ത്തികള്‍, പറക്കാത്ത വിമാനങ്ങള്‍, തുറക്കാത്ത ഷോപ്പിങ്ങ് മോളുകള്‍, ഹോട്ടലുകള്‍. ആള്‍ക്കൂട്ടങ്ങള്‍ ഇല്ല, എല്ലായിടത്തും ഒറ്റപ്പെടല്‍, ആശങ്കകൾ ,എല്ലാവരും വീടുകളിലും പരമാവധി നാട്ടിലുമായി ഒതുങ്ങി. അങ്ങനെ രണ്ടു വര്‍ഷങ്ങള്‍. ഇനിയൊരു വിദേശ യാത്ര സാധ്യമാകുമോയെന്നു സംശയിച്ച കാലം.
പക്ഷേ, ആ കാലവും കടന്നുപോയി. ഒടുവില്‍ ആ ദിവസം വന്നെത്തി. 2021 നവംബര്‍ 11. "എമിറേറ്റ്‌സ് വിമാനത്തില്‍ ഞങ്ങള്‍ 23 പേര്‍ കൊച്ചിയില്‍ നിന്ന് ദുബായ് വഴി സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക്. മാസ്‌ക്, സാനിറ്റൈസര്‍, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വാക്‌സിനേഷന്‍ ചെയ്തതിന്റെ രേഖകള്‍, രോഗമില്ലെന്ന സത്യവാങ്മൂലം. പുതിയൊരു ലോകം. പക്ഷേ, ലോകം എനിക്കു മുന്നില്‍ വീണ്ടും തുറന്നതുപോലെ. ഏതോ അദ്ഭുത ലോകത്തിലേക്കു കടക്കുന്നതുപോലുള്ള അനുഭൂതി ". ടൂര്‍ ഏജന്‍സി ഡയറക്ടറും ടൂര്‍ മാനേജരും ഇപ്പോള്‍ ടൂര്‍ ഏജന്‍സി ഉടമയുമായ ജീനാ ഫെര്‍ണാണ്ടസ് കോവിഡ് നിയന്ത്രണങ്ങള്‍ അയഞ്ഞതിനുശേഷമുള്ള തന്റെ ആദ്യ വിശേയാത്രയെക്കുറിച്ച്, അഥവാ യു.എസ്. യാത്രയെക്കുറിച്ചു പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങള്‍ മാറിയതിനുശേഷം ലോകത്ത് എവിടെ നിന്നെങ്കിലും ഒരു യാത്രാ സംഘവുമായി അമേരിക്കയില്‍ എത്തിയ ആദ്യ വ്യക്തിയാണ് കൊച്ചിയില്‍നിന്നുള്ള ജീനാ ഫെര്‍ണാണ്ടസ്. ലോകം മുഴുവന്‍ യാത്ര ചെയ്ത അനുഭവമുണ്ടെങ്കിലും ജീനയുടെ ഇഷ്ട ഇടം എന്നും യു.എസ്. തന്നെ. 2008 ല്‍ ആയിരുന്നു ആദ്യ യാത്ര. വര്‍ഷം ഒന്‍പതും പത്തും യാത്രകള്‍. ഇപ്പോള്‍ അമേരിക്കന്‍ യാത്രയില്‍ സെഞ്ചുറി കടന്നു. കഴിഞ്ഞ ദിവസമാണ് രണ്ടാഴ്ച നീണ്ടൊരു യു.എസ്. പര്യടനത്തിനുശേഷം മടങ്ങിയെത്തിയത്.
കൊച്ചിയിലെ സോമന്‍സ് ലഷര്‍ ടൂര്‍സിനൊപ്പമായിരുന്നു തുടക്കം. ഇപ്പോള്‍ കൊച്ചിയില്‍ തന്നെ ബെസ്റ്റിനേഷന്‍ ഹോളിഡേസ് ഉടമ. 'ഡെസ്റ്റിനേഷനി' ലേക്കുള്ള 'ബെസ്റ്റാ'യ യാത്ര. അതാണ് 'ബെസ്റ്റിനേഷന്‍' എന്നു പേരു തിരഞ്ഞെടുക്കാന്‍ കാരണം. യാത്രയോടുള്ള സമീപനങ്ങളില്‍ തീര്‍ത്തും പ്രഫഷണൽ ആയ ജീന പറഞ്ഞു.
യു.എസില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതെന്നു ചോദിച്ചാല്‍ ജീനയ്ക്ക് ഒറ്റ ഉത്തരമേയുള്ളൂ 'ഈസ്റ്റ് കോസ്റ്റ്'. ഇവിടെയാണ് അമേരിക്കയുടെ കഥ തുടങ്ങേണ്ടതെന്ന് ജീന വിശ്വസിക്കുന്നു. യു.എസിന്റെ കിഴക്കന്‍ തീരത്തെ തിങ്ങിനിറഞ്ഞ പച്ചപ്പ് ഒരു അനുഭവമാണ്.
ജീന യാത്രാ പരിപാടി ആസൂത്രണം ചെയ്യുന്നത് കാലിഫോര്‍ണിയയിലെ സൂര്യപ്രകാശം നിറഞ്ഞ തീരങ്ങളില്‍ നിന്ന് ന്യൂയോര്‍ക്കിന്റെ തിരക്കിലേക്കാണ്. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഗോള്‍ഡന്‍ ഗേറ്റ് ബ്രിജ്, ലൊസാഞ്ചലസിലെ ഡോള്‍ബി തിയറ്റര്‍, ലാസ് വെഗാസ് എന്ന ഉറങ്ങാത്ത നഗരം, ഗ്രാന്‍ഡ് കനെയ്ന്‍, പൂര്‍വ്വ യു.എസി.ലെ നയാഗ്ര വെള്ളച്ചാട്ടം, ഹാരിസ് ബര്‍ഗിലെ ശാന്തസുന്ദരമായ നാടന്‍ ജീവിതം, പെന്‍സില്‍വാനിയയിലെ ലങ്കാസ്റ്റര്‍ കൗണ്ടിയും അമിഷ്ഗ്രാമവും, പ്രാചീനതയുടെ ബാക്കിയായി നിലനില്‍ക്കുന്ന, കുതിരകളെ കെട്ടിയ ബഗ്ഗികള്‍, പിന്നെ ന്യൂയോര്‍ക്ക് എന്ന മഹാനഗരം, ലിങ്കന്‍ സ്മാരകം, കാപ്പിറ്റോള്‍ ഡോം, മഞ്ഞ ടാക്‌സികളും തെരുവു ഭക്ഷണവും.
2021 ലെ ചരിത്രം തിരുത്തിയ യാത്രയില്‍ കാണാൻ കഴിയാഞ്ഞത് പണ്ടു പരിയപ്പെട്ടവരെ, സ്ഥിരം കയറുന്ന റെസ്റ്ററന്റുകള്‍ ഒക്കെയാണ്. പലതും പൂട്ടിപ്പോയി. പലയിടങ്ങളിലും പ്രവേശന നിബന്ധനകള്‍ മാറി. ആള്‍ക്കൂട്ടം കുറഞ്ഞു. ആളുകള്‍ ശുചിത്വത്തിലും ആരോഗ്യത്തിലും കൂടുതല്‍ ശ്രദ്ധിച്ചു. "വെല്‍കം ടു ദ് യുണൈറ്റഡ് സ്റ്റേറ്റ്സ് "എന്ന ബോര്‍ഡ് കണ്ടപ്പോള്‍ ഉണ്ടായ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. അസാധ്യമെന്നു തോന്നിയത് സാധ്യമായ അനുഭവം . നാട്ടിലേക്കു മടങ്ങുമ്പോള്‍ സന്തോഷത്തിനൊപ്പം ആകാംക്ഷയും. പ്രത്യേകിച്ച് പനിയും ചുമയും. പക്ഷേ, ടെസ്റ്റുകള്‍ നെഗറ്റീവ്. വീണ്ടും ഇന്ത്യയുടെ മണ്ണില്‍.
ഇന്ന് യു.എസ്. യാത്രകളില്‍ സെഞ്ചുറിയുടെ നിറവില്‍ നില്‍ക്കുമ്പോഴും ജീനയുടെ മനസ്സില്‍ ആദ്യ യാത്രയെക്കാള്‍ തെളിയുന്നത് 2021ലെ യാത്ര തന്നെ. ഇടവേളയ്ക്കു ശേഷം അമേരിക്കയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കിന് തുടക്കമിട്ട സംഘത്തിന്റെ നായികയെന്ന ലേബലുമായി ജീന ഫെര്‍ണാണ്ടസ് അടുത്ത യാത്രയ്ക്ക് പദ്ധതിയിടുന്നു. മനസ്സില്‍ തെളിയുന്നത് "വെല്‍ക്കം ടു ദ് യുണൈറ്റഡ് സ്റ്റേറ്റ്സ് " എന്ന വാക്കുകള്‍ തന്നെ.