ശബരിമല സ്വര്‍ണപ്പാളി വിവാദത്തിലെ മുഖ്യ സൂത്രധാരനും ലോക ഫ്രോഡുമായ ഉണ്ണികൃഷ്ണന്‍ പോറ്റിയും ഇപ്പോള്‍ സസ്‌പെന്‍ഷനിലായ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറും നിലവില്‍ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറുമായ ബി മുരാരി ബാബുവും കൊള്ളയുടെ കാര്യത്തില്‍ സയാമീസ് ഇരട്ടകളാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ വഴിവിട്ട ഇടപെടലിന് അവസരമൊരുക്കിയത് മുരാരി ബാബുവാണെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം മങ്ങിയെന്ന് പറഞ്ഞ് മുരാരി ബാബു തന്നെ തെറ്റിദ്ധരിപ്പിച്ചെന്നാണ് അന്നത്തെ തന്ത്രി കണ്ഠരര് മോഹനരര് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയ കുറിപ്പില്‍ പറയുന്നത്.
2024-ല്‍ ദ്വാരപാലകരുടെ പീഠം ഉണ്ണികൃഷ്ണന്‍ പോറ്റി വഴി സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിക്കാന്‍ നീക്കം നടത്തിയതും മുരാരി ബാബുവാണ്. 2019-ല്‍ ദ്വാരപാലക ശില്‍പ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വശം കൊടുത്തുവിടാന്‍ മുരാരി ബാബു താത്പര്യം കാട്ടിയത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ''കൊള്ള നടത്താന്‍ വേണ്ടി...'' എന്നാണ് ഉത്തരം. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് പുതിയ പാളി മാത്രമാണ് സ്വര്‍ണം പൂശി നല്‍കുക. അങ്ങനെയെങ്കില്‍ ശബരിമലയില്‍നിന്ന് കൊണ്ടുപോയ പാളി എവിടെ..? ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പാളിയെ അനുഗമിക്കാതിരുന്നതിന് കാരണം..? ചെന്നൈയില്‍ പാളി എത്തിക്കാന്‍ 39 ദിവസം എടുത്തത് എന്തുകൊണ്ട്..? ''കക്കാന്‍ വേണ്ടി...'' എന്ന് ഉത്തരം.
വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ് കൊടുക്കുമ്പോള്‍ ദ്വാരപാലക ശില്‍പ പാളികളുടെ തൂക്കം 42.8 കിലോഗ്രാം എന്നാണ് സന്നിധാനത്തെ രജിസ്റ്ററില്‍ പറയുന്നത്. ചെന്നൈയില്‍ തൂക്കിയപ്പോള്‍ 38.258 കിലോഗ്രാം. 4.541 കിലോഗ്രാമിന്റെ കുറവ്. സ്വര്‍ണം പൂശിക്കഴിഞ്ഞപ്പോള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ചുള്ള തൂക്കം 38.653 കിലോഗ്രാം. അപ്പോഴും 4.147 കിലോയുടെ കുറവ് സംഭവിച്ചു. എന്നാല്‍ പാളി സന്നിധാനത്തു കൊണ്ടുവന്ന് ശില്‍പങ്ങളില്‍ ഘടിപ്പിക്കുന്നതിന് മുമ്പ് തൂക്കി നോക്കി രജിസ്റ്ററില്‍ ചേര്‍ത്തിരുന്നില്ല. കാരണം യഥാര്‍ത്ഥ പാളികളില്‍ നിന്ന് രാസപ്രക്രിയയിലൂടെ സ്വര്‍ണം വേര്‍തിരിച്ച് തല്‍പരകക്ഷികള്‍ കൈവശപ്പെടുത്തിയിട്ടുണ്ടാവണം.
1998-ല്‍ സ്വര്‍ണം പൂശിയ പാളിയല്ല ഇപ്പോഴുള്ളതെന്നും 2019-ല്‍ നവീകരണത്തിന് കൊണ്ടുപോയ ശേഷം തിരികെ കൊണ്ടുവന്നത് മറ്റൊരെണ്ണമാണെന്നും വിഗ്രഹ ശില്പി കുടുംബാംഗം തട്ടാവിള മഹേഷ് പണിക്കര്‍ വ്യക്തമാക്കുന്നു. അതുകൊണ്ടാണ് അമൂല്യമായ ആ പാളികള്‍ വിശ്വാസത്തെ ചൂഷണം ചെയ്ത് ആര്‍ക്കെങ്കിലും മറിച്ചു കൊടുത്തോ എന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചത്. 2019-ല്‍ കൊടുത്തുവിട്ടത് ചെമ്പ് പാളി തന്നെയാണെന്നും താന്‍ ചുമതല ഏല്‍ക്കുമ്പോള്‍ സ്വര്‍ണം പോയി ചെമ്പ് തെളിഞ്ഞ നിലയിലായിരുന്നുവെന്നുമുള്ള അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ വാദം ഇതേടെ എട്ടുനിലയില്‍ ചീറ്റിപ്പോയിരിക്കുകയാണ്.
അതേസമയം, വിജയ് മല്യ സംഭാവന ചെയ്ത സ്വര്‍ണ്ണം ഉപയോഗിച്ച് പൊതിഞ്ഞ ദ്വാരപാലക സില്‍പങ്ങളിലെ യഥാര്‍ത്ഥ സ്വര്‍ണ്ണ പാളി നവീകരണത്തിന് എന്ന വ്യാജേന സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിക്കുന്നതിന് പകരം സമ്പന്നര്‍ക്ക് കൊച്ച് തകിടുകളായി മുറിച്ചു വിറ്റുവെന്ന വിവരവും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ചീഫ് വിജിലന്‍സ് ഓഫീസര്‍ ഒക്ടോബര്‍ 6-ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, സ്വര്‍ണ്ണം പൂശലിന് മുമ്പായി 2019 ജൂലൈ 19-ന് എടുത്ത ചിത്രങ്ങളും, സ്വര്‍ണ്ണം പൂശിയ ശേഷം 2019 സെപ്റ്റംബര്‍ 11-ന് എടുത്ത ചിത്രങ്ങളും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.
അതിനാല്‍ തന്നെ ഉണ്ണികൃഷ്ണന്‍ പോറ്റി സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ സ്വര്‍ണം പൂശാനായി നല്‍കിയത് വേറെ ചെമ്പുശില്പങ്ങളാകാമെന്ന ഹൈക്കോടതിയുടെ സംശയം ബലപ്പെട്ടിരിക്കുന്നു. മുമ്പ് സ്വര്‍ണം പൂശാത്ത ശുദ്ധമായ ചെമ്പ് പാളികള്‍ മാത്രമേ സ്മാര്‍ട്ട് ക്രിയേഷന്‍സ് സ്വീകരിക്കുകയുള്ളൂ. പഴയ സ്വര്‍ണപാളികള്‍ ദിവ്യ മുദ്രകളായി സമ്പന്നരായ ഭക്തര്‍ക്ക് വിറ്റിരിക്കാമെന്നും, പകരം വേറൊരു സെറ്റ് ചെമ്പു പാളികള്‍ സ്വര്‍ണം പൂശാനായി ചെന്നൈയിലെ കമ്പനിക്ക് കൈമാറുകയായിരുന്നുവെന്നുമാണ് കോടതി കരുതുന്നത്. ഇതൊക്കെ തയ്യാറാക്കാന്‍ സമയം വേണ്ടിവന്നതിനാലാണ് പാളി ചെന്നൈയിലെത്താന്‍ 39 ദിവസമെടുത്തത്.
ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പത്തിന്റെ ഭാഗം വീട്ടില്‍ സൂക്ഷിക്കുന്നത് അഭിവൃദ്ധി വര്‍ധിപ്പിക്കുമെന്ന് സമ്പന്നരായ ഭക്തരെ വിശ്വസിപ്പിച്ച് വില്‍പ്പനയ്ക്ക് വച്ചതാണ് പോറ്റിയുടെയും മുരാരിയുടെയും മാര്‍ക്കറ്റിങ് തന്ത്രം. മോഷണവും കച്ചവടവും മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ ഭാഗമായാണ് 2019-ല്‍ സ്വര്‍ണ്ണ പാളികള്‍ വീണ്ടും ഇലക്‌ട്രോ പ്ലെയിറ്റിങ്ങിനായി ഉണ്ണികൃഷ്ണന്‍ പോറ്റുയുടെ കൈവശം, ദേവസ്വം മാനുവല്‍ ലംഘിച്ച് കൊടുത്തുവിടുമ്പോള്‍ മുരാരി ബാബു 'ചെമ്പ് പാളി' എന്ന് മഹസറില്‍ എഴുതിയത്. ഈ കൊടും കൊള്ളയുടെ പേരിലാണ് മുരാരിയെ ദേവസ്വം ബോര്‍ഡ് ഇന്നലെ സസ്‌പെന്റ് ചെയ്തത്. മറ്റ് അഞ്ച് പേര്‍ക്കെതിരെയും കടുത്ത നടപടിയുണ്ടാവും.
ഇനി ഹൈക്കോടിതി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണമാണ് നിര്‍ണായകമാകുന്നത്. അതിന് മുമ്പായി ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ നാളെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുരാരി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ദേവസ്വം വിജിലന്‍സ് സമര്‍പ്പിക്കുന്ന അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി എടുക്കും. ഇവരുടെ പെന്‍ഷന്‍ അടക്കം തടഞ്ഞുവെക്കാന്‍ ആണ് ആലോചന. ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘം ഉടന്‍ അന്വേഷണം ആരംഭിക്കുമെന്നാണ് വിവരം.
രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശം. കുറ്റകൃത്യം നടന്നുവെന്ന് ഉറപ്പായാല്‍ കേസെടുക്കണം. ഹൈക്കോടതിയുടെ നിയന്ത്രണത്തിലായിരിക്കും അന്വേഷണ സംഘം. അതുകൊണ്ടുതന്നെ കട്ടവരെ കുടുക്കുമെന്നുതന്നെയാണ് അയ്യപ്പ ഭക്തരുടെയും നിയമവാഴ്ചയില്‍ വിശ്വസിക്കുന്നവരുടെയുമെല്ലാം പ്രതീക്ഷ. സ്വര്‍ണ കവര്‍ചയില്‍ ചില ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തി, കൊള്ളയ്ക്ക് ഒത്താശ ചെയ്തുകൊടുത്ത രാഷ്ട്രീയ വേതാളങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ളതാണ് ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട് എങ്കില്‍, കളവ് നടത്തിയവരെയും അതിന്റെ ഗൂഢാലോചനക്കാരെയുമൊക്കെ അഴിക്കുള്ളിലാക്കുന്നതായിരിക്കണം പ്രത്യേക സംഘത്തിന്റെ ദൗത്യം.