പാതകൾ വിളിക്കുകയാണ്
അറിയാ ദൂരങ്ങളിലേക്ക്,
മുറിഞ്ഞുപോയ
സ്വപ്നത്തുരുത്തിൽ
വെളിച്ചം പരത്തുവാൻ,
ചുവടുവയ്പ്പുകളിൽ
കാലത്തിന്റെ മണ്ണിൽ
വീണുമർന്ന ഓർമ്മകളെ
വിളിച്ചുണർത്തുവാൻ,
മുറിവേറ്റ മനസ്സിനെ
സുഖപ്പെടുത്തുവാൻ,
പുതിയ പ്രതീക്ഷകളെ
വിരിയിപ്പിക്കുവാൻ…!
യാത്രകൾ,
മണ്ണിൽ മാത്രം പതിയുന്ന
പാദമുദ്രകളല്ലെന്നറിയുക:
ആത്മാവിൽ പതിയുമൊരു ഗീതമാണ്,
ഓരോ തിരിവിലും മറവിലും
നഷ്ടങ്ങളും ഇഷ്ടങ്ങളും
കൈകോർത്തു നിൽക്കുന്ന
നിമിഷമാണ്...!
ചില വഴികൾ
ദുഃഖത്തിന്റെ കരിങ്കയറ്റങ്ങളിലൂടെ
ഇടറിച്ചെല്ലുമെങ്കിലും,
ചില വഴികൾ
പ്രണയത്തിന്റെ സന്ധ്യാമേഘങ്ങളാൽ
ആകാശം ചുവപ്പിക്കുമെങ്കിലും,
ഓരോ വഴിയും
മനസ്സിന്റെ അടർന്നുപോയ
ചില്ലുകളെ
ചേർത്തുവച്ചുകൊണ്ടിരിക്കും.
ഓരോ യാത്രയും
പുറത്തേക്കുള്ള ദൂരം
മാത്രമല്ല,
അകത്തേക്കുള്ള തിരച്ചിലുംകൂടിയാണ്,
ആത്മാവിന്റെ കണ്ണാടിയിൽ
പതറിനിൽക്കും
മുഖം
ഉത്തരമാരാഞ്ഞു
കൊണ്ടിരിക്കും...!