Image

മണികൾ മുഴങ്ങുമ്പോൾ ( നീണ്ട കഥ : അന്നാ പോൾ )

Published on 09 October, 2025
മണികൾ മുഴങ്ങുമ്പോൾ ( നീണ്ട കഥ : അന്നാ പോൾ )

ആ വലിയ മതിൽക്കെട്ടിനകത്തു നിന്നും തീരെ ചെറിയ കവാടത്തിലൂടെ പുറത്തേയ്ക്കു ഇറങ്ങി വരുമ്പോൾ അയാളുടെ മനസ്സു് ശൂന്യമായിരുന്നു.
ജീവിതം തകർത്ത ഭൂതകാലത്തിന്റെ കയ്പുനിറഞ്ഞ ഓർമ്മകളോ  ഇനിയെന്ത് എന്ന സന്ദേഹമോ ഇല്ലാത്ത നിസംഗമായമനസ്സ്1:
രണ്ടു പതിറ്റാണ്ടിന്റെ നടുക്കുന്ന ഓർമ്മകൾ മറക്കാൻ പഠിച്ചു കഴിഞ്ഞിരുന്നു.
സേലത്തു നിന്നും ട്രെയിൻ കയറി ഇവിടെ എത്തുമ്പോൾ വെയിലിനു ചൂടേറിത്തുടങ്ങിയിരുന്നില്ല
പുലർമഞ്ഞ് മരച്ചില്ലകളിൽ നിന്നും അപ്പോഴും ഇറ്റുവീഴുന്നുണ്ടായിരുന്നു.
ഓർമ്മയുടെ ഒരു ചെറുതിര മനസ്സിന്റെ തീരങ്ങളിലേയ്ക്കു കടന്നുവന്നു.
ജയിൽ വളപ്പിലെ പടർന്ന പന്തലിച്ച കൂറ്റൻ മരങ്ങളിൽ പുലർവെട്ടം തിളങ്ങുന്ന തും  മഞ്ഞുതുള്ളികൾ ഇറ്റു വീഴുന്നതും നോക്കി നിന്നിരുന്ന പ്രഭാതങ്ങളെക്കുറിച്ച് അയാൾ ഓർത്തു. ക്രമേണ മഞ്ഞു മായുന്നതും നോക്കി ജനാലയ്ക്കരികിൽ നിൽക്കുമ്പോൾ മനസ്സ് ഒട്ടൊന്നു ശാന്തമാകുമായിരുന്നു.
ഗ്രാമത്തിലേയ്ക്കുള്ള ബസ്സിൽക്കയറി.
പരിചിത മുഖങ്ങളൊന്നും കണ്ടില്ല. പുറത്തേക്കാഴ്ചകളിലേയ്ക്കും നോക്കി വെറുതേയിരുന്നു.

ബസ്സിറങ്ങി.
അന്യനാട്ടിലെത്തിയ പോലെ സ്ഥലം അപരിചിതമായി തോന്നി.
വീട്ടിലേയ്ക്കുള്ള വഴി കണ്ടു പിടിയ്ക്കാൻ ഇത്തിരി സമയമെടുത്തു... ഒരപരിചിതനെപ്പോലെ ഏതാനും
നിമിഷം അവിടെ നിന്നു.
തണുത്ത കാറ്റ് അയാൾക്കു ചുറ്റും വീശിയടിച്ചു.... എണ്ണമറ്റ ഓർമ്മകളിൽ അയാൾ മുങ്ങിത്താണു.
അനേകം മുഖങ്ങളും സ്വരങ്ങളും തിരിച്ചറിയാനാവാതെ ഓർമ്മകളുടെ ചുഴിയിൽപ്പെട്ട് അയാൾ നട്ടം തിരിഞ്ഞു.

തന്റെ ഗ്രാമം എത്ര മാറിയിരിക്കുന്നു. ?... പരിചിതമായിരുന്ന ഒന്നും കാണാനില്ല.
നിരപ്പലകയിട്ട പലചരക്കുകടകൾ ചെറിയ ചായക്കടകൾ കാലിച്ചന്ത  ... ഒന്നും കാണാനില്ല.
പകരം വലിയ ഹോട്ടലുകൾ മാളുകൾ സ്വർണ്ണക്കടകൾ  വസ്ത്രാലയങ്ങൾ..... ചിലതൊക്കെ ക്കാണുമ്പോൾ മൂടൽമഞ്ഞിൽ നിന്നും കാഴ്ചകൾ തെളിയുമ്പോലെ ഓർമ്മകൾ ഉണരുന്നുണ്ടു്.
അച്ഛന്റെ കൈയ്യും പിടിച്ച് നടന്നു സ്ക്കൂളിലേയ്ക്കു പോയ ചെമ്മൺ പാതയുടെ സ്ഥാനം അപഹരിച്ച: വീതിയുള്ള ഹൈ ടെക് റോഡിലൂടെ തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾ.:
... പാട്ടിയ്ക്കൊപ്പം വരാറുണ്ടായിരുന്ന മുരുകൻ കോവിൽ...

പെട്ടെന്ന് അയാൾക്കു കസ്തൂരിയെ ഓർമ്മ വന്നു.... നെഞ്ചിടിപ്പോടെ അയാൾ ഓർത്തു. അവളിപ്പോൾ മറ്റാരുടെയോ ഭാര്യയായി കുട്ടികളുമൊക്കെയായ്..... താത്താ ഒരിയ്ക്കൽ ചിരിച്ചു കൊണ്ട് ചോദിച്ചതയാൾ ഓർത്തു... ചെല്ലാ " നീ കോവില്ക്ക് പോണതു അന്ത ഷൻ മുഖത്തോടെ മകളെ പാക്കറുതുക്കാ ? പാട്ടി കുലുങ്ങിച്ചിരിച്ചു കൊണ്ട് എന്തോ പറഞ്ഞു... ലജ്ജകൊണ്ടു് താൻ ഓടിക്കളഞ്ഞതും അയാൾ വേദനയോടെ ഓർത്തു..... കസ്തൂരിയും താനും കോവിലിനു വെളിയിലെ കുളക്കരയിൽ ഇരുന്നു ഒരുപാടു നേരം സംസാരിയ്ക്കുമായിരുന്നു...... അവളുടെ കവിളുകൾ ചുവക്കുന്നതും...... ചിലപ്പോൾ ഒളികണ്ണിട്ടു തന്നെ നോക്കുന്നതും...പാട്ടി കാണുമ്പോൾ അവൾ നാണിച്ചു ഓടിപ്പോവുന്നതും അയാൾക്കു ഓർമ്മ വന്നു...

പഠനമെല്ലാം കഴിഞ്ഞു ജോലിയ്ക്കു കാത്തിരിയ്ക്കുന്ന ആ നാളുകളിൽ എന്നും അടുത്തുള്ള വായനശാലയിൽ പോകുമായിരുന്നു... ദിവസം ഒരു പുസ്തകം വായിച്ചു തീർക്കണമെന്നത് ഒരു . വാശിയായി കൊണ്ടു നടന്ന കാലം.
ഒരു ദിവസം...
വളരെ വൈകി വായനശാലയിൽ നിന്നും ഇറങ്ങിയ തനിയക്കു മുന്നിൽ ചവിട്ടി നിർത്തിയ പോലീസ് വണ്ടിയിൽ നിന്നു ഏതാനും പോലീസുകാർ അലറിക്കൊണ്ടു തന്റെ നേരേ പാഞ്ഞടുത്തു.
എന്തെങ്കിലും പറയും മുൻപേ കഴുത്തിനു പിടിച്ചു തള്ളി വണ്ടിയിലിട്ടു...
എവിടയ്ക്കു... എന്തിനു? ഒന്നും ചോദിയ്ക്കാനാവാതെ തളർന്നിരുന്നു.... കണ്ണകളിൽ ഇരുട്ടു കയറി...... വണ്ടി തന്നെയും കൊണ്ട് എങ്ങോട്ടോ പാഞ്ഞു.

     ( തുടരും )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക