Image

വെളിച്ചത്തിൻ്റെ കടൽ ( കവിത : ഷീജ അരീക്കൽ )

Published on 09 October, 2025
വെളിച്ചത്തിൻ്റെ കടൽ ( കവിത : ഷീജ അരീക്കൽ )

പുറത്ത് മൊത്തം 
ഇരുട്ടെന്നു കരുതി
വർഷങ്ങളോളം ഞാൻ
വീട്ടിനകത്തെ
ഇരുട്ടിൽ തന്നെയിരുന്നു..

ഇരുട്ടിന് വേരു മുളച്ചു
ചില്ലകളിൽ 
ഇലകൾ തളിർത്തു
വൻമരമായി...
പുതിയ
തൈകൾ 
പൊട്ടി മുളക്കുകയും
പോകെപ്പോകെ
അതൊരു കാടായി
വളരുകയും ചെയ്തു..

കാട്ടിൽ
പക്ഷികൾ ചേക്കേറി..
പക്ഷികൾക്ക്
കുടുംബവും 
കുഞ്ഞുങ്ങളുമായി..

ചിലവ
രാത്രികളിൽ 
ഉറക്കെ കരഞ്ഞ്
എൻ്റെ ഉറക്കം കെടുത്തി

ചിലവ
തലകീഴായി തൂങ്ങിക്കിടന്ന്
എന്നെ പേടിപ്പെടുത്തി..

മണ്ണിനടിയിലെ വിത്തിനെ
വെളിച്ചം വന്നു വിളിക്കുമ്പോലെ
ഒരു ദിവസം 
ആരോ വന്നെൻ്റെ
കതകിനു കൊട്ടി..

വാതിൽ തുറന്നപ്പോൾ
ഹാ...!
മുറ്റം നിറയെ
വെളിച്ചത്തിൻ്റെ കടൽ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക