Image

നിര്‍ണ്ണയം (കഥ: ചിഞ്ചു തോമസ്)

Published on 09 October, 2025
നിര്‍ണ്ണയം (കഥ: ചിഞ്ചു തോമസ്)

സ്കൂൾ കഴിഞ്ഞുവന്ന് ഭക്ഷണം കഴിച്ച് കുഞ്ഞൂട്ടൻ സൈക്കിളും ചവിട്ടി നേരേ പോകുന്നത് പാർക്കിലേക്കാണ്. പാർക്കിലപ്പോൾ അവനെപ്പോലെ ധാരാളം കുട്ടികളുണ്ടാകും. പിള്ളേരായാൽ കെട്ടിമറിഞ്ഞു കളിച്ചില്ലെങ്കിൽ പിന്നെ പിള്ളേരെന്ന് വിളിക്കാൻ പറ്റുമോ? ഒരേ സ്കൂളിൽ പഠിക്കുന്ന കുട്ടികളെയല്ലാതെ വേറെയും സ്കൂളിൽ പഠിക്കുന്ന കുട്ടികളെ കാണാൻകഴിയും അവിടെ. ഫുട്ബോൾ കളിക്കാനാണേൽമാത്രം പല ഗ്രൂപ്പിലെ കുട്ടികൾ വലിയ രണ്ടു ഗ്രൂപ്പാകും. അല്ലാത്ത പക്ഷം അവർക്ക് ഏറ്റവും പ്രിയപ്പെട്ടവരുടെകൂടെ മാത്രം എത്രപേർ ആയാലും കുഴപ്പമില്ലാത്ത കളികളിൽ ഏർപ്പെടും.

കുഞ്ഞൂട്ടനും അവന്റെ കൂട്ടുകാരനായ ഒരാഫ്രിക്കക്കാരൻ ജസ്റ്റിയുംകൂടെ ഭൂമിയിൽ ആയുധങ്ങൾ തിരയുന്ന തിരക്കിലാണ്. പണ്ട് രാജാക്കന്മാർ കുഴിച്ചിട്ട ലോഹം കൊണ്ടുണ്ടാക്കിയ ആയുധങ്ങളാണ് അവർ തിരയുന്നത്. കണ്ടുകിട്ടിയാൽ അതുംവെച്ച് പൊരിഞ്ഞ യുദ്ധം നടത്തണമെന്ന് തമ്മിൽ പറഞ്ഞ് സമ്മതിച്ചിട്ടുള്ളതാണ്.
അവർ അങ്ങനെ അവർക്ക് പറ്റുന്ന കുഴികളെടുത്തു ആയുധങ്ങൾ തിരയുമ്പോൾ ചെറിയ ചുള്ളികമ്പുകൾ തിരഞ്ഞുപിടിച്ച് പെറുക്കിയെടുക്കുന്ന രണ്ടു പ്രാവുകളെ ശ്രദ്ധിച്ചു. അതിലൊന്ന് ചെറുതും മറ്റേത് വല്യതുമാണ്. ചുള്ളികമ്പുകൾ ചുണ്ടിൽവെച്ചുകൊണ്ട് അവിടെക്കാണുന്ന മരത്തിന് മുകളിൽ അടുക്കിവെക്കുന്നു. പ്രാവുകൾ കൂടുകൂട്ടുകയാണ്. അവർ ആദ്യമായാണ് കൂടുകൂട്ടുന്ന പ്രാവുകളെ കാണുന്നത്. കുഞ്ഞൂട്ടനും ജസ്റ്റിയും തൂണും ചാരിയിരുന്നു അവരവരുടെ ബാഗുകളിൽനിന്നും ജ്യൂസ് എടുത്ത് ചുണ്ടോടടുപ്പിച്ച് ചുണ്ടുകളും കാലുകളും ഉപയോഗിച്ച് കൂടുമേയുന്ന ശിൽപ്പികളെ നോക്കിയിരുന്നു.

എന്നും സ്കൂൾവിട്ട് വരുമ്പോൾ അവർ ആയുധങ്ങൾ തിരയാൻ പാർക്കിൽ പോകും. ലോഹം കൊണ്ടുള്ള ആയുധങ്ങൾ കണ്ടുകിട്ടാത്തതുകൊണ്ട് യുദ്ധം ചെയ്യാനുള്ള കോതി മൂത്ത് നിലത്തുകിടക്കുന്ന കമ്പുകൾകൊണ്ടവർ യുദ്ധം ചെയ്യാൻ തുടങ്ങി. നിലത്തില്ലെങ്കിൽ ചെടികളിൽനിന്നും ഉശിരോടെ പറിച്ചെടുത്തു. കമ്പുകൾ വാളുകളായി. കമ്പുകൾ തമ്മിലടിച്ച് പൊട്ടിച്ചിതറി. യുദ്ധം അവസാനിക്കുന്നില്ലല്ലോ. അവർ അടുത്ത കമ്പുകളെടുത്തു. അവരുടെ യുദ്ധം കൂട്ടിൽ അടയിരിക്കുന്ന പ്രാവ് താഴേക്ക്‌ ചരിഞ്ഞു നോക്കിക്കണ്ടു.

പ്രാവുകൾ അടയിരിക്കുന്നത് അവർക്ക് കൗതുകം തോന്നിയ കാഴ്ചയായിരുന്നു. എത്രെ നേരമാ അങ്ങനെ ഒരേ ഇരുപ്പ് ഇരിക്കേണ്ടുന്നത്! ഒന്നടയിരിക്കുമ്പോൾ മറ്റേത് കൂടിനോട് ചേർന്ന് മരക്കോമ്പിൽ അള്ളിപ്പിടിച്ചിരിക്കും. ചരിഞ്ഞു തല വെട്ടിച്ചു താഴെ കളിക്കുന്ന കുട്ടികളെ നോക്കും. ചിറകുകൾ കോതി വൃത്തിയാക്കും. അവിടിരുന്നുറങ്ങും. അവർ എന്താ ഉറങ്ങി താഴെ വീഴാത്തത്? എനിക്കും ഇരുന്നുറങ്ങാൻ കഴിയും! കുഞ്ഞൂട്ടൻ കണ്ണുകളടച്ചു മുട്ടിലിരുന്നു കാണിച്ചുകൊടുത്തു. എനിക്ക് ഒറ്റക്കാലിൽ നിന്നുറങ്ങാൻ കഴിയും, ഞാൻ അങ്ങനെയാ സാധാരണ ഉറങ്ങാറ്, ജസ്റ്റിയും ഒറ്റക്കാലിൽ കണ്ണടച്ചു നിന്നു. 
നീ കള്ളം പറയുവാ.
നീ ഒരു സത്യസന്ധൻ...!
അവർ വാളെടുത്തു. യുദ്ധം വീണ്ടും ആരംഭിച്ചു.

ദിവസങ്ങളുടെ അടയിരിപ്പിന് ശേഷം പ്രാവുകൾക്ക് ഒരു കുഞ്ഞ് ജനിച്ചു. കുഞ്ഞിന്റെ വായിൽ ഭക്ഷണം വെച്ചുകൊടുക്കുന്നത് കുഞ്ഞൂട്ടനും ജസ്റ്റിയും ആശ്ചര്യത്തോടെ നോക്കി. ഒരു പ്രാവ് കുഞ്ഞിന് കൂട്ടിരിക്കുമ്പോൾ അടുത്ത പ്രാവ് ഭക്ഷണം തേടിപ്പോകും. തിരികെവന്ന് അത് വായിൽവെച്ചു കൊടുക്കും. പിന്നെ അടുത്തത് ഭക്ഷണം തേടിപ്പോകും. അവർ എന്നും കുറച്ചു സമയം കൂട്ടിലേക്ക് നോക്കിനിൽക്കും യുദ്ധം ചെയ്യുന്നതിനിടയിലെ ഇടവേളകളിൽ. രാജാക്കന്മാരും യുദ്ധത്തിനിടയിൽ ഇടവേളകൾ എടുത്തിരുന്നല്ലോ!

പ്രാവിൻകുഞ്ഞ് കുറേശ്ശെ വല്യതായിത്തുടങ്ങി. കൂടുവിട്ട് അത് കമ്പിൽ അള്ളിപ്പിടിച്ചിരിക്കുന്ന പരുവമെത്തി. അത് ആ മരത്തിൽനിന്നും മറ്റെവിടേക്കും പോകില്ല. കുട്ടികൾ കളിക്കിടയിൽ മരത്തിന് മുകളിലേക്ക് നോക്കി പുതുജീവനോട് വർത്തമാനങ്ങൾ പറഞ്ഞു.  തന്നോടാണ് താഴെനിൽക്കുന്ന കിങ്കരന്മാർ കുശലം ചോദിക്കുന്നതെന്നു കുഞ്ഞിപ്രാവിന് മനസിലാകുന്നുണ്ട്. കുഞ്ഞിപ്രാവ് വെപ്രാളപ്പെട്ട് ഉയരത്തിൽനിന്ന് അനന്തതയിലേക്ക് വിസർജിക്കും. കുട്ടികൾ നേരേ താഴെനിൽക്കുമ്പോഴാണ് കുഞ്ഞിപ്രാവിന്റെ മനഃപൂർവ്വമുള്ള വിസർജ്ജനക്രിയ. പ്രാവിന്റെ വിസർജ്ജനം അന്തരീക്ഷത്തിൽ ജനിച്ചു വീഴുമ്പോഴേ കുഞ്ഞൂട്ടനും ജസ്റ്റിയും അയ്യേന്നലറി വലിച്ചുവിട്ടോടും. മൂവരും ചേർന്നുള്ള കളിയായി മാറി വിസ്സർജ്ജനക്രിയ പിന്നീട്. കുഞ്ഞിപ്രാവ് അവരുടെ ഓട്ടം കണ്ട് രസിക്കും വിധം മരക്കൊമ്പുകളിലേക്ക് ചെറുതായി പറന്നിരുന്നു.

കുഞ്ഞിപ്രാവ് വല്യതായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ കുഞ്ഞിന് കൂട്ടിന് ഒരു പ്രാവിനെ മാത്രമേ കാണാറുള്ളൂ. വലുപ്പത്തിൽ ചെറുതായതുകൊണ്ട് അമ്മപ്രവായിരിക്കും കൂടെയുള്ളത്. അമ്മപ്രാവ് നിലത്തു പറന്നിരുന്ന് കൊത്തിപ്പറുക്കി ശേഖരിക്കുന്നുണ്ട്. അമ്മപ്രാവ് ശേഖരിച്ചതൊക്കെ കുഞ്ഞിപ്രാവിന്റെ വായിൽ കുത്തിത്തിരുകുന്നു. അത് പിന്നെയും നിലത്തു പറന്നിറങ്ങി കൊത്തിപ്പെറുക്കി തിന്നുന്നു.  ചെടികൾക്കുള്ളിൽ പതുങ്ങിയിരുന്ന കണ്ടൻപൂച്ച അമ്മപ്രാവിന്റെ മുകളിൽ ചാടി വീണു. നിമിഷണങ്ങൾ കൊണ്ട് അതിന്റെ വാലും പുറത്തെ തൂവലുകളും പറിച്ചെടുത്തു. അതിനെ കടിച്ചെടുത്തും കൊണ്ട് മരത്തണലിൽ ചെന്നിരുന്നു. പ്രാവിന്റെ പുറത്താണ് കടിച്ചു പിടിച്ചിരിക്കുന്നത്. കുഞ്ഞൂട്ടനും ജസ്റ്റിയും യുദ്ധത്തിനിടയിൽ ആ കാഴ്ചകണ്ട് പേടിച്ചലറി. ജസ്റ്റി കൈയിരുന്ന വാള് പൂച്ചക്ക് നേരേ വീശിയടുത്തു. അവർ ഭയംകൊണ്ട് അലറുന്നുണ്ടായിരുന്നു. പൂച്ചയുടെ വായിലിരിക്കുന്ന പ്രാവിന്റെ കണ്ണുകൾ അപ്പോഴും ശാന്തമായത്തിളങ്ങുന്നുണ്ടായിരുന്നു. ജസ്റ്റിയുടെ വാൾ പൂച്ചയുടെ അടുത്തേക്ക് വീശി. പൂച്ച പമ്മി പിടിവിട്ടു. വായിൽനിന്നും അമ്മപ്രാവ് കുതറിയോടി. കുഞ്ഞൂട്ടൻ ഓടിച്ചെന്ന് പ്രാവിനെ കൈപ്പിടിയിലൊതുക്കി. പൂച്ച അവിടെയൊക്കെ പമ്മി നടന്ന് മണം പിടിച്ചു എങ്ങോ ഓടിപ്പോയി. അമ്മപ്രാവിനെ നോക്കി കുഞ്ഞിപ്രാവ് മരക്കൊമ്പിൽ ഇരിക്കുന്നുണ്ടായിരുന്നു. ഇനി കുഞ്ഞിപ്രാവിനാരുണ്ട്? അവർ അമ്മപ്രാവിനെ പറക്കാൻ വേണ്ടി നിലത്തിരുത്തി. ചെറിയ ചാട്ടങ്ങൾ ചാടുന്നു എന്നല്ലാതെ അതിന് പറക്കാൻ കഴിയുന്നില്ല.
കുഞ്ഞൂട്ടനും ജസ്റ്റിയും കുഞ്ഞിപ്രാവിനെ നോക്കി വിഷമിച്ചു. ഇനി എന്തു ചെയ്യും!

കുഞ്ഞിപ്രാവിനെ എതെങ്കിലും പ്രാവുകൾ ദെത്തെടുക്കണേയെന്ന് പ്രാർത്ഥിച്ച് ഇരുട്ടാകും മുൻപ് അവർ വീട്ടിലേക്ക് നടന്നു. കുഞ്ഞൂട്ടന്റെ കൈയിൽ അമ്മപ്രാവ് സുരക്ഷിതയായി ഇരിപ്പുണ്ട്.  
വീട്ടിൽ വന്നുകയറിയ കുഞ്ഞൂട്ടന്റെ കൈയിലിരിക്കുന്ന പ്രാവിനെക്കണ്ട് അമ്മയൊന്നും പറഞ്ഞില്ല. അവൻ അമ്മയുടെ സഹായത്തോടെ അതിന്റെ മുറിവിലും മറ്റും മഞ്ഞൾ പുരട്ടി. സിറിഞ്ചിൽ വായിലേക്ക് ഭക്ഷണം നിറച്ചു. സിറിഞ്ചിൽത്തന്നെ വെള്ളവും കൊടുത്തു. ഒരു മുറിയിൽ കൊട്ടക്കുള്ളിൽ ടിഷ്യൂ പേപ്പർ വിരിച്ച് അമ്മപ്രാവിനെ അതിലിരുത്തി.
ഉറങ്ങിക്കോ...വേഗം സുഖമാകും... അവൻ അതിന്റെ നെറുകയിൽ തലോടി. അപ്പോൾ അമ്മപ്രാവിന്റെ കണ്ണുകളിൽ ഉറക്കം കയറുന്നുണ്ടായിരുന്നു.

കുഞ്ഞൂട്ടൻ സ്കൂളിൽ പോകുമ്പോൾ പ്രാവിനെ വെയിൽ കൊള്ളിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും അമ്മയായിരുന്നു.

പ്രാവിന് ഷോക്കായിയെന്ന് തോന്നുന്നു കുഞ്ഞൂട്ടായെന്ന് അവൻ സ്കൂളിൽ നിന്നു വന്നപ്പോൾ അമ്മ പറഞ്ഞുകൊടുത്തു.

അത് തനിയെ ഭക്ഷണം കൊത്തി കഴിക്കുന്നില്ല വെള്ളം കുടിക്കുന്നില്ല. എല്ലാം വായിൽ നിറച്ചു കൊടുക്കയാണ്.

ജസ്റ്റിൻ എന്നും വൈകുന്നേരം അമ്മപ്രാവിനെ കാണാൻ കുഞ്ഞൂട്ടന്റെ വീട്ടിൽ വരുമായിരുന്നു. അവർ രണ്ടുപേരുംകൂടെ പ്രാവിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തി അതിനോട് കുശലങ്ങൾ പറഞ്ഞിരുന്നു. നിന്റെ കുഞ്ഞിനെ മരത്തിൽ കാണുന്നില്ല. അത് എങ്ങോ പറന്നു പോയിരിക്കും. അത് പറക്കാൻ പാകമായ വലിയയൊരു പ്രാവായിരുന്നല്ലോ നിന്നെ പൂച്ച പിടിച്ചപ്പോഴേ... അവർ തറയിൽ കിടന്ന് താടിക്ക് കൈയ്യും കൊടുത്ത് കുട്ടയിൽ അനങ്ങാതിരിക്കുന്ന പ്രാവിനെ ആശ്വസിപ്പിക്കുകയായിരുന്നു.

അമ്മപ്രാവിനെ സന്തോഷിപ്പിക്കാൻ എന്തു വഴിയെന്നാലോചിച്ചു അവന്മാർ നെറ്റ് ഡോറിന് ഇപ്പുറം നിലത്ത് അമ്മപ്രാവിനെ ഇരുത്തി തീറ്റ നിലത്തിട്ടു കൊടുക്കുകയും പുറത്തേ കിളികൾ നെറ്റ് ഡോറിന് അടുത്തേക്ക് വരാൻ നെറ്റിനപ്പുറം തീറ്റയിട്ട് കൊടുക്കുകയും ചെയ്തു. പലതരം കിളികൾ വന്നു. കൂട്ടത്തിൽ അമ്മപ്രാവിനെപ്പോലെ മൂന്ന് നാല് പ്രാവുകളും. അവരെ അടുത്ത് കണ്ടതും അമ്മപ്രാവിന്റെ ക്ഷീണമൊക്കെ മാറി. അവർ കൊത്തിത്തിന്നുന്നപോലെ അമ്മപ്രാവും ഇപ്പുറത്തിരുന്നു കൊത്തിത്തിന്നു. വെപ്രാളപ്പെട്ടത് നെറ്റിൽ ദേഹം കൊണ്ട് തെള്ളി. അവൾ പുറത്തേക്ക് പോകാൻ നോക്കുകയാണ്.

നീ സുഖമാക് ആദ്യം...എന്നിട്ട് നിന്നെ പറത്തിവിടും ഞങ്ങൾ.

ഹ ഹ ഹ... വാ നമുക്ക് പാർക്കിൽ പോയി യുദ്ധം ചെയ്യാം. നീ ദുഷ്ടനായ കണ്ടൻപൂച്ച, ഞാൻ പ്രജകളെ രക്ഷിക്കും രാജാവ്...
അയ്യടാ ഞാൻ രാജാവ് നീ ദുഷ്ട്ടപൂച്ച...
അയ്യടാ...
എന്നാ നമുക്ക് മാറി മാറി രാജാവാകാം...
അവർ ആ തീരുമാനത്തിലൊത്ത് സൈക്കിളും ചവിട്ടി പാർക്കിലേക്ക് പോയി.
അമ്മപ്രാവ് നെറ്റ് ഡോറിന്മേൽ തലവെച്ച് കൊത്തിപ്പെറുക്കി നിൽക്കുന്ന കിളികളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

ഗൾഫ്നാടുകളിൽ സമ്മർ വെക്കേഷനാകുമ്പോൾ നാട്ടിലേക്ക് ഒന്നുരണ്ടുമാസം താമസത്തിന് പോകുന്നപതിവുണ്ട്അവിടുത്തുകാർക്ക്. ആ സമയം കേരളത്തിലാകട്ടെ മഴക്കാലമാണ്. ഒരാഴ്ച്ചകൂടിയേയുള്ളൂ നാടിലേക്ക് പോകാനെന്നറിഞ്ഞപ്പോഴേ കുഞ്ഞൂട്ടൻ നിലത്തൊന്നുമല്ല. അവൻ നിലത്തുകിടന്ന് അമ്മപ്രാവിനോട് പറഞ്ഞു: ഞാൻ അടുത്തയാഴ്ച്ച നാട്ടിൽ പോവാ. അവിടെ കാടുപോലെ മരങ്ങളാ അറിയാമോ? നിർത്താതെ മഴപെയ്യുന്ന സ്ഥലം. മഴക്കുണ്ടോ പകലെന്നോ രാത്രിയെന്നോ വ്യത്യാസം! നാട്ടിലെ പക്ഷികൾ നനഞ്ഞു കൂനി മരക്കൊമ്പിൽ ഇരിക്കുന്നത് കാണാം. തൂവലുകൾ കോതുന്നത് കാണാം. അമ്മപ്രാവേ നീ അങ്ങനെയുള്ള മഴ കണ്ടിട്ടുണ്ടോ? അവിടൊക്കെ ധാരാളം പേരക്കയും മാങ്ങയും ചക്കയും ചാമ്പക്കയും ഉണ്ട്. നീ അതൊക്കെ കഴിച്ചിട്ടുണ്ടോ? അമ്മപ്രാവ് കുഞ്ഞൂട്ടനെ മിഴിച്ചു നോക്കുന്നുണ്ട്. നീ ഒരാഴ്ച്ച കൊണ്ട് പറക്കാറാകുമോ? കുഞ്ഞൂട്ടൻ വാത്സല്യത്തോടെ അമ്മപ്രാവിന്റെ ചെറിയ തലമുകളിൽ ഒരു വിരൽകൊണ്ട് പതിയെ തലോടി. 
കുഞ്ഞൂട്ടനും മറ്റുകുട്ടികൾക്കും വലിയ വെക്കേഷൻ വന്നു. നാട്ടിലേക്ക് പോകേണ്ടുന്ന ദിവസമായി. ചടഞ്ഞുകൂടിയിരിക്കുന്ന അമ്മപ്രാവിനെ അവൻ കൈയിൽ പൊതിഞ്ഞെടുത്തു. അമ്മപ്രാവിന് വാല് ഇനിയും കിളിച്ചിട്ടില്ല. കുഞ്ഞൂട്ടൻ പ്രതീക്ഷയോടെ ചോദിച്ചു: ഇനി പറക്കാറായോ അമ്മപ്രാവേ?
അവൻ പ്രാവിനെ പുറത്തുകൊണ്ടുച്ചെന്ന് ഒരു കസേരമേൽ വെച്ചു. വിശാലമായ ആകാശവും കലപില വർത്തമാനങ്ങൾ പറയുന്ന പലതരം പക്ഷികളും തലയെടുപ്പോടെ നിൽക്കുന്ന മരങ്ങളും കണ്ടപ്പോൾ അമ്മപ്രാവ് പ്രതീക്ഷയോടെ ഉയരാൻ നോക്കി. അതിന് ചാടാൻ മാത്രമേ കഴിയുന്നുള്ളൂ. ചെറിയ ചാട്ടങ്ങൾ. അമ്മപ്രാവ് വെപ്രാളപ്പെട്ട് വീണ്ടും വീണ്ടും ചാടുന്നു. പറന്നു പോകാൻ നോക്കുന്നതാണ്. അത് മുഖമിടിച്ചു വീണു. 
കുഞ്ഞൂട്ടൻ അതിനെ വാരിയെടുത്തു.
എയർപോർട്ടിൽ പോകാനുള്ള സമയമായി വരുന്നു. കുഞ്ഞൂട്ടൻ പ്രാവിനെ തന്റെ ഉള്ളം കൈയിൽ സൂക്ഷിച്ചു പിടിച്ച് ജസ്റ്റിയുടെ വീട്ടിലേക്ക് പോയി. അമ്മപ്രാവ് പറക്കാറാകും വരെ ജസ്റ്റിക്ക് നോക്കാൻ കഴിഞ്ഞെങ്കിലോ? കുഞ്ഞൂട്ടൻ നടക്കുമ്പോൾ കൈയിലിരിക്കുന്ന അമ്മപ്രാവിന്റെ തല മുന്നോട്ട് നടന്നു. അതിന്റെ കണ്ണുകളിൽ കാണുന്ന പ്രതീക്ഷയുടെ ചിരി കുഞ്ഞൂട്ടന്റെ കൈയിലിരുന്നു ലോകം കാണാമെന്നാകുമോ?  അതോ പുറത്തിറങ്ങി കാഴ്ച്ചകൾ കാണുന്നതിന്റെയാകുമോ?

കുഞ്ഞൂട്ടൻ ജസ്റ്റിയുടെ വീടിന് മുന്നിലെത്തി. അവൻ കാളിങ് ബെല്ലടിച്ചു. പലതവണയടിച്ചു. ആരും വാതിൽ തുറന്നില്ല. അവരും നാട്ടിൽ പോയിരിക്കുമോ? അവനും അവധിയല്ലേ! 
കുഞ്ഞൂട്ടൻ അവിടെ കുറച്ചുനേരം ചുറ്റിപ്പറ്റി നിന്നു. അവന്റെ വീടിന്റെ മുന്നിൽ രണ്ടു കാറുകളും കിടപ്പൂണ്ട്. ഇത്രെയും നേരമായിട്ടും അവൻ വാതിൽ തുറക്കുന്നില്ലയെങ്കിൽ അവൻ അവന്റെ നാട്ടിൽ പോയതാകും. സമയം പോകുന്നു...
കുഞ്ഞൂട്ടൻ നിരാശയോടെ തിരികെ നടന്നു. അപ്പോഴും അവന്റെ കൈക്കുള്ളിലിരുന്നു അമ്മപ്രാവിന്റെ ദേഹത്തോടൊട്ടിയ തല അവനൊപ്പം താളംപിടിച്ചു നടക്കുന്നുണ്ടായിരുന്നു. തിരികെ വരുംവഴി കുഞ്ഞൂട്ടൻ പാർക്കിനുള്ളിൽ കയറി. വിജനമായ കളിസ്ഥലം. മൂകമായ അന്തരീക്ഷം. തലേന്ന് അവനും ജസ്റ്റിയും ചേർന്നെടുത്ത ചെറിയ ചെറിയ കുഴികളിൽ നോക്കി അതിൽ വീഴാതെ നടന്നു. കുഞ്ഞൂട്ടൻ മനസ്സില്ലാ മനസ്സോടെ അമ്മപ്രാവിനെ ഒരു 
മരത്തിന്റെ താഴ്ന്ന ചില്ലയിലിരുത്തി. അമ്മപ്രാവ് തൂവലുകൾ വിരിച്ച് ദേഹമൊന്നു കുടഞ്ഞു. അമ്മപ്രാവ് ചുറ്റുപാടും തല വെട്ടിച്ചു നോക്കി. കുഞ്ഞൂട്ടൻ പതിയെ തന്റെ ചൂണ്ടുവിരൽ കൊണ്ട് അമ്മപ്രാവിന്റെ ഉച്ചിയിൽ തലോടി. കുഞ്ഞൂട്ടൻ അമ്മപ്രാവിന്റെ മെലിഞ്ഞു കൂർത്ത ചുണ്ടിൽ പതിയെ ചുംബിച്ചു. അമ്മപ്രാവ് അനങ്ങാതെ നിന്നു. അമ്മപ്രാവിന്റെ മൂക്കിലെ ചുടുശ്വാസം കുഞ്ഞൂട്ടന്റെ ചുണ്ടിലടിച്ചു. കുഞ്ഞൂട്ടൻ പുറകോട്ട് മാറി മരക്കൊമ്പിലിരിക്കുന്ന അമ്മപ്രാവിനെ നോക്കി. പ്രതീക്ഷ മങ്ങിയിട്ടില്ലാത്ത അതേ കണ്ണുകൾ അവനെ നോക്കി ചിരിക്കുന്നു. അത് പറക്കാൻ ശ്രമിക്കുമ്പോൾ കുഴഞ്ഞു വീഴുന്നത് അവന് കാണാൻ വയ്യ. അത് പേടിക്കുന്നത് അവന് കാണാൻ വയ്യ. അവൻ വേഗം തിരിഞ്ഞു നടന്നു. നടക്കുംവഴി മറയ്ക്കുംപോലെ അവന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക