Image

ഒരു മാസം മദ്യപാനം നിർത്തിയാൽ ?

Published on 09 October, 2025
ഒരു മാസം മദ്യപാനം നിർത്തിയാൽ ?

‘സോബർ ഒക്ടോബർ’ പോലെ താൽക്കാലികമായി  മദ്യപാനത്തിന് അവധി നൽകുന്ന ക്യാമ്പെയ്‌നുകൾ ഇന്ന് ലോകമെമ്പാടും ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്.  മദ്യം ഒരുമാസം  നിർത്തിയാൽ പോലും  ശരീരത്തിലും മനസ്സിലും സംഭവിക്കുന്ന മാറ്റങ്ങൾ അതിശയിപ്പിക്കുന്നതാണ്. മിതമായ അളവിലുള്ള മദ്യപാനം പോലും ഉറക്കത്തെയും മനോഭാവത്തെയും ശരീരഭാരത്തെയും രക്തസമ്മർദ്ദത്തെയും ബാധിക്കും. കരളിന്റെയും ഹൃദയത്തിന്റെയും രോഗങ്ങൾക്കും ചില കാൻസറുകൾക്കും സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാൽ, മദ്യം ഒരുമാസം നിർത്തിയാൽ ശരീരത്തിനും മനസിനും പുനഃസ്ഥാപനത്തിനുള്ള ഒരു വിലപ്പെട്ട ഇടവേള ലഭിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. മദ്യം ഒഴിവാക്കിയ ആദ്യ ആഴ്ചയിൽ തന്നെ ഉറക്കം മെച്ചപ്പെടും. കരളിന്റെ പ്രവർത്തനവും (ലിവർ എൻസൈമുകൾ) മെച്ചപ്പെടും. 

ശരീരത്തിലെ വീക്കം കുറയുകയും, ത്വക്ക് തെളിഞ്ഞതാകുകയും ചെയ്യും. രാവിലെ അനുഭവപ്പെട്ടിരുന്ന മന്ദത കുറയുന്നതായും  ഊർജ്ജം സ്ഥിരതയോടെ നിലനിൽക്കുന്നതായും അനുഭവപ്പെട്ടു എന്നും പഠനവിധേയരായവർ സാക്ഷ്യപ്പെടുത്തി. മദ്യം നിർത്തുമ്പോൾ ദഹനം മെച്ചപ്പെടുകയും ആസിഡിറ്റിയും ഗ്യാസും കുറയുകയും ചെയ്യും.ഇതിനൊപ്പം, ഗട്ട് മൈക്രോബയോം (ആമാശയത്തിലെ ഗുണകരമായ ബാക്ടീരിയ) സമതുലിതമാകുന്നതോടെ, പോഷകങ്ങളിലെ ആഗിരണവും മെച്ചപ്പെടുന്നു. രക്തത്തിലെ പഞ്ചസാര നിലയും സ്ഥിരതയോടെ നിലനിൽക്കുന്നതിനാൽ, അനാവശ്യമായ വിശപ്പും കുറയും. മൂന്നാഴ്‌ച  മദ്യം വർജ്ജിച്ചാൽ തന്നെ വ്യക്തികൾക്ക് കൂടുതൽ വ്യക്തമായ ചിന്താശക്തിയും മികച്ച ശ്രദ്ധയും ഉണ്ടാകും. തളർച്ചയും ഉത്കണ്ഠയും കുറയുകയും ചെയ്യും. രക്തസമ്മർദ്ദം കുറയുകയും ഹൃദയാരോഗ്യം മെച്ചപ്പെടുകയും ചെയ്യുമെന്നതാണ് പ്രധാന നേട്ടം. കണ്ണുകളുടെ കാഴ്ചശക്തിയും ക്രമേണ വർദ്ധിക്കും.ഒരു മാസം മദ്യം ഉപേക്ഷിച്ചാൽ കൊളസ്ട്രോൾ നിലയും കുറയും.  ദീർഘകാലാരോഗ്യത്തിനും ആത്മവിശ്വാസത്തോടെയുള്ള ജീവിതത്തിനും മദ്യം വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലതെന്ന സൂചനയാണ് ഇതിൽ നിന്ന് ലഭിക്കുന്നത്.

കൂട്ടായ്മകളിൽ  ഡ്രിങ്ക്സ്  നിരസിക്കുന്നത് ചിലപ്പോൾ ബുദ്ധിമുട്ടായിരിക്കും. എന്നാൽ,അവനവന്റെ ആരോഗ്യത്തിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്.മദ്യം പൂർണ്ണമായും ഉപേക്ഷിക്കണമെന്നില്ല — പക്ഷേ അതിൽ നിന്ന് കുറച്ചുകാലത്തേക്കുള്ള  “ബ്രേക്ക്” ജീവിതത്തിൽ ഒരു പുതു ബാലൻസ്‌ കണ്ടെത്താനുള്ള അവസരമായി മാറും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക