Image

ചുവന്ന എഴുത്തുപെട്ടി ( കവിത : ലീലാമ്മ തോമസ്, ബോട്സ്വാന )

Published on 09 October, 2025
ചുവന്ന എഴുത്തുപെട്ടി ( കവിത :  ലീലാമ്മ തോമസ്, ബോട്സ്വാന )

പ്രിയ എഴുത്തുപെട്ടിയേ,

നീ വീണിതോ കിടക്കുന്നു ധരണിയിൽ —

നമ്മുടെ ചുവന്ന എഴുത്തുപെട്ടി,

കത്തുകളുടെ കാലം അവസാനിച്ചപ്പോൾ

ഒരു പ്രണയ യുഗത്തിന്റെ ശവശില്പം പോലെ.

മധുവിധുവിന്റെ ആലസ്യം തീരും മുമ്പേ,

ഗൾഫിലേക്ക് പോയ ഭർത്താവിന് ഞാൻ അയച്ച മൂന്ന് പ്രണയലേഖനങ്ങൾ വിഴുങ്ങിയ ആ ചുവന്ന പെട്ടി,എവിടെ പോയി?

അചുംബിതങ്ങളായ വാക്കുകൾ,

തേയ്മാനം വരാത്ത പദങ്ങൾ,

രാത്രിയുടെ നിശ്ശബ്ദ ആകാശം പോലെ നീളുന്ന

വിരഹ വിരലുകളിൽ എഴുതിയതായിരുന്നു ആ കത്തുകൾ.

നിനക്കറിയില്ലേ എഴുത്തുപെട്ടിയേ,

ഒരു പെണ്ണിന്റെ കണ്ണീർ എത്ര ഉപ്പുള്ളതാണെന്ന്?

അഹങ്കാരത്തിനും സ്നേഹത്തിനും തമ്മിൽ

ഒരു നൂൽപ്പാലം മാത്രം ദൂരം.

വിദേശത്തുള്ള പ്രിയനോട് ഓർമ്മകൾ അയക്കാൻ

നിന്നെ ഞാൻ വിശ്വസിച്ചു —

പക്ഷേ നീ, പ്രണയച്ചൂട് വിഴുങ്ങി,

മറുപടി മറന്നൊരു പെട്ടിയായി മങ്ങിയുപോയി.

ഇപ്പോൾ വിരലൊന്നു തൊട്ടാൽ

മറുരാജ്യത്തിരിക്കുന്ന പ്രിയൻ ഫോൺ മുഴക്കുന്നു.

ആൾ പറയുന്നു, “നിന്നെ ഓർക്കുന്നു” —

പക്ഷേ, അത് യന്ത്രത്തിന്റെ ശബ്ദമത്രേ.

സൗരയൂഥത്തിലെ നിഴലിനോട് പട കളിച്ചു,

ഭ്രമണവീഥിയിൽ കുഴഞ്ഞു കിടക്കുന്നു നീ —

ചുവന്ന എഴുത്തുപെട്ടിയേ,

കാലത്തിന്റെ കവിതയായ്,

അച്ഛേദ്യമായ മൗനമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക