ഈ ലേഖകന്റെ അഭിപ്രായത്തിൽ ബ്രഹ്മചര്യം പ്രകൃതിവിരുദ്ധമാണ്. ചിലർ അതൊരു ത്യാഗമായി അനുഷ്ഠിക്കുന്നുണ്ട്. ചില മൃഗങ്ങളിലെയും പക്ഷികളിലേയും ആൺവർഗ്ഗക്കാർ ബ്രഹ്മചാരികളാണ്. ബ്രഹ്മചാരി എന്ന വാക്കിന്റെ അർത്ഥം അവരെ സംബന്ധിച്ചേടത്തോളം എതിർലിംഗത്തിൽപ്പെട്ടവരുമായി ഇണചേരാൻ കഴിയാത്ത ഹത്യഭാഗ്യർ എന്നാണു. കഴിവില്ലാഞ്ഞിട്ടല്ല. സ്ത്രീലിംഗക്കാർ സൗന്ദര്യബോധമുള്ളവരാണ്. കാണാൻ കൊള്ളാവുന്ന, കരുത്തുള്ളവരെ മാത്രമേ അവർ ഇണചേരാൻ അനുവദിക്കൂ. അതിലൂടെ നല്ല സന്താനങ്ങളെ സമ്മാനിക്കുക എന്ന നല്ല ആശയത്തിൽ വിശ്വസിക്കുന്നവരാണ് അവർ. ആണ്മയിലിനു മനോഹരമായ പീലികൾ ഉള്ളതുകൊണ്ട് മാത്രം കാര്യമില്ല. നല്ലപോലെ ആടി പെൺമയിലിനെ മോഹിപ്പിക്കാൻ കഴിയണം. ഇനി മുതൽ മനുഷ്യസ്ത്രീകളും അങ്ങനെ ഒരു നിബന്ധന വച്ചാൽ ഭാവിയിൽ മനുഷ്യവർഗ്ഗം ദേവന്മാരും ദേവികളുമാകും.
ബ്രഹ്മം എന്നാൽ ഈശ്വരൻ, പരാമമായത് എന്നൊക്കെ അർത്ഥം പറയാം. ചര്യ എന്നാൽ പാത, ആചാരം, കൃത്യനിർവഹണം, നടപടി. ഈശ്വരന്റെ പാതയിലൂടെ സഞ്ചരിക്കുക എങ്കിൽ നിങ്ങൾ ബ്രഹ്മചാരി എന്നറിയപ്പെടുന്നു. ലൈംഗികബന്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കുക എന്നല്ല ബ്രഹ്മചര്യം കൊണ്ടുദ്ദേശിക്കുന്നത്. അത് ബ്രഹ്മചര്യനിഷ്ഠകളിൽ ഒന്ന് മാത്രമാണ്. പക്ഷെ അത് മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി കൊച്ചുപെൺകുട്ടികളെ നഗ്നരാക്കി അവരോടൊപ്പം നഗ്‌നനായി ഉറങ്ങണെമെന്നുണ്ടോ? ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ആഘോഷങ്ങളെപ്പറ്റി വായിച്ചപ്പോൾ ഗാന്ധി ഇങ്ങനെ ഒരു നെറികേട് ചെയ്തതായി വായിക്കാനിടയായി.
1946-1947 കാലഘട്ടത്തിൽ മഹാത്മാവിനു തോന്നി തന്റെ ബ്രഹ്മചര്യം ഒന്ന് പരീക്ഷിച്ചുകളയാം. അതിനായി കുമാരിമാരെ ആവശ്യമായിരുന്നത് തന്റെ കസ്റ്റഡിയിൽ തന്നെ ഉണ്ടെന്നു കണ്ടു ഗാന്ധി സന്തോഷിച്ചു. ആ നിർഭാഗ്യവതികൾ പാവം 17 ഉം 18 ഉം വയസ്സായിരുന്ന ആഭയും മനുവുമായിരുന്നു. സ്ത്രീകളുടെ മാനവും അവരുടെ ശക്തിയും പറഞ്ഞിരുന്ന മഹാത്മാവ് തന്നെ അവരെ തന്റെ പരീക്ഷണത്തിനുള്ള ഉപകാരണങ്ങളാക്കി എന്നത് നമ്മെ ഞെട്ടിക്കും.
മനു ഗാന്ധി 18 നും 20 ഉം ഇടയിലുള്ള പ്രായം.
ഗാന്ധിയുടെ മരുമകന്റെ മകൾ. ആഭ ഗാന്ധി മറ്റൊരു ബന്ധു 17 നും 18 നും ഇടക്കുള്ള പ്രായം. അടുത്തത് ഗാന്ധിയുടെ സ്വന്തം ഡോക്ടർ മുപ്പതുകളുടെ ആദ്യത്തിൽ എത്തിനിൽക്കുന്ന സുശീല നയ്യാർ. സാമൂഹ്യപ്രവർത്തകനായിരുന്ന ജയപ്രകാശ് നാരായണന്റെ ഭാര്യ പ്രഭാവതി നാരായണൻ. (40 വയസ്സ്) ഗാന്ധിയുടെ ആശ്രമം മാനേജരുടെ ഭാര്യ കാഞ്ചൻ ഷാ, ഒരു രാത്രിക്ക് മാത്രം സമ്മതിച്ചവൾ , ഗാന്ധിയുടെ പേരമകന്റെ ഭാര്യ-സഹോദരി വീണ പട്ടേൽ . ഗാന്ധിയുടെ സെക്രട്ടറി നിർമൽ കുമാർ ബോസ് ഈ വിവരങ്ങൾ അദ്ദേഹത്തിന്റെ ഡയറിയിൽ കുറിച്ചിട്ടിട്ടുണ്ട്.
നഗ്നനായി കിടക്കുന്ന ഗാന്ധിക്കരികിൽ ഈ പെൺകുട്ടികൾ ഉടുപ്പെല്ലാം ഊരി പൂർണ്ണനഗ്നരായ് ശയിക്കണം എന്നാണു അദ്ദേഹത്തിന്റെ കൽപ്പന. ഈ സ്ത്രീകൾ/പെൺകുട്ടികൾ ഈ "കിടപ്പിന് സന്നദ്ധരല്ലായിരുന്നു. ഗാന്ധിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് അവർ അത് ചെയ്തത് എന്ന് ഗാന്ധി രേഖപെടുത്തുന്നു, ഇവരുമായി ഗാന്ധി രതി നടത്തിയോ എന്നതിന് തെളിവില്ല അദ്ദേഹത്തിന് 77 വയസ്സായിരുന്നു. അതുകൊണ്ട് അതിനു അവസരമുണ്ടായില്ലെന്നു സമാധാനിക്കാം. എന്നാൽ നിയന്ത്രിച്ചിട്ടും തനിക്ക് അത്തരം സാഹചര്യത്തിൽ ഉദ്ധാരണം ഉണ്ടായതായി ഗാന്ധി എഴുതുന്നു. ഇന്നാണെങ്കിൽ പോക്സോ കേസിൽ അദ്ദേഹം അകത്തുപോകുമായിരുന്നു.
ഇങ്ങനെ ചെയ്യാൻ ഗാന്ധി നൽകിയ മൂന്ന് ന്യായീകരണം. ആത്മീയ വിശുദ്ധി. അതിലൂടെ ദൈവം തന്നിലേക്ക് ഇറങ്ങിവരുമെന്ന വിശ്വാസം, രണ്ടാമതായി തന്റെകൂടെ ശയിക്കുന്ന സ്ത്രീകളുടെയും തന്റെയും പരിശുദ്ധി നിർണ്ണയിക്കുക. ആർക്കെങ്കിലും ലൈംഗികവികാരം ഉണരുന്നോ എന്ന പരീക്ഷണം. ബ്രഹ്മചര്യയിലൂടെ അഹിംസാവാദം കൂടുതൽ ശക്തിമത്താകുമെന്ന വിശ്വാസം. 1957-ഇൽ ജനിച്ച ഇന്ത്യൻ ഗുരു സദ്ഗുരു (ജഗദിഷ് വാസുദേവ്) ബ്രഹ്മചര്യത്തെപ്പറ്റി ഇങ്ങനെ പറയുന്നു"ബ്രഹ്മചര്യം അതിശക്തമായൊരു ആയുധമാണ്. അതുകൊണ്ട് നമുക്കു ലോകത്തിനെ കൈയിലെടുക്കാം, അത്രയും അപാരമാണ് അതിന്‍റെ ശക്തി, തികഞ്ഞ വിവേകത്തോടെ അത് കൈകാര്യം ചെയ്യണം എന്നു മാത്രം.” മഹാത്മാ ഗാന്ധി അത് മനസ്സിലാക്കിയിരുന്നോ?
ഗാന്ധിയെസംബന്ധിച്ചേടത്തോളം അത് ഉപവാസം പോലെ, ധ്യാനം പോലെ ഒന്നായിരുന്നു. പലരും (സർദാർ പട്ടേൽ, വിനോബ ഭാവെ തുടങ്ങിയവർ) എതിർത്തിട്ടും ഗാന്ധി അതിനെ കാര്യമാക്കിയില്ല. അവരുടെ വാക്ക് കേട്ട് ഈ പതിവ് നിര്ത്തിയാൽ താൻ തെറ്റ് ചെയ്യുകയായിരുന്നു എന്ന് നിശ്ചയമായും ആളുകൾ ചിന്തിക്കുമെന്നു അദ്ദേഹം പറഞ്ഞു. അസാധാരണവും പ്രകൃതിക്ക് നിരക്കാത്തതുമായ പ്രവർത്തി എന്നാണു ജവഹർലാൽ നെഹ്‌റു ഇതിനെപ്പറ്റി അഭിപ്രായപ്പെട്ടത്. ഗാന്ധിജിയുടെ ചെറുപ്പകാരികളുമായുള്ള ഉറക്കത്തെപ്പറ്റി ലോർഡ് മൗണ്ട്ബാറ്റനുമായുള്ള കൂടിക്കാഴ്ചയിൽ തിരുവിതാംകൂറിന്റെ ദിവാൻ സർ സി പി രാമസ്വാമി അയ്യർ ഗാന്ധിജിയെ കാമഭ്രാന്തനായും (Sexmaniac) ചെറുപ്പകാരികളുമായി അടുത്തിരിക്കാൻ മോഹിക്കുന്നവനായും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ആശ്രമത്തിലെ വിവാഹിതരായ അന്തേവാസികളോടും ബ്രഹ്മചര്യം അനുഷ്ഠിക്കണമെന്നു ബാപ്പു നിർദേശിച്ചിരുന്നു.
വികാരങ്ങൾ അനിയന്ത്രിതമാകുമ്പോൾ തണുത്ത വെള്ളത്തിൽ സ്നാനം ചെയ്യുക എന്ന പ്രതിവിധിയാണ് അദ്ദേഹം ഉപദേശിച്ചിരുന്നത്. ഗാന്ധിയുടെ ആത്മകഥയിൽ ഈ കാര്യങ്ങൾ കാണുന്നില്ല കാരണം ഇങ്ങനെ ഒരു വൈകൃതം അദ്ദേഹത്തിന്റെ മനസ്സിൽ ഉദിക്കുന്നത് എഴുപത്തിയാറു-എഴുപത്തിയേഴ് വയസ്സോട് അടുക്കുമ്പോഴാണ്. കസ്തുർബ അപ്പോഴേക്കും മരണപ്പെട്ടുകഴിഞ്ഞിരുന്നു.
പെൺകുട്ടികളോട് ബാപ്പുവിന് പിതൃവാത്സല്യമോ തന്റെ കാമം തടഞ്ഞു നിർത്താനുള്ള ഉപകരണങ്ങൾ എന്ന നിലപാടാണോ ഉണ്ടായിരുന്നത്? എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നടക്കാൻ പോകുമ്പോൾ രണ്ടു വശത്തും പെൺകുട്ടികളെ നടത്തി അവരുടെ ചുമലിൽ പിടിച്ചു നടക്കുന്നതിലും ബാപ്പു സന്തോഷം കണ്ടു.
മഹാത്മാക്കൾക്ക് ത്രികരണശുദ്ധി ഉണ്ടാകണം. അതായത് മനസ്സ്, വാക്ക്, കർമ്മം എന്നിവ പവിത്രമായിരിക്കണം. ഗാന്ധിക്ക് മഹാത്മാ എന്ന സ്ഥാനം ഏതെങ്കിലും അംഗീകൃത പ്രവർത്തിസ്ഥപനങ്ങൾ നൽകിയതല്ല. അദ്ദേഹത്തിനുണ്ടായിരുന്ന പരമമായ ആദർശങ്ങളും ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി അദ്ദേഹം നിർവഹിച്ച് നിസ്വാർത്ഥ സേവനവും അദ്ദേഹത്തിന് ഈ സ്ഥാനം നേടികൊടുത്തതാണ്.. വിശ്വമഹാകവി രവീന്ദ്രനാഥ് ടാഗോറാണ് ആദ്യം ഗാന്ധിയെ ഇങ്ങനെ സംബോധന ചെയ്തതെന്ന് വിശ്വസിച്ചുവരുന്നു. എന്നാൽ പിൽക്കാലത്ത് ഗാന്ധിയെ കുറിച്ച് കൂടുതൽ പഠിക്കുമ്പോൾ അദ്ദേഹം ഈ പദവിക്ക് പൂർണ്ണമായി അർഹനാണോ എന്ന ശങ്ക നമുക്ക് ഉണ്ടാകാം. ഇന്ത്യൻ ഭരണഘടനയുടെ ശില്പി ഭാരത് രത്‌നം ഡോക്ടർ ബി ആർ അംബേകർ ഗാന്ധിജിയെ മഹാത്മാവായി അംഗീകരിച്ചിരുന്നില്ല. ഒരാൾ അയാളുടെ വസ്ത്രധാരണത്തിൽ മാറ്റം വരുത്തിയാൽ ഇന്ത്യയിൽ അയാൾക്ക് മഹാത്മാവ് ആകാമെന്നാണ് ഡോക്ടർ അംബേകർ അഭിപ്രായപ്പെട്ടത്. ഗാന്ധിജിയെ വളരെ രൂക്ഷമായി എന്നാൽ വ്യക്തമായ അടിസ്ഥാന കാരണങ്ങൾ നിരത്തി അംബേകർ വിമർശിച്ചു. ഗാന്ധി വിമർശനങ്ങൾക്കു അതീതനാണെന്ന പലരുടെയും വിശ്വാസങ്ങളെ അത് തകിടം മറിച്ചു. ഗാന്ധി ഒരു സാധരണ സംഭവമെന്നല്ലാതെ അദ്ദേഹം ഒരു യുഗപുരുഷനല്ല എന്ന് അദ്ദേഹം പറഞ്ഞു. ജാതിവിവേചനം പൂർണ്ണമായി നിർമാർജ്ജനം ചെയ്യണമെന്നായിരുന്നു ഡോക്ടർ അംബേകറിന്റെ വാദം. ഗാന്ധി അതിനോട് യോജിച്ചെങ്കിലും അദ്ദേഹം വർണ്ണവ്യവസ്ഥയെ അനുകൂലിച്ചിരുന്നു. അങ്ങനെ ധാരാളം അഭിപ്രായവ്യത്യാസങ്ങൾ അവർ തമ്മിൽ ഉണ്ടായിരുന്നു. തന്റെ ബ്രഹ്മചര്യം മാലോകർക്ക് ബോധ്യപ്പെടുത്താൻ പ്രായപൂർത്തിയായ പെൺകുട്ടികളെ നഗ്നരാക്കി കൂടെ കിടക്കുന്ന വിഷയത്തിൽ ഡോക്ടർ അംബേകർ അഭിപ്രായം പറഞ്ഞതായി കാണുന്നില്ല.എന്നാൽ വിവാദപരമായ ആ ജീവിതചര്യയോട് അന്നത്തെ കാലത്ത് പലർക്കും യോജിപ്പുണ്ടായിരുന്നില്ല.
ലൈംഗികത ഗാന്ധിയുടെ ജീവിതത്തിൽ ഒരു ഒഴിയാബാധയായി തുടരാൻ കാരണം അദ്ദേഹത്തിന്റെ വിവാഹത്തിന്റെ ആദ്യനാളുകളിൽ വിടപറഞ്ഞ പിതാവുമായി ബന്ധപ്പെട്ടതാണ്. ഗാന്ധി തന്റെ സത്യാന്വേഷണപരീക്ഷയിൽ തനിക്കുണ്ടായിരുന്ന തീവ്രമായ കാമഭിനിവേശത്തെപ്പറ്റി മറയില്ലാതെ എഴുതിയിട്ടുണ്ട്. രാത്രിയുടെ അന്ത്യയാമങ്ങളിൽ രോഗാതുരനായ പിതാവിനെ ശുശ്രൂഷിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ നവവധുവായിരുന്ന കസ്തുർബായുടെ രൂപമായിരുന്നു. അങ്ങനെ ഒരു രാത്രി പിതാവിന്റെ അടുത്തിരിക്കുമ്പോൾ തന്റെ ചാച്ച വന്നു അതിൽ നിന്നും വിടുതൽ നൽകി. ഗാന്ധി തന്റെ കിടപ്പുമുറിയിലേക്ക് ഓടി സംഭോഗത്തിൽ ഏർപ്പെട്ടു. ആ സമയം അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടു. ഈ സംഭവം അദ്ദേഹത്തിനെ വല്ലാതെ അലട്ടിയിരുന്നു. ഒരു പക്ഷെ ലൈംഗിതയെ അദ്ദേഹം ഭയപ്പെട്ടിരുന്നു അല്ലെങ്കിൽ അതിൽ നിന്നും മുക്തി വേണമെന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടായിരിക്കാം അദ്ദേഹം തന്റെ മുപ്പത്തിയേഴാമത്തെ വയസ്സിൽ ( 1906) ബ്രഹ്മചര്യവ്രതം കസ്തുർ ബാവയുടെ അറിവോടും സമ്മത്തോടും കൂടി അനുഷ്ഠിക്കാൻ തുടങ്ങിയത്. പക്ഷെ ആ ചിന്ത അദ്ദേഹത്തെ വേട്ടയാടുന്നുണ്ടായിരുന്നുവെന്നു എഴുപതുകളിൽ എത്തിയപ്പോൾ അസാധാരണമായ ഒരു പരീക്ഷണത്തിന് അദ്ദേഹം മുതിർന്നതിൽ നിന്നും മനസ്സിലാക്കാം..
മഹാന്മാർ എപ്പോഴും വിവാദങ്ങളിൽ പെടുന്നത് സാധാരണയാണ്. ഗാന്ധിയെ സംബന്ധിച്ചേടത്തോളം അദ്ദേഹം ഒന്നും മറച്ചുവച്ച് ചെയ്തില്ല. തന്മൂലം അദ്ദേഹത്തെ വിമർശിക്കാൻ എതിരാളികൾക്ക് എളുപ്പമായി. ടൈമിന്റെ '1930 മാന്‍ ഓഫ് ദ ഇയര്‍' ഗാന്ധിജി ആയിരുന്നു - അന്ന് അദ്ദേഹം മഹാത്മാവ് ആയിരുന്നില്ല ഭാരതത്തിന്റെ രാഷ്ട്രപിതാവുമായിരുന്നില്ല. എന്നിട്ടും ടൈം പോലുള്ള മാസിക അദ്ദേഹത്തിനെ ആദരിച്ചു.ഒരു വർഷത്തിനുശേഷം 1931-ഇൽ വിൻസ്റ്റൺ ചർച്ചിൽ അദ്ദേഹത്തെ അർദ്ധനഗ്നനും രാജ്യദ്രോഹിയുമായ ഫകീർ എന്ന് വിളിച്ചു.
ഓരോ മനുഷ്യരും ഓരോ മനുഷ്യരുടെ (മഹാന്മാരായാലും സാധാരണക്കാരായാലും) പ്രവർത്തികളെ വിലയിരുത്തുന്നത് അവരവരുടെ അറിവും, അനുഭവവും വിശ്വാസങ്ങളും സങ്കൽപ്പങ്ങളും അടിസ്ഥാനമാക്കിയാണ്. ഏതു ശരി ഏതു തെറ്റെന്നു ആർക്കും നിശ്ചയിക്കാൻ കഴിയില്ലെങ്കിലും സാമൂഹ്യജീവിതത്തിന്റെ കെട്ടുറപ്പിന് എല്ലാവരും നിയമാനുസൃതമായ ജീവിതം നയിക്കേണ്ടതുണ്ട്. മഹാന്മാർ എന്ത് ചെയ്താലും അത് അനുകരിക്കുക എന്ന സ്വഭാവം മനുഷ്യരിൽ ഉള്ളതുകൊണ്ട് അവരുടെ ജീവിതം മാതൃകാപരമാക്കേണ്ടതുണ്ട്. ഗാന്ധി പെൺകുട്ടികളുടെ കൂടെ ഉറങ്ങിയെന്ന മുട്ടുന്യായവുമായി എഴുപതുകളിൽ എത്തുന്ന വൃദ്ധന്മാർ പെൺകുട്ടികളെ അന്വേഷിച്ച് നടന്നാൽ സമൂഹം അങ്കലാപ്പിലാകും.
ശുഭം