Image

മണികൾ മുഴങ്ങുമ്പോൾ - 2 ( കഥ : അന്ന പോൾ )

Published on 10 October, 2025
മണികൾ മുഴങ്ങുമ്പോൾ - 2 ( കഥ : അന്ന പോൾ )

ബസ്സിറങ്ങി നടക്കാൻ തുടങ്ങിയിട്ടു യുഗങ്ങൾ കഴിഞ്ഞ പോലെ !!

പൊങ്കൽ കഴിഞ്ഞെന്നു തോന്നുന്നു. അലങ്കാരങ്ങളുടെ ശേഷിപ്പുകൾ പൂക്കളും കുരുത്തോലകളും മാവിലകളും മറ്റും വഴിയോരങ്ങളിൽ ചിതറിക്കിടക്കുന്നു.

വെയിലിനു കനം വെച്ചു തുടങ്ങി.

വായനശാലയുടെ പിന്നിലുള്ള ഇടവഴിയിലെത്തുമ്പോൾ അയാളുടെ തലച്ചോറിലൂടെ മിന്നൽപ്പിണരുകൾ പാഞ്ഞു. വായനശാലയിൽ നിന്നും തന്നെ കൂട്ടിക്കൊണ്ടുപോയതു നരകതുല്യമായ ഒരു ജീവിതത്തിലേയ്ക്ക് ആയിരുന്നുവെന്ന് അപ്പോൾ തെല്ലും നിനച്ചിരുന്നില്ല.

. ആ അഭിശപ്ത ഓർമ്മകളിൽ അയാൾക്കു ശരീരം തളരുന്ന പോലെ തോന്നി.

ചോദ്യം ചെയ്യലുകൾ: ഭേദ്യങ്ങൾ... ഓരോരുത്തരായി മാറി മാറി വന്നുള്ള മദ്ദനങ്ങൾ!! ബോധം തെളിയുമ്പോൾ വെറും തറയിൽക്കിടന്ന് നിലവിളി.... വീണ്ടും ചോദ്യം ചെയ്യുക... അറിവില്ലാത്ത കാര്യങ്ങൾ പറയാനാവാതെ... നിസഹായനായി പോകുന്ന നിമിഷങ്ങൾ.... ഒടുവിൽ താനൊരു രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ടു.!! ജാമ്യമോ പരോളോ ഇല്ലാത്ത നീണ്ട നീണ്ട വർഷങ്ങളുടെ തടവുജീവിതം...

കോളേജിൽ തനിയ്ക്കു ഒപ്പം രണ്ടു വർഷം റൂം പങ്കിട്ടിരുന്ന

റൂം മേറ്റിന്റെ ആത്മഹത്യ!!

അവന്റെ മുറിയിൽ നിന്നും കണ്ടെടുത്ത നിരോധിത പുസ്തകങ്ങൾ... ലഘുലേഖകൾ......

രാത്രി വളരെ വൈകിയും നീളുമായിരുന്ന അവന്റെ വായന

ഇടയ്ക്കു ഒക്കെ അമ്മയെക്കാണാനാണെന്നും പറഞ്ഞു റാ നാട്ടിലേയ്ക്കുളള യാത്രകൾ...

അസാധാരണമായി ഒന്നും തോന്നിയിരുന്നില്ല. അവന്റെ ചില പ്രസ്ഥാനങ്ങളുമായുള്ള ബന്ധങ്ങളും ആത്മഹത്യയുടെ കാരണവും ഒന്നും തനിയ്ക്കറിയില്ലായിരുന്നു... മൂന്നാം വർഷം താൻ മറ്റൊരു റൂമിൽ തനിച്ചായിരുന്നു.

പൊങ്കലിനു താൻ നാട്ടിലായിരിക്കുമ്പോഴാണു അവന്റെ ആത്മഹത്യ...

... അതൊക്കെക്കഴിഞ്ഞ് എല്ലാം ശാന്തമായി എന്നു കരുതിയിരിക്കുമ്പോഴാണീ അറസ്റ്റും ജയിൽവാസവും....ആ നാളുകളെക്കുറിച്ചു ഓർക്കുമ്പോൾ തന്നെ നടുങ്ങിപ്പോവുന്നു

അയാൾക്കു ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ടു. കണ്ണുകൾ നിറഞ്ഞു ഒഴുകി.... അമ്മയെക്കുറിച്ചു ഓർക്കുമ്പോൾ .

തനിയ്ക്കു വേണ്ടി കോടതികൾ കയറി ഇറങ്ങി തേഞ്ഞുതീർന്ന കാലടികളുമായി അമ്മ മാത്രം പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുന്നു. ... വീടിനു പുറത്തു പോവാത്ത അമ്മ... കയറി ഇറങ്ങാത്ത വക്കിലാപ്പീസുകൾ..കോടതികൾ!! വിധി കേട്ടു തളർന്നിരിക്കുന്ന അമ്മയുടെ പരിക്ഷണമായ മുഖം!!

ഓർമ്മകളുടെ അടരുകൾ ഒന്നൊന്നായ് കൊഴിയുന്നു

... ജയിലിൽത്തന്നെക്കാണാൻ വരാറുണ്ടായിരുന്ന അഛന്റെ മുഖത്തേയ്ക്കു നോക്കാനാവാതെ ഹൃദയം നൊന്തു വിതുമ്പി നിൽക്കും.. ഒന്നും താങ്ങാനള്ള ശക്തിയില്ലാതെ അനുവദിച്ച സമയത്തിനു മുന്നേ നടന്നുനീങ്ങുന്നതും നോക്കി നിന്ന സായാഹ്നങ്ങൾ !!

ഒടുവിൽ അഛനും താത്തായും പാട്ടിയുമെല്ലാം അമ്മയെ തനിച്ചാക്കി പോയി.......

എല്ലാം നിസംഗതയോടെ കാണാൻ മനസ്സിനെ പഠിപ്പിച്ചിട്ടും ഈ നിമിഷം അയാൾക്കു അലറിക്കരയണമെന്നു തോന്നി.

ഒരു നിലവിളി പുറത്തുചാടാൻ വെസൽ കൊള്ളുന്നു....

ഒന്നു കരഞ്ഞില്ലെങ്കിൽ ഹൃദയം പൊട്ടിപ്പോകുമെന്ന് അയാൾക്കു തോന്നി.

അയാൾ അലറിക്കരഞ്ഞു...

സമീപത്തെങ്ങും ആരുമുണ്ടായിരുന്നില്ല.

ഇട വഴി അവസാനിയ്ക്കുന്നിടം തന്റെ വീടാണ്.

ഏറെക്കുറേ ശൂന്യമായ തന്റെ വീട്...

സെൽവിയും പത്മയും വിവാഹിതരായി... മക്കളായി..... ഒരിയ്ക്കൽ അമ്മ എഴുതിയിരുന്നു.... അവർ വരുമോ... തന്നെക്കാണാൻ വരുമോ? അയാൾക്കു അവരെക്കാണാൻ അതിയായ ആഗ്രഹം തോന്നി...

വീടിനോടടുക്കും തോറും ഒരു വിറയൽ ശരീരത്തിലൂടെ പാഞ്ഞു.... ഗേറ്റ് കടന്ന് ചെല്ലുമ്പോൾ കൈകളിൽ ആരതിയുമായി കാത്തു നിൽക്കുന്നു അമ്മ.... അയാൾ പൊട്ടിക്കരഞ്ഞു കൊണ്ട് ഉച്ചത്തിൽ വിളിച്ചു "അമ്മേ... അമ്മേ... അടുത്ത നിമിഷം അയാൾക്കു തന്റെ കണ്ണുകളെ വിശ്വസിയ്ക്കാനാവാതെ അമ്പരന്നു നിന്നു.. അമ്മയുടെ പിന്നിൽ നിഴൽ പോലെ ഒരാൾ......

തുടരും…

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക