വിശ്വവിഖ്യാതനായ തൂലികക്കാരനാണ് ഷേക്സ്പിയർ. ഷേക്സ്പിയറിനെ പോലുള്ള പല എഴുത്തുകാരുടേയും രചനകളിൽ ശക്തമായ ജൂത വിദ്വേഷം കാണാൻ സാധിക്കും. ദി മെർച്ചൻ്റ് ഓഫ് വെനീസ് എന്ന കൃതിയിലെ ഷൈലോക്ക് എന്ന ജൂത കഥാപാത്രം അതിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണ്. മാക്ബെത്തിലും ഇതേ കാര്യത്തെ കാണാൻ സാധിക്കും. 1290 മുതൽ ജൂതന്മാരെ ഇംഗ്ലണ്ടിൽ നിന്ന് പുറത്താക്കിയിരുന്ന ഒരു കാലഘട്ടത്തിലാണ് ഷെയ്ക്സ്പിയർ മെർച്ചൻ്റ് ഓഫ് വെനീസ് എന്ന നാടകം എഴുതുന്നത് എന്നതും മനസ്സിലാക്കേണ്ട കാര്യമാണ്. ഈ നാടകത്തിലെ ജൂത വിരുദ്ധതയുടെ ഘടകങ്ങൾ ചരിത്രത്തിലുടനീളം പ്രത്യേകിച്ച് നാസി ജർമ്മനിയിൽ ജൂത വിരുദ്ധ പ്രചാരണങ്ങൾക്കായി (Antisemitic propaganda) ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട് എന്നതും വസ്തുതയാണ്.
ഇസ്രയേലികൾ ഫലസ്തീനിൽ എത്തിയതും ആധിപത്യം സ്ഥാപിച്ചതും ഒരു നീണ്ട ചരിത്രപരമാണ്. ഇതിന്റെ വേരുകൾ ഒന്നാം ലോകമഹായുദ്ധത്തിനു മുൻപ് ആരംഭിക്കുകയും 20-ാം നൂറ്റാണ്ടിൽ അത് ശക്തിപ്രാപിച്ച് ഒരു വലിയ രാഷ്ട്രീയ-സൈനിക സംഘർഷമായി മാറുകയുമായിരുന്നു എന്നത് ചരിത്രമാണ്.
ഇതിൽ ജൂത കുടിയേറ്റവും സയണിസത്തിൻ്റെ വളർച്ചയും അതിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്.
ആധുനിക ഇസ്രായേൽ രാഷ്ട്രത്തിൻ്റെ രൂപീകരണത്തിന് പിന്നിലെ പ്രധാന പ്രേരകശക്തി സയണിസം (Zionism) എന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. 19-ാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ യൂറോപ്പിൽ ഉയർന്നുവന്ന ഈ പ്രസ്ഥാനം ലോകമെമ്പാടുമുള്ള ജൂതന്മാർക്കായി അവരുടെ പുരാതന മാതൃഭൂമിയായി അവർ കണക്കാക്കുന്ന പലസ്തീനിൽ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കാൻ ലക്ഷ്യമിട്ടു.
ഫലസ്തീനിലേക്കുള്ള ആദ്യകാല ജൂത കുടിയേറ്റങ്ങൾ ആരംഭിക്കുന്നത് 1881 മുതലാണ്. യൂറോപ്പിലെ പീഡനങ്ങളിൽ നിന്നും മറ്റ് പ്രതികൂല സാഹചര്യങ്ങളിൽ നിന്നും രക്ഷപ്പെടാനായി നിരവധി ജൂതന്മാർ ഫലസ്തീനിലേക്ക് എത്തിച്ചേർന്നു എന്നത് ചരിത്ര വസ്തുതയാണ്.
ഒന്നാം ലോകമഹായുദ്ധസമയത്ത്, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആർതർ ബാൽഫോർ പലസ്തീനിൽ ജൂതന്മാർക്കായി ഒരു ദേശീയഭവനം (National Home for the Jewish people) സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തെ ബാൽഫോർ പ്രഖ്യാപനം (1917) എന്നാണറിയപ്പെടുന്നത്.
അന്നത്തെ ഫലസ്തീൻ പ്രദേശം ഓട്ടോമൻ സാമ്രാജ്യത്തിൻ്റെ കീഴിലായിരുന്നെങ്കിലും യുദ്ധശേഷം ഇത് ബ്രിട്ടീഷ് നിയന്ത്രണത്തിലായി. ഈ പ്രഖ്യാപനം ജൂത കുടിയേറ്റത്തിന് ഒരു വലിയ രാഷ്ട്രീയ പിൻബലമേകിയിട്ടുണ്ടായിരുന്നു.
ബ്രിട്ടീഷ് കരങ്ങളുടെ സ്വാധീനം
ഒന്നാം ലോകമഹായുദ്ധാനന്തരം, ലീഗ് ഓഫ് നേഷൻസിന്റെ കീഴിൽ ബ്രിട്ടീഷ് മാൻഡേറ്റ് (British Mandate) നിലവിൽ വന്നു. ഈ കാലയളവിൽ കുടിയേറ്റം ശക്തിപ്പെട്ടു. യൂറോപ്പിൽ, പ്രത്യേകിച്ച് നാസിസത്തിൻ്റെ ഉയർച്ചയോടെ, ജൂതന്മാർക്കെതിരായ പീഡനം വർധിച്ചു. ഇതോടെ ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റത്തിൻ്റെ വേഗത കൂടുകയും അവിടുത്തെ ജൂത ജനസംഖ്യ ഗണ്യമായി വർധിക്കുകയും ചെയ്തു. 1918-നും 1947-നും ഇടയിൽ, പലസ്തീനിലെ ജൂത ജനസംഖ്യ 6%-ൽ നിന്ന് 33% ആയി വർധിച്ചു എന്നത് കുടിയേറ്റത്തിൻ്റെ തീക്ഷണത മനസ്സിലാക്കാൻ സഹായിക്കും.
ഈ വലിയ തോതിലുള്ള കുടിയേറ്റം തദ്ദേശീയരായ പലസ്തീൻ അറബ് ജനതയെ ആശങ്കപ്പെടുത്തി. തങ്ങളുടെ ഭൂമിയും ജീവിതരീതിയും കൈയേറപ്പെടുന്നു എന്ന് അവർ ഭയപ്പെട്ടു. ഇത് അറബികളും ജൂതന്മാരും തമ്മിലുള്ള സംഘർഷങ്ങൾക്കും കലാപങ്ങൾക്കും കാരണമായി. 1936-39 കാലഘട്ടത്തിൽ അറബികൾ ബ്രിട്ടീഷ് ഭരണത്തിനെതിരെ വലിയ പ്രക്ഷോഭം നടത്തുകയും ചെയ്തു.
ബ്രിട്ടീഷ് ഭരണകാലത്ത് വർധിച്ചുവന്ന അക്രമങ്ങളെ തുടർന്ന് പ്രശ്നം ഐക്യരാഷ്ട്രസഭയുടെ (United Nations) പരിഗണനയ്ക്ക് വിട്ടു. അങ്ങനെ യു എൻ 1947 വിഭജന പദ്ധതി തയ്യാറാക്കി.
ഫലസ്തീൻ പ്രദേശം അറബികൾക്കും ജൂതന്മാർക്കുമായി വിഭജിക്കാൻ ഐക്യരാഷ്ട്രസഭ പ്രമേയം (Resolution 181) പാസാക്കി. ഭൂമിയുടെ 55% ജൂതന്മാർക്കും 45% അറബികൾക്കും നൽകാനും ജറുസലേമിനെ അന്താരാഷ്ട്ര നിയന്ത്രണത്തിൽ നിർത്താനുമാണ് പദ്ധതിയിട്ടത്. ജൂത നേതൃത്വം ഈ വിഭജന പദ്ധതി അംഗീകരിച്ചപ്പോൾ, അറബ് രാഷ്ട്രങ്ങളും പലസ്തീനികളും അത് തള്ളി. 1948 മെയ് 14-ന് ഇസ്രായേൽ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു.
എന്നാൽ 1948-ൽ ഇതിനെതിരെ അറബ് രാജ്യങ്ങളായ ഈജിപ്ത്, ജോർദാൻ, സിറിയ, ലെബനൻ, ഇറാഖ് എന്നിവ പോരാട്ടമാരംഭിച്ചു. ഈ രാഷ്ട്രങ്ങൾ ഇസ്രായേലിൻ്റെ രൂപീകരണത്തിന് പിന്നാലെ ഇസ്രായേലിനെ ആക്രമിച്ചു. എന്നാൽ ഈ യുദ്ധത്തിൽ ഇസ്രായേൽ വിജയിക്കുകയും യുഎൻ വിഭജനത്തിൽ തങ്ങൾക്ക് അനുവദിച്ചതിലും കൂടുതൽ പ്രദേശങ്ങൾ (ഏകദേശം 78% പലസ്തീൻ പ്രദേശം) പിടിച്ചെടുക്കുകയും ചെയ്തു എന്നതാണ് ചരിത്രം. ഈ യുദ്ധത്തെയാണ് പലസ്തീനികൾ നക്ബ (Nakba - ദുരന്തം) എന്ന് വിളിക്കുന്നത്. അടിസ്ഥാനപരമായി ഈ സങ്കീർണ്ണ ചരിത്രം മനസ്സിലാക്കാതെയാണ് പലരും ചേരിതിരിഞ്ഞ് തർക്കവിതർക്കങ്ങളിൽ ഏർപ്പെടുന്നത്. ചുരുക്കുത്തിൽ സയണിസത്തിൻ്റെ ഉദയം, യൂറോപ്പിൽ നിന്നുള്ള വൻതോതിലുള്ള കുടിയേറ്റം, ബ്രിട്ടീഷ് ഭരണകൂടത്തിൻ്റെ നയം, ഐക്യരാഷ്ട്രസഭയുടെ വിഭജന പദ്ധതി, തുടർന്നുണ്ടായ യുദ്ധങ്ങൾ എന്നിവയിലൂടെയാണ് ഇസ്രായേലികൾ ഫലസ്തീനിൽ എത്തുകയും തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തത്. ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ കറുത്ത കരങ്ങൾ ഈ പ്രശ്നത്തിൻ്റെ ചരിത്രത്തിൽ രക്തപങ്കിലമായി കാണാനാകും.
നിലവിലെ ഗസ്സ-ഇസ്രായേൽ സംഘർഷം ലോക മനസ്സാക്ഷിയെ പിടിച്ചുകുലുക്കുന്ന ഒരു വിഷയമായി തുടരുകയാണ്. ദീർഘകാലമായി തുടരുന്ന ഈ പ്രതിസന്ധിക്ക് പിന്നിൽ സങ്കീർണ്ണമായ രാഷ്ട്രീയ ചരിത്രപരമായ കാരണങ്ങളുണ്ടെങ്കിലും സമീപകാലത്തെ ഇസ്രായേൽ നടപടികൾ ഗസ്സയിലെ ജനജീവിതത്തെ തകർത്തുകളഞ്ഞു. 2023 ഒക്ടോബർ 7-ന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന് ശേഷമുണ്ടായ ഇസ്രായേലിൻ്റെ തിരിച്ചടി ഗസ്സയെ ഒരു ദുരിതഭൂമിയാക്കി മാറ്റി.
ഗസ്സയിലെ മനുഷ്യദുരിതം
ഇസ്രായേൽ സൈന്യം ഗസ്സയിൽ നടത്തിയ നീണ്ട ആക്രമണങ്ങൾ പതിനായിരക്കണക്കിന് പലസ്തീൻ പൗരന്മാരുടെ ജീവനെടുത്തു, അതിൽ വലിയൊരു പങ്കും സ്ത്രീകളും കുട്ടികളുമാണ്. ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ അനുസരിച്ച്, കൊല്ലപ്പെട്ടവരുടെ എണ്ണം 67,000-ത്തിലധികം വരുമെന്ന് കരുതപ്പെടുന്നു.
ഇസ്രായേലിൻ്റെ ആക്രമണങ്ങളെ തുടർന്ന് 2.1 മില്യൺ ഫലസ്തീനികൾക്ക് വീടുകൾ ഉപേക്ഷിക്കേണ്ടി വന്നു. ഗസ്സയിലെ ജനസംഖ്യയുടെ വലിയൊരു ഭാഗവും അഭയാർത്ഥി ക്യാമ്പുകളിലോ സുരക്ഷിതമല്ലാത്ത മറ്റ് സ്ഥലങ്ങളിലോ ദുരിത ജീവിതം നയിക്കുകയാണിന്ന്.
ഇന്ന് ഗസ്സയിലെ 78 ശതമാനം കെട്ടിടങ്ങളും പൂർണ്ണമായോ ഭാഗികമായോ തകർന്നു. ആശുപത്രികൾ, സ്കൂളുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ തകർച്ച ജനജീവിതത്തെ ദുസ്സഹമാക്കിയിട്ടുണ്ട്. 36 ആശുപത്രികളിൽ 14 എണ്ണം മാത്രമേ ഭാഗികമായെങ്കിലും ഇന്ന് പ്രവർത്തിക്കുന്നുള്ളൂ. 90 ശതമാനത്തോളം വിദ്യാലയങ്ങൾ നശിപ്പിക്കപ്പെട്ടു.
ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധം കാരണം ഗസ്സയിൽ വെള്ളം, ഇന്ധനം, മരുന്ന്, ഭക്ഷണം തുടങ്ങിയ അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമം നേരിടുന്നു. കുട്ടികളിൽ പോഷകാഹാരക്കുറവ് വർധിച്ചതായും ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പലസ്തീൻ പൗരന്മാർ കടുത്ത പട്ടിണിയുടെ വക്കിലാണെന്ന് UN മുന്നറിയിപ്പ് നൽകുന്നു.
ഗസ്സയിലെ ഇസ്രായേലിൻ്റെ സൈനിക നടപടികൾക്കെതിരെ ലോകമെമ്പാടു നിന്നും ശക്തമായ പ്രതിഷേധമുയർന്നിട്ടുണ്ട്. വംശഹത്യ (Genocide) എന്ന് വിളിക്കാവുന്ന തരത്തിലുള്ള അതിക്രമങ്ങളാണ് ഇസ്രായേൽ നടത്തുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ (UN Independent International Commission of Inquiry) 2025 സെപ്റ്റംബറിലെ റിപ്പോർട്ടിൽ കണ്ടെത്തി. ഗസ്സയിലെ ജനങ്ങളെ പൂർണ്ണമായി ഒഴിവാക്കാനുള്ള ഇസ്രായേലിൻ്റെ ശ്രമമാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു.
അതിനിടെ, ഇസ്രായേൽ തടവിലാക്കിയ പലസ്തീൻ തടവുകാർ പീഡനം, പട്ടിണി, മർദ്ദനം എന്നിവയ്ക്ക് ഇരയാകുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവന്നുകൊണ്ടിരിക്കുന്നു.
2025 ജനുവരിയിൽ ഈജിപ്തിൻ്റെയും ഖത്തറിൻ്റെയും മധ്യസ്ഥതയിൽ ഒരു വെടിനിർത്തൽ കരാറിൽ ഇസ്രായേലും ഹമാസും എത്തിയിരുന്നു. എന്നാൽ, ബന്ദികളെയും തടവുകാരെയും കൈമാറുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും ഇസ്രായേലിലെ തീവ്ര വലതുപക്ഷത്തിൻ്റെ സമ്മർദ്ദവും കാരണം 2025 മാർച്ചിൽ ഇസ്രായേൽ വീണ്ടും ആക്രമണം തുടങ്ങി, ഇതോടെ ഈ വെടിനിർത്തൽ തകർന്നു.
നിലവിൽ, യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നേതൃത്വത്തിലുള്ള 20-ഇന സമാധാന പദ്ധതിയുടെ പശ്ചാത്തലത്തിൽ പുതിയ ചർച്ചകൾ നടക്കുന്നുണ്ട്. ഈ പദ്ധതിയുടെ 'ഒന്നാം ഘട്ടം' നടപ്പിലാക്കാൻ ഇസ്രായേലും ഹമാസും തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്. ബന്ദികളെയും തടവുകാരെയും കൈമാറുന്നതും ഇസ്രായേൽ സൈന്യം ഭാഗികമായി പിന്മാറുന്നതും ഇതിലുൾപ്പെടുന്നു. ഇത് രക്തരൂഷിതമായ ഈ സംഘർഷത്തിന് ഒരു അന്ത്യം കുറിക്കാനുള്ള പുതിയ പ്രതീക്ഷ നൽകുന്നു.
ഗസ്സയിലെ പ്രശ്നം കേവലം ഒരു പ്രാദേശിക സംഘർഷമല്ല, മറിച്ച് മനുഷ്യാവകാശങ്ങളുടെയും നീതിയുടെയും നേർക്കുള്ള ചോദ്യമാണത്. ഇസ്രായേലിൻ്റെ തുടർച്ചയായ നടപടികൾ, അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുകയും അനേകം മനുഷ്യരെ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു. നിലവിലെ സമാധാന ശ്രമങ്ങൾ ഈ ദുരിതത്തിന് എത്രയും പെട്ടെന്ന് അറുതി വരുത്തും എന്ന് ലോകം പ്രതീക്ഷിക്കുന്നു. സത്യത്തിൽ ഈ വിഷയത്തിൽ ഗാന്ധിയുടെ നിലപാടായിരുന്നു ശരി എന്ന് പുതിയ സംഭവ വികാസങ്ങൾ നമ്മോട് പറയുന്നു - ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടേതെന്ന പോലെ ഫ്രാന്‍സ് ഫ്രഞ്ചുകാരുടേതെന്ന പോലെ ഫലസ്തീന്‍ അറബികളുടേതാണ് എന്നതാണ് ആ നിലപാട്.