Image

സ്വര്‍ണപ്പാളിയില്‍ ഉത്തരം മുട്ടുമ്പോള്‍ പിണറായിയുടെ ബോഡി ഷെയിമിങ്; ഇത് ആദ്യത്തേതല്ല (എ.എസ് ശ്രീകുമാര്‍)

Published on 10 October, 2025
സ്വര്‍ണപ്പാളിയില്‍ ഉത്തരം മുട്ടുമ്പോള്‍ പിണറായിയുടെ ബോഡി ഷെയിമിങ്; ഇത് ആദ്യത്തേതല്ല (എ.എസ് ശ്രീകുമാര്‍)



കേരളം കണ്ട ഏറ്റവും വലിയ 'ഡിപ്ലോമാറ്റിക് ചാനല്‍' സ്വര്‍ണക്കടത്തിന് പുറമെ സ്വര്‍ണ മോഷണവും നടന്നത് പിണറായി സര്‍ക്കാരിന്റെ കാലത്തു തന്നെ. ''കേരളം എല്ലാത്തിലും നമ്പര്‍ വണ്ണാണെന്ന് മത്സരിച്ച് പറഞ്ഞു കൊണ്ടിരിക്കുകയാണ്. ശബരിമലയിലെ സ്വര്‍ണപ്പാളി മോഷ്ടിച്ചു കൊണ്ടുപോയി. അതിലും നമ്മള്‍ നമ്പര്‍ വണ്ണാണ്...'' എന്ന് പറഞ്ഞ ജി സുധാകരന്‍ സഖാവിനെ നമിക്കണം. കാരണം കാര്യം പറയുന്നവര്‍ കമ്മ്യൂണിസ്റ്റാണെന്നാണല്ലോ വയ്പ്പ്. ആ നിലയ്ക്ക് ഒന്നാം പിണറായി മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി സുധാകരന്‍ മുഖം നോക്കാതെ സത്യം പറയുന്ന യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റാണ്. കെ.പി.സി.സി സാംസ്‌കാര സാഹിതി വേദിയിലായിരുന്നു സുധാകരന്റെ ഈ മുനവച്ച പരിഹാസം എന്നത് ശ്രദ്ധേയമാണ്.

എന്നാല്‍ അമ്പലം വിഴുങ്ങികള്‍ ശബരിമല ക്ഷേത്രം മുഴുവനായി തന്നെ കട്ടുകൊണ്ടുപോകാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന ഘട്ടത്തിലാണ് സ്വര്‍ണപ്പാളി വിവാദം പെങ്ങിവന്നത്. ഇപ്പോള്‍ ശബരിമലയിലെ യോഗ ദണ്ഡിലും രുദ്രാഷമാലയിലും 2019-ല്‍ സ്വര്‍ണം കെട്ടിയതിലെ ക്രമക്കേടുകളും പുറത്തു വരുന്നുണ്ട്. ശബരിമല ക്ഷേത്ര ശ്രീകോവിലില്‍ ഇരിക്കുന്നത് അയ്യപ്പ സ്വാമിയുടെ ഒറിജിനല്‍ വിഗ്രഹമാണോ എന്ന് സംശയിക്കുന്നവരെ ഇനി കുറ്റപ്പെടുത്താനാവില്ല. യഥാര്‍ത്ഥ പാളികളും പീഠങ്ങളുമൊക്കെ അടിച്ചുകൊണ്ടു പോയി പകരം ഡ്യൂപ്ലിക്കേറ്റ് വച്ചവര്‍ വിലമതിക്കാനാവാത്ത അയ്യപ്പ വിഗ്രഹം മാത്രം അവിടെ വച്ചേക്കുമോ..? എന്നാണ് ചോദ്യം. എന്നാല്‍ ഇങ്ങനെ ചോദ്യം ചെയ്യുന്നവരെയും കൊടും കൊള്ളയ്‌ക്കെതിരെ പ്രതിഷേധിക്കുവരെയും ബോഡി ഷെയിമിങ് നടത്തി വായടപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് വല്ലാത്ത വൈഭവമുണ്ട്.

അതാണ് ഇക്കഴിഞ്ഞ ബുധനാഴ്ച നിയമസഭയില്‍ കണ്ടതും, കേട്ടതും. സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷ എം.എല്‍.എയെ ഒടുവില്‍ ഉയരക്കുറവിന്റെ പേരില്‍ പിണറായി വിജയന്‍ കളിയാക്കിയത് സാമാന്യ മര്യാദയ്ക്ക് നിരക്കാത്ത സാംസ്‌കാരിക നിലവാരമില്ലായ്മയുടെ ലജ്ജാവഹമായ പ്രകടനമാണ്. സഭയില്‍ പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കേണ്ട മുഖ്യമന്ത്രി ആ ജനപ്രതിനിധിയുടെ ശാരീരിക പ്രത്യേകതയെ ചൂണ്ടിക്കാട്ടി അവഹേളിച്ചു. ''എന്റെ നാട്ടിലൊരു വര്‍ത്തമാനമുണ്ട്, എട്ടുമുക്കാലട്ടി വെച്ചതു പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാന്‍ പുറപ്പെടുന്നത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ലെന്ന് കാണുന്നവര്‍ക്കെല്ലാം അറിയാം. പക്ഷേ, നിയമസഭയുടെ പരിരക്ഷവച്ച് വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോവുകയാണ്...'' എന്നായിരുന്നു കളിയാക്കല്‍.

''അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്...'' എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതായിരുന്നു മുസ്ലീം ലീഗിലെ നജീബ് കാന്തപുരം എം.എല്‍.എ നേരിട്ട ബോഡിഷെയിമിങ്. പിണറായി ആരുടേയും പേര് പരാമര്‍ശിച്ചില്ലെങ്കിലും നജീബ് കാന്തപുരം തനിക്കെതിരെയാണ് മുഖ്യമന്ത്രി അധിക്ഷേപ പരാമശം നടത്തിയതെന്ന് പറഞ്ഞ് സ്വയം രംഗത്ത് എത്തുകയായിരുന്നു. പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിക്കാന്‍ കൂട്ടാക്കിയില്ല. ഒരാളുടെ ശാരീരികമായ വൈകല്യങ്ങളെ അപഹസിക്കുന്നത് മാന്യതയുടെ ലക്ഷണമല്ല. അത് ധാര്‍മികമായ അധപ്പതനത്തിന്റെ ഉളുപ്പില്ലാത്ത ലക്ഷണമാണ്.

ഈ സംഭവത്തെപ്പറ്റി നജീബ് കാന്തപുരത്തിന്റെ പ്രതികരണത്തില്‍ എല്ലാമുണ്ട്. ''ഇടതു പുരോഗമന പ്രസ്ഥാനത്തിന്റെ ബഹു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ ആരുടെ അമ്മിക്കിടയിലാണ്..? അരോഗദൃഢഗാത്രരായ ആളുകള്‍ക്ക് മാത്രമുള്ളതാണോ നിയമസഭ. ഇ.എം.എസും വി.എസും ഇരുന്ന മുഖ്യമന്ത്രിക്കസേരയില്‍ ഇപ്പോള്‍ എത്ര ഇഞ്ചുള്ള ആളാണ് ഇരിക്കുന്നത്. പുതുതായി സഭയിലേയ്ക്ക് എടുക്കേണ്ടവരുടെ അളവുകൂടി ഇനി പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കണം...'' നജീബ് കാന്തപുരം പറഞ്ഞതുപോലെ നിയമസഭയിലേയ്ക്ക് മല്‍സരിക്കുന്നവര്‍ പട്ടാള റിക്രൂട്ടിങ്ങിന് സമാനമായ ഫിസിക്കലും പാസാവണോ..?

പിണരറായി വിജയന്റെ നിഘണ്ടുവില്‍ അണ്‍പാര്‍ലമെന്ററിയായ നിരവധി വാക്കുകളും പ്രയോഗങ്ങളുമുണ്ട്. ''കടക്ക് പുറത്ത്...'' ഒക്കെ സഹിക്കാം. യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ 'വിവരദോഷി' എന്നാണ് മുഖ്യമന്ത്രി ഏറെ ബഹുമാനത്തോടെ ഒരിക്കല്‍ വിളിച്ചത്.  2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ ലോക തോല്‍വിയെതുടര്‍ന്ന് സിപിഎമ്മിനെ ശക്തമായി വിമര്‍ശിച്ച് ബിഷപ്പ് ഇട്ട ഫെയ്ത് ബുക്ക് പോസ്റ്റാണ് പിണറായിയെ കലിതുള്ളിച്ചത്. ''ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാന്‍ കാരണം പ്രളയം ആണെന്ന് ഒരു പുരോഹിതന്‍ പറഞ്ഞു. പുരോഹിതന്മാര്‍ക്കിടയിലും വിവരദോഷി ഉണ്ടാകുമെന്നാണ് ആ വാക്കുകള്‍ വ്യക്തമാക്കുന്നത്...'' എന്നാണ് പിണറായി പറഞ്ഞത്.

ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാത ചികിത്സയില്‍നിന്ന് ഇനിയും പാഠം പഠിക്കാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്നാണ് ബിഷപ്പ് പറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടതുപക്ഷത്തിനുണ്ടായ തകര്‍ച്ചയുടെ പ്രധാന കാരണം അതിശക്തമായ ഭരണ വിരുദ്ധ വികാരമാണെന്നും സി.പി.എം എത്ര നിഷേധിക്കാന്‍ ശ്രമിച്ചാലും അത് യാഥാര്‍ഥ്യമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇടത് സഹയാത്രികനും പിണറായിയുടെ ആരാധകനുമായിരുന്ന ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ''കേരളത്തിനു വേണ്ടി കാലം കാത്തുവച്ച നേതാവാണ് പിണറായി വിജയന്‍...'' എന്ന് ഒരിക്കല്‍ അഭിപ്രായപ്പെട്ടുരുന്നുവെന്നോര്‍ക്കുക.

2014-ല്‍ കൊല്ലം ലോക്‌സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ആര്‍.എസ്.പി ഇടതു മുന്നണി വിടുന്ന സമയത്ത് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ എന്‍.കെ പ്രേമചന്ദ്രനെ 'പരനാറി' എന്ന് വിശേഷിപ്പിച്ചത് പലരും മറന്നെങ്കിലും സി.പി.എം മറന്നിട്ടില്ല. കാരണം ആ ഇലക്ഷനില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന ഇന്നത്തെ സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ ബേബിയെ പ്രേമചന്ദ്രന്‍ മുട്ടുകുത്തിച്ചത് 37,649 വോട്ടുകള്‍ക്കാണ്. ബേബിയുടെ തോല്‍വിക്ക്  കാരണമായത് പരനാറി പ്രയോഗമായിരുന്നു. 2019-ലും പിണറായി ''പരനാറി എന്നും പരനാറി തന്നെ...'' എന്ന് ആവര്‍ത്തിച്ചു.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ഇപ്പോഴത്തെ ധനമന്ത്രിയുമായ കെ.എന്‍ ബാലഗോപാല്‍ 1,48,869 വോട്ടുകള്‍ക്ക് തോറ്റത് മിച്ചം. 2024-ല്‍ പിണറായി ഇത്തരം പ്രയോഗങ്ങള്‍ നടത്തിയില്ല. സി.പി.എമ്മിന്റെ മുകേഷ് മാധവനെതിരെ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം 1,50,302 ആയി ഉയരുകയും ചെയ്തു. പാര്‍ട്ടി സെക്രട്ടറിയായിരിക്കെ 2007-ല്‍ തലശേരി രൂപതയുടെ ആര്‍ച്ച് ബിഷപ്പ് ആയിരുന്ന മാര്‍ പോള്‍ ചിറ്റിലപ്പള്ളിയെ 'നികൃഷ്ടജീവി' എന്ന് വിളിച്ച പിണറായി വിജയന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് ഇടയാക്കിയത്.

തിരുവമ്പാടി എം.എല്‍.എയും സി.പി.എം നേതാവും ആയിരുന്ന മത്തായി ചാക്കോ കാന്‍സര്‍ ബാധിച്ച് മരണാസന്നനായി കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ കിടന്ന സമയത്ത് അദ്ദേഹം കത്തോലിക്കാ വിശ്വാസപ്രകാരമുള്ള അന്ത്യകൂദാശ സ്വീകരിച്ചുവെന്ന മാര്‍ ചിറ്റിലപ്പള്ളിയുടെ വാക്കുകളാണ് പിണറായിയെ പ്രകോപിപ്പിച്ചത്. ''കള്ളം പറയില്ല എന്ന് നമ്മളൊക്കെ വിശ്വസിക്കുന്ന ഒരു മഹാന്‍ യു.ഡി.എഫിന് വേണ്ടി പ്രചാരവേല നടത്തുകയാണ്. ഇങ്ങനെയുള്ളവരെ നികൃഷ്ടജീവി എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്...'' എന്നാണ് പിണറായി പറഞ്ഞത്.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 'കൃപയുടെ വഴികള്‍' എന്ന പേരില്‍ പുറത്തിറക്കിയ ആത്മകഥയില്‍ പിണറായി വിജയനോട് ക്ഷമിക്കുന്നതായി മാര്‍ ചിറ്റിലപ്പള്ളി എഴുതിയിട്ടുണ്ട്. 2020-ല്‍ ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിളളിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പിണറായി വിജയന്‍ പറഞ്ഞത്, പ്രത്യേക വിഷയങ്ങളില്‍ വിമര്‍ശം ഉന്നയിക്കുമ്പോഴും അദ്ദേഹവുമായി ഊഷ്മളമായ വ്യക്തിബന്ധം ഊട്ടി വളര്‍ത്താന്‍ കഴിഞ്ഞിരുന്നു എന്നാണ്.

വടകരയിലെ സി.പി.എം വിമത നേതാവായ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ടി.പിയെക്കുറിച്ച് പിണറായി പറഞ്ഞത് ''കുലം കുത്തി എന്നും കുലം കുത്തി തന്നെ...'' എന്നായിരുന്നു. ഇതിനു തൊട്ടു പിന്നാലെ സി.പി.എമ്മിലെ വിഭാഗീയതയെക്കുറിച്ച് നിരന്തരം വാര്‍ത്തകള്‍ നല്‍കിയിരുന്ന മാതൃഭൂമി പത്രാധിപര്‍ കെ ഗോപാലകൃഷ്ണനെതിരെയുള്ള പിണറായിയുടെ വാക്കുകളും സാംസ്‌കാരിക കേരളം കേട്ടതാണ്. ''എടോ ഗോപാലകൃഷ്ണാ, കത്തി കണ്ടാല്‍ ഭയപ്പെടുന്നവരല്ല ഞങ്ങള്‍. ഒരുപാട് കത്തികള്‍ പല വഴിക്ക് വരുമ്പോള്‍ ആ വഴി നടന്നവരാണ് ഞങ്ങള്‍...'' സി.പി.എം നേതാക്കള്‍ കത്തിയും ബോംബുമായി നടക്കുന്നവരാണെന്ന് എഴുതിയതിന്റെ പ്രതികരണമായിരുന്നു ഈ ''എടോ ഗോപാലകൃഷ്ണാ...'' എന്ന കടുപ്പിച്ചുള്ള വിളി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക