അയാൾക്കു വിശ്വസിയ്ക്കാൻ കഴിഞ്ഞില്ല... അമ്മയുടെ പിന്നിൽ നിൽക്കുന്നതു കസ്തൂരിയാണെന്ന്....
മെലിഞ്ഞു വിളർത്തു സൗന്ദര്യമെല്ലാം മാഞ്ഞു പോയ മുഖമുയർത്തി കസ്തൂരി തന്നെ നോക്കി നിൽക്കുന്നു...
ആ മിഴികൾ തന്റെ ആത്മാവോളം ഇറങ്ങിച്ചെന്നു തന്നെ തരളിതനാക്കുന്നത് ഒരു സ്വപ്നത്തിലെന്ന പോലെ അയാൾക്കനുഭവപ്പെട്ടു.
അകലാനാവാത്തവിധം അത്രമേൽ ഇഴചേർന്നതായിരുന്നു തങ്ങളുടെ പ്രണയമെന്ന് അയാൾക്കറിയാമായിരുന്നു... എങ്കിലും.. തീരെ പ്രതീക്ഷിച്ചില്ല.
ഒരിയ്ക്കൽ അമ്മയോടൊപ്പം ജയിലിൽ തന്നെക്കാണാൻ വന്നിരുന്നു... ഒരു വാക്കുപോലും പറയാനാവാതെ മുഖത്തോടു മുഖം നോക്കി നിന്ന് തേങ്ങിക്കരഞ്ഞു കൊണ്ടു് മടങ്ങിപ്പോയ ആ ദിവസം... രാത്രിയിൽ ഉറങ്ങാനാവാതെ ഒരു ഭ്രാന്തനെപ്പോലെ മുറിയ്ക്കുളളിലൂടെ നടന്നു വെളുക്കുവോളം...
അമ്മയ്ക്കൊപ്പം വന്നതിനു അവൾക്കു കിട്ടിയ ശിക്ഷ വീട്ടുതടങ്കൽ . അച്ഛനും സഹോദരന്മാരും ശകാരിച്ചും അടിച്ചും നോക്കി.. വിവാഹത്തിനു സമ്മതിയ്ക്കാതെ അവൾ നിൽക്കുന്ന കാര്യം ഒരിയ്ക്കൽ അമ്മ എഴുതിയിരുന്നു...പിന്നെ പിന്നെ ഒന്നും എഴുതാതെയായി...
അടക്കി വെച്ചിരുന്ന ദുഃഖം അണപൊട്ടി ഒഴുകുന്നതയാളറിഞ്ഞു.
വീടും പരിസരവും അമ്മയും കസ്തൂരിയുമെല്ലാം കണ്ണുനീരിൽ അദൃശ്യമായതുപോലെ,കാഴ്ചയെ മറച്ചു കൊണ്ട് കണ്ണുകൾ നിറഞ്ഞു തുളുമ്പി ക്കൊണ്ടിരുന്നു.... ആരൊക്കെയോ തന്നെ വിളിക്കുമ്പോലെ " ചെല്ലാ പാട്ടീ കൂടെ കോവല്ക്ക് വാടാ..." കണ്ണാ... എനക്കു വെത്തിലവാങ്കി വാടാ.... താത്തായുടെ സ്വരം കാതിൽ വന്നു നിറയുന്നു... ആനന്ദത്തിന്റെ അലയടികൾ സദാ മുഴങ്ങിയിരുന്ന തന്റെ വീട് മൂകതയിലാണ്ടു പോയതോർത്തു അയാൾക്കു കരച്ചിലടക്കാനായില്ല.
കണ്ണുകൾ അവിടമാകെ പരതി... ഇല്ല... പത്മയും സെൽവിയും വന്നിട്ടില്ല...
അമ്മ ആരതിയുഴിഞ്ഞ് വരാന്തയിലേയ്ക്കു കയറി.
മെല്ലിച്ച കരങ്ങൾ കൊണ്ടു് തന്നെ കെട്ടിപ്പുണർന്നു അമ്മ: അടുത്ത നിമിഷം മോഹാലസ്യപ്പെട്ടു വീണു....
കസ്ത്തൂരി അമ്മയെ താങ്ങിപ്പിടിച്ച് അകത്തേയ്ക്കു കൊണ്ടുപോയി.
കാറ്റും വെളിച്ചവും കയറാത്ത മൂകത തളം കെട്ടിയ മുറികൾ!!ആ മുറികളിൽ നിന്നെല്ലാം ഓരോരുത്തരായി തന്നെ വിളിയ്ക്കുന്ന പോലെ . " ചെല്ലാ
കണ്ണാ... സെൽവാ.....
കാതുകൾ പൊത്തിക്കൊണ്ടയാൾ ഒരുന്മാദിയെപ്പോലെ വീടിനു പുറത്തേയ്ക്കു ഓടിയിറങ്ങി.
തൊടിയിലെ ചെമ്പക മരങ്ങൾക്കരികിലേയ്ക്ക് അയാൾ നടന്നു.
കൊച്ചു മക്കൾക്കു വേണ്ടി അഛൻ മരച്ചില്ലയിൽ കെട്ടിക്കൊടുത്ത ഊഞ്ഞാൽ കാറ്റിൽ മെല്ലേ ഇളകിയാടുന്നു.
പിന്നിൽ കാൽപ്പെരുമാറ്റം കേട്ട് അയാൾ തിരിഞ്ഞു നോക്കി
കസ്ത്തൂരി .. കരഞ്ഞു കലങ്ങിയ കണ്ണുകൾ..... ഒരിയ്ക്കൽ തന്നെ വല്ലാതെ മോഹിപ്പിച്ചിരുന്ന കരിമിഴികൾ, കുഴിയിലാണ്ടു പോയിരിക്കുന്നു. അതിന്റെ ഭംഗി . അപ്പാടെ ചോർന്നുവിളറിയിരിക്കുന്നു.
അമ്മാ രാവിലെ മുതൽ കാത്തിരിയ്ക്കുന്നതാണു.
ഒന്നും കഴിച്ചിട്ടില്ല അമ്മാവു കൂടെ ശാപ്പിട്:
തല ഉയർത്താതെ പറഞ്ഞു കൊണ്ടു് കസ്തൂരി ഗേറ്റിനരികിലേയ്ക്കു മെല്ലേ നടന്നു തുടങ്ങി ..
അതുവരെ ഒതുക്കി വെച്ചിരുന്ന ദുഃഖം നിയന്ത്രണങ്ങളെല്ലാം തകർത്തു കൊണ്ടു അയാളുടെ ഉള്ളിൽ നിന്നും പുറത്തുചാടി. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ കസ്തൂരിയുടെ കൈകൾ ചേർത്തുപിടിച്ചു കൊണ്ടു് കെഞ്ചി
" പോകല്ലേ കസ്തൂരി. പോകല്ലേ...
അടുത്ത നിമിഷം അയാൾ അവളെ തന്നിലേയ്ക്കു വലിച്ചടുപ്പിച്ചു.
ഗാഢമായ ഒരാലിംഗനത്തിൽ അവർ അമർന്നു നിന്നു.
അവരാദ്യം കണ്ടുമുട്ടിയ ക്ഷേത്ര ഗോപുരങ്ങളിൽ നിന്ന് അലകൾക്കു പിന്നാലെ അലകളുയർത്തി ക്ഷേത്ര മണികൾ തുടരെ മുഴങ്ങുന്നതായ് അയാൾക്കു തോന്നി.
വർഷങ്ങൾക്കുമുൻപ് മുരുകൻ കോവിലിന്റെ ഇരുണ്ട ഇടനാഴികളിലൊന്നിൽ വെച്ച് ആദ്യമായ് ക്കണ്ടതും. സൗ ഹൃദം ക്രമേണ പ്രണയമായി മാറിയതും... ഒരിയ്ക്കൽ ഒരാലിംഗനത്തിന്റെ അനു ഭൂതിയിൽ സ്വയം മറന്നു നിന്നതും... പാതിവിരിഞ്ഞ മുല്ലമൊട്ടിന്റെ ഗന്ധം തന്നിലേയ്ക്കു പടർന്നു കയറിയ നിമിഷം!!
നനഞ്ഞു വിറയ്ക്കുന്ന ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ അവൾ അയാളോടു ചേർന്നു നിന്നു.
തൊണ്ടയിലെവിടെയോ വാക്കുകൾ വിങ്ങിപ്പിടഞ്ഞു
"കസ്തൂരി ഇത്രകാലം നീ എനിയ്ക്കു വേണ്ടി കാത്തിരുന്നു ജീവിതം നശിപ്പിച്ചില്ലേ'...
കസ്തൂരി അയാളുടെ മുഖത്തേയ്ക്കു നോക്കി പറഞ്ഞു"
" മടങ്ങിവരുമെന്ന് എനിയ്ക്കറിയാമായിരുന്നു "
ഇരുട്ടും മൂകതയും പുതച്ചു നിൽക്കുന്ന ഈ വീടും എനിയ്ക്കു വേണ്ടി നടന്നു അലഞ്ഞു മടുത്ത എന്റമ്മയും നീണ്ട തടവറ വാസം നൽകിയ രോഗാതുരമായ ഈ ശരീരവുമല്ലാതെ നിനക്കു നൽകുവാൻ മറ്റൊന്നുമില്ല കസ്തൂരി, തൊണ്ട ഇടറിക്കൊണ്ടയാൾ പറഞ്ഞു.
അപ്പോൾ കേഴ്വിയും കാഴ്ചയുമൊന്നുമില്ലാത്ത കാൽപ്പനികമായ ഏതോ ലോകത്തായിരുന്നു അവളുടെ ഇന്ദ്രിയങ്ങൾ!!
ആഹ്ലാദകരമായ ആ നിമിഷത്തെ തകർക്കാനവളുടെ ബോധ മനസ്സ് തയ്യാറായില്ല. അയാൾ പറഞ്ഞതൊന്നും അവൾ കേട്ടില്ല.....
ഒരു നിദ്രാടനത്തിലെന്നപോലെ മെല്ലേ നടന്നു അമ്മ വീടിന്റെ ജനാലകളും വാതിലുകളും മലർക്കെ തുറന്നിട്ടു. കാറ്റും വെളിച്ചവും മുറിയിലാകെ വാശിയോടെ ഓടിക്കളിച്ചു.
പുറത്തു നിന്നും ചെമ്പകപ്പൂമണവുമായ് കാറ്റ് അകത്തേയ്ക്കു ഓടിയെത്തി.
ഇരുളകന്നുപോയ ആ വീടിന്റെ ഉമ്മറത്തു അമ്മ കണ്ണിമയ്ക്കാതെ അവരെ നോക്കി നിന്നു.
വർഷങ്ങൾക്കു ശേഷം അമ്മയുടെ മുഖത്തു പടർന്ന പുഞ്ചിരിയുടെ പ്രകാശത്തിൽ അയാളുടെ ഭൂതകാലത്തിന്റെ വേദനിപ്പിക്കുന്ന ഓർമ്മകൾ അലിഞ്ഞു പോയി.
മരവിച്ചു പോയ മനസ്സിന്നുളളിൽ ആനന്ദത്തിന്റെ ചെറുമർമ്മരങ്ങൾ ഉറവ പൊട്ടുന്നതയാളറിഞ്ഞു.
കാറ്റിനും ചെമ്പകപ്പൂമണത്തിനുമൊപ്പം അയാൾ കസ്തൂരിയുടെ കൈയ്യും പിടിച്ച് വീട്ടിലേയ്ക്ക് , അല്ല,
ജീവിതത്തിലേയ്ക്കു മെല്ലേ ചുവടു വച്ചു..