എഡിസൺ, ന്യൂജേഴ്‌സി: ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങള്‍ സംഭവിച്ചു എന്ന് വരുത്തിത്തീര്‍ക്കുന്ന ഭാവിയിലേക്കാണ് നമ്മള്‍ ചുവടു വയ്ക്കുന്നതെന്നും അത്തരം ഭയാശങ്കകള്‍ നേരിടാന്‍ മലയാളത്തിന്റെ മാധ്യമങ്ങള്‍ക്ക് സാധിക്കട്ടെ എന്നും റാന്നി എം.എല്‍.എ പ്രമോദ് നാരായണന്‍ അഭിപ്രായപ്പെട്ടു. എഡിസണ്‍ ഷെറാട്ടണ്‍ ഹോട്ടലില്‍ ഇന്ത്യാ പ്രസ് ക്‌ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാം അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തില്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഒരുകാലത്ത് വാര്‍ത്തകളെ അവഗണിച്ചാല്‍ ആ വാര്‍ത്തകള്‍ സംഭവിച്ചില്ല എന്ന് പറയപ്പെട്ടിരുന്നു. ഭരണാധികാരികളുടെ ആ തമസ്‌ക്കരണത്തില്‍ നിന്ന് ജനാധിപത്യത്തിന്റെ മൂല്യങ്ങളോട് നീതി പുലര്‍ത്താന്‍ ഇനിയും ഒരുപാട് കാലം യാത്ര ചെയ്യേണ്ടി വരും. ഏത് ഭരണാധികാരിയും ഏത് മര്‍ദ്ദന ഉപകരണങ്ങളും കൈകാര്യം ചെയ്യുന്നതു പോലെ എക്കാലവും മാധ്യമങ്ങളെ അവഗണിക്കുവാന്‍ സാധിക്കുകയില്ല. വാര്‍ത്തകളുടെ നിറപ്പകിട്ടുകള്‍ ഒഴിവാക്കാന്‍ പലകാലങ്ങളിലും ശ്രമം നടന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളുടെ വരവോടു കൂടി അതിന് വലിയ മാറ്റം ഉണ്ടായിട്ടുണ്ട്...'' പ്രമോദ് നാരായണന്‍ പറഞ്ഞു.
സങ്കുചിത ചിന്തകളും കാല-ദേശ-ഭേദ അതിര്‍ത്തികളും മായ്ച്ചു കളയുന്ന മഹിതമായ മലയാള സംസ്‌കാരം തങ്ങളുടെ ജനിതകത്തിന്റെ ഭാഗമായി സൂക്ഷിക്കുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍ എന്നും പുതിയ കാലത്തും ആ കരുത്ത് കെടാവിളക്കായി തെളിയട്ടെ എന്നും കാവ്യഭാഷയില്‍ അദ്ദേഹം നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി സംസാരിച്ചു. മനുഷ്യര്‍ക്കിടയില്‍ മമത അഗാധമാവുന്നത് ഭൂമിയോടും ജീവജാലങ്ങളോടും പ്രകൃതിയോടുമെല്ലാം കനിവുള്ളവരാകുമ്പോഴാണ്. കനിവ് എന്ന വാക്കിന് ഭൂമിയേക്കാള്‍ ആകര്‍ഷണവും സൂര്യനേക്കാള്‍ വെളിച്ചവും കടലിനേക്കാള്‍ ആഴവുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവിടെ നടക്കുന്ന മാധ്യമ ലക്ഷ്യങ്ങളുടെയും വെല്ലുവിളികളുടെയും ചര്‍ച്ചകള്‍ അര്‍ത്ഥസമ്പുഷ്ടമാവട്ടെ. കേരളത്തിന്റെ മാധ്യമ രംഗത്തിന്റെ പ്രശോഭിത മുഖങ്ങള്‍ അണിനിരക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 11-ാം അന്താരാഷ്ട്ര സമ്മേളനം കൊളുത്തിയ സ്‌നേഹ ദീപം ലോകം മുഴുവന്‍ സുഖം പകരാന്‍ മിഴി തുറക്കട്ടെ എന്ന് ആശംസിക്കുന്നു.