ന്യൂജേഴ്സി : ദൃശ്യമാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും വിപ്ളവം സൃഷ്ടിക്കുമ്പോഴും വര്‍ത്തമാന പത്രങ്ങളുടെ പ്രസക്തിയും വിശ്വാസ്യതയും ഒരിക്കലും നഷ്ടമാകുന്നില്ലെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ മനോരമ ന്യൂസിന്റെ ഡയറക്ടര്‍ ജോണി ലൂക്കോസ് പറഞ്ഞു. ദൃശ്യമാധ്യമങ്ങളുടെ വലിയ മത്സരങ്ങള്‍ക്കിടയിലും പത്രങ്ങളുടെ സ്ഥാനം ഒന്നാമതുതന്നെയാണ്. വലിയ മത്സരങ്ങള്‍ക്കിടയിലും വേറിട്ട് നില്ക്കാന് പത്രങ്ങള്‍ ശ്രമിക്കുന്നു. മാറ്റങ്ങള്‍ കൊണ്ടുവരുന്നു. വാര്‍ത്തകള്‍ പലപ്പോഴും ആഴത്തിലും വിശദമായും നല്‍കുന്നത് പത്രങ്ങളാണ്. വാര്‍ത്തക്കൊപ്പം ആകര്‍ഷകമായ തലക്കെട്ടുകളും ചിത്രങ്ങളുമൊക്കെ നല്കി അച്ചടി പത്രങ്ങളും പുതിയ മാറ്റങ്ങളില്‍ മുന്നേറാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അച്ചടി മാധ്യമങ്ങള്‍ ഇനി ആവശ്യമോ? അവ ഇനി എത്ര കാലം കൂടി ഉണ്ടാവും?പ്രേക്ഷകർക്ക് ടി വി റേറ്റിങ് എത്രമാത്രം പ്രസക്തമാണ്? എന്നീ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ജോണി ലൂക്കോസ്. അച്ചടി മാധ്യമങ്ങളുടെ കാലം കഴിഞ്ഞു എന്നായിരുന്നു മുതിർന്ന മാധ്യമ പ്രവർത്തകൻ കുര്യൻ പാമ്പാടിയുടെ അഭിപ്രായം.
ദൃശ്യമാധ്യമങ്ങള്‍ തുടങ്ങിയ കാലം മുതല്‍ കേട്ടുതുടങ്ങിയതാണ് അച്ചടി മാധ്യമങ്ങളുടെ മരണത്തെ കുറിച്ച്. പക്ഷെ, ദൃശ്യമാധ്യമങ്ങള്‍ക്കൊപ്പം അച്ചടി മാധ്യമങ്ങളും വളരുന്നതാണ് കാണുന്നത്. ഇതുവരെ അച്ചടി മാധ്യമങ്ങളുടെ മരണം സംഭവിച്ചിട്ടില്ല. ഇനിയും അത് സംഭവിക്കുമെന്ന് തോന്നുന്നില്ല എന്ന് ന്യൂസ് 18 കൺസൽട്ടിങ് എഡിറ്റർ ലീൻ ബി ജെസ്മാസ് പറഞ്ഞു. പത്രങ്ങള്‍ മലയാളികളുടെ ഒരു ശീലമാണ്. അത് പെട്ടെന്ന് ഇല്ലാതാകാന്‍ പോകുന്നില്ല. പുതിയ കാലത്തും അത് തുടരുന്നുണ്ട്. അച്ചടി മാധ്യമങ്ങള്‍ ഇനിയും നിലനില്ക്കും എന്നുതന്നെയാണ് അഭിപ്രായമെന്ന് 24 ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിം പറഞ്ഞു.
പത്രങ്ങള്‍ ഇല്ലാതാകുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ റിപ്പോര്‍ട്ടര്‍ ടി.വി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സുജയാ പാര്‍വ്വതി പത്രത്താളുകള്‍ പ്രിന്റില്‍ നിന്ന് ഡിജിറ്റല്‍ താളുകളിലേക്ക് മാറുന്ന സാഹചര്യം ഉണ്ടാകുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. വലിയ മത്സരമാണ് കേരളത്തില്‍ നടക്കുന്നത്. മത്സരങ്ങള്‍ എപ്പോഴും ആവേശമാണ്. ഉത്തരക്കടലാസ് കിട്ടുന്നതുപോലെയുള്ള ആവേശമാണ് ഓരോ ബാര്‍ക്ക് റേറ്റിംഗ് ദിനത്തിലും അനുഭവപ്പെടാറുള്ളത്. ഒന്നാംസ്ഥാനത്തുള്ള ഏഷ്യാനെറ്റിന് എപ്പോഴും അങ്ങനെയായിരിക്കില്ല ഇനിയുളള കാലം എന്ന സന്ദേശം നല്കാന് പുതിയ കാല ദൃശ്യമാധ്യമങ്ങള്‍ക്ക് സാധിച്ചുവെന്നും റിപ്പോര്‍ട്ടര്‍, 24 ന്യൂസ് ചാനലുകളെ കണ്ട് ഏഷ്യാനെറ്റിന് മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ നിര്ബന്ധിതരാകേണ്ടിവന്നുവെന്നും സുജയപാര്‍വ്വതി പറഞ്ഞു.
കുര്യൻ പാമ്പാടി, ജോണി ലൂക്കോസ്, ലീൻ ജെസ്മാസ്, ഹാഷ്മി താജ് ഇബ്രാഹിം, സുജയാ പർവതി, അബ്ജോദ് വർഗീസ്, മോത്തി രാജേഷ്, ജോർജ് ജോസഫ്, ടാജ് മാത്യു, ജീമോൻ റാന്നി എന്നിവർ പാനലിസ്റ്റുകളായിരുന്നു. ഷിക്കാഗോ, ഡിട്രോയിറ്റ്, ഫ്ലോറിഡ, കാലിഫോർണിയ ചാപ്റ്റർ പ്രസിഡന്റുമാരും അംഗങ്ങളും വേദിയിൽ സന്നിഹിതരായി. അമേരിക്കയിലെ മാധ്യമ പ്രവർത്തകരായ ജോസ് കാടാപ്പുറം, അലൻ ജോർജ്, ജോർജ് ജോസഫ്, വൈശാഖ് ചെറിയാൻ, ഷോളി കുമ്പിളുവേലി, വിനോദ് ജോൺ തുടങ്ങിവരും ചർച്ചയിൽ സംസാരിച്ചു.