എഡിസൺ, ന്യു ജേഴ്‌സി: മാധ്യമ സ്വാതന്ത്ര്യം ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലമാണിത്. അത് ഇന്ത്യയിലായാലും വിദേശരാജ്യങ്ങളിലായാലും. മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണ്. ഇന്ത്യക്ക് പുറത്തും അങ്ങനെ തന്നെയാണ്. പക്ഷെ, ആ അവകാശങ്ങള്‍ പതിയെ പതിയെ ഇല്ലാതായി വരികയാണെന്ന് പാര്‍ലമെന്റ് അംഗം എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാം അന്താരാഷ്ട്ര മാധ്യമ സെമിനാറിന്റെ സമാപാന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു പ്രേമചന്ദ്രന്‍.
മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ കേരളം മാതൃകയാകുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്. ഇത്രയും തീവ്രമായ രീതിയില്‍ മാധ്യമ സംവിധാനം മറ്റെവിടെയെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല.
അതിന്റെതായ ഗുണവും ദോഷവും ഉണ്ട്. ഏറ്റവും അധികം ഗുണം തന്നെയാണ്. കേരളം വേറിട്ട് നില്‍ക്കുന്നത് കേരളത്തിലെ മാധ്യമങ്ങള്‍ നല്‍കിയ സംഭാവനകള്‍ കൊണ്ടുതന്നെയാണ്.
ആധുനിക കാലത്ത് നമ്മള്‍ ശ്രദ്ധിക്കേണ്ടത് സാമൂഹ്യ മാധ്യമങ്ങളെയാണ്. സാമൂഹ്യ മാധ്യമങ്ങളുടെ കടന്നുവരവ് വലിയ മാറ്റമാണ് ഉണ്ടാക്കിയത്. പക്ഷെ, സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഒരു സംവിധാനം അത്യാവശ്യമാണ്. ആരെകുറിച്ചും എന്തും പറഞ്ഞ് വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനം വന്നില്ലെങ്കില്‍ അത് ഗുതുരയമായ സാഹചര്യം സൃഷ്ടിക്കുമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു.
പ്രസിഡന്റായി ഇരിക്കുമ്പോഴും കഴിഞ്ഞ രണ്ടുവര്‍ഷം കരുത്തായി ഒപ്പം നിന്നത് അഡ്വൈസറി ബോര്‍ഡാണെന്ന് ഐ.പി.സി.എന്‍.എ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ പറഞ്ഞു. സംഘടനയുടെ കരുത്ത് എന്നത് അഡ്വൈസറി ബോര്‍ഡാണ്. അഡ്വൈസറി ബോര്‍ഡാണ് ഈ സംഘടനയെ മുന്നോട്ട് നയിക്കുന്നത്. ജനറൽ സെക്രട്ടറി ഷിജോ പൗലോസ് ഉള്‍പ്പടെ എല്ലാ ഭാരവാഹികളും നല്‍കിയ പിന്തുണ എത്ര പ്രശംസിച്ചാലും മതിയാകാത്തതാണെന്നും സുനില്‍ പറഞ്ഞു. സ്പോണ്‍സര്‍മാരുടെ വലിയ പിന്തുണയാണ് ഈ സമ്മേളനത്തിന്റെ വിജയത്തില്‍ ഏറ്റവും പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ ശബ്ദമായി മാധ്യമങ്ങൾ മാറണമെന്നും സമൂഹത്തിന്റെ നീതിബോധമായി എന്നും നിലനിൽക്കണമെന്നും ചടങ്ങിൽ സംസാരിച്ച പാലക്കാട് എംപി വികെ ശ്രീകണ്ഠൻ പറഞ്ഞു. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ എല്ലാവർക്കും ലഭിക്കണം. അത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് മാധ്യമങ്ങളാണ്. എന്നാൽ ഇന്നത്തെ കാലത്ത് മാധ്യമങ്ങൾക്കുമേൽ അപ്രഖ്യാപിതമായ നിയന്ത്രണങ്ങളുണ്ട്. ഭരണകൂടം തന്നെ മാധ്യമ ധ്വംസനം നടത്തുകയാണ്. ഭരിക്കുന്നവർ അപ്രിയമായ വാർത്തകൾ കൊടുക്കുന്ന മാധ്യമ പ്രവർത്തകരെ ഉന്മൂലനം ചെയ്യുകയാണ്.
സദസ്സിനെ ചിരിയുടെ മാലപ്പടക്കങ്ങൾ കൊണ്ട് രസിപ്പിക്കാനും ശ്രീകണ്ഠൻ എംപി മറന്നില്ല. ഐപിസിഎൻഎ എന്ന സംഘടന 20 വർഷമായി മികച്ച രീതിയിൽ പടർന്നുപന്തലിച്ചിട്ടും പിളരാതിരിക്കുന്നതിന്റെ രഹസ്യം തനിക്ക് പിടികിട്ടിയെന്ന് എംപി പറഞ്ഞു. എല്ലാ രണ്ടു വർഷം കൂടുമ്പോഴും ഭാരവാഹികൾ മാറും. മാറുന്ന ഭാരവാഹികൾക്ക് എല്ലാം അഡ്വൈസറി ബോർഡിൽ വലിയ സ്ഥാനങ്ങളുണ്ട്. അപ്പോൾ എല്ലാവർക്കും സന്തോഷം, ആർക്കും സ്ഥാനമാനങ്ങൾ നഷ്ടമാവുന്നില്ല. ഇത് രാഷ്ട്രീയ പാർട്ടികളിലും പരീക്ഷിക്കാവുന്നതാണ് എന്ന് ശ്രീകണ്ഠൻ പറഞ്ഞു.
വെറും പുഴയായി എത്തിയ അതിഥികളായ തങ്ങളെല്ലാം പൂഞ്ചോലയായാണ് തിരികെ പോകുന്നത് എന്ന് റാന്നി എംഎൽഎ പ്രമോദ് നാരായൺ പറഞ്ഞു. അത്രമേൽ സ്നേഹവും കരുതലും തന്ന ഐപിസിഎൻഎയുടെ ആതിഥേയത്വത്തിന് നൂറിൽ നൂറു മാർക്കും നൽകുമെന്ന് എംഎൽഎ അറിയിച്ചു.
മലയാളത്തോടും മലയാള മാധ്യമപ്രവർത്തനത്തോടും ഇത്ര സ്നേഹവും മമതയും പുലർത്തുന്ന യുഎസിലെ മലയാളി കൂട്ടായ്മയായ ഐപിസിഎൻഎക്ക് നന്ദി അറിയിക്കുന്നതായി മനോരമ ന്യൂസ് ടിവി ഡയറക്ടർ ജോണി ലൂക്കോസ് പറഞ്ഞു. മികച്ച സംഘാടനം കാഴ്ചവച്ച സുനിൽ ട്രൈസ്റ്റാറിന്റെ നേതൃത്വം ഫൈവ് സ്റ്റാർ ആണെന്നും ജോണി ലൂക്കോസ് പ്രശംസിച്ചു.
ബിലീവേഴ്സ് ചർച്ച് മാനേജിങ് ഡയറക്ടർ ഫാ. സിജോ പന്തപ്പള്ളിൽ, മാധ്യമ പ്രവർത്തകരായ അബ്ജോദ് വർഗീസ് -( ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് എഡിറ്റർ), ഹാഷ്മി താജ് ഇബ്രാഹിം – (24 ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ) , സുജയാ പാർവതി – (റിപ്പോർട്ടർ ചാനൽ കോർഡിനേറ്റിങ് എഡിറ്റർ), മോത്തി രാജേഷ് – (സീനിയർ സബ് എഡിറ്റർ, മാതൃഭൂമി ടി വി), ലീൻ ബി ജെസ്‌മസ് – (ന്യൂസ് 18 കൺസൽറ്റിങ് എഡിറ്റർ) എന്നിവരും ചടങ്ങിൽ സംസാരിച്ചു.
ഐപിസിഎൻഎ സെക്രട്ടറി ഷിജോ പൗലോസ്, വിശാഖ് ചെറിയാൻ ട്രഷറർ), സുനിൽ തൈമറ്റം (അഡ്വൈസറി ബോർഡ് ചെയർമാൻ), രാജു പള്ളത്ത് (പ്രസിഡന്റ് ഇലക്ട്-2026-27), അനിൽ കുമാർ ആറന്മുള (വൈസ് പ്രസിഡന്റ്), ആഷാ മാത്യു (ജോ. സെക്രട്ടറി), , കോൺഫറൻസ് ചെയർ സജി ഏബ്രഹാം , ഷോളി കുമ്പിളുവേലി, ഐപിസിഎൻഎ മുൻ ഭാരവാഹികൾ, അമേരിക്കയിലെ മാധ്യമപ്രവർത്തകർ എന്നിവരെല്ലാം ചടങ്ങിൽ സന്നിഹിതരായിരുന്നു. മധു കൊട്ടാരക്കര, മാത്യു വർഗീസ് എന്നിവർ എംസിമാരായിരുന്നു.