ഇന്നിങ്ങനെ അരങ്ങൊഴിഞ്ഞവരെ ഓർത്തിരിക്കുമ്പോൾ മുണ്ടമ്മയേയും അമ്മാളു വല്യമ്മയേയും മറന്ന് പോവുന്നതെങ്ങനെ?
കല്യാണം കഴിയുന്നത് വരെ അടുക്കള എന്നത് രുചിയുള്ള ഭക്ഷണം കഴിക്കാൻ മാത്രമുള്ള ഇടം എന്നായിരുന്നു ഞാൻ മനസ്സിലാക്കിയിരുന്നത്. കൈ പൊള്ളാൻ സാധ്യതയുള്ള ഒരപകട മേഘലയായി അടുക്കളയെ ഡാഡി കണക്കിലെടുക്കുക കൂടി ചെയ്തപ്പോൾ എനിക്ക് കാര്യങ്ങൾ എളുപ്പമായി. അടുക്കളപ്പുകയിൽ നിന്ന് രക്ഷപ്പെടാൻ ഒരു പാട് പഠിക്കാനുണ്ടെന്ന കള്ളത്തിൻ്റെ ആവരണത്തിൽ പൊതിഞ്ഞ് ഞാൻ നോവലുകൾ വായിച്ചു രസിച്ചു.
"കല്യാണം കഴിഞ്ഞ് പോയാൽ നീ ശരിക്കും കഷ്ടപ്പെടുമെന്ന " മമ്മിയുടെ ആവലാതി, "അതൊക്കെ അപ്പഴല്ലേ, നന്നായി ഭക്ഷണമുണ്ടാക്കി തരുന്ന ഒരാളെക്കൊണ്ട് കല്യാണം കഴിപ്പിച്ചാൽ മതി " എന്നൊരു തർക്കുത്തരത്തിൽ ഞാൻ അവസാനിപ്പിച്ചു.
കല്യാണവും സത്കാരവും കഴിഞ്ഞപ്പോഴപ്പോഴാണ് ഭക്ഷണപ്രിയനായ ഒരാളാണ് കൂടെയെന്നു മനസ്സിലായത്. പുതുമോടിയിലെ സത്കാരങ്ങളുടെ ബഹളത്തിൽ അടുക്കളയുടെ കാര്യമേ മറന്ന് പോയി. പിന്നീട് ദുബായിലെത്തിയപ്പോഴാണ്
കളി കാര്യമായത്. ഇത്രയും കാലം, അടുക്കള ഭരിച്ചയാൾ നിർദ്ദയം കൈ കഴുകി. എനിക്കാണെങ്കിൽ മര്യാദക്ക് ചോറു പോലും വെക്കാനറിയാത്ത അവസ്ഥ. ഇന്നത്തെ പോലെ പാചക ചാനലുകൾ ഒന്നുമില്ലാത്ത കാലം. എങ്ങിനെയൊക്കെയോ തിരിഞ്ഞ് മറിഞ്ഞ് നാട്ടിലെത്തിയപ്പോൾ മമ്മി ഞാനപ്പഴേ പറഞ്ഞിരുന്നില്ലേ എന്ന്
നിർദ്ദയയായി.
ഭർത്താവിൻ്റെ വീട്ടിലെത്തിയപ്പോൾ അവിടെ അമ്മാളു വല്യമ്മയുണ്ട്. പാചകക്കാര്യത്തിൽ ഒരു ദാക്ഷിണ്യവുമില്ലാത്ത തനി അമ്മായിഅമ്മ. ചോറും കൂട്ടാനും വെക്കാനറിയാത്ത പെണ്ണിനെ കല്യാണം കഴിച്ച് ഞങ്ങളുടെ മോൻ കഷ്ടപ്പെട്ടു പോയെന്ന പരാതിയായിരുന്നു വല്യമ്മക്ക് ഏറെ. എന്നാലും കൂടെ നിർത്തും.
എനിക്ക് കിട്ടിയ ആദ്യ പണി കൂട്ടാൻ്റെ കഷണം മുറിക്കലായിരുന്നു. കൂട്ടുകറിയുടെ ചേനയും കായയും കടലക്കയുടെ പാകത്തിനെന്നും മെഴുക്കുപുരട്ടിയുടെ കയ്പക്കയും 'പയറും ചെറുവിരൽ നീളത്തിലെന്നും പുളിങ്കറിയുടെ വെള്ളരിക്ക കൃത്യമായ സമചതുരക്കട്ടയായിരിക്കണമെന്നും കർക്കശക്കാരിയായി. എരുവിനും മുളകിനും പുളിക്കും മനക്കണക്കാണ്. കഷണം വേവുന്നതിനു മുൻപും പിൻപും ഉപ്പിടേണ്ട കഷണങ്ങൾ ഉണ്ടെന്ന പുതിയ അറിവ് എൻ്റെ തല പുകച്ചു. സാമ്പാറിന് തേങ്ങയും മല്ലിയും വറുക്കുമ്പോൾ സ്വർണ്ണ നിറത്തിനപ്പുറവും കാപ്പിക്കളറിനിപ്പുറവുമായി ഒരു തിളങ്ങുന്ന നിറമുണ്ടത്രെ !
ഇങ്ങിനെ പോയാൽ ഞാൻ പാചകം പഠിക്കില്ലെന്ന് എനിക്ക് മനസ്സിലായി. എത്രയൊക്കെ കഷ്ടപ്പെട്ടാലും എനിക്കാ രുചി വരുന്നില്ല. വെളിച്ചെണ്ണക്കും കടുകിനും കറിവേപ്പിലക്കും തമ്മിലുള്ള അനുപാതത്തിനൊപ്പം തീയുടെ ചൂടിൻ്റെ അനുപാതം കൂടി കൂട്ടിക്കിഴിച്ചപ്പോൾ പാചകത്തിൽ ഞാൻ തോറ്റുപോയി. അടുക്കളയിലെ ചെമ്പും കലവും വരെ എന്നെ പരിഹസിച്ച് ചിരിക്കാൻ തുടങ്ങി.
അടുക്കളപ്പുറത്ത് കുശുകുശുക്കലുകളുയർന്ന ഒരു ദിവസമാണ് ഞാൻ എല്ലാവരും മുണ്ടമ്മ എന്ന് വിളിക്കുന്ന അവിടത്തെ അമ്മമ്മയുടെ വീട്ടിൽ പോയത്. എൻ്റെ പരവേശം കണ്ടപ്പോൾ ഒരാഴ്ച ഇവിടെ തൻ്റെ കൂടെ നിൽക്കെന്ന് മുണ്ടമ്മ ഉദാരയായി പിടിച്ച് നിർത്തി.
എനിക്ക് പറയാനുള്ള സങ്കടങ്ങൾ മുഴുവൻ പെയ്തൊഴിഞ്ഞപ്പോൾ ഞാനും മുണ്ടമ്മയും സമാന ഹൃദയരായി. പ്രശസ്തനായ വിഷചികിത്സകനും, കാരുണ്യനിധിയുമായ അച്ഛന്റെ ഒറ്റ മകളായ മുണ്ടമ്മക്കും ഓർക്കാനും പറയാനും പാചകമറിയാക്കഥകൾ ഒരു പാട് ! കാലവും ആവശ്യവും നമ്മെ കൈവിടില്ല എന്നതിന് തെളിവാണ് താൻ മുണ്ടമ്മ സാക്ഷ്യം പറഞ്ഞു.
നമുക്ക് ഒന്നിച്ചൊരു പിടി ചോറ് വെക്കാം എന്ന് കൂടെ നിന്നു.
മുണ്ടമ്മ ഒന്നും പഠിപ്പിച്ചില്ല. കാണിച്ചു തന്നു . ഈശ്വര ധ്യാനവുമായി പാചകത്തെ ചേർത്ത് നിർത്തി. ഒക്കെ ദൈവത്തിൽ സമർപ്പിച്ചു കൊണ്ട്, പേരക്കുട്ടിയുടെ ഇഷ്ട ഭക്ഷണ സാധനങ്ങൾ, ഒരു സദ്യവട്ടം, ഒക്കെയെന്നെ പഠിപ്പിച്ചു. കഷണം മുറിക്കുന്നതിന്റെ
കണക്കുകൾക്കൊപ്പം , പാചകത്തിന്റെ രുചിയേയും വേവിനെയും നിയന്ത്രിക്കുന്ന ഒരു മന്ത്രജാലമുണ്ടെന്ന് മുണ്ടമ്മ കാട്ടിത്തന്നു. ഒരു കഞ്ഞി വെക്കുമ്പോൾ പോലും രുചിയുടെ പാകമുണ്ടെന്ന് മുണ്ടമ്മ അനുഭവിപ്പിച്ചു.
അച്ഛന്റെ വാത്സല്യത്തിന് തൃമധുരത്തിന്റെ രുചിയായിരുന്നെന്ന് ഓർത്തുകൊണ്ട് മുണ്ടമ്മ
പായസങ്ങൾ ഉണ്ടാക്കി. വലിയ ഒരോട്ടുരുളിയിൽ ചെറുപയർപരിപ്പ് ശർക്കരയിലും നെയ്യിലും വരട്ടി തൻപാലെന്നും മുൻപാലെന്നും മാറ്റിവെച്ച തേങ്ങാപ്പാലിൽ കുറുക്കി നെയ്യിൽ വാട്ടിയ തേങ്ങാ കൊത്തുകളുകൾക്കൊപ്പം ഏലക്കാപ്പൊടി പാറ്റി വാഴയിലയിൽ വിളമ്പിത്തന്നു. പായസത്തിൻ്റെ രുചി ഞാൻ ആദ്യമായായിരുന്നു അനുഭവിക്കുന്നത്. നെയ്യും തേനും കടഞ്ഞ് അതിൽ കൽക്കണ്ടവും ഉണക്കമുന്തിരിയും പച്ചക്കർപ്പൂരത്തിൻ്റെ പൊടിയും ചേർത്ത് കൈവെള്ളയിൽ ഇറ്റിച്ച് കൊണ്ട് മുണ്ടമ്മ മധുരമായി ചിരിച്ചു. ഇതാണ് പണ്ട് അച്ഛൻ ഉണ്ടാക്കിത്തരുന്ന തൃമധുരമെന്ന് കണ്ണ് നിറച്ചു. ഉണ്ണിയപ്പത്തിന് ചേരുവകൾ കൂട്ടുമ്പോൾ മുണ്ടമ്മ കണ്ണുകളടക്കും. ധ്യാനനിമിലീതയാവും. അടുക്കളയിൽ ഒരു ഭഗവതിയുണ്ടത്രെ ! അന്നമെന്നാൽ ദൈവമാണെന്നും ഉള്ളിലാളിക്കത്തുന്ന അഗ്നി ശമിപ്പിക്കുന്ന അമൃതാണെന്നും മുണ്ടമ്മ വീണ്ടും വാചാലയായി. ധ്യാനമാണ്, ആത്മസാക്ഷാത്കാരമാണ് പാചകമെന്ന് ആവർത്തിച്ചു.
പാചകത്തോടൊപ്പം മുണ്ടമ്മ ജീവിതവും പഠിപ്പിച്ചു. ദുഃഖദുരിതങ്ങളിൽ തളർന്ന് പോവരുതെന്ന് ഉപദേശിച്ചു. കയറ്റത്തിനൊരു ഇറക്കമുണ്ടെങ്കിലും അത് എങ്ങിനെ ഇറങ്ങണമെന്നത് നമ്മുടെ തീരുമാനമാണെന്ന് പറഞ്ഞു തന്നു. കരഞ്ഞു കൊണ്ട് ഇറങ്ങുന്നതിനേക്കാൾ നല്ലതാണ് സമചിത്തത കൈവിടാതിരിക്കുന്നത് എന്ന് ദീർഘ നിശ്വാസം വിട്ടു. താൻ നടന്നിറങ്ങിയ ദുരിതപർവ്വത്തെക്കുറിച്ച് പറഞ്ഞു കണ്ണുകളടച്ചു.
എനിക്ക് യോഗമായയായ ദേവിയാണ് മുണ്ടമ്മയെന്ന് ഞാൻ പകുതി തമാശയായും കാര്യമായും പറയുമ്പോൾ കണ്ണിറുക്കി ചിരിക്കും.
യുവതലമുറയ്ക് ഒപ്പം ചിന്തിക്കാൻ മുണ്ടമ്മക്ക് കഴിഞ്ഞിരുന്നു.
കർപ്പൂരാദി തൈലത്തിന്റെയും, ഭസ്മത്തിന്റെയും, ഗന്ധത്തോടൊപ്പം,
കൈതപ്പൂവിന്റെ മണമുള്ള ഫാരൻഹെറ്റ് എന്ന പെർഫ്യൂമിനെയും ഇഷ്ടപ്പെട്ടിരുന്നു !
മുണ്ടമ്മയോടൊപ്പം കർശനക്കാരിയായ അമ്മാളു വല്യമ്മയും എൻ്റെ ഗുരുവായി മനസ്സിലുണ്ട്. പല പ്രായോഗിക പൊടിക്കൈകളും ചിരിക്കാത്ത മുഖത്തോടെ അവർ എനിക്ക് പകർന്ന് തന്നിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞത് അല്പം വൈകിയായിരുന്നു.
ഇന്നിപ്പോൾ എൻ്റെ അടുക്കളയിലും മായാജാലങ്ങൾ വിരിയാറുണ്ട്. പായസമായും ബിരിയാണിയും ഉണ്ണിയപ്പമായും അവയിങ്ങനെ വിടർന്ന് വരാറുണ്ട് !
അപ്പോഴൊക്കെ
അടുക്കള ഭഗവതിയായി മുണ്ടമ്മ എന്റെ മുന്നിലുണ്ടാവും.
രുദ്രാക്ഷമാലയുടെ മണികൾ ചേർത്ത് പിടിച്ച് കണ്ണുകളടച്ച് ധ്യാനയോഗത്തിലിരിക്കുന്ന മുണ്ടമ്മ.