Image

ജോർജ് തുമ്പയിലിന് ഇന്ത്യ പ്രസ് ക്ലബിന്റെ 'പയനിയർ ഇൻ ജേർണലിസം' അവാർഡ്

Published on 13 October, 2025
ജോർജ് തുമ്പയിലിന്  ഇന്ത്യ പ്രസ് ക്ലബിന്റെ 'പയനിയർ ഇൻ ജേർണലിസം' അവാർഡ്

എഡിസൺ, ന്യു ജേഴ്‌സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 'പയനിയർ ഇൻ ജേർണലിസം'  അവാര്‍ഡ് പ്രശസ്ത മാധ്യമ പ്രവർത്തകൻ  ജോര്‍ജ് തുമ്പയിലിനു പ്രമോദ് നാരായൺ എം.എൽ. എ സമ്മാനിച്ചു. ഇന്ത്യ പ്രസ് ക്ലബിന്റെ അന്താരാഷ്ട്ര  കോൺഫറൻസിൽ എം.പി.മാരായ  എൻ.കെ. പ്രേമചന്ദ്രൻ, വി.കെ. ശ്രീകണ്ഠൻ, നാട്ടിൽ നിന്ന് എത്തിയ പ്രമുഖ മാധ്യമ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവാർഡ് സമ്മാനിച്ചത്.  

കൈവച്ച രംഗങ്ങളിലെല്ലാം മികവ് തെളിയിച്ച  ബഹുമുഖ പ്രതിഭയായ  ജോര്‍ജ് തുമ്പയിലിനു ഇത് അർഹതക്കുള്ള  അംഗീകാരമായി. ദൃശ്യ, ശ്രാവ്യ, അച്ചടി മേഖലകളിലെല്ലാം സ്വന്തം തട്ടകമൊരുക്കി തുമ്പയിൽ ശ്രദ്ധേയനായിട്ട്  32  ആണ്ട്  പിന്നിടുന്നു.  തൂലികയുടെ അക്ഷരത്തുമ്പില്‍ നിന്നും ഇറ്റുവീണ പുസ്തകങ്ങളും നിരവധി.  

മുൻപുണ്ടായിരുന്ന  പ്രമുഖ വാര്‍ത്താവാരിക 'മലയാളംപത്ര'ത്തിന്റെ നാഷണല്‍ കറസ്‌പോണ്ടന്റ്, ഇപ്പോൾ ഇ-മലയാളി സീനിയര്‍ എഡിറ്റര്‍, മനോരമ ഓണ്‍ലൈന്‍ കറസ്‌പോണ്ടന്റ്, എന്നിവക്ക് പുറമെ വിവിധ  സംഘടനകളുടെ മീഡിയ ലയസണ്‍ ഓഫീസറും പബ്ലിക് റിലേഷന്‍സ് ഓഫീസറുമായി സേവനമനുഷ്ഠിക്കുന്നു.  എംസി.എന്‍ ചാനലിലെ "കാഴ്ച ഈ ആഴ്ച" എന്ന പരിപാടിയുടെ ചീഫ് ന്യൂസ് എഡിറ്ററായിരുന്നു. ഏഷ്യാനെറ്റിലും വാർത്താവതാരകനായി പ്രവർത്തിച്ചിട്ടുണ്ട്.



വിമാനറാഞ്ചികളെന്നു കരുതി നടി  സംയുക്ത വർമ്മയും  സംഘവും അറസ്റ്റിലായ വാര്‍ത്ത (2002 മലയാള മനോരമ) ചൂടും ചൂരും നഷ്ടപ്പെടുത്താതെ ലോകമെമ്പാടുമുള്ള മലയാളികളിലെത്തിച്ച തുമ്പയില്‍ 9/11 വാര്‍ത്തകള്‍ മനോരമയുടെ ഒന്നാം  പേജില്‍ വരത്തക്കവണ്ണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

മലയാളത്തെയും കേരളത്തെയും വിദേശരാജ്യങ്ങളില്‍ പരിപോഷിപ്പിക്കാന്‍ ആവേശം കാണിക്കുന്ന ജോര്‍ജ് തന്റെ മാധ്യമ മണ്ഡലങ്ങളിലൊക്കെ ഈ വിഷയത്തിന് കാര്യമായ സംഭാവനകള്‍ നല്‍കാറുണ്ട്. ദൃശ്യമാധ്യമ രംഗത്ത് വൈഡ് ആംഗിള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഹൃത്തുക്കളുമായി രൂപപ്പെടുത്തിയെടുത്തു വിജയിപ്പിച്ച യു.എസ് റൗണ്ടപ്പ് പരിപാടികള്‍ക്ക് 2006ല്‍ ഏഷ്യാനെറ്റ് പുരസ്‌ക്കാരം ജോര്‍ജിനെ തേടിയെത്തി.



2009ല്‍ അന്നത്തെ മന്ത്രിയായിരുന്ന ബിനോയ് വിശ്വം പത്രപ്രവര്‍ത്തനത്തിലെ മികവിന് ഇന്ത്യ പ്രസ് ക്ലബ് നാഷണല്‍ കോണ്‍ഫറന്‍സില്‍ പൊന്നാട ചാര്‍ത്തിയാണ് ആദരിച്ചത്.

 'മലയാളംപത്ര'ത്തെ പ്രതിനിധീകരിച്ച് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ ബ്രസീല്‍ സമ്മിറ്റില്‍ പങ്കെടുത്ത് റിപ്പോര്‍ട്ട് ചെയ്തു. 2000 ല്‍ ഓസ്‌ട്രേലിയയില്‍ ഒളിമ്പിക്‌സും റിപ്പോര്‍ട്ട് ചെയ്തു. 2004 ൽ ഏഥൻസ് ഒളിമ്പിക്സിൽ 'മലയാളം പത്ര'ത്തിന് വേണ്ടി റിപ്പോർട്ട് ചെയ്തു.

സമയരഥമുരുളുന്ന പുണ്യഭൂമി (വിശുദ്ധനാടുകളിലേക്കുള്ള യാത്രാവിവരണം), ജന്മഭൂമിയുടെ വേരുകള്‍ തേടി (ഇന്ത്യന്‍ യാത്രാവിവരണം), ഒരു പിറന്നാളിന്റെ ഓര്‍മ്മയ്ക്ക് (എം.ടി വാസുദേവന്‍ നായരെക്കുറിച്ച്), ഭൂമിക്കുമപ്പുറത്തു നിന്ന് (ചെറുകഥ സമാഹരണം), ദേശാന്തരങ്ങള്‍ (യാത്രാവിവരണം) ഡി സി ബുക്ക്സ് കോവിഡ് കാലത്ത് പ്രസിദ്ധീകരിച്ച മുരളി തുമ്മാരുകുടിയുടെ "കൊറോണക്കാലത്തെ വീട് എന്ന ഒരു അധ്യായമുള്ള  പുസ്തകം എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

2007 മുതല്‍ തുടര്‍ച്ചയായി 'മലയാളംപത്ര'ത്തില്‍ കോളം ചെയ്തു. ഗ്രൗണ്ട് സീറോ എന്ന കോളം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് 2008ല്‍ സമസ്യ എന്ന പേരിലും 2009ല്‍ ദേശാന്തരങ്ങള്‍ എന്ന പേരിലും തുടര്‍ച്ചയായി എഴുതി.

2010 ൽ "ലാളിത്യത്തിന്റെ സങ്കീർണതകൾ", 2011 ൽ "പരിണാമഗാഥ", 2012/ 13 ൽ "അപ്പോസ്തോല വഴിയിലൂടെ ഒരു തീർത്ഥയാത്ര ", "2014 ൽ പ്രകൃതിയുടെ നിഴലുകൾ തേടി", 2015 ൽ "പകൽക്കിനാവ്", 2017 ൽ "ലൗഡ് സ്പീക്കർ", എന്ന പേരിലും തുടർച്ചയായി എഴുതി.

2010ല്‍ ലാളിത്യത്തിന്റെ സങ്കീര്‍ണതകള്‍ എന്ന പേരിലെഴുതിയ കോളത്തിന് ഏറെ വായനക്കാരെ ലഭിച്ചു. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പരിണാമഗാഥകള്‍ എന്ന പേരില്‍ ഒരു വര്‍ഷം തുടര്‍ച്ചയായി 'മലയാളംപത്ര'ത്തിലൂടെ മികച്ച വായനാനുഭവം നല്‍കി. ടര്‍ക്കി/ ഗ്രീസ് യാത്രാവിവരണം 2012-2013ല്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു. 'മലയാളംപത്ര'ത്തിനു പുറമേ, പ്രകൃതിയുടെ നിഴലുകള്‍ തേടി എന്ന പേരില്‍ 2014ല്‍ കേരളത്തിലെ പ്രസിദ്ധങ്ങളായ സഞ്ചാരഭൂപടത്തെക്കുറിച്ച് പ്രമുഖ വാര്‍ത്താ വെബ്‌സൈറ്റായ ഇ-മലയാളിയിലും എഴുതി. 'മലയാളം പത്രം'  നിന്നതിന് ശേഷം 'കേരള എക്സ്പ്രസി'ലും  തുടർച്ചയായി കോളങ്ങൾ ചെയ്തുവന്നു.



ഫൈന്‍ ആര്‍ട്‌സ് മലയാളം ആര്‍ട്‌സ് ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറി, പിന്നീട് മൂന്നുതവണ സെക്രട്ടറി, രണ്ട്  തവണ പ്രസിഡന്റ്, ഇപ്പോൾ ചെയർമാൻ  എന്നീ നിലകളിലും പ്രവര്‍ത്തിക്കുകയും നാടകാവതരണത്തില്‍ പങ്കാളിയാകുകയും ചെയ്യുന്നു. അമേരിക്കയിലും കാനഡയിലും മലേഷ്യയിലും വിവിധ സ്‌റ്റേജുകളില്‍ നാടക അഭിനേതാവായി കൈയടി നേടുകയും ചെയ്തു.

അമേരിക്കയിലുടനീളം അവതരിപ്പിച്ച  നിരവധി  കലാസാംസ്‌കാരിക പരിപാടികളുടെ സ്‌റ്റേജ് പ്രോഗ്രാമിന്റെ അവതാരകന്‍ എന്ന നിലയിലും  ശ്രദ്ധേയന്‍. കേരളസര്‍ക്കാര്‍, ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗൺസിൽ  എന്നീ സംഘടനകളുടെ   പരിപാടികള്‍ ആസ്വാദകര്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. ഗാനഗന്ധര്‍വ്വന്‍ യേശുദാസ് ഏറെക്കാലത്തിനു ശേഷം ലൈവ് പ്രോഗ്രാം നടത്തിയ ദാസേട്ടന്‍ യസ്റ്റര്‍ഡേ, ടുഡേ എന്ന പരിപാടിയുടെയും അവതാരകനായിരുന്നു.  ക്രൈസ്തവ ഭക്തിഗായകന്‍ ബിനോയ് ചാക്കോയുമായി   ചേര്‍ന്ന് സ്‌നേഹം, ഹൃദ്യം, സോള്‍ഫുള്‍ മെലഡീസ് (സോള്‍ഫുള്‍ മെലഡീസ്1, സോള്‍ഫുള്‍ മെലഡീസ് 2)  എന്നീ ഓഡിയോ ആല്‍ബങ്ങള്‍ നിര്‍മ്മിച്ചു.



മാര്‍ത്തോമാ സഭയുടെ പരമാദ്ധ്യക്ഷന്‍ വിമാനത്തില്‍ ജന്മദിനം ആഘോഷിച്ച കഥ ആദ്യമായി റിപ്പോര്‍ട്ട്‌ചെയ്തു. ചുഴലികൊടുങ്കാറ്റ് ഐറീന്‍ അമേരിക്കയില്‍ വരുത്തിയ നാശനഷ്ടങ്ങള്‍ക്കു നടുവില്‍ നിന്നും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പോലും തകരാറിലായ സമയത്തും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുമ്പയിലിനു കഴിഞ്ഞത് ഏറെ പ്രംശസനീയമായി. ഇതിനു പുറമെ, കേരളത്തില്‍ പ്രശസ്തരായ നിരവധി പ്രമുഖരെ അഭിമുഖം നടത്താനും അവസരം ലഭിച്ചു.

അമേരിക്കന്‍ മലയാളികളുടെ മാധ്യമകൂട്ടായ്മയുടെ തുടക്കം മുതല്‍ക്കുതന്നെ ജോര്‍ജിന്റെ സഹകരണമുണ്ട്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2010-12 വര്‍ഷങ്ങളില്‍ നാഷണല്‍ ട്രഷററായിരുന്നു. സംഘടനയുടെ ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008-2009 ല്‍ ന്യൂജേഴ്‌സി കേരള അസോസിയേഷന്റെ മീഡിയ പബ്ലിക്കേഷന്‍സ് ലയസണ്‍ ഓഫീസറായിരുന്നു. അതേവര്‍ഷം തന്നെ ന്യൂജേഴ്‌സി എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ പി.ആര്‍.ഒ യുമായിരുന്നു. അമേരിക്കന്‍ ഭദ്രാസന ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സിന്റെയും മാധ്യമ പ്രതിനിധിയായി 2009 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.  



പുരസ്‌കാരങ്ങളും അവാര്‍ഡുകളും നിരവധി തവണ ജോര്‍ജിനെ തേടിയെത്തി. മികച്ച ന്യൂസ് റിപ്പോര്‍ട്ടിംഗിന് ആദ്യമായി ന്യൂജേഴ്‌സി കേരള കള്‍ച്ചറല്‍ ഫോറം 1994ല്‍ പുരസ്‌കാരം നല്‍കി. മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് ഫൊക്കാനയുടെ പുരസ്‌ക്കാരം 1994ലും 1996ലും ലഭിച്ചിട്ടുണ്ട്. മികച്ച വികസനാത്മക റിപ്പോര്‍ട്ടിനുള്ള പുരസ്‌ക്കാരവും ഈ വര്‍ഷങ്ങളില്‍ ഫൊക്കാനയില്‍ നിന്നും ലഭിച്ചു. ''ഈ മലയാളി'' അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഫോറത്തിന്റെ മികച്ച പെര്‍ഫോമന്‍സിനുള്ള 2003ലെ പുരസ്‌കാരമാണ് ശ്രദ്ധേയമായ മറ്റൊന്ന്. പുറമേ ഇന്ത്യ  കാത്തലിക് അസോസിയേഷന്റെ മികച്ച ലേഖനത്തിനുള്ള അവാര്‍ഡും ആ വര്‍ഷം തന്നെ ലഭിച്ചത് നേട്ടമായി. തുടര്‍ന്ന് ഇതേ പുരസ്‌ക്കാരം 2004ല്‍ ഫൊക്കാനയില്‍ നിന്നും ലഭിച്ചു.

ഫോമ, നാമം  എന്നീ സംഘടനകളും പുരസ്‌ക്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

2006 ല്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സാഹിത്യസംഭാവനകള്‍ക്ക് ഫൊക്കാനയില്‍ നിന്നുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങി.

രണ്ട്  തവണ  നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ജനറൽ സെക്രട്ടറിയായി റവ .ഡോ . വർഗീസ് എം ഡാനിയേലിനോടൊപ്പവും പ്രവർത്തിച്ചു. മൗണ്ട് ഒലിവ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ കൈക്കാരൻ ആയി രണ്ട് തവണ, സെക്രട്ടറി ആയി ആറ് തവണയും (ഇത്തവണയും സെക്രട്ടറി) സേവനമനുഷ്ഠിച്ചു.



2008ല്‍ മികച്ച ലേഖനങ്ങള്‍ക്കും മികച്ച മ്യൂസിക്കല്‍ ആല്‍ബത്തിനും ഫോമ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.  യാത്രാനുഭവങ്ങള്‍ തേടി ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ബ്രസീല്‍, സിംഗപ്പൂര്‍, മലേഷ്യ, ജര്‍മ്മനി, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, ടര്‍ക്കി, ഗ്രീസ്, ഇസ്രയേല്‍, ഇറ്റലി, വത്തിക്കാന്‍, ജോര്‍ദാന്‍, ഈജിപ്ത്, കോസ്റ്റാറിക്കാ, യു എ ഈ, കുവൈറ്റ് , ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ജമൈക്ക , മെക്സിക്കോ , ഗ്വാട്ടിമാല,പാനമ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഏറെക്കാലം സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്നതു കൊണ്ട് ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാനായി. കേരള ഗവണ്‍മെന്റ്, ഇന്ത്യന്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരുടെ പ്രത്യേക ക്ഷണിതാവായി ഇന്ത്യ ഒട്ടാകെ സന്ദര്‍ശിച്ചു.

നാലായിരത്തിലേറെ പേര്‍ ജോലി ചെയ്യുന്ന ന്യൂവാര്‍ക്ക് ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്ററിലെ എംപ്ലോയ് ഓഫ് ദി മംത്, കോര്‍വാല്യു അവാര്‍ഡ് ജേതാവ്, ഡിപ്പാര്‍ട്ട്‌മെന്റ് വിഷണറി അവാര്‍ഡ് ജേതാവ് മാനേജര്‍ ഓഫ് ദി മംത് ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  

അവിടെ റെസ്പിറേറ്ററി ഡിപ്പാര്‍ട്ട്‌മെന്റിലെ അസിസ്റ്റന്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ച് കഴിഞ്ഞ വർഷം റിട്ടയർ ചെയ്തു. ബെര്‍ഗന്‍ കൗണ്ടി കമ്യൂണിറ്റി കോളജില്‍ 16 വർഷം അഡ്ജങ്ക്റ്റ് ഫാക്കല്‍റ്റി അംഗവുമായിരുന്നു. ബെർഗൻ  കമ്യൂണിറ്റി കോളജ് , മോറിസ് കൗണ്ടി കോളജ് എന്നിവിടങ്ങളിൽ അഡ്വൈസറി ബോർഡ് അംഗവുമായിരുന്നു.  ഭാര്യ ഇന്ദിര ന്യൂവാര്‍ക്ക് ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്ററില്‍ നേഴ്‌സ് പ്രാക്ടീഷണർ ആയി റിട്ടയർ ചെയ്തു.  മകന്‍ ബ്രയന്‍ ഷിക്കാഗോയിൽ  എഞ്ചിനീയര്‍. മകള്‍ ഷെറിന്‍  ഫിസിഷ്യനും കണക്റ്റിക്കട്ട്  യേൽ  സ്‌കൂൾ ഓഫ് മെഡിസിനിൽ അസി. പ്രൊഫസറും റെസ്പിറേറ്ററി സ്ലീപ് മെഡിസിൻ ഉപമേധാവിയുമാണ്.  മരുമകന്‍ ജയ്‌സണ്‍ അക്കൗണ്ടന്റ്. മരുമകൾ ശ്രേയ - ഐ. ടി . രണ്ട് കൊച്ചുമക്കളുമുണ്ട്.

Join WhatsApp News
Mathew V. Zacharia, new yorker 2025-10-13 16:39:31
GEORGE thumpayil: well deserved recipient. All the best. MATHEW V.ZACHARIa, NEW YORKER
George Thumpayil 2025-10-13 21:19:09
Thank you Mr Mathew V. Zacharia. It meant a lot to me. Appreciate it.
Nainaan Mathullah 2025-10-13 22:14:30
Sorry, missed to appreciate your recognition. Good work will be rewarded one day. No doubt about it. If not in this world, in the other world.
Sudhir Panikkaveetil 2025-10-13 22:29:05
ശ്രീ ജോർജ് തുമ്പയിൽ സാർ - വളരെ സന്തോഷം ഈ വാർത്ത വായിക്കാൻ. അർഹമായ അവാർഡുകൾ ഇനിയും നിങ്ങളെ തേടിയെത്തട്ടെ. ആശംസകളോടെ, സ്നേഹത്തോടെ -സുധീർ
Kurian Pampadi 2025-10-13 22:52:21
Thumpayil, I am proud of you as a fellow Pampadiyan.
George Thumpayil 2025-10-14 00:30:25
വളരെയധികം നന്ദി, എല്ലാവർക്കും: Mr Ninan, Mathullah, Mr. Sudhir, മലയാള മാധ്യമ കലയിലെ കുലപതി ശ്രീ കുര്യൻ പാമ്പാടി (അഭിമാന പുരസ്‌രം പറയട്ടെ : എന്റെ നാട്ടുകാരൻ )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക