പമ്പാ മണപ്പുറത്തു 1895ൽ തുടക്കം കുറിച്ച ഏഷ്യയിലെ ഏറ്റവും വലിയ മാരാമൺ കൺവെൻഷനിലെ സ്തോത്ര ഗീതങ്ങളും പ്രഭാഷണങ്ങളും കേട്ടു കോരിത്തരിച്ചാണ് തേവർതുണ്ടിയിൽ ടി.ടി. ടൈറ്റസ് ബാല്യം പിന്നിട്ടത്. നന്മചെയ്യുക, കരുണകാട്ടുക, യേശുവിനെപ്പോലെ സമസൃഷ്ടികൾക്കായി ജീവൻ കൊടുക്കുക തുടങ്ങിയ സുവിശേഷ മന്ത്രങ്ങൾ അവനെ രൂപപ്പെടുത്തി.
കൺവൻഷൻ തുടങ്ങി പത്തു വർഷം കഴിഞ്ഞു 1905 ൽ ജനിച്ച ടൈറ്റസ് അങ്ങിനെയാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ സബർമതി തീരത്തുള്ള മഹാത്മജിയുടെ ആശ്രമത്തിൽ ഗോക്കളെ മേയ്ക്കാൻ എത്തിചേ രുന്നത്. ഗാന്ധിജി അവനെ ടൈറ്റസ് ജി എന്നു വിളിച്ച് ആശ്രമത്തിലെ ഡയറിഫാമിന്റെ സെക്രട്ടറിയായി നിയമിച്ചപ്പോൾ പ്രായം 25.
ടൈറ്റസ്‌ജി, ഭാര്യ അന്നമ്മ, മകൾ
ഇംഗ്ളീഷ് കോളനി വാഴ്ചക്കെതിരെ 1930 ഏപ്രിൽ 6നു സബർമതിയിൽ നിന്ന് ഗാന്ധിജി നയിച്ച ദണ്ഡി യാത്രയിൽ അനുയായികളായി തെഞ്ഞെടുത്ത 78 പേരിൽ ഒരാളായിരുന്ന ആ യുവാവ്. 386 കി മീ കാൽ നടയായി യാത്രചെയ്തു ദണ്ഡി കടൽ തീരത്തെത്തി ഉപ്പു സത്ര്യഗ്രഹത്തിൽ പങ്കെടുത്തതിന് ടൈറ്റസ് ജിയും സഹയാത്രികരും അറസ്റ് ചെയ്യപ്പെട്ടു ജയിലിൽ ആയി.
പദയാത്രയിൽ നാല് മലയാളികൾ ഉണ്ടായിരുന്നു-എൻ.പി. രാഘവൻ, സി. കൃഷ്ണൻ നായർ, ശങ്കരൻ എഴുത്ത ച്ഛൻ, ടൈറ്റസ് ജി, ഇവരിൽ ഏക ക്രിസ്ത്യാനിയായിരുന്നു ടൈറ്റസ് ജി തന്നെ. എല്ലാവരും തൊപ്പി ധരിച്ച് യാത്രചെയ്തപ്പോൾ ടൈറ്റസ് ജി മാത്രം അങ്ങിനെ ചെയ്തില്ല. അതിനെപ്പറ്റി ചോദിച്ചപ്പോൾ ഗാന്ധിജി പറഞ്ഞു: 'അതിനു ഞാൻ തൊപ്പി വയ്ക്കുന്നില്ലല്ലോ!'
1930ലെ ദണ്ഡി ഉപ്പു സത്യാഗ്രഹപദയാത്ര
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ താമ്രപത്രമോ സ്വാതന്ത്ര്യ പെൻഷനോ നേടാൻ ടൈറ്റസ് ജി ശ്രമിച്ചില്ല. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഡയറിഫാമുകൾ നടത്തി പ്രാവണ്യം തെളിയിച്ച അദ്ദേഹം 1980ൽ എഴുപത്തഞ്ചാം വയസിൽ ഭോപ്പാൽ തടാക തീരത്തുള്ള വസതിയിൽ അന്തരിച്ചു.
മാരാമൺ തേവർതുണ്ടിയിൽ മോളുമ്പ്രത്ത് ടൈറ്റസിന്റെയും കുറുംതോട്ടത്തിൽ ഏലിയാമ്മയുടെയും ഇളയപുത്രനായിരുന്നു ടൈറ്റസ്. മാരാമണ്ണിൽ ഹൈസ്‌കൂൾ പഠനം പൂത്തിയാക്കി അദ്ധ്യാപകനായി ജോലി നോക്കിയ ശേഷം അലഹബാദിലെ അഗ്രികൾച്ചറൽ ഇൻസ്റ്റിട്യൂട്ടിൽ ഡയറി ഫാമിങ് പഠിച്ചു. ഇൻസ്റ്റിട്യൂട്ട് ഇന്ന് അഗ്രി യുണിവേഴ്സിറ്റിയാണ്. സബർമതി ആശ്രമത്തിലെ ഗോശാല നോക്കി നടത്താൻ ആളെ വേണമെന്ന് പരസ്യം വന്നു.
തകർന്ന തറവാടിന് മുമ്പിൽ തേവർതുണ്ടിയിൽറെജു, ബാബു, പ്രൊഫ. സിഎം മാത്യു
സ്‌കൂളിൽ ഡ്രോയിങ് മാസ്റ്ററായി ജോലിനോക്കിക്കൊണ്ടിരുന്ന ജ്യേഷ്ടൻ ടി. ടി. കുരുവിള അനുജന് കത്തെഴുതി ആ ജോലിക്കു അപേക്ഷിക്കാൻ. ഇന്റർവ്യൂവിനു ക്ഷണിച്ചുകൊണ്ട് ഗാന്ധിജിയുടെ കത്തു ലഭിച്ചു. ജ്യേഷ്ടൻ കുരുവിള 'എന്റെ ഗുരുവായിരുന്നു' എന്ന് മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനായി വളർന്ന ഫിലിപ്പോസ് മാർ ക്രിസോസ്‌റ്റം ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ടൈറ്റസ് സബർമതിയിൽ എത്തി. ഗോശാല നോക്കണം. അടുക്കളയിൽ പണിയണം. ശുചിമുറികൾ വൃത്തിയാക്കണം. സൗജന്യ താമസവും വസ്ത്രവും ഭക്ഷണവുംനൽകും എന്ന് ഗാന്ധിജി പറഞ്ഞപ്പോൾ ടൈറ്റസ് ചോദിച്ചു: 'എന്തു ശമ്പളം തരും?'
അതിനു കാരണവും പറഞ്ഞു: 'നാട്ടിൽ പ്രായമായ പിതാവുണ്ട്. എനിക്ക് മാസം തോറും ചെറിയ തുക അയച്ചു കൊടുക്കണം. '. ഗാന്ധിജി അതിനു സമ്മതിച്ചു. പ്രതിമാസം അഞ്ചുരൂപ അയച്ചു കൊടുക്കാൻ ഏർപ്പാടു ചെയ്തു. മാത്രമല്ല 1934ൽ തിരുവിതാംകൂർ സന്ദർശിച്ച വേളയിൽ ആറന്മുള ക്ഷേത്രത്തിലേക്ക് പോകും വഴി മാരാമണ്ണിൽ എത്തി ശയ്യാവലമ്പിയായ മുതിർന്ന ടൈറ്റസിനെ കണ്ടു ആശ്വസിപ്പിക്കുകയും ചെയ്‌തു. 'സമാധനമായിരിക്കൂ, മകൻ സബർമതിതിയിൽ സുഖമായി കഴിയുന്നു,' മഹാത്മജി പറഞ്ഞു.
500 രൂപാനോട്ടിലെ സമര സഖാക്കൾക്കിടയിൽ ടൈറ്റസ് ജി; മകൻ തോമസ് ടൈറ്റസ്
ടൈറ്റസ്‌ജി 1934ൽ നാട്ടിൽ വന്നു കോഴഞ്ചേരിക്കടുത്ത് മേലുകര ഐക്കരേത്ത് അന്നമ്മയെ വിവാഹം ചെയ്തു. തന്നെക്കാൾ 12 വയസ് ഇളപ്പമായിരുന്നു അന്നമ്മ. ടൈറ്റസ്ജി 29, അന്നമ്മ 17. അന്നമ്മയുമായി ചെന്നുകണ്ടപ്പോൾ കയ്യിലെ സ്വർണ്ണവളകളും മാലയും ഊരിക്കൊടുക്കാൻ ഗാന്ധിജി നിർബന്ധിച്ചുവെന്നും അന്നമ്മക്ക് അങ്ങിനെ ചെയ്യേണ്ടി വന്നുവെന്നും ചരിത്രം.
മഹാത്മജിയുടെ പാദസ്പർശമേറ്റ മാരാമണ്ണിൽ ഞാൻ പോയത് പ്രധാനമായും ടൈറ്റസ് ജിയുടെ തറവാട് കാണാനാണ്. തേവർതുണ്ടിയിലെ പുതിയ തലമുറയിൽ പെട്ട റെജു എബ്രഹാം ചെട്ടിമുക്കിൽ നിന്ന് ചിറയിറമ്പത്തെ തറവാട് കാണിക്കാൻ കൂട്ടിക്കൊണ്ടു പോയി. കണ്ടത് ഞെട്ടിക്കുന്ന ചിത്രമായിരുന്നു. അടിപടലം തകർത്തിട്ടിരിക്കുന്ന ഒരു കെട്ടിടം. കടലും പടലും പിടിച്ച പരിസരം.
ഭോപ്പാലിൽ കഴിയുന്ന കാലത്ത് പണത്തിനു ഞെരുക്കംവന്നപ്പോൾ ടൈറ്റസ് ജി വീടും പറമ്പും വിൽക്കുകയായിരുന്നു. അന്നുപയോഗിച്ചിരുന്ന കാറും വിറ്റത്രേ. തറവാട് വാങ്ങി കെട്ടിടം ഇടിച്ചു കളഞ്ഞു പുതിയ പുര വച്ചതു അയൽക്കാരനായ മലേഷ്യൻ മലയാളി തോവോലിൽ ചുണ്ടോലിൽ പപ്പാ എന്ന മാത്യു. അദ്ദേഹം പണം അയച്ചു, പിതാവ് കുര്യൻ തോമസ് പഴയതു പൊളിച്ച് പുതിയൊരു വീടു പണിതു. . അതാണ് ഇപ്പോൾ ഇടിച്ചിട്ടിരിക്കുന്നത്.'
റിച്ചാർഡ് ആറ്റൻബറോയുടെ 'ഗാന്ധി' ചിത്രത്തിൽ ദണ്ഡി ഏറ്റുമുട്ടൽ
ആദ്യവീട് വാങ്ങിയ പപ്പായുടെ മകൻ ബാബു എന്ന സി.എം. മാത്യൂ തെല്ലൊരു ക്ഷമാപണത്തോടെ പറഞ്ഞു: 'ഞങ്ങൾ താമസിച്ചിരുന്ന വീടു പഴക്കം കൊണ്ടു ദ്രവിച്ച് തുടങ്ങിയിരുന്നു. ഏലി ശല്യവും കൂടി.' കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ ഫിസിക്സ് പ്രൊഫസറായി 2014ൽ റിട്ടയർ ചെയ്ത ബാബുവും ഭാര്യ സൂസനും തൊട്ടടുത്ത മോഡേൺ ഇരുനില വീട്ടിൽ താമസിക്കുന്നു.
ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു ബാബു- മേച്ചേരിൽ കൊച്ചുകളത്തൂർ തോമസ് മാത്യു-ഇടിച്ചു നിരത്തിയ തറയിൽ നിന്ന് ഒരു കൽപാത്രവും എതാനും ചിരട്ട തവികളും കണ്ടെത്തു കാറിൽ വച്ചു. 'ഉപ്പുമരവിയാണ്. കല്ലുപ്പ് കലക്കിയെടുക്കാൻ പണ്ടുപയോഗിച്ചിരുന്ന ഉപകരണം. മിക്കവാറും ടൈറ്റസ് ജി യുടെ വീട്ടിൽ ഉപയോഗിച്ചതാവണം,' പുരാവസ്തു തല്പരനായ ബാബു പറഞ്ഞു.
13 സഭാ മേലധ്യക്ഷർ ജനിച്ച പാലക്കുന്നത്തു തറവാട്ടിലെ എൽസി, തേവർതുണ്ടിയിൽ പെണ്ണമ്മ എബ്രാഹം
1957ലെ പകലോമറ്റം ചക്കാലയിൽ കുടുംബയോഗ ചരിത്രം പൊന്നുപോലെ സൂക്ഷിക്കുന്ന ആളാണ് ഈ ബാബു. ഏറ്റവും ഒടുവിലായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡി. ബാബു പോൾ രചിച്ച വേദശാബ്ദ രത്നാകരം എന്ന ആയിരത്തോളം പേജിൽ ആറുലക്ഷം വാക്കുകളുമുള്ള ബൈബിൾ നിഘണ്ടു വായിക്കു
ന്നു. ചക്കാലയിൽ നിന്ന് ഉത്ഭവിച്ച കുടുംബങ്ങളാണ് പാലക്കുന്നത്ത്, പടിഞ്ഞാറെമണ്ണിൽ തുടങ്ങിയവ. പടിഞ്ഞാറെമണ്ണിന്റെ ശാഖയാണ് തേവർതുണ്ടിയിൽ
റെജുവും ബാബുമാരുമൊത്തു ഞങ്ങൾ മാരാമൺ മാർത്തോമ്മാ പള്ളി സന്ദർശിച്ചു. 585 ആം ഇടവക ദിനം ആചരിക്കുന്ന പള്ളിയുടെ സവിശേഷ ചിത്ര പണികൾ ഉള്ള മുഖവാരത്തിനു മുമ്പിൽ ആദ്യകുർബാനക്ക് തയ്യാറെടുക്കുന്ന ഒരുപറ്റം കുട്ടികളെ കണ്ടു. അക്കൂടെ ആർക്കിടെക്ട് തറയിൽ മനുവിന്റെ ഭാര്യ സോമോളും മകളും ഉണ്ടായിരുന്നു. പള്ളിയുടെ പൗരാണിക പ്രൗഢിയെപ്പറ്റി അവരോട് സംസാരിച്ചു.
585 വർഷത്തെചരിത്രമുള്ള മാരാമൺ പള്ളി; ക്ലാസ്സ്മേറ്റ് തേവർതുണ്ടിയിൽ എലിസബത്തിനൊപ്പം ലേഖകൻ
മാത്തോമ്മാ സഭയുടെ സ്ഥാപകനേതാക്കൾ എബ്രഹാം മൽപ്പാൻ, മാത്യൂസ് മാർ അത്താനാസിയോസ്, , തോമസ് മാർ അത്താനാസിയോസ്, തീത്തൂസ് ഒന്നാമൻ, തീത്തൂസ് രണ്ടാമൻ തുടങ്ങി സഭയുടെ 21 ആമത് മെത്രപ്പോലീത്ത ജോസഫ് മാർത്തോമ്മാ വരെ പള്ളിയിൽ അംഗങ്ങൾ ആയിരുന്നു. അംഗമായിരുന്ന വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം പള്ളി സ്‌കൂളിൽ പഠിച്ചു.
ടൈറ്റസ് എന്നതിന്റെ ഗ്രാമ്യ പദമാണ് തീത്തൂസ്. തേവർതുണ്ടിയിൽ ടി.ടി.ടൈറ്റസ് എന്ന ടൈറ്റസ് ജിയും പള്ളിയിൽ അംഗമായിരുന്നു. ഇന്ന് ആയിരത്തോളം കുടുംബങ്ങൾ അംഗങ്ങളായുണ്ട്. ജീവിതസായാഹ്നത്തിൽ ഭോപ്പാലിലെ ആദ്യത്തെ മാർത്തോമ്മാ സഭാ കൂട്ടായ്മ രൂപീകരിച്ചത് ടൈറ്റസ് ജിയുടെ ഭവനത്തിലായി
രുന്നു. ഭോപ്പാൽ തടാകക്കരയിൽ സെന്റ് പീറ്റേഴ്സ് മാത്തോമ്മാ പള്ളിക്കു സ്ഥലം കൊടുത്തതും അദ്ദേഹം.
കോഴഞ്ചേരി രണ്ടാം പാലം പൂർത്തിയാവുന്നു
സഭയുടെ പതിമൂന്നു മേലധ്യക്ഷന്മാരെ സംഭാവന ചെയ്ത പാലക്കുന്നത്ത് തറവാടും ഞങ്ങൾ സന്ദർശിച്ചു. മാരാമൺ കൺവൻഷൻ നടക്കുന്ന മണപ്പരപ്പിന്റെ കരയിൽ ആ ഭവനം ഒരു വിശിഷ്ട്ട സ്മാരകമായി സംരക്ഷിച്ചിരികയാണ്. പാലക്കുന്നത്തെ ടിറ്റിയുടെ ഭാര്യ എൽസി എന്ന 87 കാരി ഓർമ്മകളുടെ ചെപ്പു തുറന്നു. എതിർവശത്ത് പമ്പക്കു കുറുകെ രണ്ടാമത്തെ കോഴഞ്ചേരി പാലത്തിന്റെ അവസാന പണികൾ പുരോഗമിക്കുന്നു. അടുത്ത ഫെബ്രുവരിൽ 131ആം കൺവൻഷനു മുമ്പ് പൂത്തിയാകാനാണ് പദ്ധതി.
ദണ്ഡിയാത്രയുമായി എനിക്കും ചില ബന്ധങ്ങൾ ഉണ്ട്. 2005ൽ ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയു
ടെ നേതൃത്വത്തിൽ ദണ്ഡിയാത്രയുടെ 75 ആം വാർഷികം പ്രമാണിച്ച് നടത്തിയ പുനർയാത്രയിൽ പങ്കെടുത്ത ആളാണ് ഞാൻ. ടൈറ്റസ് ജിയുടെ മകൻ തോമസ് ടൈറ്റസും പങ്കെടുത്തിരുന്നു. പക്ഷെ നൂ റുകണക്കിന് സന്നദ്ധ ഭടൻമാർക്കിടയിൽ അദ്ദേഹത്തെ തിരിച്ചറിയാൻ കഴിയാതെ പോയി. ആ യാത്രയെപ്പറ്റി തോമസ് ടൈറ്റസ് 2020 മാർച്ച് 7നലെ 'ദി വീക്ക്' വാരികയിൽ എഴുതിയ വിവരണം വായിച്ച് ഞാൻ കോരിത്തരിക്കുകയും ചെയ്തു.
. മാരാമൺ കൺവെൻഷൻ ഗായകസംഘം
ടൈറ്റസ് ജിയുടെ ഗ്രേറ്റ് ഗ്രേറ്റ് ഗ്രാൻനീസിനോടൊപ്പം കോട്ടയം സിഎംഎസ് കോളജിൽ പഠിക്കാനും എനിക്ക് ഭാഗ്യമുണ്ടായി. തേവർതുണ്ടിയിൽ ടിപി തോമസിന്റെ പുത്രി 'ഇ.ടി.'. എന്ന് ഓമനപ്പേരുള്ള എലിസബത്ത് തോമസ് കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ ഇംഗ്ളീഷ് പ്രൊഫറായി റിട്ടയർ ചെയ്‌തു.
'ഇ.ടി. എന്നെ പഠിപ്പിച്ചതാണ്. എന്റെകൂടെ പഠിപ്പിക്കുകയും ചെയ്‌തു,' പറയുന്നു ഫിസിക്സ് പ്രൊഫസർ സി.എം. മാത്യു. ഇന്നിപ്പോൾ പൊളിച്ചിട്ടിരിക്കുന്ന വീട്ടിൽ എന്ന എന്റെ അമ്മായി 'ഇ.ടി' വന്നു താമസിച്ചിട്ടുണ്ട്,' തേവർതുണ്ടിയിൽ റെജു ഓർമ്മിക്കുന്നു.
രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തശേഷം ബഹറിനിൽ സേവനം ചെയ്ത തേവർതുണ്ടിയിൽ എബ്രഹാമിന്റെ പുത്രനാണ് റെജു. ഇരുപതു വർഷമായി ഖത്തറിൽ. മാരാമണ്ണിൽ നിന്നു മടങ്ങും മുമ്പ് 83 വയസുള്ള അമ്മ റിട്ട. അധ്യാപിക പെണ്ണമ്മയെയും ഞങ്ങൾ കണ്ടു. കാഴ്ച കുറഞ്ഞു കിടപ്പിലാണെങ്കിലും എണീറ്റിരുന്നു കൈപിടിച്ച് വിടാതെ പഴയ കഥകൾ പറഞ്ഞുകൊണ്ടിരുന്നു. 'ഗാന്ധിജി ഈ റോഡിലൂടെ നടന്നു ടൈറ്റസിനെ കാണാൻ പോയി' എന്ന് അമ്മ തറപ്പിച്ചു പറയുന്നു.
എന്നാൽ സീനിയർ ടൈറ്റസ് 1934 ജനുവരി 21നു തിരുവനന്തപുരത്തു പോയി ഗാന്ധിജിയെ കണ്ടു എന്നതാവും കൂടുതൽ ശരിയെന്നു എംജി സർവകലാശാലയിലെ യിലെ പ്രൊഫസർ ദമ്പതിമാർ ഡോ എ. എം. തോമസും ഡോ തെരേസ തോമസും ഈയിടെ 'ഗാന്ധിമാർഗി'ൽ എഴുതിയ സുദീർഘ പഠനത്തിൽ പറയുന്നു. 1934 ജനുവരി 18നു ഗാന്ധിജി കോട്ടയത്തു ഉണ്ടായിരുന്നു എന്ന് തീർച്ചയാണ്. (Gandhi and Titus: Dairying, Dandi and Dreams of India, Gandhi Marg Vol 46,Number 2 July-September 2024)
ഡോ. ടി.കെ ടൈറ്റസിന്റെ ഏഴു പെണ്മക്കളുടെ ചിത്രവുമായി മേമി ടൈറ്റസും ഡോ. സുകുവും.
കോഴഞ്ചേരിക്കടുത്ത ഇലന്തൂരിൽ ഗാന്ധിയൻ കുമാർജിയുടെ ക്ഷണപ്രകാരം ഗാന്ധിജി എത്തിയിരുന്നു എന്നതു ചരിത്രത്തിന്റെ ഭാഗമാണ്. അതെന്തായാലും ടൈറ്റസ്ജിയുടെ നാടിനെ തോളിലേറ്റിയ മഹാത്മാവായിരുന്നു ഗാന്ധിജി. അതിനാൽ ടൈറ്റസ് ജിക്കു മാരാമണ്ണിൽ സ്മാരകം പണിയേണ്ട കാലം അതിക്രമിച്ചു എന്നു വാദിക്കുന്നു രാഷ്ട്രീയ നേതാവും റിട്ട.പ്രൊഫസറുമായ ഡോ വർഗീസ് ജോർജ്. (ന്യൂ വിഷൻ ഫോർ എ ചേഞ്ചഡ് വേൾഡ്, മാർച്ച് 2024)
'അതൊരു പ്രതിമയാക്കുന്നതിനേക്കാൾ ഭേദം സബർമതിയിൽ ടൈറ്റസ് ജി പരിപാലിച്ച ഗാന്ധിയൻ ഗോശാല പോലൊന്ന് സ്ഥാപിക്കുന്നതാണ്.'
കോട്ടയത്ത് പ്രാക്റ്റിസ് ചെയ്തിരുന്ന തേവർതുണ്ടികുടുബത്തിലെ ഡോ. ടി. കെ. ടൈറ്റസിനെ എനിക്ക് അടുത്തറിയാമായിരുന്നു. ടൈറ്റസിനും മേരിക്കും കൂടി ഏഴു പെണ്മക്കൾ-കിറ്റി, ആനി, കുക്കി, മോനി, സിസി, മേമി, സോമി. ഇവരിൽ കുക്കി, മേമി, സോമി എന്നിവരെ ജീവിച്ചിരിപ്പുള്ളു.
പള്ളം ബുക്കാനൻ സ്‌കൂളിനോടടുത്ത് ഭർത്താവ് സുകു എന്ന ഡോ. പി ജി. തോമസിനോടൊത്ത് കഴിയുന്ന മേമിയെ ഞാൻ സന്ദർശിച്ചു. 75 എത്തി വോക്കിങ് സ്റ്റിക്കുമായാണ് ജീവിതമെങ്കിലും ആഥിത്യമര്യാദയിൽ ഒരാ ഢ്യത്തമുണ്ട്. 1957ൽ പ്രസിദ്ധീകരിച്ച കുടുംബ ചരിത്രത്തിന്റെ അപൂർവ പ്രതി എന്റെകയ്യിൽ തന്നയച്ചു. മകൻ രഞ്ജുവും മരുമകൾ സുബിയും ഡെന്റൽ ഡോക്ടർമാർ.