Image

കോൺഗ്രസ് തിരിച്ചു വരണം; സി.പി.എം.-ബിജെ.പി കൂട്ടുകെട്ട് തടയണം: എൻ.കെ. പ്രേമചന്ദ്രൻ എം.പി.

Published on 13 October, 2025
കോൺഗ്രസ് തിരിച്ചു വരണം; സി.പി.എം.-ബിജെ.പി കൂട്ടുകെട്ട് തടയണം: എൻ.കെ. പ്രേമചന്ദ്രൻ എം.പി.

കോങ്കേഴ്സ്, ന്യു യോർക്ക്: കോണ്‍ഗ്രസ് രാജ്യത്ത് തിരിച്ചു വരണമെന്ന് ആഗ്രഹിച്ച് അഹോരാത്രം പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധിയാണെന്ന് അഭിമാനബോധത്തോടുകൂടി പറയുന്നുവെന്ന് ആർ.എസ്.പിയിൽ നിന്നുള്ള ലോക് സഭാംഗമായ എൻ.കെ. പ്രേമചന്ദ്രൻ. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററുകളുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽ നിന്നുള്ള പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠനും (പ്രസംഗം അന്യത്ര) അദ്ദേഹത്തിന്റെ ഭാര്യയും കെ.പി.സിസി. സെക്രട്ടറിയുമായ കെ. തുളസി (നെന്മാറ കോളജ് മുൻ പ്രിൻസിപ്പൽ)  എന്നിവരും   പങ്കെടുത്തു.

റോക്ക് ലാൻഡ് ലെജിസ്ളേറ്റർ ഡോ. ആനി പോൾ ,   ഐഒസി കേരള ചാപ്റ്റർ ചെയർമാൻ പോൾ കറുകപ്പള്ളിൽ,  വിമൻസ് ഫോറം നാഷണൽ ചെയർ    ലീല മാരേട്ട്, ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് നോഹ ജോർജ്, റോക്ക്‌ലാൻഡ് ചാപ്റ്റർ പ്രസിഡന്റ് ഷൈമി ജേക്കബ്,  ലിസി മോൻസി, ജോസ് ജോർജ്, തോമസ് കോശി, മോൻസി വർഗീസ്, സണ്ണി കല്ലൂപ്പപ്പാറ  തുടങ്ങിയവർ അടക്കം വലിയ സദസ്  ഗ്ലോബൽ സെന്ററിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തു.

കോണ്‍ഗ്രസ് ദേശീയതലത്തില്‍ തിരിച്ചുവരേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യം മാത്രമല്ല, രാജ്യത്തിന്റെ ആവശ്യം കൂടിയാണെന്ന് വിശ്വസിക്കുന്ന ഒരു പൊതുപ്രവര്‍ത്തകനാണ് ഞാന്‍. നമ്മുടെ രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ഘടന നിലനില്‍ക്കണമെങ്കില്‍ ഭരണഘടനാജനാധിപത്യസംവിധാനം നിലനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് തിരിച്ച് അധികാരത്തില്‍ വന്നേ മതിയാകൂ.  

കഴിഞ്ഞ  ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വസ്തുനിഷ്ഠമായി വിലയിരുത്തുന്നവർക്ക്  അറിയാം രാജ്യത്തെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്ന്. നമ്മള്‍ വിചാരിക്കുന്നതുപോലെ മോദിയുടെ മുന്നേറ്റവും തള്ളിക്കയറ്റവുമല്ലെന്ന്  ജനവിധി സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസിലാക്കാന്‍ സാധിക്കും.

ഒന്നുകൂടി ജാഗ്രതയോടുകൂടി മുന്നൊരുക്കത്തോടുകൂടി   പ്രതിപക്ഷ ഐക്യം രൂപപ്പെടുത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ 2024 ല്‍ തന്നെ ചിത്രം മാറുമായിരുന്നു. കേവലം പത്തോ മുപ്പതോ സീറ്റിന്റെ വ്യത്യാസത്തിലാണ് ഭരണം കൈവിട്ടുപോയത്. നമ്മളാരും അത്  പ്രതീക്ഷിച്ചില്ല.   ഇങ്ങനെയൊരു രാഷ്ട്രീയമുന്നേറ്റം 2024 ൽ നടത്തുമെന്ന് സ്വപ്‌നേന നമ്മളാരും വിചാരിച്ചതല്ല.

രാജ്യത്തെ ജനങ്ങളുടെ വികാരം ഈ ഭരണത്തിനെതിരാണെന്ന് വളരെ വ്യക്തമാണ്.  ഭാരതത്തിന്റെ ജനാധിപത്യ വ്യവസ്ഥയുടെ ആണിക്കല്ലായിട്ടുള്ള മതേതര ജനാധിപത്യം അല്ലെങ്കില്‍ ഭരണഘടനാ ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കണമെന്നുണ്ടെങ്കില്‍ മതന്യൂനപക്ഷാവകാശം, സ്ഥാപിക്കപ്പെടണമെന്നുണ്ടെങ്കില്‍ അടിച്ചമര്‍ത്തപ്പെട്ട പിന്നോക്ക  ജനങ്ങളുടെ അവകാശ സംരക്ഷണം ഉള്‍പ്പെടെ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം  സംരക്ഷിച്ച് രാജ്യം നിലനില്‍ക്കണമെങ്കില്‍ ഒരു സംശയവും വേണ്ട കോണ്‍ഗ്രസ് തിരിച്ചു വരണം.

ഞാനൊരു കോണ്‍ഗ്രസുകാരനല്ല.  രാഹുല്‍ഗാന്ധിയും നരേന്ദ്രമോദിയും തമ്മില്‍ താരതമ്യം നടത്തിയാല്‍  ഏറ്റവും ജനപിന്തുണയുള്ള നേതാവായി    രാഹുല്‍ഗാന്ധി മാറി കഴിഞ്ഞു. രാഹുല്‍ഗാന്ധിയോടൊപ്പം മുന്നേറാന്‍ ഞാന്‍ പറയുമ്പോൾ  പാര്‍ട്ടിക്കു അതിനു കഴിയുന്നുണ്ടോ എന്നതാണ് പ്രശ്‌നം.   രാഹുല്‍ഗാന്ധി മുന്നോട്ടു വയ്ക്കുന്ന ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള രാഷ്ട്രീയവും അത് ഏറ്റെടത്ത് പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായിട്ടുളള സംഘടനാപരമായിട്ടുള്ള തയ്യാറെടുപ്പ് രാജ്യത്ത് പൊതുവെയും കേരളത്തില്‍ പ്രത്യേകിച്ചും ഉണ്ടാകുമെങ്കില്‍ വമ്പിച്ച മാറ്റം രാജ്യത്തുണ്ടാകും.

കേരളത്തിനു പുറത്തു വച്ചാണെങ്കിലും   പറയാതിരിക്കാന്‍ കഴിയില്ല അത്രയും വെറുക്കപ്പെട്ടൊരു ഗവണ്‍മെന്റ് ആൺ കേരളത്തിൽ .  കമ്യുണിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നയാളാണ് താൻ . ഇടതുപക്ഷരാഷ്ട്രീയത്തിന്റെ വക്താവാണ്, പ്രയോക്താവാണ്. പക്ഷെ ഇടതുപക്ഷ   മുഖ്യമന്ത്രിക്ക് എതിരെ   സി.ബി.ഐ.യുടെ കേസ് , ലാവ്‌ലിന്‍ കേസ് ആവാടീ  42 തവണയായി സുപ്രീംകോടതിയില്‍ മാറ്റിവെച്ചുകൊണ്ടിരിക്കുന്നു. മകള്‍ക്കെതിരായി   കേസ്, കുറ്റപത്രം.   മകനെതിരായി അനധികൃതസ്വത്ത് സമ്പാദന കേസ്.   ലൈഫ്മിഷനുമായി ബന്ധപ്പെട്ടുനടന്ന ഗുരുതരമായ സാമ്പത്തികക്രമക്കേടാണ്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേററ്റ് അന്വേഷിച്ചിട്ട് അയാള്‍ക്ക് സമന്‍സ് വന്നു. 2023ല്‍ സമന്‍സ് വന്നിട്ട് 2025 അവസാനിക്കുമ്പോഴും ലോകത്തൊരു മനുഷ്യനും അറിഞ്ഞില്ല.  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ നോട്ടീസിനു  ശേഷം കേന്ദ്ര മന്ത്രി  നിര്‍മ്മലാ സീതാരാമനെ  പച്ചപരവതാനി വിരിച്ച് കേരളഹൗസില്‍ പ്രാതല്‍   ഒരുക്കി   മുഖ്യമന്ത്രി വെളിയില്‍പോയി   സ്വീകരിച്ച് കൊണ്ട് പോകുന്നത്. അവരുടെ കൈയ്യിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്. ഇത് ഒരു കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിക്കെതിരെ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി.

മുഖ്യമന്ത്രിക്കെതിരായി കേസ് മകനെതിരായി കേസ്, മകള്‍ക്കെതിരായി കേസ്. ഇത്രയും സംഭവവികാസങ്ങള്‍ ഉണ്ടായതിനുശേഷവും ഒരു കുഴപ്പവുമില്ലാതെ കേരളത്തില്‍ അഴിമതി വിമുക്തരാഷ്ട്രീയത്തെ സംബനധിച്ച് പറയുന്നു.

ഏറ്റവുമൊടുവില്‍ ശബരിമലയില്‍  ശ്രീഅയ്യപ്പന്റെ  ദ്വാരപാലക വിഗ്രഹം അടിച്ചുമാറ്റി അതിനുസമാനമായി മറ്റൊരെണ്ണം ഉണ്ടാക്കി സ്വര്‍ണ്ണം പൂശുക. ദേവസ്വം ബോര്‍ഡ് പ്രതിയാണ്.  ദേവസ്വം ബോര്‍ഡിനെ പ്രതിചേര്‍ത്തത് ഈ   ഗവണ്‍മെന്റിന്റെ പോലീസാണ്. എന്നിട്ട് അവര്‍ക്ക് ഒരു പങ്കുമില്ലായെന്നാണ് പറയുന്നത്.

കഴിഞ്ഞ ദിവസം ഷാഫി പറമ്പിലിന് എതിരായി നടന്ന ആക്രമണം.  അദ്ദേഹത്തിന്റെ മൂക്കിന് ഫ്രാക്ച്ചര്‍ സംഭവിച്ചു. ശ്വാസോച്ഛാസം ചെയ്യുന്നതിന് തടസം നേരിട്ടു. സര്‍ജറി കഴിഞ്ഞതിനു ശേഷവും ആ ചെറുപ്പക്കാരനെ പരസ്യമായി ആക്ഷേപിക്കുകയാണ് സി.പി.എം.ന്റെ സംസ്ഥാന സെക്രട്ടറി എം.കെ. ഗോവിന്ദന്‍.

എല്ലാ സീമകളെയും ലംഘിച്ചുകൊണ്ട് കേരളത്തില്‍ രാഷ്ട്രീയ ഫാസിസം എന്ന് പറയാന്‍ കഴിയുന്നരീതിയല്‍ കേരളത്തില്‍ അധികാരത്തില്‍ ഇരിക്കുന്നു ഈ ഗവണ്‍മെന്റ്. കേരളത്തില്‍ ഒരു ചുക്കും നടക്കുന്നില്ല. എത്ര നിക്ഷേപം  ഉണ്ടായി. എത്ര ജോലി നൽകി.  ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനമാണ് കേരളം. ഏറ്റവും വിലക്കയറ്റമുള്ള സംസ്ഥാനം .   കുട്ടികള്‍   ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി പലായനം ചെയ്യുകയാണ്.  സീനിയര്‍ സെന്റര്‍ ഫോര്‍ സ്റ്റഡീസ് എന്ന സി.പി.എമ്മിന്റെ  സ്ഥാപനത്തിന്റെ മേല്‍നോട്ടത്തിലുള്ള പഠനത്തില്‍ 2030 ആകുമ്പോള്‍  കേരളം ഒരു വയോജന സംസ്ഥാനമായി മാറുമെന്നാണ് റിപ്പോര്‍ട്ട്.

ഹയര്‍ എജ്യൂക്കേഷന്‍ രംഗത്ത്  സമയത്ത് പരീക്ഷ നടക്കുകയില്ല. പരീക്ഷ നടന്നാല്‍ തന്നെ റിസള്‍ട്ട് പ്രസിദ്ധീകരിക്കില്ല. സര്‍ട്ടിഫിക്കറ്റ് കിട്ടില്ല. സര്‍വ്വകലാശാലയില്‍ പി.എസ്.സിയും ഗവണ്‍മെന്റും തമ്മില്‍ തര്‍ക്കം ക്കാം.  ഗവര്‍ണ്ണറും മുഖ്യമന്ത്രിയും തമ്മില്‍ തര്‍ക്കം. എന്നാൽ രണ്ടുമാസം കഴിയുമ്പോള്‍ അവര്‍ ചായകുടിച്ച് സൗഹൃദം പങ്കിടുന്നു.

ബി.ജെ.പി.യുടെ കേന്ദ്രനേതൃത്വവും സി.പി.എമ്മിന്റെ  കേരളനേതൃത്വവും തമ്മില്‍ തന്ത്രപരമായ സഖ്യം നിലനില്‍ക്കുന്നു.  അമിത് ഷാ ഈ പത്തുവര്‍ഷത്തിനിടെ ഒരേ ഒരാളെ മാത്രമാണ്  തന്റെ വസതിയില്‍ സ്‌പെഷ്യല്‍ അപ്പോയിന്റ്‌മെന്റ് കൊടുത്ത് ഒരാളെ  കാണുന്നത്-  കേരളത്തിന്റെ മുഖ്യമന്ത്രിയെ.

വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ഞാന്‍ ആശങ്കപ്പെടുന്നത് ഈ രാഷ്ട്രീയ സഖ്യത്തെയാണ്. ഒരു അയ്യായിരം വോട്ടുവെച്ച് നിയമസഭാ മണ്ഡലത്തില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ നിഷ്പ്രയാസം സി.പി.എമ്മിന് തിരിച്ചുവരാന്‍ കഴിയും. അതുപോലെ അഞ്ചോ പത്തോ സീറ്റ് ബി.ജെ.പി.ക്ക് ലഭിക്കാന്‍ സി.പി.എമ്മും തയ്യാറായാൽ.  അതാണ് ഈ അണ്ടര്‍സ്റ്റാന്റിംഗ്.

എസ്.എന്‍.ഡി.പി.യോഗം   പറഞ്ഞു   ബ്രാഹ്‌മണരാണ്  കക്കുന്നത്. ഞങ്ങളുടെ സമുദായത്തില്‍പ്പെട്ടവരല്ല. ഇങ്ങനെ ഓരോ കാര്യത്തിലും വര്‍ഗ്ഗീയവത്ക്കരിക്കുകയാണ്. പരസ്യമായി മുസ്ലീമുകള്‍ക്കെതിരെ ആക്ഷേപങ്ങള്‍ നടത്തുകയാണ്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ പരസ്യമായി പ്രതികരിക്കുയാണ്. അദ്ദേഹത്തെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി ആദരിക്കുന്നത്.

കോണ്‍ഗ്രസ് ഒരുമിച്ചുനിന്നാല്‍ ബി.ജെ.പി.യും സി.പി.എമ്മും തമ്മിലുള്ള അവിഹിത രാഷ്ട്രീയ  ബാന്ധവം ഫലപ്രാപ്തിയിലെത്തിക്കാതിരിക്കാന്‍ കഴിഞ്ഞാല്‍ നൂറില്‍ കുറയാത്ത സീറ്റില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് തിരിച്ച് അധികാരത്തില്‍ വരാന്‍ കഴിയും. അതാണ് കേരളത്തിന്റെ രാഷ്ട്രീയം. കേരളത്തിന്റെ മൈന്റ് സെറ്റ് അതാണ്.

കേരളത്തില്‍ യു.ഡി.എഫിന് അധികാരത്തില്‍ വരാന്‍ കഴിയില്ലെങ്കില്‍ യു.ഡി.എഫിന്റെ നിലനില്‍പ് അപകടത്തിലാകുമെന്ന് ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല.  ഈ പോരാട്ടത്തിന് പിന്തുണ അര്‍പ്പിച്ചുകൊണ്ട് പ്രചോദിത ശക്തിയായി മാറാന്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന് കഴിയും.

ആ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇവിടെ ന്യൂയോര്‍ക്ക് റീജിയണില്‍  പോള്‍ കറുകപ്പളളിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഘടകം മുന്നിട്ടിറങ്ങണം .   സാമ്പത്തികമായി അധികാരപരമായി ശക്തമാണ് സി.പി.എം . അതുപോലെ അധികാരവും സംഘടനാശേഷിയും ഒക്കെയുള്ള പാര്‍ട്ടിയാണ് ബി.ജെ.പി.യും. ഇവര്‍ രണ്ടും തമ്മില്‍ ഒരു ധാരണയുണ്ടായാല്‍ ആ അവിഹിത സഖ്യത്തെ അതിജീവിച്ചുവേണം ഐക്യജനാധിപത്യമുന്നണിക്ക് വിജയിക്കാന്‍. അതത്ര എളുപ്പമല്ല.

ജനമനസ് അനുകൂലമാണെങ്കിലും. ഈ ഒരപകടത്തെ അതിജീവിച്ചു മുന്നോട്ടു പോകാന്‍ കഴിയണമെങ്കില്‍ നിങ്ങളുടെയൊക്കെ നിര്‍ലോഭമായ പിന്തുണ എല്ലാതരത്തിലുള്ള സഹായം  ഉണ്ടാകണം.

കേരളത്തില്‍ ഒരിക്കല്‍ കൂടി ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നാല്‍ ഒരു പാര്‍ട്ടി സ്റ്റേറ്റായി കേരളം മാറും. സമ്പൂര്‍ണ്ണമായ സമഗ്രമായ പാര്‍ട്ടിവല്‍ക്കരണമാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. പാര്‍ട്ടികാരനല്ലാത്തവന് നീതിയില്ല. അവന് ഒരാവശ്യവും സാക്ഷാത്കരിക്കപ്പെടില്ല. അവന് അവകാശങ്ങളില്ല. പാര്‍ട്ടി എന്തു തോന്നാസ്യവും എന്ത് ജനവിരുദ്ധപ്രവര്‍ത്തനവും നടത്തിയാലും പരിരക്ഷയും അംഗീകാരവും എന്ന നിലയിലേക്ക് സമ്പൂര്‍ണ്ണമായ പാര്‍ട്ടിവല്‍ക്കരണത്തിലൂടെ കേരളത്തിന്റെ സകല നന്മകളെയും തകര്‍ത്തുകൊണ്ട് പാര്‍ട്ടിയും പാര്‍ട്ടി നേതൃത്വവും മുന്നോട്ടു പോകുന്നു.  ഈ സാഹചര്യത്തില്‍ അതിനെ അതീജീവിച്ചുകൊണ്ട് അഭിമാനകരമായ വിജയത്തിലൂടെ ജനാധിപത്യകേരളത്തിന്റെ നഷ്ടപ്പെട്ടുപോയ നന്മകളെ വീണ്ടെടുക്കാന്‍ വേണ്ടി നിങ്ങളുടെ പങ്കാളിത്തം ഉണ്ടാകണമെന്ന് വിനയപുസരം അഭ്യര്‍തഥിക്കുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക