കോങ്കേഴ്‌സ്, ന്യു യോർക്ക്: ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ എല്ലാ ഊര്‍ജ്ജവും നല്‍കാമെന്ന് പറഞ്ഞ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അംഗങ്ങൾക്ക് പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠൻ നന്ദി പറഞ്ഞു. എല്ലാ അസംബ്ലി മണ്ഡലങ്ങളിലേക്കും അമേരിക്കയില്‍ നിന്നുള്ള കാര്യമായ സപ്പോര്‍ട്ട് വേണ്ടിവരും. മുന്‍കാലങ്ങളില്‍ അത്ര വേണ്ടി വന്നിട്ടില്ല. പത്തുവര്‍ഷമായി ഭരണത്തിലില്ല. കേന്ദ്രത്തിലുമില്ല സ്വാഭാവികമായിട്ടും പിടിച്ചു നില്‍ക്കാന്‍ നിങ്ങളുടെയെല്ലാവരുടെയും ഏറ്റവും നല്ല പിന്തുണ വേണം-കോങ്കേഴ്‌സിൽ ഗ്ലോബൽ സെന്ററിൽ ഐ.ഓ.സി. കേരളം ചാപ്ടറുകൾ സംഘടിപ്പിച്ച സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ ഭാര്യയും കെ.പി.സിസി. സെക്രട്ടറിയുമായ കെ. തുളസി (നെന്മാറ കോളജ് മുൻ പ്രിൻസിപ്പൽ), കൊള്ള എം.പി. എൻ.കെ. പ്രേമചന്ദ്രൻ (പ്രസംഗം അന്യത്ര) എന്നിവരും പങ്കെടുത്തു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രോഗ്രാമിനാണ് വന്നതെന്ന് ശ്രീകണ്ഠൻ പറഞ്ഞു. ഓവര്‍സീസ് കോണ്ഗ്രസിന്റെ ഭാരവാഹികളെ കാണണം എന്നും മറ്റ് സ്‌റ്റേറ്റിലേക്കും പോകണം എന്നു തീരുമാനിച്ചാണ് വന്നത്.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം രാജ്യം മുഴവന്‍ പ്രതിസന്ധിയിലാണ്. പ്രതിസന്ധിയിലായ കാലഘട്ടം കോണ്‍ഗ്രസ് അധികാരത്തിലില്ലാത്ത കാലമാണ്. നമ്മുടെ രാജ്യത്ത് പലപ്പോഴും ഭരണം മാറിയിട്ടുണ്ട്. പ്രതിപക്ഷം ദുര്‍ബലമായിട്ടുണ്ട്. പക്ഷേ ഇപ്പോഴുള്ള പ്രവണത ഭരണഘടപരമായ എല്ലാ മൂല്യങ്ങളെയും അവകാശങ്ങളെയും അധികാരങ്ങളെയും ദുര്‍ബലപ്പെടുത്തുകയാണ്. വർഗീയം ആകുകയാണ്. ഓരോ സ്‌റ്റേറ്റിലും ജാതിയുടെ, മതത്തിന്റെ പേരില്‍ വേര്‍തിരിക്കുമ്പോള്‍ ആണ് അപകടകരമായ സ്ഥിതി.
ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തി. ഭരണകക്ഷിയുടെ അജണ്ടയ്ക്കനുസരിച്ച്, ഹിന്ദുത്വ അജണ്ടയ്ക്ക് അനുസരിച്ച് ഭരണകൂടം മാറുമ്പോഴുള്ള അപകടകരമായ സ്ഥിതി. നമ്മുടെ പാരമ്പര്യവും അതിലൂടെ ഉണ്ടാക്കിയെടുത്ത ഐക്യവും തകരുകയാണ്. അടുത്ത തലമുറ ഭയാശങ്കയോടെയാണ് നമ്മുടെ രാജ്യത്ത് ജീവിക്കുന്നത്.
എന്നും ഒരു പാര്‍ട്ടി ജയിക്കുകയും ഒരുപാര്‍ട്ടി ഭരിക്കുകയും ചെയ്യാന്‍ ജനാധിപത്യം വേണ്ട. ഭരണഘടനവേണ്ട, കാലവധി വേണ്ട. ഒരു പാർട്ടി മാത്രം ഭരണത്തിലിരുന്നാല്‍ ആ പാര്‍ട്ടി വഷളാകും. രാജ്യം പ്രതിസന്ധിയിലാകും. പക്ഷേ ഇന്നത്തെ ഭരണകഷി ഐക്യത്തിനും അഖണ്ഡതയ്ക്കുമല്ല, സ്ഥാപിത സങ്കുചിത താല്‍പര്യങ്ങള്‍ക്കും വര്‍ഗ്ഗീയ രാഷ്ട്രീയത്തിനും വിഘടനവാദത്തിനും കൂട്ടുനില്‍ക്കുന്നു. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നു. മതേതരത്വം വലിയ തോതില്‍ ഹനിക്കപ്പെടുന്നു.
ഇന്ത്യ എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന രാജ്യമാണ്. എല്ലാവര്‍ക്കും വ്യക്തിസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നിവ പ്രദാനം ചെയ്യുന്ന രാജ്യമാണ്. ഏറ്റവും ശക്തമായ ജനാധിപത്യരാജ്യം നിലനില്‍ക്കണമെങ്കില്‍ അവിടെ ഐക്യം വേണം. അതാണ് നമ്മള്‍ മതേതരത്തിന് ഊന്നല്‍ കൊടുക്കുന്നത്.
ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനം ലെജിസ്ലേച്ചർ ആണ്. അത കഴിഞ്ഞാല്‍ ജുഡീഷ്യറിയും അത് നടപ്പിലാക്കുന്ന എക്‌സിക്യൂട്ടീവുമാണ്. കറക്ടീവ് ഫോഴ്‌സായി നില്‍ക്കുന്നത് ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്നു പറയുന്ന മാധ്യമ രംഗമാണ്. ഇതെല്ലാം ദുര്‍ബലപ്പെടുത്തുന്ന അവസ്ഥ നമ്മുടെ രാജ്യത്തുണ്ട്. ജനാധിപത്യം വലിയ വെല്ലുവിളി നേരിടുകയാണ്.
ബീഹാറില്‍ 45 ലക്ഷം വോട്ടര്‍മാരെയാണ് അനധികൃതമായി ഡിലീറ്റ് ചെയ്തത്. പിന്നെ ബംഗാളിലേക്ക് അടുത്തത് വേറെ സ്റ്റേറ്റിലേക്ക്. വോട്ടുതന്നെ ഇല്ലാതെയാക്കുകയാണെങ്കില്‍ പിന്നെ എന്ത് ജനാധിപത്യം. അതിനെതിരെയുള്ള പോരാട്ടാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്നത്.
എന്‍.കെ.പ്രമചന്ദരന്‍ യൂ.ഡി.എഫിന്റെ എം.പി.യാണ്. പാര്‍ലിമെന്റില്‍ അദ്ദേഹം എഴുന്നേറ്റു നില്‍ക്കുമ്പോള്‍ ഭരണാധികാരികള്‍ ശ്രദ്ധിക്കും. ഇത്രയേറെ അവഗാഹം ഭരണഘടനാ കാര്യങ്ങളിലും പാര്‍ലമെന്റ് നടപടി കാര്യങ്ങളിലും ഉള്ള അപൂര്‍വ്വം എം.പി.മാരേയുള്ളു. അദ്ദേഹത്തിന്റെ പ്രവർത്തനം ഞങ്ങളെപോലുള്ളവര്‍ക്ക് മാതൃകയാണ്.
കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് കോൺഗ്രസുകാരേക്കാൾ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അത് എല്ലാ കോണ്‍ഗ്രസുകാരെയും ഉദ്ദേശിച്ചല്ല. ചില കോണ്‍ഗ്രസുകാരെ ഉദ്ദേശിച്ചാണ്. എന്നെപോലുള്ള ആളുകള്‍ ശരീരത്തിലും മനസിലും കോണ്‍ഗ്രസ് ആയിട്ട് നടക്കുന്നവരാണ്. ഇവിടെ ഉള്ളവരും അങ്ങനെയാണ്. പ്രേമചന്ദ്രന്‍ജിയുടെ ശരീരം ആര്‍.എസ്.പി. ആണെങ്കിലും മനസ് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിലെ അനൈക്യത്തിലും അഭിപ്രായഭിന്നതയ്ക്കു എതിരെ അദ്ദേഹം രാഹുല്‍ഗാന്ധിയോടു ഉള്‍പ്പെടെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആര്‍.എസ്.പി. പോലുള്ള പാര്‍ട്ടിയുടെ നിലനില്പ് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിനെ ആശ്രയിച്ചിരിക്കുന്നു എന്ന തിരിച്ചറിവ്.
പാവപ്പെട്ട പ്രവര്‍ത്തകരെല്ലാം ഹാര്‍ഡ് വര്‍ക്ക് ചെയ്യും. അതില്‍ ആശങ്കയില്ല. അഭിപ്രായഭിന്നത, ഗ്രൂപ്പ് വ്യത്യാസം ഒന്നു ഇല്ലാത്ത കോടികണക്കിന് പ്രവര്‍ത്തകരുടെ, ലക്ഷകണക്കിന് നേതാക്കളുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എപ്പോള്‍ മാറിനിന്നിട്ടുണ്ടോ അപ്പോള്‍ മറ്റു പാര്‍ട്ടികള്‍ക്ക് സ്പേസ് ഇല്ലാതെയായിട്ടുണ്ട്.
ഇപ്പോള്‍ അവശേഷിക്കുന്ന എതിര്‍ശബ്ദത്തെ ഇല്ലാതാക്കുകയാണ് മോദി ഭരണകൂടത്തിന്റെ അജണ്ട. മോദി 50 സീറ്റ് വ്യത്യാസത്തിലാണ് അധികാരത്തിലിരിക്കുന്നത്. ബീഹാറിലെ ഇലക്ഷന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ വലിയ മാറ്റം ഉണ്ടാകും. പൊതു ജനങ്ങളുടെ ഇടയില്‍ ഈ ഭരണവും പാര്‍ട്ടിയും ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. വല്ലാത്ത ഒരു അവസ്ഥയിലാണ് നമ്മുടെ സാമ്പത്തിക രംഗം എത്തിനില്‍ക്കുന്നത്. സാധാരണക്കാരായ ആളുകള്‍ വലിയ ദുരിതത്തിലാണ്. തൊഴിലില്ലായ്മയും പട്ടിണിയും അതുപോലെ വലിയവിപത്തുകള്‍ ഉടലെടുത്തുകൊണ്ടിരിക്കുകയാണ്.
കോവിഡിന്റെ ആനുകൂല്യത്തില്‍ ലഭിച്ച രണ്ടാം ഭരണം എല്ലാ അര്‍ത്ഥതലങ്ങളും കടന്ന് ജനാധിപത്യവിരുദ്ധമായി സമൂഹത്തില്‍ എല്ലാവര്‍ക്കു ദ്രോഹം വിതച്ചുകൊണ്ടുപോവുകയാണ്. ഇനിയും യോജിക്കാത്ത ആളുകള്‍ യോജിച്ചില്ലെങ്കില്‍ വലിയ അപകടം തന്നെയാണ്. കേരളത്തില്‍ ഉടനെ പ്രാദേശിക ഇലക്ഷനാണ്. ലോക്കല്‍ ബോഡി ഇലക്ഷന്‍ ജയിക്കാതെ ഒരിക്കലും അസംബ്ലി ഇലക്ഷന്‍ ജയിക്കില്ല.
പഞ്ചായത്തുകള്‍ വലിയ അധികാര കേന്ദ്രങ്ങളാ്ണ്. ഇപ്പോള്‍ പഞ്ചായത്തുകളെല്ലാം ദ്രവിച്ചില്ലാതായായി. കേരളത്തിലും സാമ്പത്തിക രംഗം തകര്‍ന്നിരിക്കുകയാണ്. അഴിമതിയും ധൂര്‍ത്തും വലിയതോതിലാണ് കേരളത്തില്‍. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ അഴിമതി ആരോപണം ഉയരുന്നു. ഏകാധിപത്യം ഇവിടെയും ഉണ്ട്.
മോദിയുടെ ഏകാധിപത്യം ജനങ്ങള്‍ ഏറെകുറെ മനസ്സിലാക്കി വരുന്നു. അടുത്ത തെരഞ്ഞെടുപ്പ് ഇതിനെതിരെയുള്ള തരംഗമായി മാറും. ഇതിലും ദയനീയമായി തോറ്റ കോണ്‍ഗ്രസിന് രാജ്യത്ത് തിരിച്ചു വരാന്‍ കഴിഞ്ഞിട്ടുണ്ട്.
കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഏത് ചെകുത്താന്‍മാരുമായി കൂട്ടു കൂടുന്ന പാർട്ടികളും കോണ്‍ഗ്രസിന്റെ തണലില്‍ അഭയം പ്രാപിച്ചിരിക്കുന്ന രാഷ്ട്രീയ കാലാവസ്ഥ ഇന്ത്യയില്‍ ഉണ്ട്. കേരളത്തില്‍ ആ തിരിച്ചറിവ് ഇടതുപക്ഷ ജനാധിപത്യമുന്നണിയിലുള്ള പലര്‍ക്കും ഉണ്ട്. അതുകൊണ്ടാണ് ആര്‍.എസ്.പി. ഇടതുപക്ഷ മുന്നണിയിൽ നിന്ന് വേര്‍പ്പെട്ട് കോണ്‍ഗ്രസിന്റെ ഭാഗമായത്. അവിടെ ഏകാധിപത്യമാണ്. മറ്റ് ശബ്ദങ്ങള്‍ക്ക് ഒരു വിലയുമില്ല. പക്ഷെ കോണ്‍ഗ്രസിലും യു.ഡി.എഫിലും വിശാലമായ ജനാധിപത്യമുള്ളതുകൊണ്ട് ഭയപ്പെടേണ്ട കാര്യമില്ല.
കേരളത്തിലെ ജനങ്ങള്‍ ഇന്ന് ഭരണം മാറണമെന്ന് ആഗ്രഹിക്കുന്നു. ആ മാറ്റം ഈ 2026ലെ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. കാരണം നിങ്ങളാണല്ലോ ഞങ്ങളേക്കാള്‍ കൂടുതല്‍ ആശങ്കപ്പെടുന്നത്. തീര്‍ച്ചയായും നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് ലോക്കല്‍ ബോഡി ഇലക്ഷനും അസംബ്ലി ഇലക്ഷനും ജയിക്കും. ബീഹാര്‍ ഇലക്ഷന്‍ കഴിയുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ അതിന്റെ ഗതിവിഗതികള്‍ മാറാനുള്ള വലിയ സാധ്യതയുണ്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചു വരും.
രാഹുല്‍ഗാന്ധിയുടെ പോരാട്ടം വളരെ പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തെ വിമര്‍ശിച്ചവരെല്ലാം ഭയപ്പാടോടെയാണ് നോക്കിക്കാണുന്നത്. രാഹുല്‍ഗാന്ധി ഒറ്റക്കല്ല, ആ പോരാട്ടം ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ്. കോണ്‍ഗ്രസിന്റെ പിന്തുണയോടെ വലിയൊരു പോരാട്ടം അദ്ദേഹം നടത്തുമ്പോള്‍ ഇന്ത്യയിലെവിടെയും അദ്ദേഹത്തിനെതിരെ ഒരു ശബ്ദവും ഇല്ല.
പണ്ട് ഇന്ദിരാഗാന്ധിക്കെതിരെ വരെ വലിയൊരു സിന്‍ഡിക്കേറ്റുണ്ടായിരുന്നു. പക്ഷെ രാഹുല്‍ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കാത്ത കോണ്‍ഗ്രസുകാരാരുമില്ല. എല്ലാ സ്‌റ്റേലും നമ്മള്‍ ശക്തിപ്രാപിച്ചു. തെലുങ്കാനയില്‍ അപൂര്‍വ്വമായ തിരിച്ചുവരവ് നടത്തി. ഇപ്പോഴും ഇന്ത്യയുടെ ജനാധിപത്യമനസില്‍ കോണ്ഗ്രസ് ഉണ്ട്. തിരിച്ചുവരാന്‍ ഓരോ സ്‌റ്റേറ്റിലും കഴിയുന്ന പാര്‍ട്ടി ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസാണ്. ബംഗാളില്‍ പല പതിറ്റാണ്ടിനു ശേഷം തിരിച്ചുവന്ന കോണ്‍ഗ്രസാണ് ത്രിണമൂല്‍ കോണ്‍ഗ്രസ്. അതില്‍ 95 ശതമാനപേരും കോണ്‍ഗ്രസുകാരാണ്. അപ്പോള്‍ കോണ്‍ഗ്രസിന് വളക്കൂറുള്ള മണ്ണാണ്. ചിലപ്പോള്‍ നല്ല വേനല്‍ വരുമ്പോള്‍, മഴകിട്ടാതാകുമ്പോള്‍ ഉണങ്ങികരിഞ്ഞേക്കാം. പക്ഷെ ചെറിയൊരു മഴപെയ്താല്‍ അത് കിളിര്‍ത്തു വലിയൊരു മരമായി തിരിച്ചുവരുന്നു .
അതെല്ലാം മനസ്സിലാക്കി എല്ലാ നേതാക്കന്മാരും പ്രവര്‍ത്തകരും ഒരുമിച്ച് നിന്ന് അടുത്ത തലമുറയ്ക്ക ഇവിടെ സുരക്ഷിതമാണെന്ന അവബോധം ഉണ്ടാക്കാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാം. നിങ്ങളൊക്കെ പഴയതിനേക്കാൾ പത്തിരട്ടി പിന്തുണ നല്‍കേണ്ട സമയമാണ്.
സംഘടനാപരമായ വിഷയങ്ങള്‍ കെ.പി.സി.സി.യുടെ ശ്രദ്ധയില്‍ പെടുത്തും. സന്നദ്ധ പ്രവര്‍ത്തനം മാത്രമല്ല ജീവകാരുണ്യപ്രവര്‍ത്തനവും ഇനിയും ശക്തമായിട്ടുണ്ടാകണം. അനൈക്യമുണ്ടാകാതെ നിങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം-അദ്ദേഹം ആഹ്വാനം ചെയ്തു.