
അന്ന് തൊടുപുഴക്കാരി, നേഴ്സ് ഫിലോമിന അമേരിക്കയിൽ ഹൂസ്റ്റണിലെ ഹെർമൻ ഹോസ്പിറ്റലിൽ ഓൺ ഡ്യൂട്ടിയിലായിരുന്നു. അപ്പോൾ രക്തത്തിൽ കുളിച്ച് ബോധരഹിതനായ ഒരു യുവാവിനെ മറ്റു ഹോസ്പിറ്റൽ സ്റ്റാപ്പുകൾ ചേർന്ന് നേഴ്സ് ശുശ്രൂഷയ്ക്കായി ഫിലോമിനയുടെ വാർഡിലേക്ക് കൊണ്ടുവന്നു. റോബർട്ട് എന്ന ആ ചെറുപ്പക്കാരൻ ഒരു ലോഡ് ചരക്കുമായി സാൻഫ്രാൻസിസ്കോയിൽ നിന്ന് ഹ്യൂസ്റ്റൺ സിറ്റിയിലേക്ക് ട്രക്ക് ഓടിച്ചു വരികയായിരുന്നു. പെട്ടെന്നാണ് ആ വലിയ അപകടം സംഭവിച്ചത്. എതിരെ വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ ട്രക്ക് ഒരു വൻ ഗർത്തത്തിലേക്ക് മറിയുകയാണ് ഉണ്ടായത്. കൂടെയുണ്ടായിരുന്ന സഹായി തൽഷണം മരിച്ചു.
ഡോക്ടർമാരുടെയും നഴ്സുമാരുടെയും അക്ഷീണമായ പരിശ്രമവും ദൈവാനുഗ്രഹവും കൊണ്ട് റോബർട്ട് കണ്ണു തുറന്നു. രണ്ടുമൂന്ന് ദിവസം കൊണ്ട് ഒരുമാതിരി റിക്കവറിയിലേക്ക് എത്തിക്കൊണ്ടിരുന്നു. ആ ദിവസങ്ങളിൽ എല്ലാം നേഴ്സ് ഫിലോമിനയുടെ വിദഗ്ധമായ നഴ്സിംഗ് സേവനം റോബർട്ടിന്റെ സ്പീഡി റിക്കവറിക്കു വളരെയധികം സഹായകമായി. ആ രോഗിയോടുള്ള ആർദ്രതയും, ശ്രദ്ധയും, പരിലാളനവും റോബർട്ടിന്റെ ഹൃദയത്തിൽ ഫിലോമിന എന്ന നേഴ്സ് ആരാധന മൂർത്തിയായി സ്ഥാനം പിടിച്ചു പറ്റുകയായിരുന്നു. ആ വൻകിട അപകട ചികിത്സയ്ക്ക് ശേഷം ഹോസ്പിറ്റലിൽ നിന്ന് രോഗി ആയിരുന്ന റോബർട്ട് ഡിസ്ചാർജ് ആയി പോകുമ്പോൾ നേഴ്സ് ഫിലോമിനയുടെ രണ്ട് കൈകളും പിടിച്ച് വിതുമ്പി കരഞ്ഞു. ഹോസ്പിറ്റൽ സേവനത്തിനുശേഷം ഇപ്രകാരം നിരവധി രോഗികൾ ഡിസ്ചാർജായി പോകുമ്പോഴും ഫിലോമിനക്ക് പ്രത്യേകമായി ഒന്നും തോന്നിയിരുന്നില്ല. എന്നാൽ റോബർട്ട് ഡിസ്ചാർജ് ആയി പോയപ്പോൾ, ഫിലോമിനയുടെ മനസ്സ് ഒന്നു പിടഞ്ഞു. കണ്ണുകൾ ഈറനണിഞ്ഞു. അവർ ഇരുവർക്കും എന്തോ ഒരു നഷ്ടബോധം
അവർ ഇരുവരും അവരുടെ സ്വകാര്യ സെൽഫോൺ നമ്പറുകൾ കൈമാറി.
എല്ലാം ഒരു നിമിത്തമാകാം അല്ലെങ്കിൽ ഒരു ദൈവനിശ്ചയമാകാം. അവരിരുവരും പലപ്രാവശ്യം ഫോണിലൂടെ ബന്ധപ്പെട്ടു. ഒരു നേഴ്സ്, അതുപോലെ ഒരു രോഗി എന്ന ബന്ധത്തിനപ്പുറം ആ ഹൃദയങ്ങൾ, മനസ്സുകൾ പരസ്പരം അടുക്കുകയായിരുന്നു. തൊടുപുഴയിലെ ഒരു ഇടത്തരം കുടുംബത്തിൽ നിന്ന് അമേരിക്കയിൽ എത്തിയ ഫിലോമിന ഒരു മാദക സുന്ദരി അല്ലായിരുന്നെങ്കിലും സാമാന്യം കാണാൻ കൊള്ളാവുന്ന ഒരു മലയാളി പെൺകൊടി ആയിരുന്നു. നാട്ടിലെയും അമേരിക്കയിലെയും ചില മലയാളി പയ്യന്മാർക്ക് അവിവാഹിതയായ ഫിലോമിനായുടെ മേൽ ഒരു കണ്ണുണ്ടായിരുന്നു. എന്നാൽ അധികം സുന്ദരൻ അല്ലെങ്കിലും റോബർട്ട് എന്ന ആ വെളുമ്പൻ ചെറുക്കനോട് ആയിരുന്നു ഫിലോമിനക്ക് താല്പര്യം.
വെളുമ്പനാണെങ്കിലും, ഹൈസ്കൂൾ പോലും പാസാകാത്ത വെറുമൊരു ട്രക്ക് ഡ്രൈവറെ പ്രേമിക്കാൻ നിനക്ക് നാണമില്ലേ?. സ്വന്തം അപ്പൻ ആരാണെന്നോ അമ്മയാരാണെന്നോ അറിയാതെ അനാഥാലയത്തിൽ വളർന്ന റോബർട്ടിന്റെ പിറകെ പോകുന്നത് ഒട്ടും ആശാസ്യമല്ല. അത്തരക്കാരായ സായിപ്പന്മാരെ ഒട്ടും വിശ്വസിക്കാൻ പാടില്ല. അവരുടെ തൊലി വെളുപ്പ് കണ്ട് നീ മയങ്ങരുത്. പല കൂട്ടുകാരും, സ്നേഹിതരും ഫിലോമിനയെ ഉപദേശിച്ചു. നല്ല സുന്ദരന്മാർ, മലയാളി എൻജിനീയേഴ്സ്, മെഡിക്കൽ ബിരുദധാരികൾ, നാട്ടിലും അമേരിക്കയിലും നിന്നെ കെട്ടാനായി ക്യൂ നിൽക്കുമ്പോൾ നീ എന്തിന് ഊരും പേരും യോഗ്യതയും ഇല്ലാത്ത, ഈ വ്യക്തിയെ ഒരു വെളുമ്പൻ എന്ന രീതിയിൽ മാത്രം പരിഗണന നൽകി വിവാഹം കഴിക്കണം?. നാട്ടുകാരും വീട്ടുകാരും ചോദിച്ച് ഫിലോമിനായെ സമ്മർദ്ദത്തിലാക്കി. കാര്യം കണ്ട ശേഷം, വെളുമ്പൻ റോബർട്ട് ഒരു ചണ്ടി പോലെ നിന്നെ വലിച്ചെറിയും.
എന്നാൽ ഫിലോമിന എല്ലാ നെഗറ്റീവ് സമ്മർദ്ദങ്ങളെയും അതിജീവിച്ച് ഒരു ഉറച്ച തീരുമാനമെടുത്തു. റോബർട്ടിന്റെയും, ഫിലോമിനയുടെയും വിവാഹം യാതൊരുവിധ ആഡംബരങ്ങളും ഇല്ലാതെ, വളരെ ലളിതമായി ഇരുവരുടെയും ഏതാനും ചില സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ പള്ളിയിൽ വച്ച് നടത്തി. ഒരു ചെറിയ സൽക്കാരവും ഉണ്ടായിരുന്നു. വിവാഹാനന്തരം ഫിലോയുടെ നാടായ കേരളത്തിലേക്കാണ് നവദമ്പതികൾ ഹണിമൂൺ ട്രിപ്പ് ആയിപ്പോയത്. കേരളത്തിൽ എത്തിയ ദമ്പതികൾ ഫിലോയുടെ മാതാപിതാക്കളെ, ബന്ധുമിത്രാദികളെ ഒക്കെ കണ്ട് പരിചയപ്പെട്ടു. മൂന്നാറിലും പീരുമേടിലും കുമരകത്തും ഹണിമൂൺ ട്രിപ്പുകൾ നടത്തി. ആലപ്പുഴ കുട്ടനാടൻ ഹൗസ് ബോട്ടിൽ ഉള്ള ഹണിമൂൺ ട്രിപ്പുകൾ അവർ ഇരുവരും ആസ്വദിച്ചു. കേരള സ്റ്റൈൽ കുറുമുണ്ടുടുത്, അതു അരയിൽ നിന്നു പറിഞ്ഞു പോകാതെ അരയിൽ ബെൽറ്റ് കെട്ടി മൂവാറ്റുപുഴയാറിൽ ചാടി മുങ്ങി നീന്തി കുളിക്കുന്നത് റോബർട്ട് സായിപ്പിനു ഒരു നവ്യ അനുഭൂതിയും ഹരവും നൽകി.
വിവാഹത്തിനു മുമ്പ് മറ്റുള്ളവർ പറഞ്ഞിരുന്ന മാതിരി ഒന്നും വിവാഹ അനന്തര ജീവിതത്തിൽ സംഭവിച്ചില്ല. വളരെ പോസിറ്റീവായി തന്നെ ആ ദമ്പതികളുടെ വൈവാഹിത ജീവിതം മുന്നേറി. മാതൃകാപരമായ ദാമ്പത്യം, റോബർട്ട് ജോലി ചെയ്തുകൊണ്ടു തന്നെ കോളേജിൽ പോയി പഠിച്ച് ഡബിൾ ഡോക്ടറേറ്റ് വരെ നേടി. അതിനിടയിൽ തന്നെ പല ഉന്നത ബിരുദങ്ങളും നേടി ഫിലോമിന ഹെർമൻ ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രേറ്റർ പദവി വരെ എത്തി. അവരുടെ ഏക മകൾ സാറാ റോബർട്ട് ഒരു മികച്ച കമ്പനിയുടെ പ്രസിഡന്റായി ചാർജ് എടുത്തിരുന്നു. സാറ റോബർട്ട് വിദ്യാഭ്യാസത്തിൽ മികച്ച നേട്ടങ്ങളും ഡിഗ്രികളും ആണ് കൈമുതലാക്കിയിരുന്നത്.
ഇതിനിടയിൽ ഈ കുടുംബം പലവട്ടം ഏഴാം കടലിനക്കരെയുള്ള കേരളം സന്ദർശിച്ചു. ഫിലോമിനയുടെ ജന്മനാട് കേരളം റോബർട്ടിനും കുടുംബത്തിനും പ്രിയപ്പെട്ടത് തന്നെയായിരുന്നു. കേരളത്തിലെ മലനാടിന്റെ കവാടങ്ങൾ ആയ തൊടുപുഴ മൂവാറ്റുപുഴ കോതമംഗലം ചുറ്റുവട്ടം അവർക്കൊരിക്കലും മറക്കാൻ പറ്റിയില്ല. വാഴക്കുളം പൈനാപ്പിളിന്റെ മാഹാത്മ്യത്തെ പറ്റി റോബർട്ടും വാചാലൻ ആകുന്നുണ്ട്.
കാലങ്ങൾ കുറേ അധികം കടന്നുപോയി. റോബർട്ടിനും, ഫിലോമിനക്കും ഏതാണ്ട് 90 വയസ്സ് കഴിഞ്ഞു. വാർദ്ധക്യത്തിന്റേതായ എല്ലാ അവശതകളും അവരിവർക്കുമുണ്ട്. അവരിവർക്കും കേൾവി കുറവുണ്ട്. ഓർമ്മക്കുറവുണ്ട്. പലവിധ ഔഷധങ്ങൾ അവർ ഇരുവരും കഴിക്കുന്നുണ്ട്. റോബർട്ട് ഇന്ന് വീൽചെയറിലാണ് സഞ്ചരിക്കുന്നത്. കാരണം തളർവാദം വന്ന് രണ്ട് കാലും തളർന്നു പോയി ഫിലോമിനക്കും ചിലപ്പോഴൊക്കെ ഊന്നു വടിയുടെ സഹായം വേണം നടക്കാൻ.
എന്നാൽ ഫിലോക്ക് അടുത്തകാലത്തായി കൂടുതൽ അസ്വസ്ഥത. റോബർട്ടും ഫിലോയും ഒരു സഹായിയോടൊപ്പം ഹൂസ്റ്റണിലെ എംഡി ആൻഡേഴ്സൺ മെഡിക്കൽ സെൻററിൽ എത്തി. ഫിലോക്ക് ബ്ലഡ് കാൻസറിന്റെ തുടക്കം ആണോ എന്നൊരു സംശയം. ഒന്ന് ചെക്ക് ചെയ്ത് സംശയം തീർക്കാമല്ലോ എന്ന് കരുതി വന്നതാണ്. ഭാര്യയുടെ ക്ഷീണവും അവശതയും ഓർത്ത് റോബർട്ട് വളരെയധികം അസ്വസ്ഥനായിരുന്നു. ഇക്കാലത്ത് ഇതുപോലെ മാതൃക ദാമ്പത്യം അനുഷ്ഠിച്ചിരുന്ന ദമ്പതിമാരെ കാണുക അപൂർവ്വമാണ്. അതും രണ്ട് രാജ്യത്ത് നിന്നും, രണ്ടു പാരമ്പര്യങ്ങളിൽ നിന്നും, രണ്ട് സംസ്കാരത്തിൽ നിന്നും കൂടി ചേർന്ന ദമ്പതികൾ. അത്ര ഗാഢവും തീക്ഷണവും ആയ സ്നേഹത്താൽ ബന്ധിക്കപ്പെട്ടവർ. വിവാഹബന്ധത്തിന്റെ തുടക്കത്തിൽ എല്ലാവരും എഴുതിത്തള്ളിയിരുന്ന ആ ഭാര്യഭർതൃ ബന്ധം കണ്ടു എല്ലാവരും അത്ഭുതപ്പെടുകയാണിപ്പോൾ. വീൽചെയറിൽ ഇരുന്നപ്പോഴും തൊട്ടടുത്ത് നിൽക്കുന്ന പ്രിയതമയുടെ വിരലിൽ അദ്ദേഹം ഒരു കൈ കൊണ്ട് മുറിക്കിപ്പിടിക്കുന്നുണ്ടായിരുന്നു. മെഡിക്കൽ ചെക്കപ്പിൽ ഭാര്യക്ക് ബ്ലഡ് കാൻസർ ആണെന്ന് കണ്ടെത്തി. അതറിഞ്ഞ റോബർട്ട് ഞെട്ടിത്തരിച്ചു കണ്ണീരൊഴുക്കി.
രണ്ടുവർഷത്തോളം കീമൊ തെറാപ്പി അടക്കം ചികിത്സ നടത്തി. കീമോതെറാപ്പി എടുത്തപ്പോൾ ഫിലോയുടെ മുടി ആകെ കൊഴിഞ്ഞു പോയി തലയിൽ വിഗ് വെച്ചു. അവൾ മരിച്ചു കഴിഞ്ഞാൽ ഒരു നിമിഷം പോലും ഞാൻ ഈ ഭൂമിയിൽ ജീവിക്കില്ല. റോബർട്ട് കണ്ടമിടറി കണ്ണീരൊലിപ്പിച്ചു കൊണ്ട് പറഞ്ഞു. ഞങ്ങൾ രണ്ടു ശരീരവും ഒരു ആത്മാവുമാണ്.
പ്രിയതമ ഫിലോക്കു ക്യാൻസർ രോഗം വളരെ സീരിയസ് കണ്ടീഷനിൽ എത്തി. വീൽ ചെയറിൽ ചെരിഞ്ഞ് ഇരുന്നുകൊണ്ട് റോബർട്ട്, പ്രിയതമയുടെ കൈകൾ തിരുമ്മി കൊടുത്തു അവരുടെ മുഖത്തും നെറുകയിലും ചുംബിച്ചു. ഡ്യൂട്ടി നേഴ്സ്സുകളും, ഡോക്ടർമാരും മതിയായ പരിചരണം നൽകി. എന്നാൽ ഫിലോയുടെ ശ്വാസം നിലച്ചു. ഹൃദയമിടിപ്പു നിന്നു. രോഗിയായ പ്രിയതമ ഇഹലോകവാസം വെടിഞ്ഞു.
ആഘാതം താങ്ങാൻ ആകാതെ, ഫിലോമിനയുടെ പ്രിയതമൻ റോബർട്ട് രണ്ടു കാലുകളും തളർവാദം വന്നു തകർന്നുപോയ ആ നിസ്വനായ മനുഷ്യൻ വീൽചെയറിൽ നിന്ന് മറിഞ്ഞു വീഴാൻ തുടങ്ങിയപ്പോൾ മെഡിക്കൽ സ്റ്റാഫുകൾ താങ്ങിപ്പിടിച്ചു. ആ മനുഷ്യൻ റോബർട്ടും തന്റെ പ്രിയതമയോടൊപ്പം നിത്യതയിലേക്ക് യാത്രയായി. രണ്ട് ഫ്യൂണറൽ സർവീസുകളും ഒരുമിച്ച് തന്നെ നടത്തി.
അവരുടെ ഏക മകൾ സാറ സ്വന്തം മാതാപിതാക്കളുടെ ഓർമ്മ ദിനം എംഡി ആൻഡേഴ്സൺ ക്യാൻസർ ഹോസ്പിറ്റലിൽ വരും. 200 ക്യാൻസർ രോഗികൾക്കുള്ള ഭക്ഷണത്തിനുള്ള തുക അവർ അവിടെ കൊടുക്കും. കുറെയധികം രോഗികൾക്ക് വീൽചെയർ വാങ്ങി കൊടുക്കുകയും ചെയ്യും. സ്വന്തം പിതാവ് റോബർട്ട് സഞ്ചരിച്ചിരുന്ന ആ വീൽചെയർ ഇപ്പോഴും മകൾ സാറായുടെ പ്രാർത്ഥന മുറിയിൽ സൂക്ഷിക്കുന്നു. അതിന് ഇരുവശത്തും മലയാളിയായ അമ്മ ഫിലോയും, വെള്ളക്കാരൻ ആയ അച്ഛൻ റോബർട്ടും നിൽക്കുന്ന ചിത്രങ്ങളും വച്ചിട്ടുണ്ട്.
കഴിഞ്ഞ കൊല്ലം സാറാ തൻറെ അമ്മ ഫിലോയുടെ ജന്മനാടായ, തൊടുപുഴ അടുത്തുള്ള പൈങ്ങോട്ടൂർ വിശുദ്ധ അന്തോനീസ് പള്ളിയിൽ പോയി പ്രാർത്ഥിക്കുകയും അവിടെ ചുറ്റുവട്ടത്തിലുള്ള കുറെ അഗതികൾക്കു ധനസഹായം നൽകുകയും ചെയ്തു.