Image

കലയും രാഷ്ട്രീയവും ഒരുമിക്കുന്ന 'ബൈസണ്‍' -റിവ്യൂ

സ്വന്തം ലേഖകന്‍ Published on 23 October, 2025
കലയും രാഷ്ട്രീയവും ഒരുമിക്കുന്ന 'ബൈസണ്‍' -റിവ്യൂ

തമിഴ്‌നാട്ടിലെ ഒരു കര്‍ഷക ഗ്രാമത്തില്‍ നിന്നും ഇന്ത്യന്‍ ദേശീയ ടീമില്‍ ഇടം നേടുന്ന ഒരു കബഡി താരത്തിന്റെ കഥയാണ് മാരി സെല്‍വരാജ് സംവിധാനം ചെയ്ത 'ബൈസണ്‍' എന്ന ചിത്രം പറയുന്നത്. ജാതിരാഷ്ട്രീയത്തിന്റെയും കായിക മേഖലയില്‍ നിലനില്‍ക്കുന്ന ജാതിമേല്‍ക്കോയ്മയുടെയും താഴ്ന്ന ജാതിയില്‍ പെട്ടവര്‍ക്ക് സ്‌പോര്‍ട്ട്‌സ് രംഗത്തേക്ക് കടന്നു വരാന്‍ നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളെയും ചിത്രം അനാവരണം ചെയ്യുന്നു. ഇവര്‍ തമ്മിലുളള കുടിപ്പകയുമല്ലാം ചിത്രം കാണിച്ചു തരുന്നു. തമിഴകത്തെ ജാതി രാഷ്ട്രീയത്തെയും അതിലെ ഉച്ചനീചത്വങ്ങളെയും തുറന്നു കാണിക്കാന്‍ മൃഗങ്ങളെ അതി സമര്‍ത്ഥമായ രീതിയില്‍ ഉപയോഗിക്കുന്ന വൈദഗ്ധ്യമുള്ള സംവിധായകന്‍ ഈ ചിത്രത്തിലും ആ പതിവ് തെറ്റിക്കുന്നില്ല.

1994-ല്‍ ജപ്പാനില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലെ ഇന്‍ഡ്യ-പാകിസ്ഥാന്‍ കബഡി മത്സരത്തില്‍ നിന്നാണ് ബൈസണ്‍ കഥ പറഞ്ഞു തുടങ്ങുന്നത്. ഭൂതകാലവും വര്‍ത്തമാന കാലവും ഇടകലര്‍ന്നു വരുന്ന ശൈലിയിലാണ് ചിത്രം മുന്നോട്ടു പോകുന്നത്. രാഷ്ട്രീയം തന്നെയാണ് കഥയുടെ കാതല്‍. ധ്രുവ് വിക്രമാണ് നായകന്‍. അര്‍ജ്ജുന അവാര്‍ഡ് ജേതാവും ഇന്ത്യന്‍ കബഡി താരവുമായിരുന്ന മനതി ഗണേശന്റെ ജീവിത കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് 'ബൈസണ്‍' സിനിമയൊരുങ്ങിയിട്ടുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ അപ്പാടെ കഥയാക്കുകയല്ല, ഇന്ത്യന്‍ ദേശീയ ടീമില്‍ വരെ എത്താനുള്ള അദ്ദേഹത്തിന്റെ നിരന്തര പരിശ്രമവും കഠിനാധ്വാനവും പോരാട്ടങ്ങളുമാണ് കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അരികുവല്‍ക്കരിക്കപ്പെടുന്ന കീഴാള വര്‍ഗത്തിന്റെ അതിജീവന പോരാട്ടത്തിന്റെ കരുത്തുറ്റ പ്രതീകങ്ങളായി മനുഷ്യനെയും കാട്ടുപോത്തിനെയും അവതരിപ്പിച്ചുകൊണ്ട് കാലിക പ്രസക്തിയുള്ള ഒരു പ്രമേയമാണ് സംവിധായകന്‍ അവതരിപ്പിക്കുന്നത്.

കിട്ടാന്‍ എന്ന കഥാപാത്രത്തെയാണ് ധ്രുവ് അവതരിപ്പിച്ചിരിക്കുന്നത്. അയാളുടെ വ്യക്തിജീവിത്തിലെയു കായിക ജീവിതത്തിലെയും സംഭവ വികാസങ്ങളെ സമാന്തരമായി ചിത്രീകരിച്ചു കൊണ്ടാണ് സിനിമ മുന്നോട്ടു പോകുന്നത്. ബാല്യത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട കാട്ടാന്റെ എല്ലാമെല്ലാം കബഡിയാണ്. അയാള്‍ തന്റെ എല്ലാ ദുഖങ്ങളും മറക്കുന്നതും കബഡി കളിയിലൂടെയാണ്. പ്രണയത്തിനു പോലും അയാള്‍ക്കു മുന്നില്‍ രണ്ടാം സ്ഥാനമേയുള്ളൂ. അവരുടെ ഗ്രാമത്തില്‍ ജാതിയുടെ പേരില്‍ അരങ്ങേറുന്ന എല്ലാ അനീതികളെയും അസമത്വങ്ങളെയും ചോദ്യം ചെയ്യുകയും അതിനെതിരേ വലിയൊരു നേതാവായി വളര്‍ന്നു വരികയും ചെയ്യുന്ന വ്യക്തിയാണ് പാണ്ടിരാജന്‍. അയാള്‍ക്കെതിരേ നില്‍ക്കുന്ന ഒരു വലിയ നിരയുണ്ട്. അതിന്റെ നേതാവാണ് കന്തസ്വാമി. ഇരുകൂട്ടരും തമ്മില്‍ പലപ്പോഴും സംഘര്‍ഷങ്ങള്‍ പതിവാകുമ്പോള്‍ കിട്ടാന്റെ അച്ഛനും ഉള്ളില്‍ വേവലാതിയാണ്. ഗ്രാമീണര്‍ തമ്മിലുള്ള കുടിപ്പകയില്‍ തന്റെ മകനെന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയും ഭയവുമാണ് അയാളുടെ ഉള്ളില്‍ നിറയുന്നത്.

കിട്ടാനായി വരുന്ന ധ്രുവ് വിക്രമിന്റെ മാസ്റ്റര്‍ പീസ് പര്കടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അടിച്ചമര്‍ത്തപ്പെട്ട കീഴാളന്റെ ആത്മരോഷവും ആത്മസംഘര്‍ഷങ്ങളും വേദനയും നിസ്സഹായതയും ഭയവും അവഗണനയും പോരാട്ടവും പ്രണയവും എല്ലാം കൂടി ചേര്‍ന്ന സങ്കീര്‍ണ്ണമായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെയാണ് കിട്ടാന്റെ ജീവിതത്തിന്റെ പ്രയാണം. ഇതെല്ലാം അതി ഗംഭീരമായി തന്നെ ധ്രുവ് അവതരിപ്പിച്ചിട്ടുണ്ട്. ഒരു കായികതാരത്തിന്റെ കഥ പറയുന്ന ചിത്രമായതു കൊണ്ടു തന്നെ കായികമായും മാനസികമായും ഒട്ടേറെ തയ്യാറെടുപ്പുകള്‍ ധ്രുവ് നടത്തിയിട്ടുണ്ടെന്ന് കഥാപാത്രത്തിന്റെ പ്രകടനം കൊണ്ട് മനസിലാകും. തമിഴകത്തിന് മറ്റൊരു കരുത്തുറ്റ നായകനെ ധ്രുവ് എന്ന നടനില്‍ പ്രേക്ഷകന് കാണാന്‍ കഴിയും.

കിട്ടാന്റെ അച്ഛന്‍ വേലുസ്വാമിയുടെ വേഷത്തിലെത്തുന്ന പശുപതി, സഹോദരിയുടെ വേഷത്തിലെത്തുന്ന രജീഷ വിജയന്‍, കാമുകിയായി എത്തുന്ന അനുപമ പരമേശ്വരന്‍, പാണ്ഡിരാജന്‍, കന്തസ്വാമി എന്നിവരെ അവതരിപ്പിച്ച ആമീര്‍ സുല്‍ത്താന്‍, ലാലു എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കിയെന്നു പറയാതെ വയ്യ. ഏഴില്‍ അരസിന്റെ ഛായാഗ്രഹണവും നിവാസിന്റെ സംഗീതവും പശ്ചാത്തല സംഗീതവും  ചിത്രത്തിന്റെ ഗാംഭീര്യത്തിന് സഹായകമാകുന്നുണ്ട്. ജാതിരാഷ്ട്രീയത്തിന്റെ പേരില്‍ അരങ്ങേറുന്ന പോരാട്ടങ്ങളെ മികവാര്‍ന്ന രീതിയില്‍ ചിത്രീകരിച്ചു കൊണ്ട് അതിശക്തമായ രാഷ്ട്രീയ നിലപാട് തറയൊരുക്കുകയാണ് സംവിധായകന്‍ മാരി സെല്‍വരാജ്. അതായത് വാണിജ്യ സിനിമയെടുക്കുമ്പോഴും സമകാലിക പ്രസക്തിയുള്ള  ഒരു വിഷയം പ്രമേയമാക്കാനും അത് കലാപരമായി എങ്ങനെ രൂപപ്പെടുത്താമെന്നുള്ളതിന്റെയും ഏറ്റവും വലിയ തെളിവാണ് 'ബൈസണ്‍'.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക