
ഇത് തുലാവർഷം
പതിഞ്ഞ് കേൾക്കുന്നുണ്ട്
കടലിൻ്റെ ജന്യരാഗങ്ങൾ
പ്രതിശ്രുതി!
ഇത് തുലാവർഷം
ഇടയ്ക്കിടക്കിടങ്ങനെ
പഴിയും പരാതിയും
പെയ്തൊടുങ്ങുന്നുണ്ട്.
ഇത് തുലാവർഷം
ഇരുണ്ട് പെയ്യുന്നുണ്ട്
പകൽ വച്ച വെട്ടം
കെടുത്തി നീങ്ങുന്നുണ്ട്
നടുമുറ്റമാകെ
പകച്ച് നിൽക്കുന്നുണ്ട്
വയലും, വരമ്പും
കവിഞ്ഞ് പോകുന്നുണ്ട്.
ഒളിമിന്നലടരും
ഒടുക്കത്തെ വാശിയും
പലതും അതിൽ വീണ്
കത്തിയാളുന്നുണ്ട്
മേഘം മുഖം കറുപ്പിക്കുന്നു
കുത്തുവാക്കോരോന്ന്
ചൊല്ലിക്കലാപമാകുന്നുണ്ട്
ദീപങ്ങളെല്ലാം കരിന്തിരി-
പ്പാടിൻ്റെ കോലം
വരച്ച് നീങ്ങുന്നുണ്ട്
മുന്നിലായ്
ഇത് തുലാവർഷം
തുലാസ്സിൻ്റെ തട്ടിലായ്
അധികമന്യായം
കനപ്പെട്ടിരിക്കുന്നു
എഴുതുവാൻ മഷിമുക്കി
വച്ച തൂവൽപ്പേന
മറുതട്ടിലതിനെ
പിടിച്ച് നിർത്തുന്നുണ്ട്
ഒടിയൻ്റെ മുഖമെന്ന പോൽ
നിലാപ്പാളികൾ
ഇടയിടെ മുഖംമൂടിയിട്ട്
നീങ്ങുന്നുണ്ട്
കലമാനതെന്ന് കാണും,
അതിനുള്ളിലായൊടി-
ജാലവിദ്യയുണ്ടതി-
ഗൂഢമാണത്
ഇളകിയാടും ത്രാസ്സ്
യുദ്ധസഞ്ചാരങ്ങൾ
മഴ, മേഘമൽഹാർ
മറന്നിട്ട് പോയതോ?
ഇത് തുലാവർഷം
ഇലപ്പച്ചകൾ വന്ന്-
പതിയെ മൂടും
മണ്ണിനോർമ്മകൾ
പൂവുകൾ!
അറിയാതെയേതോ
തുരുത്തിലെത്തി-
കാലഗതിയിലെ
രാശിദോഷങ്ങൾ
കടം കൊണ്ട്
പകുതിയും ചിരിമാഞ്ഞ-
മുഖവുമായുള്ളിലെ-
കവിതയെ മാത്രം
ജ്വലിപ്പിച്ച് നിർത്തുവാൻ
ഉയിരിൽ നിന്നാധികൾ
നീറ്റി വെണ്ണീറിട്ട്
കഴുകിത്തുടയ്ക്കുന്നൊരോട്ടു-
പാത്രം പോലെ
ഹൃദയം തിളങ്ങുന്നുവെങ്കിലും
ചുറ്റിലെ ഒടിവിദ്യകൾ
മടുപ്പേറ്റുന്നുവെങ്കിലും
കനലിലായ് പൊള്ളുന്ന
മഴയിലായ് കുതിരുന്ന
പഴയ ഭൂമിക്കെത്ര-
സഹനമെന്നോർക്കവെ;
പെയ്ത് തോരുന്നു
തുലാവർഷമേഘങ്ങൾ,
പെയ്യട്ടെ എന്നും
ഋതുക്കളാണോർമ്മകൾ!
വന്നുപോകും വീണ്ടുമേതോ
ഗൃഹാതുരസ്പന്ദനം
പോലെയതിൻ്റെ
സഞ്ചാരങ്ങൾ..