
ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെയും ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ നിർമ്മിച്ച “പെറ്റ് ഡിറ്റക്ടീവ്” എന്ന ചിത്രം രണ്ടാം വാരത്തിലും ഗംഭീര പ്രകടനം കാഴ്ചവെച്ച് ജൈത്രയാത്ര തുടരുകയാണ്. 150 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക പ്രതികരണം പരിഗണിച്ച് രണ്ടാം വാരത്തിലേക്ക് എത്തുമ്പോൾ 200 സ്ക്രീനുകളിലേക്ക് പ്രദർശനം വ്യാപിപ്പിച്ചു. റിലീസ് ചെയ്ത് ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 9.1 കോടി രൂപയുടെ ആഗോള കളക്ഷൻ നേടിയ ഈ ചിത്രം, ഷറഫുദ്ദീൻ്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നിലേക്ക് കുതിക്കുകയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.
ഒരു പക്കാ ഫൺ ഫാമിലി കോമഡി എൻ്റർടെയിനർ എന്ന നിലയിൽ, എല്ലാത്തരം പ്രേക്ഷകരെയും ചിത്രം തൃപ്തിപ്പെടുത്തുന്നുണ്ട്. പ്രനീഷ് വിജയൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. അഭിനേതാക്കളുടെ ഗംഭീര പ്രകടനവും ചിരിപ്പൂരം സൃഷ്ടിക്കുന്ന നിമിഷങ്ങളും കൊണ്ട് ‘പെറ്റ് ഡിറ്റക്ടീവ്’ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ചിത്രമാണ്.