Image

ഗായകൻ 'മന്നാ ഡേ' മലയാളികളുടെ 'മാനസ മൈന' പറന്നകന്നിട്ട്, ഒരു വ്യാഴവട്ടം : ആർ. ഗോപാലകൃഷ്ണൻ

Published on 24 October, 2025
ഗായകൻ 'മന്നാ ഡേ' മലയാളികളുടെ 'മാനസ മൈന' പറന്നകന്നിട്ട്, ഒരു വ്യാഴവട്ടം : ആർ. ഗോപാലകൃഷ്ണൻ

ചെമ്മീൻ എന്ന വിശ്വപ്രശസ്ത ചിത്രത്തിലെ വിഷാദാത്മകമായ 'മാനസ മൈനേ വരൂ...' എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി സംഗീത പ്രേമികൾക്കിടയിൽ പ്രശസ്തനായ ഗായകനാണ്‌ മന്നാ ഡേ. മൂന്ന് വ്യാഴവട്ട കാലം ഇന്ത്യൻ സംഗീത ലോകത്തിന്റെ ആകർഷണമായിരുന്ന മന്നാ ഡേ ഭാവഗാനങ്ങളുടെ രാജകുമാരനായിരുന്നു.
 

1919 മേയ് ഒന്നിന് കൊൽക്കത്തയിലാൺ മന്നാഡേ ജനിച്ചത്. പഴയ കാല പ്രശസ്ത ഗായകൻ കെ. സി. ഡേയുടെ അനന്തരവനാണ് മന്നാഡേ. പ്രബോദ്‌ ചന്ദ്ര ഡേ എന്നാണ് മന്നാ ഡേയുടെ പൂർണ്ണനാമം. മഹാമയ ഡേ, പൂർണ്ണ ചന്ദ്ര ഡേ ആയിരുന്നു മാതാപിതാക്കൾ.

കുട്ടിക്കാലത്തുതന്നെ സംഗീതപഠനം തുടങ്ങി. കൊൽക്കത്തയിൽ നിന്ന് പ്രാഥമിക വിദ്യഭ്യാസം നേടിയ ശേഷം, സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന് നൽകിയ അമ്മാവന്റെ കൂടെ ബോംബെയ്‌ക്ക്‌ പറിച്ചുനടപ്പെട്ട മന്നാ ഡേ 1942-ൽ അമ്മാവന്റെ കൂടെ സംഗീത സംവിധാന സഹായിയാണ് സിനിമാ സംഗീത ലോകത്ത്‌ കാലെടുത്ത്‌ വെക്കുന്നത്‌. ഈ സമയത്ത്, ഉസ്താദ്‌ അമൻ അലി ഖാന്റെയും ഉസ്താദ്‌ അബ്ദുൽ റഹ്‌മാൻ ഖാന്റെയും ശിക്ഷണത്തിൽ ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ച്‌ വന്നു.
 

1943-ൽ പുറത്തിറങ്ങിയ 'തമന്ന' എന്ന സിനിമയിൽ ഗായിക സുരയ്യയോടൊപ്പം ഒരു യുഗ്‌മ ഗാനം ആലപിച്ച്‌ സിനിമാ ഗാനങ്ങളിൽ അരങ്ങേറ്റം കുറിച്ച മന്നാ ഡേ, ശ്രദ്ധിക്കപ്പെട്ടത്‌ 1950-ല്‍ പുറത്തിറങ്ങിയ 'മശാലി'ലെ 'ഊപര്‍ ഗഗന്‍ വിശാല്‍' എന്ന ഗാനത്തിലൂടെ ആയിരുന്നു. ഒരു വൻ ഹിറ്റായ ആ ഗാനത്തിന്ന് ശേഷം മന്നാ ഡേ ഹിന്ദി സിനിമയുടെ ഭാഗമായിത്തീരുകയായിരുന്നു. ഹിന്ദി സിനിമയിലെ അക്കാലത്തെ പ്രമുഖ നടന്മാർക്കൊക്കെ വേണ്ടി മന്നാ ഡേ പാടിയിട്ടുണ്ട്‌. റഫി, മുകേഷ്‌, കിഷോർ ത്രിമൂർത്തികൾ അരങ്ങ്‌ വാണിരുന്ന സംഗീത ലോകത്ത്‌ വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ സാധിച്ച ബഹുമുഖ പ്രതിഭയായിരുന്നു മന്നാ ഡേ. ആശാ ഭോസ്‌ലേ, ലതാ മങ്കേഷ്‌കർ തുടങ്ങിയ ഒട്ടു മിക്ക ഗായികമാരുടെയും കൂടെ യുഗ്മഗാനം ആലപിക്കുവാനും അവയിൽ പലതും വൻ ഹിറ്റാക്കുവാനും ഡേ-യ്‌ക്ക്‌ സാധിച്ചിട്ടുണ്ട്‌.

ഇരുനോറോളം ഗാനങ്ങൾ ആശാ ഭോസ്ലേയുടെ കൂടെ മാത്രം ഡേ പാടിയിട്ടുണ്ട്‌. 1960-ൽ പുറത്തിറങ്ങിയ 'കാലാ ബസാർ'-ലെ 'സാൻസ്‌ ധലി ദിൽ കി ലഗി', 1966-ലെ 'ദിൽ നെ ഫിർ യാദ്‌ കിയാ' എന്ന സിനിമയിലെ 'ഹം നെ ജൽവാ ദിഖായാ' തുടങ്ങിയ ഗാനങ്ങൾ വൻ ഹിറ്റായിരുന്നു. 'ശ്രീ 420' ലെ 'പ്യാർ ഹുവാ, ഇക്‌രാർ ഹുവാ' എന്ന ഗാനം, 'സത്യം ശിവം സുന്ദരം' സിനിമയിലെ 'യശോമതി മയ്യ സെ ബോലെ' എന്ന ഗാനമടക്കം നൂറിലധികം ഹിറ്റ്‌ ഗാനങ്ങൾ ലതാജിയുടെ കൂടെത്തന്നെ ഡേ പാടിയിട്ടുണ്ട്‌.

"ആജാ സനം മധുർ ചാന്ദ്നി മേം ഹും"; "ദിൽ കാ ഹാൽ സുനെ ദിവാലാ"; "ഝനക് ഝനക് ബാജെ പയാലിയാ"; "തൂ പ്യാർ കാ സാഗർ ഹെ";  "പ്യാര്‍ ഹുവാ ഇക്‌രാര്‍ ഹുവാൻ"; "ഇക്ചാഥുർ നാർ" തുടങ്ങിയവ മന്നാഡേയുടെ പ്രശസ്ത ഗാനങ്ങളിൽ ചിലതാണ്. ഹാര്‍മോണിയം, സിത്താര്‍, വീണ എന്നീ സംഗീതോപകരണ ങ്ങളിലും അഗ്രഗണ്യനായിരുന്നു മന്നാഡേ.
പ്രശസ്ത സംഗീത സംവിധായകൻ എസ്‌. ഡി. ബർമ്മന്റെ സഹപാഠി കൂടിയായിരുന്ന മന്നാ ഡേയുടെ സിനിമാലോകത്തെ ആത്മമിത്ര മായിരുന്നു രാജ്‌ കപൂർ. രാജ്‌ കപൂറിന്റെ ശബ്ദത്തോട്‌ വളരെ സാമ്യപ്പെട്ട്‌ കിടക്കുന്ന മുകേഷ്‌ ആയിരുന്നല്ലോ രാജ്‌ കപൂറിന്ന് വേണ്ടി ഗാനങ്ങൾ പാടിയിരുന്നത്‌. ഒരിക്കൽ പതിവിന്ന് വിപരീതമായി സുഹൃത്ത്‌ മന്നാ ഡേ-യെ കൊണ്ട്‌ ഗാനം പാടിപ്പിക്കണമെന്ന് രാജ്‌ കപൂർ അഗ്രഹിച്ചു. തമിഴിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ എ. വി. എം. ഗ്രൂപ്പ്‌ നിർമ്മിച്ച 'ചോരി ചോരി' എന്ന സിനിമയ്‌ക്ക്‌ വേണ്ടി ഷൈലേന്ദ്ര രചിച്ച്‌ ശങ്കർ-ജയ്‌ കിഷൻ ഈണമിട്ട 'യേ രാത്‌ ഭീഗി ഭീഗി' എന്ന ഗാനം റിക്കോർഡ്‌ ചെയ്യാനായി മന്നാ ഡേ യെ സ്റ്റൂഡിയോയിൽ വിളിച്ച്‌ വരുത്തിയിരുന്നു. റിക്കാർഡ്‌ ചെയ്യുന്നതിന്ന് മുമ്പായി മദ്രാസിൽ നിന്ന് പറന്നെത്തിയ നിർമ്മാതാവ്‌ എ. വി. മെയ്യപ്പന്ന് അത്‌ സമ്മതമായിരുന്നില്ല. അഭിനയിക്കുന്നത്‌ രാജ്‌ കപൂർ ആണെങ്കിൽ പാടുന്നത്‌ മുകേഷ്‌ തന്നെയായിരിക്കണമെന്ന് അദ്ദേഹം വാശി പിടിച്ചു. നീണ്ട വാക്ക്‌ തർക്കങ്ങൾക്ക്‌ ശേഷം മെയ്യപ്പൻ മനസ്സിലാ മനസ്സോടെ വഴങ്ങി. മന്നാ ഡേ തകർത്താടിയ ഗാനം കേട്ട്‌ മെയ്യപ്പൻ ആനന്ദാശ്രൂക്കൾ പൊഴിച്ച്‌ മന്നാ ഡേയെ കെട്ടിപ്പിടിച്ചുവെന്ന് രാജ്‌ കപൂർ തന്റെ ജീവചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌.

ആ ഗാനം വൻ ഹിറ്റായിരുന്നു. ശേഷം രാജ്‌ കപൂറിന്ന് വേണ്ടിയും ഗാനമാലപിച്ച ഡേ പാടിയ 'മേരാ നാം ജോക്കറി'ലെ 'ഹേ ഭായ്‌, സറ ദേഖ്‌ കെ ചലോ' എന്ന ഗാനത്തിന്ന് ഫിലിം ഫെയർ അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌. പഡോസൻ എന്ന കിഷോർ കുമാർ സിനിമയിലെ 'എക്‌ ചഥുർനാർ' എന്ന ഹാസ്യഗാനവും 'ഷോലെയ്‌' സിനിമയിലെ 'യേ ദോസ്തി, ഹം നഹിൻ ചോഡേംഗേ' എന്ന ഗാനത്തിൽ അമിതാബ്‌ ബച്ചന്ന് വേണ്ടി നൽകിയ ശബ്ദവും മന്നാ ഡേ യിലെ പ്രതിഭയെ വിളിച്ചോതുന്നതാണ്‌.
 

1971-ല്‍ പത്മശ്രീ നല്‍കിയും 2005-ല്‍ പത്മഭൂഷൺ അവാർഡും മന്നാഡേയ്ക്ക് ലഭിച്ചു. 2007-ല്‍ ദാദാസാഹിബ് ഫാല്‍കെ പുരസ്കാരം മന്നാഡേയെ തേടിയെത്തി. 1969, 71 എന്നീ വര്‍ഷങ്ങളില്‍ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. മദ്ധ്യപ്രദേശ് സർക്കാരിന്റെ ലത മങ്കേഷ്‌കര്‍ പുരസ്‌കാരവും സ്വരലയയുടെ യേശുദാസ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

കണ്ണൂർ സ്വദേശിയും ആദ്യകാല നാടക പിന്നണി ഗായികയുമായിരുന്ന പ്രൊഫസർ സുലോചനാ കുമാരൻ ആയിരുന്നു ഭാര്യ. ഗായിക കൂടിയായ സുമിത, ഷുരോമ എന്നിവർ മക്കളാണ്‌.

സിനിമയിൽ നിന്ന് വിരമിച്ച ശേഷം ബാംഗ്ലൂരിൽ താമസിച്ച്‌ വന്നിരുന്ന മന്നാ ഡേ-യുടെ നിര്യാണം 2013 ഒക്‌ടോബർ 24-ന് ആയിരുന്നു; 94-ാം വയസ്സിലായിരുന്നു ആ അന്ത്യം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക