
സാക്ഷാൽ വയലാർ രാമവർമ്മയാണ് തന്നെ സിനിമാപ്പാട്ടെഴുത്തുകാരനാക്കിയതെന്നു പറയും ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി. എൻ ശങ്കരൻ നായർ സംവിധാനം ചെയ്ത "തുലാവർഷ"ത്തിൽ വയലാറിന് എഴുതാന്‍ വച്ച പാട്ട് അദ്ദേഹം സമയത്തിന് എത്തിച്ചേരാത്തത് കൊണ്ട് ചൊവ്വല്ലൂരിനെ തേടിവരികയായിരുന്നു.
"യമുനേ നീയൊഴുകൂ", "കേളീ നളിനം വിടരുമോ" എന്നീ പാട്ടുകൾ എഴുതി സ്ഥലം വിട്ടതാണ് വയലാർ. ഒരു പാട്ട് കൂടിയുണ്ട് എഴുതിക്കിട്ടാൻ. ഈണവുമായി ഹോട്ടൽ മുറിയിൽ അക്ഷമനായി കാത്തിരിക്കുന്നു സംഗീതസംവിധായകൻ സലിൽ ചൗധരി . പാട്ടൊരുക്കി അന്നുതന്നെ മുംബൈയിലേക്ക് തിരിച്ചുപോകണം സലിൽദായ്ക്ക്. ചെന്നൈ നഗരം അരിച്ചുപെറുക്കിയിട്ടും വയലാറിന്റെ പൊടി പോലുമില്ല. "ഗത്യന്തരമില്ലാതെ പടത്തിന്റെ നിർമ്മാതാവ് ശോഭന പരമേശ്വരൻ നായർ, സ്ഥലത്തുണ്ടായിരുന്ന എന്നോട് പാട്ടെഴുതാൻ ആവശ്യപ്പെടുന്നു. അത്യാവശ്യം ലളിതഗാനങ്ങളൊക്കെ എഴുതുന്നയാളാണ് ഞാനെന്ന് അദ്ദേഹത്തിനറിയാം. നിർമ്മാണവേളയിൽ സദാ സമയവും കൂടെ ഉണ്ടായിരുന്ന രാമു കാര്യാട്ടിന്റെ പ്രേരണ കൂടിയായപ്പോൾ ഒരു കൈ നോക്കിക്കളയാം എന്ന് തോന്നി എനിക്ക്. രണ്ടു പേർക്കും എന്നെ തൃശ്ശൂരിൽ വച്ച് 1950കളുടെ അവസാനം മുതലേ അറിയാം.'' -- ചൊവ്വല്ലൂർ.
ഹാർമോണിയത്തിന്റെ കട്ടകളിൽ സലിൽദായുടെ നേർത്ത വിരലുകൾ ഒഴുകി അപ്രത്യക്ഷമാകുന്നത് ചെറിയൊരു ഉൾക്കിടിലത്തോടെ നോക്കിയിരിക്കെ ചൊവ്വല്ലൂർ സ്വയം പറഞ്ഞു: "ഇതാ നിന്റെ പരീക്ഷണഘട്ടം. ഇവിടെ ജയിച്ചു കയറുക. ഇല്ലെങ്കിൽ സിനിമാപ്പാട്ടെഴുത്തുകാരനാകാനുള്ള മോഹം എന്നെന്നേക്കുമായി ഉപേക്ഷിച്ചു നാട്ടിലേക്ക് വണ്ടി കയറിക്കൊൾക.''
ആദ്യമായി സിനിമക്ക് ഗാനമെഴുതുകയാണ്; അതും സലിൽ ചൗധരിയെ പോലുള്ള ഒരു ജീനിയസ്സിന്റെ ഈണത്തിനൊത്ത്. ശൈലേന്ദ്രയും മജ്‌രൂഹ് സുൽത്താൻപുരിയും ജാൻ നിസാർ അക്തറും ഖമർ ജലാലാബാദിയും ഇന്ദീവറും ഗുൽസാറും വയലാറും ഓ എൻ വിയുമൊക്കെ ഇരുന്ന കസേരയിൽ ഒടുവിലിതാ ഒരു പാവം ചൊവ്വല്ലൂർക്കാരൻ. മൂന്നു തവണ സലിൽദാ ഈണം മൂളിക്കേൾപ്പിച്ചിട്ടും, എത്തും പിടിയും കിട്ടാതെ മിഴിച്ചിരുന്ന പാട്ടെഴുത്തുകാരന് നേർക്ക് രാമു കാര്യാട്ട് ഒരു നോട്ടുബുക്കും പെൻസിലും നീട്ടുന്നു : "വാര്യരുട്ടീ, പേടിക്കേണ്ട. ഈശ്വരന്മാരെ മുഴുവൻ ധ്യാനിച്ച് അപ്പുറത്തെ മുറിയിൽ പോയിരുന്ന് എഴുതിക്കോളൂ..''
അടുത്ത മുറിയുടെ ഏകാന്തതയിൽ, ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞ കടലാസുതുണ്ടുകൾക്കിടയിൽ ഇരുന്നു വാക്കുകൾക്കു വേണ്ടി പരതവേ മനസ്സിൽ വന്നു നിറഞ്ഞത് രാഘവൻ മാഷിന്റെ രൂപമാണെന്നോർക്കുന്നു ചൊവ്വല്ലൂർ; ലളിതഗാന രചനയിൽ തന്നെ `പിച്ചവച്ചു നടത്തിയ' സംഗീത സംവിധായകൻ. ആകാശവാണിക്കാലത്തൊരിക്കൽ ലളിതസംഗീതപാഠത്തിനു വേണ്ടി ഒരു പാട്ടെഴുതിത്തരാൻ മാഷ് അപ്രതീക്ഷിതമായി ആവശ്യപ്പെട്ടപ്പോൾ സർഗഭാവനയുടെ ഒരു സാഗരം തന്നെ കടലാസിലേക്ക് ഒഴുക്കിവിടുകയായിരുന്നു താൻ. എഴുതിക്കൊണ്ടുകൊടുത്ത കടലാസിലേക്കും രചയിതാവിന്റെ മുഖത്തേക്കും മാറിമാറി നോക്കി മാഷ് പറഞ്ഞു: "ഇതെന്താ മഹാകാവ്യമോ? പാട്ടല്ലേ തന്നോട് എഴുതാൻ പറഞ്ഞത്?''
ശരിയാണ്. 24 വരിയുണ്ടായിരുന്നു ചൊവ്വല്ലൂർ എഴുതിയ പാട്ടിന്. മാഷ് നിർദയം മഹാകാവ്യത്തിന്റെ പകുതിക്ക് വച്ച് വെട്ടി. എന്നിട്ട് പറഞ്ഞു: "ഇതിത്ര മതി.'' പല്ലവി, അനുപല്ലവി, ചരണം എന്നിങ്ങനെയുള്ള ചിട്ടവട്ടങ്ങൾ ലളിതഗാനത്തിനുണ്ടെന്നു മനസ്സിലായത് അന്നാണ്. അതിനു ശേഷം ആ മേഖലയിൽ പിന്നോട്ട് പോയിട്ടില്ല. പക്ഷെ, ഈണത്തിന്റെ സ്കെയിലിൽ പാട്ട് എഴുതുക-- അതത്ര എളുപ്പമുള്ള ഇടപാടല്ലെന്നു തിരിച്ചറിഞ്ഞത് ചെന്നൈ പാംഗ്രൂവ് ഹോട്ടലിലെ മുറിയിൽ ഒറ്റക്കിരുന്നു സലിൽദായുടെ ഈണവുമായി മല്ലിടേണ്ടിവന്നപ്പോഴാണ് . ഏതായാലും ഏറ്റു പോയില്ലേ? ഇനി കീഴടങ്ങിക്കൂടാ.
ഏകാന്തധ്യാനത്തിന്റെ ഏതോ ഘട്ടത്തിൽ `സ്വപ്നാടനം' എന്നൊരു വാക്ക് വീണു കിട്ടുന്നു കവിയ്ക്ക്. തലേന്നത്തെ സൊറ പറച്ചിലിനിടയിൽ മനസ്സിൽ തങ്ങിയ പദമാണ്. "ദൈവാനുഗ്രഹത്താൽ അടുത്ത വാക്കുകളും പിന്നാലെ വന്നു,'' ചൊവ്വല്ലൂർ ഓർക്കുന്നു:
"സ്വപ്നാടനം ഞാൻ തുടരുന്നു,
എന്റെ സ്വപ്നാടനം ഞാൻ തുടരുന്നു,
വിട തന്നാലും വിട തന്നാലും
എന്റെ വിരഹ ദുഃഖസ്മരണകളെ .... "
പല്ലവി പാടിക്കേൾപ്പിച്ചപ്പോൾ സലിൽദായുടെ പ്രതികരണം ഓർമ്മയുണ്ട്: "അപ്പോൾ ആദ്യമായി പാട്ടെഴുതുകയാണ് എന്ന് പറഞ്ഞത് വെറുതെയാണ്, അല്ലേ?" എന്ത് മറുപടി പറയണം എന്നറിയാതെ നിന്നപ്പോൾ കാര്യാട്ട് പുറത്തുതട്ടി പറഞ്ഞു: പോരെ? തനിക്ക് ഇതിലും വലിയ ഒരു അവാർഡ് വേണോ?
അടുത്ത വരികളും മോശമായിരുന്നില്ല. ഈണത്തിന്റെ ചട്ടക്കൂടിൽ കൃത്യമായി ഒതുങ്ങിനിന്ന ഭാവന.
"വിടരും മുൻപേ കൊഴിയുന്നൂ രാഗം
വിരൽ തൊടും മുൻപേ വിതുമ്പുന്നൂ
അടുക്കും മുൻപേ അകലുന്നൂ മോഹം
ഉണരും മുൻപേ മരിക്കുന്നു എന്നിൽ
ഉണരും മുൻപേ മരിക്കുന്നു
തനിച്ചിരിക്കുമ്പോൾ മിഴി പൊത്തുന്നൂ
തിരിഞ്ഞു നോക്കുമ്പോൾ മറയുന്നൂ
എങ്കിലുമൊരുനോക്കു കാണാൻ കൊതിച്ചെന്റെ
സങ്കല്പനടനം തുടരുന്നു എന്റെ
മൗനസംഗീതം തുടരുന്നു.."
തുലാവർഷത്തിലൂടെ (1976) അങ്ങനെ മലയാള സിനിമക്ക് പുതിയൊരു ഗാനരചയിതാവിനെ ലഭിക്കുന്നു. ജാനകി പാടിയ ആ ഗാനം വയലാർ രാമവർമ്മ എഴുതിയതാണെന്ന് വിശ്വസിക്കുന്നവർ ഇന്നുമുണ്ട്. പടത്തിലെ മറ്റു രണ്ടു ഹിറ്റ് പാട്ടുകൾ (കേളീ നളിനം, യമുനേ നീ ഒഴുകൂ) എഴുതിയത് വയലാർ ആയതുകൊണ്ടാകാം. ഈ അടുത്ത കാലം വരെ എസ് ജാനകിയും അങ്ങനെയാണ് ധരിച്ചിരുന്നതെന്ന് ചിരിയോടെ വെളിപ്പെടുത്തുന്നു ചൊവ്വല്ലൂർ . "പക്ഷെ സത്യം മനസ്സിലായതിനു തൊട്ടു പിന്നാലെ ഒരു ഗാനമേളാ വേദിയിൽ സ്വപ്നാടനം ആലപിച്ചു അതിന്റെ യഥാർത്ഥ സ്രഷ്ടാവിന് സമർപ്പിക്കാനുള്ള സന്മനസ്സ് അവർ കാണിച്ചു.''
വൈകിയാണ് വെളിച്ചം കണ്ടതെങ്കിലും സാമ്പത്തികമായി ഭേദപ്പെട്ട വിജയം നേടിയ സിനിമയായിരുന്നു തുലാവർഷം . അന്ന് താരതമ്യേന പുതുമുഖമായിരുന്ന ശ്രീദേവിയാണ് ചൊവ്വല്ലൂരിന്റെ ആദ്യ ഗാനതിനൊത്തു ചുണ്ടനക്കിയത് എന്നത് മറ്റൊരു പ്രത്യേകത. അതേ സിനിമയിൽ പി ഭാസ്കരൻ -- ദക്ഷിണാമൂർത്തി കൂട്ടുകെട്ടിന്റെ രണ്ടു പാട്ടുകൾ കൂടിയുണ്ടായിരുന്നു. തുലാവർഷത്തിന് പിന്നാലെ കുറച്ചു ചിത്രങ്ങൾക്ക് കൂടി പാട്ടെഴുതി, അദ്ദേഹം. കലോപാസനയിൽ ജയചന്ദ്രൻ പാടിയ ഉഷമലരികളുടെ നടുവിൽ ഇറങ്ങിയ കാലത്ത് ശ്രദ്ധിക്കപ്പെട്ട പാട്ടായിരുന്നു. രഘുകുമാർ (നദി മുതൽ നദി വരെ), ജെറി അമൽദേവ് (ആന), എം ബി ശ്രീനിവാസൻ (പഞ്ചവടിപ്പാലം), രവീന്ദ്രൻ (ചൈതന്യം), എ ടി ഉമ്മർ (അഷ്ടബന്ധം) എന്നിവരും ചൊവ്വല്ലൂരിനൊപ്പം സംഗീതസൃഷ്ടിയിൽ പങ്കാളികളായവരാണ്.
പക്ഷെ, ജനപ്രീതിയിൽ ഈ സിനിമാപ്പാട്ടുകളെ പോലും അതിശയിക്കുന്നവയാണ് ചൊവ്വല്ലൂരിന്റെ ഭക്തിഗാനങ്ങൾ എന്നതാണ് സത്യം. തുളസീതീർത്ഥം എന്ന തരംഗിണി ആൽബത്തിന് വേണ്ടി ടി എസ് രാധാകൃഷ്ണൻ ഈണമിട്ടു യേശുദാസ് പാടി അവിസ്മരണീയമാക്കിയ "ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം , അമ്പലപ്പുഴയിലെൻ മനസ്സോടിക്കളിക്കുന്നു, മൂകാംബികേ ദേവി ജഗദംബികെ, അഷ്ടമിരോഹിണി നാളിലെൻ മനസ്സൊരു തുടങ്ങിയ ഗാനങ്ങൾ ചൊവ്വല്ലൂർ എഴുതിയതാണ്.
"മൂവായിരത്തിൽ അധികം ഭക്തിഗാനങ്ങൾ എഴുതി. പലതിലും എന്റെ ആത്മാംശമുണ്ടായിരുന്നു. ഒരു കൃഷ്ണ തുളസീദളമായ് ഞാന്‍ ഒരു ദിനം എന്ന പാട്ട് റെക്കോർഡ് ചെയ്യാൻ മൈക്കിനു മുന്നിൽ നിൽക്കെ ഗായകൻ ജയചന്ദ്രൻ കരച്ചിലടക്കാൻ പ്രയാസപ്പെട്ടത് ഓർമ്മയുണ്ട്. ആ വരികൾ അദ്ദേഹത്തെ അത്രയേറെ സ്പർശിച്ചുവത്രേ. അതുപോലെ ചിത്രയ്ക്ക് ഏറെ പ്രിയമുള്ള പാട്ടാണ് ഗുരുവായൂർ ഓമന കണ്ണൻ.'' തിരക്കഥാകൃത്ത് (ശ്രീരാഗം), സംഭാഷണ രചയിതാവ് (സർഗം) എന്നീ നിലകളിലും സിനിമയുമായി ബന്ധപ്പെട്ടിട്ടുള്ള ചൊവ്വല്ലൂർ പറഞ്ഞു.
2022 ജൂൺ 26 നായിരുന്നു ചൊവ്വല്ലൂരിന്റെ വിയോഗം.