
നായകനായി അഭിനയിച്ച മൂന്നു സിനിമകളും നൂറ് കോടി ക്‌ളബ്ബില്‍ കയറ്റിയ തെന്നിന്ത്യന്‍ അഭിനേതാവെന്ന നിലയില്‍ തിളങ്ങുകയാണ് പ്രദീപ് രംഗനാഥന്‍ എന്ന യുവതാരം. 'ലവ് ടുഡേ', 'ഡ്രാഗണ്‍' എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ 'ഡ്യൂഡ്' എന്ന ചിത്രവും നൂറു കോടി ക്‌ളബ്ബില്‍ കടന്നിരിക്കുകയാണ്. ഇതോടെ നായകനായി അഭിനയിച്ച ആദ്യ മൂന്നു ചിത്രങ്ങള്‍ നൂറു കോടി ക്‌ളബ്ബില്‍ എത്തിച്ച നായകന്‍ എന്ന അപൂര്‍വ നേട്ടവും പ്രദീപ് രംഗനാഥന് സ്വന്തം.
പ്രദീപ് രംഗനാഥന്‍-മമിത ബൈജു നായികാ നായകന്‍മാരായി ദീപാവലി റിലീസായി എത്തിയ'ഡ്യൂഡ് ആഗോള കളക്ഷനില്‍ നൂറു കോടി കടന്നു. ആറ് ദിവസം കൊണ്ടാണ് ചിത്രം നൂറു കോടി കളക്ഷന്‍ നേടിയത്. ഇതില്‍ ആദ്യദിനം മാത്രം 22 കോടി നേടിയിരിരുന്നു.
ലവ് ടുഡേയിലുംഡ്രാഗണിലും കാഴ്ച വച്ച തകര്‍പ്പന്‍ പ്രകടനം ഡ്യൂഡിലും പ്രദീപ് കാഴ്ച വച്ചിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട മമിത ബൈജുവും ഏറെ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചിരുന്നു. മികച്ച അവതരണ ശൈലികൊണ്ട് തമിഴകത്തിന്റെ മനം കവരാന്‍ മമിതയ്ക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. യുവത്വത്തിന്റെ ആഘോഷമാക്കി മാറ്റാന്‍ കഴിയുന്ന വിധമാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. അഗന്‍ എന്ന കഥാപാത്രമായി പ്രദീപും കുറല്‍ എന്ന കഥാപാത്രമായി മമിതയും അതിഗംഭീരമായ അഭിനയമാണ് കാഴ്ച വച്ചിട്ടുള്ളത്. ഇവര്‍ക്കൊപ്പം അഴഗപ്പന്‍ എന്ന കഥപാത്രമായി ശരത് കുമാറും ചിത്രത്തിലുണ്ട്. തന്റെ മുന്‍കാല സിനിമകളില്‍ നിന്നും വ്യത്യസ്തമായി അല്‍പ്പം കോമഡി ടച്ചുള്ള കഥാപാത്രമാണ് ശരത് കുമറിന്റേത്. കുടുംബബന്ധങ്ങളും സൗഹൃദവും പ്രണയവുമെല്ലാം പ്രേക്ഷകര്‍ക്ക് ആകര്‍ഷകമായ രീതിയില്‍ ഡ്യൂഡില്‍ ചിത്രീകരിച്ചിട്ടുണ്ട്.
യുവതലമുറയുടെ ഹരമായ സായ് അഭ്യങ്കുര്‍ ഈണമിട്ടചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനകം ഹിറ്റായി മാറി കഴിഞ്ഞു. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നേഹ ഷെട്ടി, ഹൃദു ഹാരൂണ്‍, സത്യ, രോഹിണി, ദ്രാവിഡ് ശെല്‍വം, ഐശ്വര്യ ശര്‍മ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. നികേത് ബൊമ്മിയുടെ ഛായാഗ്രഹണവും ഭരത് വിക്രമിന്റെ എഡിറ്റിങ്ങുമാണ് ചിത്രത്തിന്റെ മറ്റു രണ്ടു ഹൈലൈറ്റുകള്‍.