
(പുസ്തകങ്ങൾ ജനിക്കുകയും, ഉടനെ മരിക്കുകയും അപ്പോൾ തന്നെ മറവു ചെയ്യപ്പെടുകയും ചെയ്യുന്ന ശ്മശാനമാണ് അമേരിക്കൻ മലയാളസാഹിത്യ രംഗം- ആ ശ്മശാനഭൂവിലെ പ്രേതങ്ങളിൽ ചിലരെ ആവാഹിച്ച് കുടിയിരുത്തി തിലഹോമം നടത്തി ഉയർത്തെഴുന്നേൽപ്പ് നടത്തുകയാണ് ശ്രീ മാത്യുസ്)
അമേരിക്കൻ മലയാളിയും എഴുത്തുകാരനും, ഗ്രന്ഥകാരനും, പത്രപ്രവർത്തകനും, അധ്യാപകനുമായ ശ്രീ ജെ മാത്യുസ് രചിച്ച മുൻപേ നടന്നവർ എന്ന കൃതി അമേരിക്കൻ മലയാള സാഹിത്യ ചരിത്രത്തിലേക്കുള്ള ഒരു ഏടാണ്. ഇവിടത്തെ എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് അദ്ദേഹം എഴുതിയ അവതാരികയുടെ സമാഹാരമാണിത്. ഒപ്പം ആ എഴുത്തുകാരുടെ പുസ്തകങ്ങളിൽ നിന്നുമുള്ള ഒന്നോ രണ്ടോ രചനകൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. സഹൃദയ ലോകത്തിനു ഈ പുസ്തകം നൽകുന്ന അറിവ് അമേരിക്കൻ മലയാളസാഹിത്യത്തെ പുറം ലോകവുമായി ബന്ധിപ്പിക്കാൻ സഹായിക്കും.
ഏതൊരു ചരിത്രത്തിനും ഒരു തുടക്കമുണ്ട്. ആനുകാലിക സംഭവവികാസങ്ങളേക്കാൾ നമ്മൾക്ക് കൗതുകം ചരിത്രത്തിന്റെ വികാസവും അതിനെപ്പറ്റി അറിയാനുള്ള ജിജ്ഞാസയുമാണ്. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛൻ എന്ന് നമ്മൾ പഠിക്കുമ്പോഴും കൃഷ്ണഗാഥ എഴുതിയ ചെറുശ്ശേരി നമ്പൂതിരിയെ മറക്കുന്നില്ല. ഒരു പക്ഷെ മുപ്പത് അക്ഷരങ്ങൾ ഉണ്ടായിരുന്ന വട്ടെഴുത്ത് എന്ന പേരിൽ അറിയപ്പെട്ടിരുന്ന മലയാളഭാഷയ്ക്ക് അമ്പത്തിയൊന്നു അക്ഷരങ്ങൾ സമ്മാനിച്ച് ഒരു ഭാഷയുടെ നിലയിലേക്ക് മലയാളത്തെ എഴുത്തച്ഛൻ ഉയർത്തികൊണ്ടുവന്നത് ശരി തന്നെ. പക്ഷെ ഭാഷയുടെ ലാളിത്യം കൊണ്ട് വായനക്കാരെ വിസ്മയിപ്പിച്ചത് ചെറുശ്ശേരിയാണ്. കേരളത്തിലെ ജനങ്ങളെ ഭക്തിമാർഗ്ഗത്തിലൂടെ നന്മയിലേക്ക് നയിക്കാൻ എഴുത്തച്ഛന്റെ കൃതികൾക്ക് കഴിഞ്ഞു. അമേരിക്കൻ മലയാള സാഹിത്യത്തിന്റെ ചരിത്രം തേടി പോകുന്നവർക്ക് ശ്രീ മാത്യുസിന്റെ പുസ്തകം സഹായകമാകും. ഓരോ എഴുത്തുകാരുടെയും സർഗാത്മക രചനകൾ അമേരിക്കൻ മലയാള സാഹിത്യത്തെ വളർത്തിയത് എങ്ങനെ എന്ന് മറഞ്ഞുകിടക്കയാണ് ഇപ്പോൾ. പുസ്തകങ്ങൾ ജനിക്കുകയും, ഉടനെ മരിക്കുകയും അപ്പോൾ തന്നെ മറവു ചെയ്യപ്പെടുകയും ചെയ്യുന്ന ശ്മശാനമാണ് അമേരിക്കൻ മലയാളസാഹിത്യ രംഗം. ആ ശ്മശാന ഭൂവിലെ പ്രേതങ്ങളിൽ ചിലരെ ആവാഹിച്ച് കുടിയിരുത്തി തിലഹോമം നടത്തി ഉയർത്തെഴുന്നേൽപ്പ് നടത്തുകയാണ് ശ്രീ മാത്യുസ്. ഹിന്ദുവിശ്വാസപ്രകാരം, ഗതികിട്ടാതെ അലയുന്ന പിതൃക്കളുടെ ആത്മാവിനെ മഹാവിഷ്ണുവിങ്കല്‍ ലയിപ്പിക്കുന്ന ചടങ്ങാണ് തിലഹോമം. ഇറ്റലിയിലെ പോവ്ഗ്ലിയ എന്ന ദ്വീപാണ് പ്രേതങ്ങൾ അലഞ്ഞു തിരിയുന്ന ലോകത്തിലെ ഭയാനകമായ സ്ഥലം. അമേരിക്കൻ മലയാളി എഴുത്തുകാരുടെ പുസ്തകങ്ങളും അതേപോലെ അലഞ്ഞുതിരിയുകയാണ്. അവരെല്ലാം ചിലപ്പോൾ ശ്രീ മാത്യുസ് സാറിനെ സമീപിക്കാൻ സാധ്യതയുണ്ട്. ഞങ്ങളെ രക്ഷിക്കൂ എന്ന നിവേദനവുമായി.

ഇവിടെ അമേരിക്കയിലേക്ക് കുടിയേറിയ മലയാളികളിൽ അധികം പേരും സാമ്പത്തിക ഉന്നമനം പ്രതീക്ഷിച്ചു അല്ലെങ്കിൽ ഉപരി വിദ്യാഭ്യാസത്തിനായി വന്നവരെങ്കിലും അവരിൽ ചിലരെങ്കിലും സാഹിത്യത്തെ പരിപോഷിപ്പിക്കാൻ ശ്രമിച്ചു. ഈ പുസ്തകത്തിൽ ശ്രീ മാത്യുസ് പരിചയപ്പെടുത്തുന്ന എഴുത്തുകാരിൽ കുറച്ചു പേര് വളരെ മുൻപേ നടന്നവരെങ്കിൽ ചിലരൊക്കെ അവർക്കൊപ്പം എത്താൻ വേണ്ടി സമീപകാലത്ത് ചേർന്നവരാണ്. അതിനുള്ള കാരണങ്ങൾ പുസ്തകത്തിൽ പറയുന്നുണ്ട്. എഴുത്തുകാരുടെ കാലനിർണ്ണയത്തെക്കാൾ അവരുടെ രചനകൾക്ക് പ്രാധാന്യം നൽകാം. ഈ കൃതികൾ എത്ര പേർ വായിച്ചുവെന്നുള്ളത് അന്വേഷിച്ചുപോകുമ്പോഴാണ് ഒരു ദുഃഖസത്യം വെളിപ്പെടുക. അമേരിക്കൻ മലയാളി എഴുത്തുകാർക്ക് അവർ ജീവിച്ചിരിക്കുമ്പോൾ ഒരു പക്ഷെ അർഹിക്കുന്ന അംഗീകാരവും, ആദരവും കിട്ടുന്നില്ലെന്നുള്ളത് പരമാർത്ഥമാണ്. പ്രവാസ സാഹിത്യത്തെപ്പറ്റി ഇവിടെയുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടും അറിവും പരിമിതമാണ്. അവർ ഇപ്പോഴും ജന്മനാട്ടിലെ എഴുത്തുകാരെ മാത്രം അംഗീകരിക്കുകയും ഇവിടെയുള്ളവരെ നിസ്സാരരായി കാണുകയും ചെയ്യുന്നു. തന്മൂലം ഇവിടെയുള്ള എഴുത്തുകാരുടെ രചനകൾ ചർച്ചചെയ്യപെടുന്നില്ല. വായിക്കപ്പെടുന്നുപോലുമില്ല. അമേരിക്കൻ മലയാളസാഹിത്യത്തെപ്പറ്റി മൂന്നു നിരൂപണ ഗ്രന്ഥ്ങ്ങൾ ഇറങ്ങിയിട്ടുണ്ടെന്നു അതെഴുതിയ ആൾക്കും അദ്ദേഹത്തതിന്റെ ഏഴ് വായനക്കാർക്കും മാത്രമേ അറിയൂവെന്നുള്ളത് വിചിത്രമാണ്. പക്ഷെ ഭാവി തലമുറക്ക് അതൊക്കെ മനസ്സിലാക്കാൻ ശ്രീ മാത്യുസ് രചിച്ച ഈ പുസ്തകം സഹായകമാകും.
ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള എഴുത്തുകാരുടെ രചനകളെക്കുറിച്ചുള്ള ശ്രീ മാത്യുസിന്റെ വിലയിരുത്തലുകൾ, നിരൂപണങ്ങൾ, അവലോകനങ്ങൾ ആ കൃതികളെ വായനക്കാരന് പരിചയപ്പെടാനും അറിയാനും അവസരം നൽകുന്നു. പ്രശസ്ത ജർമൻ തത്വചിന്തകൻ ഫെഡ്രിക് നീത്ഷെ ഒരിക്കൽ സൂര്യനെ നോക്കി പറഞ്ഞു. "മഹാനക്ഷത്രമേ ഞങ്ങൾക്കായി പ്രകാശിക്കുന്നത് അല്ലെ നിന്റെ സന്തോഷം. പത്തുവർഷമായി നീ എന്റെ നിലവറയിലേക്ക് കടന്നുവരുന്നു. ഞാനും എന്റെ ചുറ്റുപാടും ഇല്ലായിരുന്നെങ്കിൽ നിന്റെ പ്രകാശവും യാത്രയും നിന്നെ തളർത്തിയേനെ. എന്നാൽ ഞങ്ങൾ എല്ലാ പ്രഭാതത്തിലും നിന്നെ കാത്തിരിക്കുന്നു നിന്റെ അളവറ്റ പ്രകാശത്തിനും ഊർജത്തിനും നന്ദി പറയുന്നു." ആസ്വദിക്കാൻ ആളില്ലെങ്കിൽ തേജോമയനായ സൂര്യൻ പോലും അവഗണിക്കപ്പെടുന്നു. പ്രവാസി എഴുത്തുകാരിൽ കുറച്ചുപേരുടെ രചനകൾ ശ്രീ മാത്യുസ് നമുക്ക് പരിചയപെടുത്തുന്നതിലൂടെ പ്രവാസ സാഹിത്യത്തിന് വിപുലമായ പ്രചാരം ലഭിക്കുന്നു.
പ്രവാസിക്ക് അവനറിയാതെ ഒരു ഏകാന്തത. ഒരു ഗൃഹാതുരത്വം അനുഭവപ്പെടും. ആ അന്തഃസംഘർഷങ്ങൾ സര്ഗാത്മകതയായി രൂപപെടുമ്പോൾ അവന്റെ തൂലിക ചലിക്കയായി. അവന്റെ ജീവിതത്തിന്റെ ഉൾത്തുടിപ്പുകളിൽ നിന്നും ചിന്തകളുടെ ഒരു ഒഴുക്കുണ്ടാകുന്നു. ചിലപ്പോൾ അവൻ അത് നോക്കി ചിരിക്കുന്നു, കരയുന്നു, ജീവിതത്തിന്റെ അർഥങ്ങൾ കണ്ടെത്തുന്നു. തനറെ ജീവിതസാഹചര്യങ്ങളിൽ നിന്നും ശ്രീ ജോസ് ചെരിപ്പുറം കണ്ടെത്തുന്ന ഒരു നർമ്മമാണ് അളിയന്റെ പടവലങ്ങ. അതിലെ ഹാസ്യമാണ് അതിന്റെ ശക്തി. പിന്നെ രചനയിലെ നിറഞ്ഞ നൈസ്സർഗികത, അകൃത്രിമത്വം. ശ്രീമതി സരോജ വർഗീസിന്റെ പൊലിയാത്ത പൊൻവിളക്ക്, ശ്രീമതി മാർഗരറ്റ് ജോസഫിന്റെ സാമഗീതം, ശ്രീ ഷാജു ജോണിന്റെ മോറിസ് മൈനർ, സോയ നായരുടെ കാമുകനെ ആവശ്യമുണ്ട്, ശ്രീമതി ഉമാ സജിയുടെ ഒറ്റനക്ഷത്രം, ശ്രീ ജെ മാത്യുസിന്റെ ദർപ്പണം, സുധീർ പണിക്കവീട്ടിലിന്റെ അമേരിക്കൻ മലയാള സാഹിത്യ നിരൂപണങ്ങൾ, ലാന തയ്യാറാക്കിയ നടപ്പാത എന്ന കഥാസമാഹാരം, എന്നിവയെക്കുറിച്ച് പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. അതോടൊപ്പം ഓരോ സംഘടനകൾക്ക്, പ്രസിദ്ധീകരണങ്ങൾക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് ശ്രീ മാത്യുസ് എഴുതിയ കുറിപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവാസ സാഹിത്യകാരന്മാർ ഒരേ സമയം ജന്മനാട്ടിലും പ്രവാസ നാട്ടിലും ജീവിക്കുന്നവരാണ്. സാഹിത്യം ജീവിതത്തിന്റെ പ്രതിഫലനമാണെന്നു പറയപ്പെടുന്നു. അപ്പോൾ ഓരോ പ്രവാസി എഴുത്തുകാരനും കടന്നുപോകുന്ന മാനസികനില അവരുടെ കൃതികളിൽ പ്രത്യക്ഷപ്പെടുന്നു. ശ്രീ മാത്യുസിന്റെ ദർപ്പണം എന്ന കൃതി അദ്ദേഹത്തിന്റെ പത്രാധിപക്കുറിപ്പുകളിൽ നിന്ന് സമാഹരിച്ചവയാണ്. തന്മൂലം ഒരു സമൂഹത്തിന്റെ നേർചിത്രങ്ങൾ വിമർശനബുദ്ധിയോടെ അതിൽ വരച്ചുവച്ചിട്ടുള്ളത് വായനക്കാരന്റെ ചിന്തകളെ ഉദ്ദീപിപ്പിക്കുവാൻ ഉതകുന്നതാണ്.
ശ്രീ മാത്യുസ് സാർ സഹൃദയലോകത്തിനു മുന്നിൽ കുറച്ച് അമേരിക്കൻ മലയാളി എഴുത്തുകാരെ കൊണ്ടുവരികയാണ്. അതെ സമയം അർഹിക്കുന്ന അംഗീകാരങ്ങൾ കിട്ടാതെ അമേരിക്കയുടെ പല ഭാഗത്തും ഇപ്പോൾ അനവധി അമേരിക്കൻമലയാളി എഴുത്തുകാർ തങ്ങളുടെ സൃഷിടികർമ്മങ്ങളിൽ മുഴുകിയിരിക്കുന്നു. അവരോട് പറയാനുള്ളത് കാത്തിരിക്കുക കാലം നിങ്ങളെ തേടി വരും. ജർമ്മൻ തത്വചിന്തകൻ ഫെഡ്രിക് നീത്ഷെ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തായ പീറ്റർ ഗാസ്റ്റാ ചെയ്ത ചരമപ്രസംഗം ഉദ്ധരിച്ചുകൊണ്ട് ഈ അവലോകനം ഉപസംഹരിക്കുന്നു. "നിന്റെ നാമം വരും തലമുറകൾക്കെല്ലാം പരിശുദ്ധമായിരിക്കും". അമേരിക്കൻ മലയാളി എഴുത്തുകാരും ഒരു ദിനം അംഗീകരിക്കപ്പെടും അവരുടെ പേരും വരും. ശ്രീ ജെ മാത്യുസ് സാറിന്റെ ഈ സംരംഭം വിജയം നേടട്ടെ. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
ശുഭം