Image

ഐ.വി. ശശി ഓർമ്മദിനം ഇന്ന് : ആർ. ഗോപാലകൃഷ്ണൻ

Published on 25 October, 2025
ഐ.വി. ശശി ഓർമ്മദിനം ഇന്ന് : ആർ. ഗോപാലകൃഷ്ണൻ

ജീവിതത്തിന്റെ വൈവിധ്യമാർന്ന വലിയ ക്യാൻവാസിൽ നൂറ്റമ്പതോളം സിനിമകൾ ചെയ്ത സംവിധായകൻ ഐ വി ശശി,  വിടവാങ്ങിയിട്ട് ഇന്ന് എട്ടു വർഷം തികയുന്നു... ശ്രദ്ധാഞ്ജലികൾ! 

ഐ.വി. ശശിയെപ്പറ്റിയും ഭാര്യ സീമയെപ്പറ്റും ഉള്ള 1980-കളിലുണ്ടായിരുന്ന ഒരു ജനപ്രീതിയുടെ, പോപ്പുലർ ഇമേജിന്റെ, സുപ്രാധാനമായൊരു നിദർശനം കൂടിയാണ്  'നാടോടിക്കാറ്റി'ലെ 'ശ്രീനിവാസനും (വിജയൻ എന്ന കഥാപാത്രം) - സീമയും തമ്മിലുള്ള ഈ  ഡയലോഗ്': 

ശ്രീനിവാസൻ്റെ കഥാപാത്രം (വിജയൻ): "ശശി സാറില്ല?"; സീമ: "ഇല്ല; ശശിയേട്ടൻ ഭരണിയിലാ..." -ഈ ഫലിതത്തിന് അങ്ങനെയൊരു ചരിത്രപരമായ പ്രസക്തി കൂടിയുണ്ട്.…
 

'ഇരുപ്പം വീട് ശശിധരൻ' എന്ന 'ഐ.വി. ശശി', 1948 മാർച്ച് 28-ന് കോഴിക്കോട്ടെ വെസ്റ്റ് ഹില്ലിൽ ഐ വി ചന്ദ്രന്റെയും കൗസല്യയുടെയും മകനായി ജനിച്ചു. മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകല യിൽ ഡിപ്ലോമ നേടിയ ശശി ശേഷമാണ് സിനിമയിലെത്തിയത്. ആർട്ട് ഡയറക്റ്ററായി ആണ് ആദ്യം പ്രവർത്തിച്ചത്; ഛായാഗ്രാഹണ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട്, സഹസംവിധായകനും സംവിധായകനുമായി.

പോപ്പുലർ സിനിമകളുടെ മുഖ്യധാരയിലൂടെ ചരിച്ചിരുന്ന അദ്ദേഹം ഏകദേശം 150-ഓളം സിനിമകൾ സം‌വിധാനം ചെയ്തിട്ടുണ്ട്. തന്റേതായ ഒരു ശൈലിയിലും സം‌വിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകൾ മലയാള സിനിമ ചരിത്രത്തിൽ വേറിട്ടു നിൽക്കുന്നു.

ആദ്യമേ പറയട്ടെ, ഐ.വി ശശിയുടെ സിനിമകളിൽ പലതിലും സൂക്ഷ്മ കലാമൂല്യം കണ്ടെത്താൻ പരിശ്രമിക്കേണ്ടതില്ലന്ന് തോന്നുന്നു; പൊതുവെ വിലയിരുത്തിയാൽ കലാപരമായി വിജയിച്ച നിരവധി സിനിമകളുമുണ്ട്, അദ്ദേഹത്തിന്റേതായി. പക്ഷെ, ശ്രദ്ധേമായ ഒരു കാര്യം ഇതാണ്: അര നൂറ്റാണ്ടു നീണ്ട തൻറെ സിനിമ ജീവിതത്തിലെ രണ്ടു പതിറ്റാണ്ടുകളിൽ, മലയാള സിനിമയുടെ അന്നു നിലവിലിരുന്ന സമവാക്യങ്ങൾ തിരുത്തിയെഴുതിയ സംവിധായകനാണ് ഐവി ശശി; അക്കാലത്ത്, മലയാള 'സിനിമാ വ്യവസായം' ചുറ്റിത്തിരിഞ്ഞത് ഏറെക്കുറെ ഈ സംവിധായകൻറെ ചൂഴ്ന്നുമായിരുന്നു എന്ന് നാം മറന്നുകൂടാ.
 

1968-ൽ എ. ബി. രാജിന്റെ 'കളിയല്ല കല്ല്യാണം' എന്ന സിനിമയിൽ കലാ-സംവിധായകനായിട്ട് ആയിരുന്നു ശശിയുടെ സിനിമാ ജീവിതത്തിലെ മുഖ്യമായ തുടക്കം. പിന്നീട് ഛായാഗ്രാഹണ സഹായിയായി. സഹസം‌വിധായകനായി കുറെയേറെ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചു. ഇവയിൽ ചിലവയിൽ പ്രായോഗികമായി പറഞ്ഞാൽ, യഥാർത്ഥ സംവിധായകൻ ശശി തന്നെയായിരുന്നു; സംവിധായകൻ (സംവിധായിക) എന്നു പേരുവെച്ചവർ വെറും മേലന്വേഷണക്കാർ മാത്രമായി നിന്നവരായിരുന്നുവെത്രേ!

ആദ്യം സംവിധകനായ ചലച്ചിത്രം, ഇരുപത്തിഏഴാം വയസ്സിൽ സം‌വിധാനം ചെയ്തു എന്നു പറയാം: 'കാറ്റുവിതച്ചവൻ'- 1973- (സംവിധാനം എന്ന് ഇതിന്റെ ടൈറ്റിൽ കാർഡിലുള്ളത്: റവ സുവി എന്ന വൈദികന്റെ പേരാണ്.) ഈ ചലച്ചിത്രത്തിൽ അദ്ദേഹത്തിന്റെ പേര് ചേർത്തിരുന്നില്ല എങ്കിലും ആദ്യമായി ശരി സം‌വിധാനം ചെയ്ത ഈ ചലച്ചിത്രം ഒരു വൻവിജയ മായിരുന്നു. അടുത്ത സിനിമയിലും ശശി സംഭാവന കാണാമറയത്തായിരുന്നു: 'കവിത' (1973-ൽ പ്രസിദ്ധ അഭിനേത്രി വിജയനിർമല സംവിധാനം ചെയ്തത്) എന്ന സിനിമയിൽ ശശിയുടെ സംഭാവന ഗണ്യമായ നിലയിലായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
 

ഐ.വി. ശശി, ആദ്യമായി സം‌വിധാനം ചെയ്തതായി അറിയപ്പെടുന്ന അഥവാ അംഗീകൃതമായ ചലച്ചിത്രം 'ഉത്സവം' (1975) ആണ്. ശശിയുടെ ആദ്യത്തെ പത്തു സിനിമകളിൽ ഒമ്പതെണ്ണത്തിന്റെയും ശീർഷകം 'അ' യിൽ തുടങ്ങുന്നതായിരുന്നു! (ഏറ്റവും ആദ്യത്തെ 'ഉത്സവം' ഒഴികെ.) അനുഭവം (1976); അയൽക്കാരി (1976); ആലിംഗനം (1976); അഭിനന്ദനം (1976); ആശീർവാദം (1977); അകലെ ആകാശം (1977); അഞ്ജലി (1977); അംഗീകാരം (1977); അഭിനിവേശം (1977)  ശ്രീദേവിയും റാണിചന്ദ്രയും ആയിരുന്നു ഇവയിലെ നായികമായിരുന്നത്.

ശശിയുടെ 11-ാം സിനിമ 'ഇതാ ഇവിടെ വരെ' (1977) പദ്മരാജന്റെ സ്ക്രിപ്റ്റിൽ ആണ് ചെയ്തത്‌. ശശിയുടെ കരിയറിൽ ഒരു ദിശാമാറ്റം ഉണ്ടായത് ഈ ചിത്രം മുതല്ക്കാണ്. പിന്നീട് വന്ന 'അവളുടെ രാവുകൾ' എന്ന സിനിമ മലയാളചലച്ചിത്ര ചരിത്രത്തിലെതന്നെ ഒരു വൻവിജയ ചിത്രം ആണ്. ഈ ചലച്ചിത്രം പിന്നീട് ഹിന്ദിയിലേക്കും മറ്റും മൊഴിമാറ്റം നടത്തി പ്രദർശിപ്പിച്ചിരുന്നു.

'അങ്ങാടി' (1980)-യും 'ഈ നാട്' (1982)-ഉം സൂപ്പർ ഹിറ്റുകളായി ഓടി. 'ആൾക്കൂട്ടത്തിൽ തനിയെ' പോലെ അനവധി സിനിമ എം ടി -യുടെ തിരക്കകഥയിൽ ഐ വി ശശി സംവിധാനനം ചെയ്തിട്ടുണ്ട്. 'ദേവാസുരം' രഞ്ജിത്തിന്റെ തിരക്കഥയിൽ, ശശി സംവിധാനനം ചെയ്തെങ്കിലും അതൊരു 'രഞ്ജിത്‌ സിനിമ'യായാണ് കരുതപ്പെടുന്നത്. മലയാളത്തിലെ പ്രതിഭാധനരായ തിരക്കഥാകൃത്തുക്കളായ എം.ടി. വാസുദേവൻ നായർ, പി. പത്മരാജൻ, ടി. ദാമോദരൻ, ലോഹിതതദാസ്, ജോൺ പോൾ, രഞ്‌ജിത്ത് എന്നിവർക്കൊപ്പമെല്ലാം സിനിമകൾ ചെയ്‌ത് ശശി വൻവിജയങ്ങൾ സ്വന്തമാക്കി.
 

'തൃഷ്ണ'യിലൂടെ മമ്മൂട്ടിയെ ആദ്യം നായകനാക്കി. 'ഇനിയെങ്കിലും' എന്ന സിനിമയില്‍ മമ്മൂട്ടിക്കൊപ്പം മോഹൻലാലിനും കൂടി ചേർത്ത് ഒരു ഇരട്ട നായക-സിനിമയിലൂടെ മോഹൻലാലിനും നായകപദവി നൽകി.

മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ഭാഷകളിലേയും കൂടി ചേർത്ത് ഐ വി ശശി നൂറ്റൻപതിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തു.

ഐ വി ശശി, തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കിൽ രണ്ടും സിനിമകൾ ചെയ്തു. രജനികാന്തിനെയും കമൽഹാസനെയും ഒരുമിച്ചു മലയാള സിനിമയിൽ അവതരിപ്പിച്ചു.

തമിഴിൽ കമൽഹാസനും രജനീകാന്തിനും വഴിത്തിരിവായി മാറിയ 'ഗുരു', 'കാളി' എന്നീ സിനിമകള്‍ നല്‍കിയിട്ടുണ്ട്. ദക്ഷിണേന്ത്യ യിൽ നിന്ന് ആദ്യമായി അമേരിക്കയിൽ ചിത്രീകരണത്തിന് എത്തിയതും ശശിയാണ്;  'ഏഴാംകടലിനക്കരെ' എന്ന സിനിമയിലൂടെ.

ഒരു മുഴുനീള കോമഡി ചിത്രവും ശശിയുടേതായി ഉണ്ട്: 'ആനന്ദം പരമാനന്ദം' (1977)
 

മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് (' മൃഗയ'- 1989); 1982-ൽ 'ആരൂഡ'ത്തിന് ദേശീയോദ്ഗ്രഥനത്തിുള്ള ദേശീയ അവാർഡ്; 2014-ലെ ജെ.സി. ഡാനിയേൽ പുരസ്കാരം; 2015-ൽ ഫിലിം ഫെയറിന്റെ 'ലൈഫ് ടൈം' അച്ചീവ്‌മെന്റ് പുരസ്‌കാരം തുടങ്ങിയവ നേടി. പുറമെ അദ്ദേഹം ചെയ്ത സിനിമകൾക്കുള്ള പല അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ കൂടി ലഭിച്ചു.
 

അഭിനേത്രിയായ സീമയാണല്ലോ ഭാര്യ; 'അവളുടെ രാവു'കളിലെ നായികയായിവന്ന സീമ പിന്നീട്, 1980-ൽ, ശശിയുടെ ജീവിതനായികയുമായിത്തീർന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്, മകൾ അനു, മകൻ അനി. അച്ഛൻ സംവിധാനം ചെയ്ത 'സിംഫണി'യിൽ അനു അഭിനയിച്ചിട്ടുണ്ട്. 2010 ഡിസംബർ 10-ന് മകൾ അനു, മിലൻ നായരെ വിവാഹം കഴിച്ചു. മകൻ അനി, ചെന്നൈ ലയോള കോളേജിൽ നിന്ന് വിഷ്വൽ കമ്മ്യൂണിക്കേഷൻ പൂർത്തിയാക്കി; സിനിമരംഗത്ത് പ്രവേശിച്ചു. 
 

ഐ.വി. ശശിയുടെ ചലച്ചിത്രജീവിതം അതിന്റെ അരനൂറ്റാണ്ട് തികയ്ക്കുന്ന വേളയിലാണ് (1968- 2017) അദ്ദേഹം അന്തരിച്ചത്: 2017 ഒക്ടോബർ 24-ന് തന്റെ 69-ാം വയസ്സിൽ ചെന്നൈയിലെ സ്വവസതിയിൽ വച്ചുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം നിര്യാതനായി. '

പൂർണ ഔദ്യോഗിക ബഹുമതികളോടെ ശശിയുടെ മൃതദേഹം ചെന്നൈ പോരൂരിലെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക