
ഓണം പ്രമാണിച്ച് ഒരു ഫെയ്സ് ബുക്ക് കൂട്ടായ്മ നടത്തിയ കഥാ മൽസരത്തിൽ സമ്മാനം കിട്ടിയെന്ന വാർത്ത അറിഞ്ഞപ്പോൾ വലിയ സന്തോഷമായി. പതിവു പോലെ ആദ്യം പ്രിയതമയോട് തന്നെയാണ് പറഞ്ഞത്. പിന്നെ, നിങ്ങൾക്ക് സമ്മാനമോ എന്ന മട്ടിൽ അവളെന്നെ ഒന്ന് നോക്കി. അതെപ്പോഴും അങ്ങനെ തന്നെയാണ്. സമ്മാനം കയ്യിൽ കിട്ടുമ്പോഴേ അവൾക്ക് വിശ്വാസമാകൂ..
‘’ഇത്തവണയെങ്കിലും കിട്ടുന്നതിന്റെ പകുതി എനിക്ക് തരണേ..’’ പ്രിയതമ പറഞ്ഞു..
ഞാൻ മൽസരത്തിന് കഥ അയക്കുമ്പോഴെല്ലാം അവളോട് പറയും, ‘’ഇതിന് സമ്മാനം കിട്ടാൻ പ്രാർത്ഥിച്ചോ, ഇതിന് ഫസ്റ്റ് കിട്ടിയാൽ പകുതി കാശ് നിനക്ക്..’’
പലപ്പോഴും സമ്മാനം കിട്ടുമ്പോൾ അവൾ ഇക്കാര്യം ഓർമ്മിപ്പിക്കുമെങ്കിലും ഒരു ചായയിലോ ലഡ്ഡുവിലോ ചിലവ് ഒതുക്കുകയാണ് പതിവ്.
‘’ഇത്തവണ എപ്പോഴും പറയുന്നത് പോലെയല്ല പകുതിയായിട്ടല്ല , മുഴുവനായി തന്നെ സമ്മാനം നിനക്ക് തന്നേക്കാം..’’ ഞാൻ പറഞ്ഞതു കേട്ടപ്പോൾ അത്ഭുതത്തോടെ അവൾ എന്നെ നോക്കി,
‘’ഇത്തവണ കാശായിട്ടല്ല, ഓണക്കോടിയായിട്ടാ സമ്മാനം, നാളെ അവർ കൊരിയർ അയക്കും, മറ്റന്നാൾ ഇവിടെ കിട്ടുമായിരിക്കും.’’
’അതു ശരി, മുണ്ടും ഷർട്ടു കിട്ടിയിട്ട് എന്തിനാ..നിങ്ങൾ അയക്കുന്നതിന് മുമ്പ് തന്നെ വിളിച്ച് പറ, സാരിയോ ചുരിദാറോ അയക്കാൻ..’’
’അതെങ്ങനെ, സമ്മാനം കിട്ടിയത് എനിക്കല്ലേ, ഏതായാലും നിനക്ക് ഞാൻ ഒരു സാരി വാങ്ങിച്ച് തന്നേക്കാം പോരേ..’’ ഞാൻ പറഞ്ഞത് ഭാര്യയ്ക്ക് അത്ര വിശ്വാസം വരാത്തത് പോലെ..
‘’സാധാരണ നിങ്ങൾ പറയുന്നത് പോലെ ഇതും വെള്ളത്തിൽ വരച്ച വര പോലെയാകുമോ, ഏതായാലും രാഷ്ട്രീയതതിൽ ഇറങ്ങിയിരുന്നെങ്കിൽ ചേട്ടന് നല്ലൊരു ഭാവിയുണ്ടായേനേ..’’
‘’ഇതങ്ങനെയല്ല, കൊരിയർ കയ്യിൽ കിട്ടേണ്ട താമസം,ഞാൻ സാരി വാങ്ങിച്ചോണ്ടേ വരൂ..’’
പഴയ വടക്കൻപാട്ട് കഥകളിലെ പോലെ ലോകനാർ കാവിലമ്മയാണെ സത്യം എന്ന് ആണയിട്ടാലോ എന്ന് ഞാനോർക്കാതിരുന്നില്ല..
അടുത്ത ദിവസം കൊരിയർകാർ വിളിക്കുമെന്ന് ഓർത്ത് കാത്തിരുന്നിട്ടും വിളിച്ചില്ല, ആകാംക്ഷ അടക്കാനാവാതെ അങ്ങോട്ട് വിളിച്ചു, ഓണക്കോടി പോയിട്ട് ഒരു സാധാ കോടി പോലും എന്റെ പേരിൽ വന്നിട്ടില്ലെന്ന് കൊരിയർ ഓഫീസിലെ പെൺകുട്ടി തറപ്പിച്ചു പറഞ്ഞു. അയച്ച സ്ഥലത്ത് വിളിച്ചു ചോദിച്ചു. അവിടെ നിന്ന് എന്റെ അഡ്രസ്സിൽ അയച്ചിട്ടുണ്ട്.. പിന്നെ ഇതിനിടയിൽ ഓണക്കോടി എങ്ങോട്ട് പോയി..?
ഭാര്യയോട് കാര്യം പറഞ്ഞപ്പോൾ അവൾക്കും വിഷമം, എന്റെ സമ്മാനം കിട്ടിയാലല്ലേ അവൾക്ക് സാരി കിട്ടൂ.. അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് എന്റെ കുടുംബ നാട്ടിലെ കൊരിയർ ഓഫീസിൽ നിന്നും ഒരു ഫോൺ, ‘’സാറിന്റെ പേരിൽ ഇവിടെ ഒരു കൊരിയർ വന്നിട്ടുണ്ട്..’’
‘’ഞാൻ നാട്ടിൽ നിന്നും മാറി കുറച്ച് ദൂരെയുള്ള സ്ഥലത്തേക്ക് താമസമായിട്ട് എത്ര കാലമായി, ആ വിലാസത്തിലാണല്ലോ കത്തുകളും കൊരിയറും പാഴ്സലുമെല്ലാം എനിക്ക് കൃത്യമായി കിട്ടുന്നു, പിന്നെ ഇപ്പോൾ എന്തു പറ്റി?’’
‘’സാറ് ജന്മനാടിന്റെ പേര് പേരിന്റെ കൂടെ വെച്ചിട്ടില്ലെ, അതു കൊണ്ടായിരിക്കും ഇങ്ങോട്ട് വന്നത്..
‘’അത് നോക്കേണ്ട കാര്യമില്ലല്ലോ, താഴെ എഴുതിയ അഡ്രസ്സ് വേണ്ടേ നോക്കാൻ..?’’
‘’എതായാലും സാർ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തേക്ക് തന്നെ അയക്കാം..’’
കൊരിയർകാരി എന്നെ സമാധാനിപ്പിച്ചു, മുന്നു നാലു പ്രാവശ്യം സാറേന്ന് വിളിച്ചതു കൊണ്ട് തൽക്കാലം ഞാനും ക്ഷമിച്ചു. ഇനി ഓണത്തിന് രണ്ടു ദിവസമേയുള്ളൂ, അതിനു മുമ്പെങ്കിലും ഓണക്കോടി കിട്ടിയാൽ മതിയായിരുന്നു..
പിറ്റേ ദിവസം കിട്ടുമല്ലോ എന്നോർത്ത് രാവിലെ മുതൽ ഉച്ച വരെ കാത്തിരുന്നു, ഞാൻ മാത്രമല്ല പഴയ സിനിമാ ഗാനം പോലെ ഭാര്യയും ആയിരം കണ്ണുമായ് കാത്തിരുന്നു. കാരണം എന്റെ ഓണക്കോടി കിട്ടിയിട്ട് വേണമല്ലോ അവൾക്ക് സാരിയും എടുക്കാൻ..
‘’എന്നാലും ഇതു വല്ലാത്ത സമ്മാനമായിപ്പോയി, വേഗം കിട്ടാൻ വേണ്ടിയാണ് കൊരിയർ അയക്കുന്നത്..ഏതായാലും ഇവിടത്തെ ഓഫീസിൽ ഒന്ന് പോയി തിരക്കി നോക്ക്..’’
ഭാര്യയുടെ ഉപദേശം ശിരസാ വഹിച്ചു കൊണ്ട് ഞാൻ നട്ടുച്ചയ്ക്ക് കൊരിയർ ഓഫീസ് ലക്ഷ്യമാക്കി വെച്ചു പിടിച്ചു..
‘’ഇതു വരെ ഇവിടെ വന്നിട്ടില്ല സാർ. കൊരിയർ ആർക്ക് വന്നാലും ഞങ്ങൾ വിളിച്ചു പറയും..’’
‘’എന്റെ നാട്ടിലെ വിലാസത്തിൽ തെറ്റി ചെന്നിട്ട് ഇങ്ങോട്ട് ഫോർവേഡ് ചെയ്തെന്നാണല്ലോ അവർ പറഞ്ഞത്..?’’
‘’എങ്കിൽ നാളെ വരുമായിരിക്കും, സാറ് ഒരു ദിവസം കൂടി ക്ഷമിക്ക്..’’
എതായാലും ഇത്രയും ക്ഷമിച്ചില്ലേ, എന്നാൽ ഒരു ദിവസം കൂടി നോക്കാം എന്നോർത്ത് പുറത്തിറങ്ങുമ്പോൾ കൊരിയർകാരിയുടെ ഉപദേശം..
‘’സാറേ, സാറിപ്പോൾ ഇവിടെയല്ലേ സ്ഥിര താമസം, ആ പേരിന്റെ കൂടെയുള്ള നാടിന്റെ പേര് മാറ്റാൻ പാടില്ലേ, അതല്ലേ കൊരിയർ തിരിച്ചു പോയത്..’’
ഏതായാലും ഉപദേശം എനിക്ക് വളരെയധികം ഇഷ്ടമായി. ഒരു കൊരിയർ കിട്ടിയില്ലെന്ന് വെച്ച് വർഷങ്ങളായി ഞാൻ ഉപയോഗിക്കുന്ന പേര് മാറ്റണമെന്ന യുക്തി കൊള്ളാം. ഇക്കണക്കിന് ‘’വൈക്കം മുഹമ്മദ് ബഷീർ, കോഴിക്കോട്’’ എന്ന പേരിൽ ഒരു കൊരിയർ വന്നാൽ നിങ്ങൾ തലയോലപ്പറമ്പിലെ അദ്ദേഹത്തിന്റെ തറവാട്ടു വീട്ടിൽ കൊണ്ടു കൊടുത്ത് കളയുമല്ലോ എന്ന് ഞാൻ ചോദിച്ചില്ല. ഏതായാലും ബഷീറിന്റെ ജീവിത കാലത്ത് കൊരിയർ ഇത്ര വ്യാപകമായി ഇല്ലാതിരുന്നത് ഭാഗ്യം..
ഓണസമ്മാനത്തെ കുറിച്ചുള്ള സ്വപ്നങ്ങളുമായി ഒരു രാത്രി കൂടി ഞാനും പ്രിയതമയും തള്ളി നീക്കി..പിറ്റേന്ന് കൊരിയർ ഓഫീസിലെ ഫോൺ വിളിയും പ്രതീക്ഷിച്ച് രാവിലെ മുതൽ കാത്തിരൂന്നു, നേരം ഉച്ചയായി..വിളി വന്നില്ല, അങ്ങോട്ട് വിളിച്ചു, ഇതു വരെ ഓണക്കോടി വന്നിട്ടില്ല.
‘’സർ, ഹെഡ് ഓഫീസിലേക്ക് ഒന്ന് വിളിച്ചു നോക്ക്..’’
കൊരിയർകാരി തന്ന നമ്പരിൽ വിളിച്ചു, ഓണക്കോടി വേണ്ടവന് ഔചിത്യമില്ലല്ലോ? ഞാൻ
കൊടുത്ത ബുക്കിങ് നമ്പരിൽ പരതി നോക്കിയിട്ട് അദ്ദേഹം പറഞ്ഞു..
‘’സർ, ഈ കൊരിയർ അയച്ച അഡ്രസ്സിലേക്ക് തിരിച്ച് അയച്ചിട്ടുണ്ട്..’’
എത്ര ആശ്വാസകരമായ വാർത്ത, നാളെ ഓണമാണ്, ഈ ഓണക്കോടിയുണ്ടല്ലോ എന്ന് വിചാരിച്ച് വേറെ ഡ്രസ്സ് എടുത്തില്ല, ഇത് കിട്ടിയിട്ട് ഭാര്യക്ക് സാരി എടുക്കാമെന്ന് പറഞ്ഞിരുന്നതിനാൽ അതും എടുത്തിട്ടില്ല.. കൊല്ലത്തു നിന്ന് രണ്ടാമത്തെ ദിവസം എനിക്ക് കിട്ടേണ്ട ഓണക്കോടി അയച്ച സ്ഥലത്ത് തന്നെ തിരിച്ചു ചെന്നല്ലോ.. ഭൂമി ഉരുണ്ടൊരു ഗോളമാണെന്ന് പണ്ട് ഭവാനിയമ്മ സാറ് സ്കൂളിൽ പഠിപ്പിച്ചത് വെറുതെയല്ല.
‘’ഇനി അത് കിട്ടാൻ ഞാൻ എന്തു ചെയ്യണം..’’
ദേഷ്യവും നിരാശയും നിറഞ്ഞ സ്വരത്തിൽ ഞാൻ ചോദിച്ചു..
‘’സാറേ, കൊരിയർ അയച്ച സ്ഥലത്തെ ഓഫീസിലേക്ക് ഒന്ന് വിളിച്ചു നോക്ക്,
ചിലപ്പോൾ അവിടെ നിന്ന് അത് രണ്ടാമത് ബുക്ക് ചെയ്ത് അയക്കേണ്ടി വരും..’’
ഞാൻ ആലോചിച്ചു, അങ്ങനെയെങ്കിൽ സമ്മാനം അയച്ചവർക്ക് അത്
ബുദ്ധിമുട്ടാകും, അല്ലാതെ വേറെന്തെങ്കിലും മാർഗ്ഗമുണ്ടോ എന്നറിയാൻ ഞാൻ വിളിച്ചു നോക്കി..
എന്റെ സംസാരം കേട്ട് ഞാൻ കേസുമായി കൺസ്യൂമർ കോർട്ടിലെങ്ങാനും പോകുമെന്നോർത്താണോ എന്തോ അവിടത്തെ മാനേജർ കൊരിയർ തിരികെ അവിടെ എത്തിയാലുടൻ വീണ്ടും ഒന്നു കൂടി ഇങ്ങോട്ട് അയക്കാമെന്ന് പറഞ്ഞു. അത്രയും നല്ലത്..ഇനിയിപ്പോൾ ഓണക്കോടി എടുക്കാതെ വീട്ടിൽ ചെല്ലാൻ കഴിയില്ല, എനിക്ക് എടുത്തില്ലെങ്കിലും സാരി വാങ്ങിക്കാതെ വീട്ടിൽ ചെന്നാൽ കൊരിയർകാർ പാഴ്സൽ തിരിച്ചയതു പോലെ ഭാര്യയും എന്നെ തിരിച്ച് വീട്ടിലേക്കെങ്ങാനും അയച്ചു കളഞ്ഞാലോ?
അങ്ങനെ ഓണമൊക്കെ ആഘോഷിച്ച് സദ്യയുമൊക്കെ കഴിഞ്ഞ് മോരിലെ പുളിയും പൊയ്ക്കഴിഞ്ഞ് ഒരു ദിവസം ഞങ്ങളുടെ കൊരിയർ ഓഫീസിൽ നിന്നും വിളി വന്നു. നമ്മളെല്ലാം പ്രതീക്ഷയോടെ കാത്തിരുന്ന ആ കഥാ സമ്മാനം വന്നിട്ടുണ്ട്. അയച്ചു രണ്ടാം ദിവസം എനിക്ക് കിട്ടേണ്ടിയിരുന്ന ഓണക്കോടി നീണ്ട യാത്രയും കഴിഞ്ഞ് അയച്ചിടത്തു തന്നെ പോയി വീണ്ടും തിരിച്ചു എനിക്ക് തന്നെ വന്നിരിക്കുന്നു. ഭൂമി ഉരുണ്ട ഗോളമാണ് എന്ന പാട്ട് വീണ്ടും ഞാനോർത്ത് പോയി.
‘’സാർ, ആ വീടിന്റെ ലൊക്കേഷനൊന്ന് പറഞ്ഞു തരാമോ, ഞങ്ങൾ ആ വഴി വരുമ്പോൾ കൊണ്ട് തരാം..’’
കൊരിയർകാരുടെ മോഹന വാഗ്ദാനം..കേട്ടു തീരും മുമ്പ് ഞാൻ പറഞ്ഞു ‘’വേണ്ട സുഹൃത്തെ, ഇനി കൊണ്ടു വരുന്ന വഴി അഡ്രസ്സ് നോക്കുമ്പോൾ ഒന്നു കൂടി തിരിച്ചയച്ചു കളയാമെന്നെങ്ങാനും കൊരിയർകാരന് തോന്നിയാലോ? ഞാൻ നേരിട്ട് വന്ന് വാങ്ങിക്കോളാം..’’
അത് കേട്ട് പ്രിയതമ പറഞ്ഞു, ‘’വേഗം ചെല്ല് ചേട്ടാ, ഇനി താമസിച്ചെന്ന് പറഞ്ഞ് വീണ്ടും തിരിച്ചയച്ചാലോ..’’
ഞാൻ അതി വേഗം കൊരിയർ ഓഫീസിലേക്ക് ചെന്നു. ചുരുക്കി പറഞ്ഞാൽ രണ്ടു ദിവസം കൊണ്ട് കിട്ടേണ്ട ഓണ സമ്മാനം കൃത്യം പത്താം ദിവസം, ഓണവും കഴിഞ്ഞ് മുന്നാം നാൾ എനിക്ക് കിട്ടിയെന്ന് പറഞ്ഞാൽ കഥ കഴിഞ്ഞു..! പല സ്ഥലത്തേക്കും പല വിധ കാരണങ്ങൾ കൊണ്ടും മാറി താമസിക്കുന്ന , ജന്മനാടിന്റെ പേര് പേരിന്റെ കൂടെ ഉപയോഗിക്കുന്ന എല്ലാവർക്കും ഇതൊരു പാഠമായിരിക്കട്ടെ..