
തുഷാരമണിഞ്ഞു നിൽക്കുന്ന സുന്ദരിയായ നൈനിറ്റാളിൻ്റെ പശ്ചാത്തലത്തിൽ ്് ഹിമകണങ്ങളാലെഴുതീയ അതീവ ഭാവസാന്ദ്രമായ മഞ്ഞ് വായനയ്ക്കു ശേഷവും അനുവാചക ഹൃദയങ്ങളിൽ
വിരഹാർദ്ര നോവായ് ആഴ്ന്നിറങ്ങുന്നു.
വാചാലമാവുന്ന മൗനങ്ങളും നിഷ്കളങ്കമായ സംഭാഷണങ്ങളും പലപ്പോഴും ഇതിൽ സമാനതകളുടെ സാക്ഷിപത്രങ്ങളാവുന്നു.
ഒൻപതു വർഷങ്ങളായി സുധീർ മിശ്രയെ കാത്തിരിയ്ക്കുന്ന വിമലടീച്ചറും
ഓർമ്മ വെച്ചനാൾ മുതൽ തനിക്കു ജൻമം നൽകിയ ആളുടെ ചിത്രവുമായി അയാളെ കാത്തിരിയ്ക്കുന്ന ബുദ്ധുവും , തനിക്കു ചുറ്റും വലയം തീർത്ത അദൃശ്യമായ മരണത്തെ കാത്തിരിയ്ക്കുന്ന
സർദാർജിയും എല്ലാമെല്ലാം കാത്തിരിപ്പിൻ്റെ പ്രതീകങ്ങൾ മാത്രം .
ഓരോ സാഹിത്യ സൃഷ്ടിയും ഒരു കാലഘട്ടത്തിൻ്റെയും സ്ഥലങ്ങളുടേയും ചിന്താഗതികളുടേയും അടയാളപ്പെടുത്തലുകളാണ്.
1955 മെയ് 19 ന് സുധീർ മിശ്ര എഴുതിയ കത്ത് , വിമല ടീച്ചർക്ക് വരുന്ന കത്തുകൾ, ടെലിഗ്രാം കോഡുകൾ , ട്രങ്ക് കോളുകൾ , ഗോൾഡൻ നൂക്ക് , മുസാവരി ബംഗ്ലാവ് ,
കമിതാക്കളുടെ പേരുകൾ കോറിയിട്ട ലവേഴ്സ് ട്രാക്ക് ദുരൂഹതകളുടെ തീരമായ ഡെവിൾ ട്രാക്ക് , മനോഹരമായ നൈനിറ്റാൾ തടാകം ഇങ്ങനെ ഒട്ടേറെ വസ്തുതകൾ രേഖപ്പെടുത്തിയ മഞ്ഞ് ആ കാലഘട്ടത്തിൻ്റെ രേഖപ്പെടുത്തൽ അഥവാ നൈനിറ്റാളിൻ്റെ അടയാളപ്പെടുത്തൽ എന്ന നിലയിലേക്ക് മഞ്ഞിനെ ഉയർത്തുന്നു.
ഏകതായുടെ താളവും , നൈനിറ്റാൾ തടാകവും വിമല ടീച്ചർ താമസിക്കുന്ന ഹോസ്റ്റൽ മുറിയും എല്ലാമെല്ലാം അനുവാചക മനസ്സിൽ മഞ്ഞു പെയ്യിക്കുന്നു.
കുറഞ്ഞ താളുകളിൽ എങ്ങനെ അക്ഷര വിസ്മയം തീർക്കാമെന്നതിൻ്റെ മികച്ച ഉദാഹരണമാണ് മഞ്ഞ്.
കാർക്കശ്യത്തിൻ്റെ ആൾ രൂപമായ അച്ഛനും ,
അച്ഛൻ ജീവിച്ചിരിക്കുമ്പോൾ ത്തന്നെ ഗോമസ് എന്ന പുരുഷൻ്റെ ഭാഗമായി മാറുന്ന അമ്മയും ലഹരിയുടെ ലോകത്ത് ജീവിക്കുന്ന സഹോദരനും, തിളക്കമേറിയ ലോകത്തിലേക്ക് ചേക്കാറാൻ കൊതിക്കുന്ന സഹോദരിയുമുള്ള വീടുമായുള്ള ബന്ധം അയച്ചു കൊടുക്കുന്ന പണത്തിലൂടെ മാത്രം നിലനിർത്തി നീണ്ട അവധിക്കാലത്തു കൂടി ഹോസ്റ്റൽ മുറിയിലഭയം തേടിയ വിമലാദേവി അച്ഛൻ മരിച്ച സമയത്തു പോലും ആ വീട്ടിൽ ഒരു ദിവസത്തിലധികം തങ്ങാൻ കൂട്ടാക്കത്തത് അവരുടെ മനസ്സിൻ്റെ ഒറ്റപ്പെടൽ വ്യക്തമാക്കുന്നു.
ജീവിതത്തിലെ ആസ്വാദനത്തിൻ്റെ ഒരു പേജ് മാത്രമായി നൈനിറ്റാൾ യാത്രയെ കണ്ടവരാണ് ഗോരാ സാഹിബും സുധീർ മിശ്രയുമെങ്കിൽ അവരെ ഹൃദയത്തോട് ചേർത്തുവെച്ചവരായിരുന്നു ബുദ്ധുവും ,വിമലാ ദേവിയും .
വെള്ളാരം കണ്ണുള്ള ചെറുപ്പക്കാരൻ്റെ കൂടെ രശ്മിയുടെ ഹൽദാനിയിലെ മുസാവരി ബംഗ്ലാവിലെ ഒരു ദിവസം, സുധീർ മിശ്ര എഴുതിയ പഴയ കത്ത്, അയാൾ സമ്മാനിച്ച സംഗീത ലിപികൾ വരച്ചു വെച്ച സെറ്റർ എന്നിവയിലൂടെയൊക്കെ വിമലയുടെ ഓർമ്മകളായി മാത്രം വരച്ചിടുന്ന സുധീർമിശ്ര ഒരിക്കലും വായനക്കാരനു മുന്നിൽ വരാതെ വായനയിൽ നിറഞ്ഞു നിലനിൽക്കുന്നു എന്നതാണ് മഞ്ഞിനെ വ്യത്യസ്തമാക്കുന്നത് . ആരെന്നും എന്തെന്നും വ്യക്തമാക്കാതെ വിമല ടീച്ചറുടെ നെടുവീർപ്പു കലർന്ന ചിന്തകളിലൂടെ മാത്രം വായനക്കാരനിലെത്തുന്ന സുധീർ മിശ്ര ഒരു കടം കഥയായി തുടരുന്നു. വിമലയുടെ ജീവിതത്തിൻ്റെ അവസാനംവരെ കഥ വലിച്ചു നീട്ടാതെ അർദ്ധോക്തിയിൽ അവസാനിപ്പിച്ച് വിമലക്കൊപ്പം കാത്തിരിപ്പിൻ്റെ അവസാനം വായനക്കാരെയും ആശയക്കുഴപ്പത്തിലാക്കുമ്പോൾ അത് ഈ നോവലിൻ്റെ തിളക്കം കൂട്ടുന്നു എന്ന് പറയാതെ വയ്യ.
വളരെ കുറഞ്ഞ കാലയളവിൽ സുധീർ മിശ്രയോട് തോന്നിയ പ്രണയത്തിൽ മനസ്സും ശരീരവും പണയപ്പെടുത്തി ഒമ്പതു വർഷങ്ങൾക്കു ശേഷവും അയാൾ പറ്റിച്ചു പോയെന്ന പരാതിയോ പരിഭവമോ ഇല്ലാതെ , മറ്റൊരാളെ ആ സ്ഥലത്തു പ്രതിഷ്ഠിക്കാതെ ഓരോ ട്രങ്ക് കാൾ വരുമ്പോഴും , അപരിചിത കൈപ്പടകളിലെ കത്തുകൾ കാണുമ്പോഴും സഞ്ചാരികൾ വരുന്ന ഓരോ സീസണിലും ആ ശബ്ദവും , വാക്കുകളും മുഖവും തിരയുന്ന പ്രതീക്ഷയോടെയുള്ള വിമല ടീച്ചറുടെ കാത്തിരിപ്പ് , അതും ഇതിനെ വ്യത്യസ്തമാക്കുന്നു.
ഓരോ വിദേശിയിലും അച്ഛൻ്റെ മുഖം തിരയുമ്പോഴും അദ്ദേഹം മുന്നിൽ വന്നു നിന്നാൽ ഒന്നും ചോദിക്കാതെ വെറുതെ നോക്കി നിൽക്കുമെന്നു പറയുന്ന ബുദ്ധുവിൻ്റെ വാക്കുകളിലൂടെ ബന്ധങ്ങളുടെ തീവ്രത തുറന്നു പറയുന്നു. വികാരരഹിതയായ വിമല ടീച്ചറെ നോക്കി വല്ലപ്പോഴുമൊക്കെ ചിരിക്കണം അല്ലെങ്കിൽ ചിരിക്കാൻ മറന്നുപോവും എന്ന് പറഞ്ഞ്
ഒരു സായാഹ്നം കടം ചോദിച്ച് അവസാന നിമിഷത്തിൽ അതു കടമായിത്തന്നെ നിലനിർത്തി നിങ്ങളെ എനിക്കിഷ്ടമാണ് , ബന്ധങ്ങളൊന്നും സങ്കല്പിക്കാത്ത വെറുമൊരിഷ്ടം എന്ന് പറഞ്ഞു പിരിയുന്ന, നാലു മാസംകൂടി മാത്രം ആയുർ ദൈർഘ്യമുള്ള സർദാർജി യിലൂടെ ...... സീസൺ അവസാനിക്കുമ്പോൾ അടുത്ത പ്രാവശ്യം വരാതിരിക്കില്ല അല്ലേഎന്ന ബുദ്ധുവിൻ്റെ പ്രതീക്ഷയുറ്റ വാക്കുകൾക്ക് വരാതിരിക്കില്ല എന്ന വിമല ടീച്ചറിൻ്റെ ആത്മഗതം , ഇതിലൂടെയെല്ലാം കഥാകൃത്ത് പ്രണയത്തിൻ്റെ നിഷ്കളെങ്കതയും പാവനതയും അനശ്വരതയും തുറന്നുകാട്ടുന്നു .
മനസ്സിൻ്റെ സഞ്ചാരങ്ങളും പിറുപിറുക്കലും പൊരുത്തക്കേടുകളും ഇതിലെ എടുത്തു പറയേണ്ട പ്രത്യേകതകൾ തന്നെയാണ്.
ഭാഷയുടെ ഭാവാത്മകതയിൽ പൊതിഞ്ഞു വെച്ചിരിക്കുന്ന നിരവധി സന്ദർഭങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ അനുവാചക ഹൃദയങ്ങളിലേയ്ക്ക് കഥയും കഥാപാത്രങ്ങളും മഞ്ഞുപോലെ
പെയ്തിറങ്ങുന്നു.