
മമ്മൂട്ടി ചിത്രം 'ഭ്രമയുഗ’ത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഡീയസ് ഈറെ’. പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ഈ ചിത്രം ഒക്ടോബർ 31-ന് തിയേറ്ററുകളിലെത്തും. ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകുന്നത്. എന്നാൽ, ഈ സിനിമയിൽ മോഹൻലാൽ ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ടോ എന്ന ചർച്ചകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമായിരിക്കുന്നത്.
പ്രണവ്, സംവിധായകൻ രാഹുൽ സദാശിവൻ, നിർമ്മാതാവ് രാമചന്ദ്ര ചക്രവർത്തി എന്നിവരുൾപ്പെടെയുള്ളവർ തങ്ങളുടെ സോഷ്യൽ മീഡിയ ഡി.പി ആയി ചുവപ്പും കറുപ്പും ഷേഡിലുള്ള ചിത്രങ്ങൾ ഉപയോഗിച്ചതാണ് ഈ ചർച്ചകൾക്ക് കാരണം. ഇതിന് പിന്നാലെ മോഹൻലാലും ഇതേ ഷേഡിലുള്ള തന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് സംശയങ്ങൾ ബലപ്പെടുത്തി.
മോഹൻലാൽ സിനിമയിൽ ഒരു കാമിയോ റോളിൽ എത്താനുള്ള സാധ്യതകളാണ് ഈ നീക്കം നൽകുന്നതെന്നാണ് കമന്റ് ബോക്സുകളിൽ നിറയുന്ന അഭിപ്രായങ്ങൾ. സിനിമയുടെ ട്രെയിലർ മോഹൻലാലും ഇന്ന് പങ്കുവെച്ചിരുന്നു. കൂടാതെ, ‘ഡീയസ് ഈറെ’ എന്ന ഹാഷ്ടാഗിൽ സംവിധായകൻ ചില ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലും പങ്കുവെച്ചിട്ടുണ്ട്