
ലണ്ടൻ: ലോകമെമ്പാടുമുള്ള ഗെയിം ഓഫ് ത്രോൺസ് ആരാധകരുടെ പ്രിയ കഥാപാത്രമായ ബ്രാൻ സ്റ്റാർക്കിനെ അവതരിപ്പിച്ച നടൻ ഐസക് ഹെംസ്റ്റഡ്ഡ്-റൈറ്റ് വിവാഹിതനായി. കുട്ടിക്കാലം മുതൽ പരമ്പരയിൽ അഭിനയിച്ചു തുടങ്ങിയ താരം, ലണ്ടനിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിൽ വെച്ചാണ് വിവാഹബന്ധത്തിലേക്ക് കടന്നത്.

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചെറിയ പരിപാടിയായിരുന്നു ലണ്ടനിലേത്. തൻ്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിനമായിരുന്നു അതെന്ന് ഐസക് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇങ്ങനെ, “ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും ബെസ്റ്റ്, എന്റെ ഏറ്റവും സുന്ദരമായ ദിവസം. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ആഘോഷിക്കാൻ സാധിച്ചത് ഭാഗ്യം, ഐ ലവ് എം.” ഡബിൾ ഡക്കർ ബസ്സിൽ നിൽക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
വിവാഹവാർത്തയറിഞ്ഞതോടെ ‘ഗെയിം ഓഫ് ത്രോൺസ്’ സഹതാരങ്ങളായ സോഫി ടേണർ (സാമന്ത), നതാലി ഇമ്മാനുവൽ (മിസ്സാൻഡൈ), ജോൺ ബ്രാഡ്‌ലി (സാംവെൽ ടാർലി), ലെന ഹെഡി (സെർസി ലാനിസ്റ്റർ) തുടങ്ങിയവർ ഐസക്കിന് ആശംസകൾ നേർന്നു.
ഹിറ്റ് പരമ്പരയായ ‘ഗെയിം ഓഫ് ത്രോൺസി’ലെ എട്ട് സീസണുകളിലും ബ്രാൻ സ്റ്റാർക്കിന്റെ വേഷം ഐസക് അതിഗംഭീരമായി അവതരിപ്പിച്ചിരുന്നു. സ്വകാര്യ ജീവിതം അധികം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാതിരുന്ന താരം, ഇടയ്ക്ക് തൻ്റെ പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.