
പനി കത്തിപ്പടർന്ന്
വെന്തുരുകുമ്പോൾ
ചേർത്ത് പിടിച്ച് തേങ്ങുന്നത്
അമ്മയാണോ
കർക്കിടകം കൊഴിച്ചിട്ട
മഴയുടെ ബാക്കി പത്രത്തിൽ
അമ്മ തളർന്നിരുന്നു.......
കവിളിൽ തലോടിയ
ഇരുട്ടിന്റെ തണുപ്പിലും
പനിചൂട്, കളം പാട്ടിലെ
നാഗങ്ങളെപോലെ ഉറഞ്ഞ്
നിലവിളക്കുകളെ
തട്ടിത്തെറിപ്പിച്ച്
അഗ്നിയിൽ വെന്തുരുകുന്നു....
നട്ടു നനച്ച തുളസിക്കതിർ
നുള്ളുമ്പോൾ
മനസ്സ് പിടഞ്ഞോ.......
കാറ്റ് കടപുഴക്കി പോകുന്ന
തൊടിയിൽ തേങ്ങലുകൾ
ബാക്കി വെച്ച് ഓർമ്മകൾ
മണ്ണടിയുന്നു....
സ്വപ്നമായിരുന്നോ എല്ലാം
എന്നിട്ടും എന്തെ കൈകാലുകൾ
ചുറ്റി വരിഞ്ഞ് നാഗങ്ങൾ
ഇഴയുന്നത്....