
ഫിലാഡൽഫോയ: ഫോമാ മിഡ് ടെം ജനറൽ ബോഡിയിൽ ഭരണഘടനയിൽ സുപ്രധാനമായ ചില മാറ്റങ്ങൾ വരുത്തി
ഫിലാഡൽഫിയ സീറോ മലബാർ ചർച്ച് ഹാളിൽ നടന്ന ജനറൽ ബോഡിയിൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവർ നേതൃത്വം നൽകി. ബൈലോ കമ്മിറ്റി ചെയർ ജോൺ സി. വർഗീസ്, വൈസ് ചെയർ സജി എബ്രഹാം, സെക്രട്ടറി ബബ്‌ലു ചാക്കോ, കമ്മിറ്റി അംഗങ്ങളായ ജെ. മാത്യു, അഡ്വ. മാത്യു വൈരമൺ, (ഹ്യൂസ്റ്റൺ), വിവിധ കൗൺസിൽ ചെയർമാൻമാരായ ഷിനു ജോസഫ്, രാജു വർഗീസ്, ബെന്നി വാച്ചാച്ചിറ എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റിയും ആണ് ഭേദഗതി നിർദേശങ്ങൾ കൊണ്ട് വന്നത്.

ഫോമയിൽ അംഗസംഘടനകൾ വർധിച്ചതിനാലും വലിയ റീജിയനുകളിൽ വിദൂര ദേശങ്ങളിലുള്ളവർക്ക് ഒന്നിച്ചു കൂടുക പ്രയാസമായതിനാലും കൂടുതൽ റീജിയനുകൾ സ്ഥാപിക്കുവാൻ തീരുമാനിച്ചു. ഇപ്പോൾ 12 റീജിയനാണുള്ളത്. ചില റീജിയനിൽ പല സ്റ്റേറ്റുകളിൽ നിന്നുള്ളവർ ഉൾപ്പെടുന്നു. അതിനാൽ വലിയ റീജിയനുകൾ വിഭജിച്ച് ജോഗ്രഫിക്കൽ പരിധി വച്ച് റീജിയനുകൾ സ്ഥാപിക്കാനാണ് തീരുമാനം. പുതിയ റീജിയനുകൾ ഏതൊക്കെ എന്നത് സംബന്ധിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി നിർദേശങ്ങൾ സമർപ്പിക്കും.

ഫോമായുടെ മുൻ പ്രസിഡന്ടുമാർ, സെക്രട്ടറിമാർ, ട്രഷറർമാർ എന്നിവർ ജനറൽ ബോഡിയിൽ എല്ലാക്കാലത്തും വോട്ടവകാശം ഉളള അംഗങ്ങളായിരിക്കും എന്നതാണ് സുപ്രധാനമായ ഒരു മാറ്റം. പരിചയസമ്പന്നരായ മുൻ ദേശീയ സാരഥികളുടെ സേവനം എക്കാലത്തും സംഘടനക്ക് ലഭിക്കും എന്നതാണ് ഇതിന്റെ മെച്ചം. മാത്രമല്ല ഡെലിഗേറ്റ് ആകാൻ അവർ പ്രാദേശിക സംഘടനകളുടെ കരുണക്ക് കാത്തു നിൽക്കേണ്ടി വരികയുമില്ല.
വിമൻസ് ഫോറം ചെയർ, പി.ആർ. ഓ, കൺവൻഷൻ ചെയർ എന്നിവരും നാഷണൽ കമ്മിറ്റി അംഗങ്ങളായിരിക്കും.

സ്ഥിരം ബൈലോ കമ്മിറ്റി ഇനി ഉണ്ടാവില്ല. പകരം ഭരണഘടനാ ഭേദഗതി വേണമെന്ന് ഏതെങ്കിലും കൗൺസിൽ ആവ്യശപ്പെടുന്ന പക്ഷം ഭേദഗതിക്കായി ഏഴംഗ കമ്മിറ്റിയെ നിയമിക്കും. അതിൽ യുവാക്കൾക്കും വനിതകൾക്കും പങ്കാളിത്തം വേണം.
കൺവൻഷൻ വേദിയിൽ വച്ച് പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ നിർത്തലാക്കും. പകരം ഒക്റ്റോബറിൽ നടക്കുന്ന ജനറൽ ബോഡിയിൽ അധികാര കൈമാറ്റവും സത്യപ്രതിജ്ഞയും നടക്കും. സ്ഥാനമൊഴിയുന്ന കമ്മിറ്റി ഈ ജനറൽ ബോഡിയിലാണ് കണക്ക് അവതരിപ്പിക്കുന്നത്.

ഫൊക്കാന, വേൾഡ് മലയാളി കൗൺസിൽ, വേൾഡ് മലയാളി ഫെഡറേഷൻ എന്നീ ദേശീയ സംഘടനകളിൽ ഭാരവാഹിത്വം വഹിക്കുകയോ അവരുടെ ഡെലിഗേറ്റ് ആയിരിക്കുകയോ ചെയ്യുന്നവർക്ക് ഫോമായിൽ ഡെലിഗേറ്റ് ആകാനോ ഭാരവാഹി ആകാനോോ പറ്റില്ല.
ഫോമായിൽ സ്ഥാനാർഥി ആകുന്ന ആൾ വോട്ടർമാർക്ക് പണമോ വാഗ്ദാനങ്ങളോ മറ്റു സാമ്പത്തിക സഹായങ്ങളോ ചെയ്യുന്ന പക്ഷം അവരെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് അയോഗ്യനാക്കാൻ ഇലക്ഷൻ കമ്മീഷനു അധികാരമുണ്ടാവും.

ഇലക്ഷൻ കമ്മീഷനിലെ മൂന്ന് അംഗങ്ങളിൽ ഒരാൾ സാങ്കേതിക പരിജ്ഞാനം ഉള്ള ആൾ ആയിരിക്കണമെന്നതാണ് മറ്റൊരു ഭേദഗതി. കമ്മീഷനിലെ എണ്ണം കൂട്ടാൻ അംഗീകാരം ലഭിച്ചില്ല.
രാവിലെ നാഷണൽ കമ്മിറ്റി ചേർന്ന ശേഷമാണ് ജനറൽ ബോഡി സമ്മേളിച്ചത്. കോറത്തിനു 130 പേർ വേണ്ടിടത്ത് 120 -ഓളം പേർ മാത്രമാണ് ഉണ്ടായിരുന്നത്. അതിനാൽ റോബർട്ട്സ് ലോ പ്രകാരം മീറ്റിങ് അല്പസമയം നിർത്തി വച്ച ശേഷം പുനരാരംഭിക്കുകയായിരുന്നു.

ജുഡീഷ്യൽ കൗൺസിൽ ആണ് അച്ചടക്ക നടപടി സ്വീകരിക്കുന്നതെന്നും അത് റദ്ദാക്കാൻ പിന്നീട് ജനറൽ ബോഡിക്കു മാത്രമേ അധികാരമുള്ളൂ എന്ന് ബെന്നി വാച്ചാച്ചിറ പറഞ്ഞു. എന്നാൽ എക്സിക്യുട്ടിവിനെക്കാളും നാഷണൽ കമ്മിറ്റിയേക്കാളും വലിയ ഒരു കൗൺസിൽ എന്നത് അപ്രസക്തമാണെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേൽ ചൂണ്ടിക്കാട്ടി. ഫ്‌ലോറിഡയിൽ നിന്നുള്ള സുനിൽ വർഗീസിനെ പുറത്താക്കിയതും പിന്നീട് തിരിച്ചെടുക്കാൻ എക്സിക്യു്ട്ടിവും നാഷണൽ കമ്മിറ്റിയും തീരുമാനിച്ചതും സംബന്ധിച്ചായിരുന്നു വിവാദമുണ്ടായത്. ഈ തീരുമാനം റദ്ദാക്കാൻ ജനറൽ ബോഡിക്കു എല്ലാ അധികാരവും ഉണ്ടെന്ന് ബേബി മണക്കുന്നേൽ ചൂണ്ടിക്കാട്ടി.

ഫ്‌ലോറിഡയിൽ നവകേരള അസോസിയേഷനെപ്പറ്റിയും വാഗ്‌വാദം ഉണ്ടായി. തങ്ങളുടെ അതെ പേരിൽ മറ്റൊരു സംഘടന വന്നുവെന്നും അതിനു ഫോമായിൽ അംഗത്വം കൊടുത്തുവെന്നും ഒരു വിഭാഗത്തിന്റെ പ്രസിഡന്റ് ഏലിയാസ് പനങ്ങയിൽ പറഞ്ഞു. എന്നാൽ 1998 ൽ രൂപം കൊണ്ട നവ കേരള ആർട്ട്സ് ക്ലബ് 1914 -ൽ നവ കേരള അസോസിയേഷനായെന്നും അവർ ഒരിക്കലും ഫോമായിൽ അംഗത്വം ആവശ്യപ്പെട്ടിട്ടില്ലെന്നും എതിർ വിഭാഗം ചൂണ്ടിക്കാട്ടി. സൺഷൈൻ റീജിയൻ ആർ.വി.പി. ജോമോനും 12 സംഘടനകളും ആവശ്യപ്പെടുകയും ശരിയെന്നു ബോധ്യമാവുകയും ചെയ്തതുകൊണ്ടാണ് പുതിയ നവകേരള അസോസിയേഷന് അംഗത്വത്തിന് ശുപാര്ശ ചെയ്തതെന്ന് ക്രെഡൻഷ്യൽ കമ്മിറ്റി ചെയർ വിജി എബ്രാഹാം വിശദീകരിച്ചു.