
ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് ‘ഭ.ഭ.ബ’. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ എൻ്റെർടൈനർ 2025 ഡിസംബർ 18-ന് ദിലീപിൻ്റെ ജന്മദിനം പ്രമാണിച്ച് ആഗോളതലത്തിൽ റിലീസ് ചെയ്യും. “വേൾഡ് ഓഫ് മാഡ്നെസ്സ്” എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം “ഭയം ഭക്തി ബഹുമാനം” എന്നതിന്റെ ചുരുക്കരൂപമാണ്. ചിത്രത്തിൽ കുടുംബ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന വിന്റേജ് ലുക്കിലും സ്റ്റൈലിഷായുമാണ് ദിലീപിനെ അവതരിപ്പിക്കുന്നത്.
അതേസമയം ചിത്രത്തിൽ ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ അതിഥി താരമായും എത്തുന്നുണ്ട് എന്നത് പ്രേക്ഷകരുടെ ആകാംഷ വർദ്ധിപ്പിക്കുന്നു. വിനീത് ശ്രീനിവാസൻ ഉൾപ്പെടെയുള്ള താരങ്ങളെ പ്രേക്ഷകർ ഇതുവരെ കാണാത്ത രീതിയിലാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് നേരത്തെ പുറത്തിറങ്ങിയ ടീസറും പോസ്റ്ററുകളും സൂചിപ്പിക്കുന്നു.
ചിത്രത്തിന്റേതായി പുറത്ത് വന്ന ദൃശ്യങ്ങളെല്ലാം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.