Image

ഗായകൻ കെ. വീരമണി : ആർ. ഗോപാലകൃഷ്ണൻ

Published on 29 October, 2025
ഗായകൻ കെ. വീരമണി : ആർ. ഗോപാലകൃഷ്ണൻ

"പള്ളിക്കെട്ട് ശബരിമലൈക്ക്...", "മാമലൈ ശബരിയിലെ...", "ഭഗവാൻ ശരണം ഭഗവതി ശരണം..." തുടങ്ങിയ പ്രസിദ്ധ അയ്യപ്പഭക്തിഗാനങ്ങൾ  പാടിയ ഗായകൻ കെ. വീരമണിയാണ്. തമിഴ് ഭക്തിഗാനങ്ങളുടെ ആലാപനത്തിലൂടെയും പിന്നണിഗാനങ്ങളിലൂടെയും പ്രസിദ്ധനായ ഗായകനായിരുന്നു കെ.വീരമണി.

ചെന്നൈ സ്വദേശിയായ വീരമണി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സഹോദരനായ കെ. സോമുവുമൊത്ത് രണ്ടായിരത്തിലധികം ഗാനങ്ങൾക്ക് സംഗീതം പകരുകയും ചെയ്ത വീരമണിയുടെ നിരവധി ആൽബങ്ങൾ ജനപ്രീതിയാർജ്ജിച്ചു. 1952 മുതൽ 1970 വരെയുള്ള കാലയളവിൽ അഞ്ഞൂറിലധികം നാടകങ്ങളിലെ ഗാനങ്ങൾക്കും വീരമണിയും സഹോദരനും സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. വീരമണി-സോമു എന്ന പേരിലാണ് ഇവർ ഗാനങ്ങൾ സൃഷ്ടിച്ചിരുന്നത്. 
 

1936-ൽ ചെന്നൈയ്ക്കടുത്തുള്ള തിരുവള്ളിക്കേണിയിലാണ് വീരമണി ജനിച്ചത്. എം.കെ കൃഷ്ണകുഞ്ജരം അയ്യരും ഭാഗീരഥി അമ്മാളുമായിരുന്നു മാതാപിതാക്കൾ. പ്രസിദ്ധ കർണാടക സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്ന കോടീശ്വരയ്യരുടെ പേരമകനും അനശ്വരകവി കവി കുഞ്ജരഭാരതിയുടെ പ്രപൗത്രനുമായിരുന്നു അദ്ദേഹം.

1960-കളിൽ  എം.എസ്. വിശ്വനാഥന്റെ സംഗീതട്രൂപ്പിലെ ഒരു അംഗമായി വീരമണി മാറി. 1965-ൽ നടന്ന ഒരു സംഗീതപരിപാടിയിൽ നേരത്തേ പാടാൻ നിശ്ചയിച്ചിരുന്ന ടി.എം. സൗന്ദരരാജന് ചില പ്രത്യേക കാരണങ്ങൾ കൊണ്ട് എത്തിച്ചേരാൻ കഴിയാതായപ്പോൾ പകരക്കാരനായി വീരമണി കടന്നുവരികയായിരുന്നു. അദ്ദേഹത്തിന്റെ ആലാപനം തമിഴ് സിനിമയിലെ മെഗാസ്റ്റാറായിരുന്ന എം.ജി.ആറിന്റെ ശ്രദ്ധയാകർഷിച്ചു. തുടർന്ന് ആയിരത്തിൽ ഒരുവൻ, ഭാരത വിലാസ്, തണ്ണി കുടിത്തണം, രാധാതിലകം, കാതലർ അലങ്കാരം തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ആലപിച്ചു.
 

ഈ സമയത്ത് 'മണികണ്ഠ ഭക്തസമിതി' എന്ന സംഗീതട്രൂപ്പിൽ സോമു ചേരുകയും തുടർന്ന് അദ്ദേഹം ഭക്തിഗാനങ്ങളിൽ ശ്രദ്ധേ കേന്ദ്രീകരിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ജ്യേഷ്ഠന്റെ വഴി പിന്തുടർന്ന് വീരമണിയും ഭക്തിഗാനലോകത്തേയ്ക്ക് ചുവടുവച്ചു.

1972-ൽ എച്ച്.എം.വി. ഇറക്കിയ എൽ.പി. റെക്കോർഡുകളിലാണ് പ്രസിദ്ധങ്ങളായ ആ അയ്യപ്പഭക്തിഗാനങ്ങൾ പിറവിയെടുത്തത്. "പള്ളിക്കെട്ട് ശബരിമലൈക്ക്...", "മാമലൈ ശബരിയിലെ...", "ഭഗവാൻ ശരണം ഭഗവതി ശരണം..." തുടങ്ങി ആൽബത്തിലെ പത്തുഗാനങ്ങളും സൂപ്പർഹിറ്റുകളായി. തമിഴ്‌നാട്ടിൽ മാത്രമല്ല, കേരളത്തിലും ഈ ഗാനങ്ങൾ ശ്രദ്ധിയ്ക്കപ്പെട്ടു. സോമു രചനയും സംഗീതവും നിർവ്വഹിച്ച ഗാനങ്ങൾ വീരമണിയാണ് ആലപിച്ചത്. പള്ളിക്കെട്ട് ശബരിമലൈക്ക് ശേഷം നിരവധി ഹിറ്റ് ആൽബങ്ങൾ ഇരുവരും ചേർന്നുണ്ടാക്കിയിട്ടുണ്ട്. തുളസിമണിമാലൈ, പമ്പൈ ബാലകനേ, അയ്യപ്പൻ അരുൾ, അയ്യപ്പൻ പടിപ്പാട്ട് തുടങ്ങിയവ അവയിൽ പ്രധാനമാണ്.

കെ.ജെ. യേശുദാസ്, എസ്.പി. ബാലസുബ്രഹ്മണ്യം, പി. സുശീല, എസ്. ജാനകി, വാണി ജയറാം തുടങ്ങി നിരവധി ഗായകർ ഇവരുടെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇതിനിടയിലും വീരമണിയും സോമുവും ചേർന്ന് കച്ചേരികൾ അവതരിപ്പിച്ചുപോന്നു. ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾ കൂടാതെ മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഇവർ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്.
 

'അരുൾ ഇശൈ മാമണി' (1974); 'ഭക്തി ഇശൈ മാമണികൾ' (സോമുവിനും കൂടി സമ്മാനിക്കപ്പെട്ടത് -1974); 'കലൈമാമണി' (1987) തുടങ്ങി നിരവധി സമ്മാനങ്ങൾ ഇദ്ദേഹത്തിനു സമർപ്പിക്കപ്പെട്ടിട്ടുണ്ട്.

രക്താർബുദം ബാധിച്ച് 1990 ഒക്ടോബർ 29-ന്, 54-ാം വയസ്സിൽ, വീരമണി അന്തരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക