Image

ബ്രിട്ടനിലെ ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍

റോമി കുര്യാക്കോസ് Published on 29 October, 2025
ബ്രിട്ടനിലെ ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍

ലണ്ടന്‍: ബ്രിട്ടനിലെ ഇന്ത്യന്‍ വംശജര്‍ക്കെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളില്‍ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി ഐഒസി (യു കെ) - കേരള ചാപ്റ്റര്‍. കുറ്റവാളികള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷയും മേലില്‍ അക്രമണങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ക്കുമായി ഭരണ തലത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ചു.

ബ്രിട്ടനിലെ വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് പ്രദേശത്ത് ഒക്ടോബര്‍ 2025-ല്‍ നടന്ന വംശീയത പ്രേരിതമായ ആക്രമണങ്ങളും ഇന്ത്യന്‍ സാംസ്‌കാരിക പ്രതീകങ്ങളെ ലക്ഷ്യമിട്ട നാശനഷ്ടങ്ങളുമെല്ലാം ഉള്‍പ്പെടുത്തി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസിന്റെ നേതൃത്വത്തിലാണ് ഓണ്‍ലൈനായി ഹര്‍ജി സമര്‍പ്പിച്ചത്. ഈ സംഭവങ്ങള്‍ ഇന്ത്യന്‍ വംശജരുടെ സുരക്ഷയ്ക്കും ആത്മവിശ്വാസത്തിനും നേരിട്ടുള്ള വെല്ലുവിളിയാണെന്നും അവയ്ക്ക് അടിയന്തര നയതന്ത്ര ഇടപെടല്‍ ആവശ്യമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 25-ന് ബര്‍മിങ്ഹാമിലെ വാള്‍സാള്‍ പാര്‍ക്ക് ഹാള്‍ പ്രദേശത്ത് ഒരു ഇന്ത്യന്‍ യുവതി നേരിട്ട ക്രൂരമായ ആക്രമണത്തെയും അതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്, ഒക്ടോബര്‍ 16ന് ഹെയില്‍സൊവന്‍ നഗരത്തില്‍ മറ്റൊരു യുവതിക്കെതിരെയും സമാന സ്വഭാവത്തിലുള്ള ആക്രമണം നടന്നതും ഹര്‍ജിയില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.

അതിക്രൂരവും വംശീയാക്ഷേപ ചുവയുള്ളതുമെന്ന് പോലീസ് വിശേഷിപ്പിച്ച അടുത്തടുത്ത ദിവസങ്ങളില്‍ നടന്ന ഈ രണ്ട് സംഭവങ്ങളുടെയും  സ്വഭാവസാമ്യവും ഇന്ത്യന്‍ വംശജരായ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ഗൗരവമായ ആശങ്കകള്‍ ഉയര്‍ത്തുന്നതായായി ഹര്‍ജിയില്‍ സംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതോടൊപ്പം, ലണ്ടന്‍ തവിസ്‌ക്വയറില്‍ മഹാത്മാ ഗാന്ധിജിയുടെ പ്രതിമ വികൃതമാക്കിയ സംഭവവും ഇന്ത്യന്‍ സമൂഹത്തിനും ഇന്ത്യ-ബ്രിട്ടന്‍ സൗഹൃദ മൂല്യങ്ങള്‍ക്കും ഗൗരവമായ അപമാനമാണെന്ന് സംഘടന പ്രസ്താവിച്ചു.

യുകെ ഹോം ഓഫീസ്, പൊലീസ്, പ്രാദേശിക അധികാരികള്‍ എന്നിവരുമായി നേരിട്ടുള്ള ഉയര്‍ന്നതല നയതന്ത്ര ഇടപെടലുകളും ബന്ധവും ഉറപ്പാക്കുക, വിദ്വേഷപ്രേരിത കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഹൈകമ്മിഷനില്‍ പ്രത്യേക സെല്ല് രൂപീകരിക്കുക, ഇരകള്‍ക്കും കുടുംബങ്ങള്‍ക്കും നിയമസഹായം, മാനസിക പിന്തുണ, അനുയോജ്യമായ കൗണ്‍സലിംഗ് എന്നിവ ലഭ്യമാക്കുക, ഇന്ത്യന്‍ പൈതൃക പ്രതീകങ്ങളുടെ നിരീക്ഷണവും സംരക്ഷണം ഉറപ്പാക്കുക, ഇന്ത്യന്‍ വംശജരുടെ സുരക്ഷയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവര്‍ത്തിച്ചു അധികാരികളെ ബോദ്യപ്പെടുത്തുക, കുറ്റക്കരെ ഒറ്റപ്പെടുത്തുന്നതിനും മാതൃകാപരമായ ശിക്ഷ ലഭിക്കുന്നതിനും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക തുടങ്ങി ഇന്ത്യന്‍ ഹൈകമ്മീഷന്‍ അടിയന്തിരമായി പരിഗണിക്കേണ്ടതായി ചില നിര്‍ദേശങ്ങളും ഹര്‍ജിയില്‍ സംഘടന മുന്നോട്ട് വച്ചിട്ടുണ്ട്.

ഇന്ത്യന്‍ സമൂഹം വര്‍ഷങ്ങളായി കഠിനാധ്വാനം, മാന്യത, സാമൂഹിക പങ്കാളിത്തം എന്നിവയുടെ  മാതൃകാ സമൂഹമായി യുകെയില്‍ നിലകൊള്ളുന്നതായും, എന്നാല്‍ ഒക്ടോബറിലെ ഈ ആക്രമണങ്ങള്‍ പ്രസ്തുത സഹജീവിതത്തിന്റെ ആത്മാവിനെയും ഐക്യത്തെയും തച്ചു തകര്‍ക്കുമെന്നും സമൂഹത്തില്‍ വിശ്വാസവും നീതിയിലുള്ള പ്രതീക്ഷയും പുനഃസ്ഥാപിക്കാന്‍ ഹൈകമ്മിഷന്റെ അടിയന്തര ഇടപെടലും പൊതുവായ പ്രതികരണവും അനിവാര്യമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രശ്‌നത്തില്‍ അടിയന്തിര ഇടപെടല്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ സ്‌കോട്ട്‌ലാന്‍ഡ് യൂണിറ്റ് പ്രസിഡന്റ് മിഥുന്‍ കെ, ജനറല്‍ സെക്രട്ടറി സുനില്‍ കെ ബേബി, ചാപ്റ്റര്‍ നിര്‍വാഹക സമിതി അംഗം ഷോബിന്‍ സാം എന്നിവരുടെ നേതൃത്വത്തില്‍ മറ്റൊരു ഹര്‍ജിയും ഇന്ത്യന്‍ ഹൈകമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക