
അമേരിക്കൻ മലയാളി എഴുത്തുകാരൻ, കവി, സംഘാടകൻ, എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ അബ്‌ദുൾ പുന്നയൂർക്കുളത്തിന്റെ "പറക്കും പക്ഷിയെ പ്രണയിക്കുന്നവർ" എന്ന നോവൽ ഡാളസ്സിൽ ഒക്ടോബർ 31 -നവംബർ 3 വരെ അരങ്ങേറുന്ന ലാന സമ്മേളനത്തിന്റെ വേദിയിൽ വച്ച് പ്രകാശനം ചെയ്യപ്പെടുന്നു.
നോവലിനെപ്പറ്റി

കുടുംബജീവിതത്തെപ്പറ്റി ശരാശരി മലയാളിക്കുള്ള സങ്കല്പങ്ങൾ പ്രവാസ ജീവിതത്തിൽ സാക്ഷാത്കരിക്കപ്പെടുന്നില്ല. ഉദ്യോഗസ്ഥരായ ഭാര്യ ഭർത്താക്കന്മാരും വീടും ജോലിയും കുട്ടികളുമായി അവർക്ക് കടന്നുപോകേണ്ടിവരുന്ന സംഘർഷങ്ങളും തന്മൂലം ഉലയുന്ന ബന്ധങ്ങളും മികവുറ്റ രചനാഭംഗിയോടെ നിർവഹിച്ച ഈ നോവൽ ലോകമെമ്പാടുമുള്ള പ്രവാസമലയാളികൾക്ക് പ്രവാസജീവിതം നൽകുന്ന പുതിയൊരു കാഴ്ചപ്പാട് നൽകും. ജീവിതത്തെ നിർവചിക്കുന്ന ഒരു ദാർശനികനെപ്പോലെ ശ്രീ അബ്ദുൽ പുന്നയൂർക്കുളം ഈ നോവലിനെ സമീപിച്ചിരിക്കുന്നു.
പ്രവാസം എന്ന് പറയുന്നത് കയ്യിലുള്ളത് കളഞ്ഞു പറക്കുന്നതിനെ പിടിക്കാൻ പോകുന്നതിനു സമം ആണ്. നോവലിൽ ആ ആശയം കൊണ്ടുവരാൻ നോവലിസ്റ്റ് ചിന്തിക്കുന്നതുകൊണ്ടായിരിക്കാം നോവലിന്റെ പേര് പറക്കും പക്ഷിയെ പ്രണയിക്കുന്നവർ എന്ന് കൊടുത്തത്.
ഇതിന്റെ ഇതിവൃത്തവും, അവതരണവും ഭാഷയും വായനക്കാർക്ക് ഒരു നൂതനാനുഭവം നൽകുന്നതാണ്.
ശ്രീ അബ്ദുൽ പുന്നയൂർക്കുളത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു.
- സുധീർ പണിക്കവീട്ടിൽ