
ഒരു കവിത വായിക്കുകയായിരുന്നു
എന്റെ വീട്
അടഞ്ഞ മുറിയുള്ള എന്റെ വീട്.
പേടികളെ,
ചീയലുകളെ,
ആരും കാണാതിരിക്കാൻ
താഴിട്ടുപൂട്ടിയ
അടഞ്ഞ മുറിയുള്ള എന്റെ വീട്!
ധൈര്യത്തിന്റെ താക്കോൽ കണ്ടെടുത്ത്
ഒടുവിലാ മുറി തുറന്നിരിക്കണം
ചവറുകൾ അടിച്ചുവാരി
തീയിട്ടിരിക്കണം
വരണ്ട ചുവരുകളിലെമ്പാടും
വർണ്ണച്ചായങ്ങൾ പൂശിയിരിക്കണം
ജീവനാഡികൾ പാകിയിരിക്കണം
ഇരുട്ടിലും മിന്നുന്ന
തൊങ്ങലുകൾ ചാർത്തിയിരിക്കണം!
എന്തു ഭംഗി!
ഇപ്പോഴുമൊരു
കവിത വായിക്കുകയാണ്
എന്റെ വീട്
അടഞ്ഞ മുറിയുള്ള എന്റെ വീട്
ഇടയ്ക്കെങ്ങാൻ
ആരും കാണാതെ
സ്വപ്നത്തിലേക്കൊന്നുണരാൻ
താഴിട്ടുപൂട്ടിയ
അടഞ്ഞ മുറിയുള്ള എന്റെ വീട്!