
നടൻ യഷ് നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ സിനിമയുടെ റിലീസ് തീയതി നിർമ്മാതാക്കൾ പുറത്തുവിട്ടു. ചിത്രം അടുത്ത വർഷം മാർച്ച് 19-ന് ആഗോളതലത്തിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാണ കമ്പനിയായ കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു. ‘കെജിഎഫ്’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം യഷ് എത്തുന്നത് കൊണ്ട് തന്നെ ‘ടോക്സിക്’ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രീകരണം നിർത്തിവെച്ചതുൾപ്പെടെ നിരവധി ഊഹാപോഹങ്ങളും വ്യാജവാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനിടയിലാണ് നിർമ്മാതാക്കളുടെ ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. നിലവിൽ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
യഷിൻ്റെ 19-ാമത് ചിത്രമാണിത്. ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്നതാണ് ചിത്രത്തിൻ്റെ ടാഗ് ലൈൻ. കെ വി എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. സിനിമയുടെ കഥയ്ക്ക് ആഗോള സ്വഭാവമുള്ളതിനാൽ ഇതൊരു പാൻ വേൾഡ് സിനിമയായി ഒരുക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ഇതിൻ്റെ ഭാഗമായി സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്.