Image

മദാമ്മയുടെ പ്രേതാത്മാവ് (ഒരു ഹാലോവീൻ കഥ: സുധീർ പണിക്കവീട്ടിൽ)

Published on 31 October, 2025
മദാമ്മയുടെ പ്രേതാത്മാവ് (ഒരു ഹാലോവീൻ കഥ: സുധീർ പണിക്കവീട്ടിൽ)

പുതിയ വീടിന്റെ ഗൃഹപ്രവേശപൂജക്കിടയിൽ പൂജാരി പരിഭ്രമിച്ചുകൊണ്ട് പറയുന്നു. ചില ദുശ്ശകുനങ്ങൾ നോം കാണുന്നു. അതേപ്പറ്റി ഗണിച്ച് നോക്കിയപ്പോൾ ചിലരുടെ ഗതി കിട്ടാത്ത ആത്മാക്കൾ ഇവിടെ തന്നെ ചുറ്റി തിരിയുന്നു എന്ന് കണ്ടു. മുൻപ് ഇവിടെ ജീവിച്ച് മരിച്ചുപോയവരാകാം. അതിൽ ഒരു സ്ത്രീയുടെ പ്രേതവുമുണ്ട്. നിർഭാഗ്യവശാൽ അവളതാ ചാടിപ്പോയി. മറ്റു പ്രേതാത്മാക്കളെയൊക്കെ നോം ആവാഹിച്ച് എടുത്തിരിക്കുന്നു. ഗൃഹപ്രവേശനപൂജക്ക് ക്ഷണിച്ചുവരുത്തിയ അതിഥികളും ഭാര്യയും ഇത് കേട്ട് പേടിക്കാൻ തുടങ്ങി. ഇനിയിപ്പോൾ എന്താ ചെയ്യാ എന്ന നിസ്സഹായാവസ്ഥയും പ്രേതഭയവും വീട്ടുമുറിയിൽ തങ്ങി നിന്നു.

ഒരു വേനൽക്കാലത്താണ് ന്യയോർക്കിൽ വീടും സ്ഥലവും സ്വന്തമാക്കിയത്. ന്യയോർക്കിനു വലിയ ആപ്പിൾ (The big apple) എന്ന ഒരു പേര് കൂടിയുണ്ട്. അതുകൊണ്ട് മനസ്സിൽ തോന്നി ആപ്പിളിന്റെ ഒരു കഷ്ണം കടിക്കാൻ കഴിഞ്ഞു.  ഉടനെ ഹവ്വാമ്മ മുന്നിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞു മോനെ ഞാൻ അതിൽ ഒന്ന് കടിച്ചതിന്റെയും നിന്റെ ആദം അപ്പാപ്പന് ഇത്തിരി കൊടുത്തതിന്റെയും ഫലമാണ് ഈ ലോകം, അവരുടെ കഷ്ടപ്പാടുകൾ. ദൈവ കോപമുണ്ടാക്കരുത്.അപ്പോൾ ഒരൽപ്പം പേടി തോന്നി. മുത്തശ്ശിയും എഴുതിയിരുന്നു ഉണ്ണി അവിടെ സ്ഥിരാക്കണ്ട.  ന്യുയോർക്കിൽ താമസിക്കാൻ തീരുമാനിച്ചത് തെറ്റായോ? എന്തിനാണ് ആവശ്യമില്ലാത്ത ചിന്തകൾ വരുന്നത്. നാട്ടിലാണെങ്കിൽ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ പോയി ഒന്ന് തൊഴുതാൽ ഒരു ആത്മവിശ്വാസം വന്നുചേരും. ന്യുയോർക്കിൽ വാങ്ങിയ വീടിനടുത്ത് ഒരു ഗണപതി കോവിൽ ഉണ്ട്. അവിടെ പോയി തേങ്ങയടിക്കണമെന്നു മുത്തശ്ശി എഴുതിയിരുന്നു. വീടും ഇത്തിരി ഭൂമിയും സ്വന്തമാക്കിയപ്പോൾ എന്തെല്ലാം ഉത്തരവാദിത്തങ്ങൾ. തന്നെയുമല്ല ഹവ്വാമ്മ പേടിപ്പിച്ചപോലെ ഇതാ ഒരു പ്രേതം സ്വതന്ത്രയായി വീട്ടിൽ ചുറ്റിക്കറങ്ങുന്നു. പൂജാരിയുടെ മന്ത്രവാദങ്ങൾ അവളുടെ അടുത്ത് ഫലിക്കുന്നില്ല.

ഗ്രഹപ്രവേശപൂജ വേണമെന്ന് ഭാര്യ നിർബന്ധം  പിടിച്ചു. ഇവിടെ അമേരിക്കയിൽ എന്ത് പൂജ. നാട്ടിലെ പോലെ  ഇവിടെ പ്രേതങ്ങൾ ഇല്ലെന്നു പറഞ്ഞിട്ടും ഭാര്യയുടെ തലയിൽ കയറുന്നില്ല. ന്യുയോർക്കിലുള്ള ഒരു പണ്ഡിറ്റ് വിഷ്ണു ശർമ്മയെ കണ്ടുപിടിച്ച് പൂജയുടെ ഉത്തരവാദിത്തം ഏൽപ്പിച്ചെങ്കിലും നേരത്തെ സൂചിപ്പിച്ച പോലെ അയാളുടെ കയ്യിൽ നിന്നും ഒരു സ്ത്രീ പ്രേതം ചാടിപ്പോയി.അയാൾ നിസ്സഹായനായി ഒന്നും ചെയ്യാൻ കഴിയാതെ വിവരം നമ്മളെ അറിയിക്കുകയാണ്. അവർ ഇവിടെനിന്നും രക്ഷപ്പെട്ടു പോയിരുന്നെകിൽ പ്രശ്നമില്ലായിരുന്നു. പൂജാരി പറയുന്നത് അവർ വീട്ടിലോ പറമ്പിലോ  ഒളിച്ചു നിൽക്കയായിരിക്കാം എന്നാണ്. ഉടനെ ഭാര്യ അയാളെ പിന്താങ്ങിക്കൊണ്ടു പറഞ്ഞു. ശരിയാണ്, ഞങ്ങൾ ഈ വീട് കാണാൻ വന്നപ്പോൾ വീടിന്റെ പുറകിലെ അത്തിമരത്തിന്റെ ചുവട്ടിൽ പോയി നിന്ന് ഞങ്ങളുടെ മൂന്നു വയസ്സായ മകൾ ആരോടോ സംസാരിക്കുന്ന പോലെ തോന്നി. കുട്ടി അതീവ സന്തോഷത്തോടെ കൈകൊട്ടി ചിരിച്ച് എന്തോ സംസാരിച്ചിരുന്നു.. അത് ഒരു പക്ഷെ ഈ പ്രേതം വേഷം മാറി കുഞ്ഞിനെ സന്തോഷിപ്പിച്ചതായിരിക്കും. പൂജാരി പറഞ്ഞു  അവർക്ക് ഇവിടം വിട്ടുപോകാൻ ഇഷ്ടമില്ല. അതുകൊണ്ടാണ് എന്റെ പിടിവിട്ടു ഓടിപ്പോയത്.  പൂജാരി അങ്ങനെ തന്റെ കഴിവുകേടും പ്രേതത്തിന്റെ മിടുക്കും പറയുമ്പോൾ ചുറ്റിലും കൂടിയ അതിഥികൾ വിസ്മയത്തോടെ പൂജാരിയെ നോക്കി. എന്നാൽ സത്യാവസ്ഥ എനിക്ക് പറയേണ്ടി വന്നു. കുഞ്ഞു പ്രേതത്തെ കണ്ടിട്ടല്ല കൈ കൊട്ടി ചിരിച്ചതു.  അത്തിമരത്തിൽ ധാരാളം അണ്ണാറക്കണ്ണന്മാർ ഉണ്ട്.  അവർ വാല് പൊക്കിപ്പിടിച്ചു അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് കുഞ്ഞിന്  ഇഷ്ടമാണ്. അവിടെ  അണ്ണാറക്കണ്ണന്മാരെ കൂട്ടത്തോടെ കണ്ട സന്തോഷത്തിലായിരിക്കും അങ്ങനെ ചെയ്തത്.

അപ്പോൾ കൂട്ടുകാരന്റെ പ്രായമായ അമ്മയുടെ കമന്റ് പിള്ള മനസ്സിൽ കള്ളമില്ല. കുഞ്ഞു അണ്ണാറക്കണ്ണനെയല്ല മദാമ്മ പ്രേതത്തെയാകും കണ്ടത്. എല്ലാവരും അത് ശരിവച്ചു.  അത്തിമരത്തിന്റെ മുകളിൽ ഫ്രോക്കിട്ട മദാമ്മ ഇരിക്കുന്നത് കണ്ട മൂന്നു വയസ്സായ കുട്ടിക്ക് എന്ത് മനസ്സിലാകാൻ എന്ന് ഞാൻ മനസ്സിൽ കരുതി. ആ സമയം പ്രേതത്തെക്കണ്ടിട്ടാണ്‌ കുഞ്ഞു പൊട്ടിച്ചിരിച്ചത് എന്നറിയാതെ ഭാര്യ ഒരു പനിയിൽ നിന്ന് രക്ഷപ്പെട്ടല്ലോ എന്ന് ഞാൻ ആശ്വസിച്ചു.  

എല്ലാവരും പണ്ഡിറ്റ് വിഷ്ണു ശർമ്മയെ പൊതിഞ്ഞു. എന്താ ഒരു പരിഹാരം?? ഞങ്ങളൊക്കെ പോയാൽ അവർ ഭാര്യയും ഭർത്താവും ഒരു കുഞ്ഞും തനിയെ ഈ വീട്ടിൽ. കൂട്ടിനു ഒരു മദാമ്മയുടെ പ്രേതവും. മദാമ്മ ഉപദ്രവിക്കുമോ പൂജാരി. വിഷ്ണു ശർമ്മ മദാമ്മയെ വളരെക്കാലമായി പരിചയമുള്ള പോലെ പറഞ്ഞു. ഉപദ്രവി അല്ല. പക്ഷെ അവരുടെ ചില ഇഷ്ടങ്ങൾക്ക് മാറ്റം വന്നാൽ ചിലപ്പോൾ ചില അനിഷ്ടസംഭവങ്ങൾ ഉണ്ടാക്കും. മദാമ്മ ചെറുപ്പകാരിയാണെങ്കിൽ ഗൃഹനാഥൻ അവളെ ആവഹിച്ചോളൂ. അയാൾ ആ കലയിൽ അസാധാരണ കഴിവുള്ളവനാണ്. അയാൾ എഴുത്തുകാരനുമാണ്. അതിഥികൾ പൂജാരിയോട് പറഞ്ഞു ചിരിച്ചു. പൂജാരിക്ക് അതിഷ്ടമായില്ല. ഇതൊന്നും തമാശയല്ല ട്ടോ. അതിഥികളും പറഞ്ഞു തമാശയല്ല. എത്രയോ യക്ഷികളെ , പ്രേതസുന്ദരികളെ  അയാൾ ആവാഹിച്ചിരിക്കുന്നു. ചില അതിഥികൾ എന്റെ ചെവിയിൽ പറഞ്ഞു അയാൾക്ക് കാശ് കൂടുതൽ കിട്ടാനുള്ള അടവായിരിക്കും.
പൂജാരി പോകാൻ നേരത്ത് എന്നോട് പറഞ്ഞു മനുഷ്യസ്ത്രീകളെ പ്രണയിക്കുന്നപോലെയല്ല പ്രേതങ്ങളെ പ്രണയിക്കുന്നത്. അതും ഒരു മദാമ്മ പ്രേതത്തെ. അയാൾ വീണ്ടും ഓർമ്മിപ്പിച്ചു ഇവിടത്തെ അംഗസംഖ്യ രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണ്. മൂന്നു വയസ്സായ കുഞ്ഞിനെ സ്ത്രീയായി കൂട്ടണോ?  കുഞ്ഞായാലും പ്രായമായാലും സ്ത്രീ പ്രജാ എന്നാണ് കരുതുക. അതുകൊണ്ട് വളരെ കരുതൽ വേണം. പൂജാരി അതോർത്ത് വിഷമിക്കണ്ട. ഇവിടെ ഒരു ദേവ ദേവൻ വരാൻ പോകുന്നു. ഞാൻ പഠിക്കുന്ന കാലത്ത് ഒരു ശിവഭക്‌തനായിരുന്നു. അതുകൊണ്ട് ജനിക്കാൻ പോകുന്ന മകന് ശിവന്റെ പേരായ ദേവ ദേവൻ എന്ന് പേരിടണമെന്നു മുത്തശ്ശിയുടെ ഉപദേശം ഉണ്ട്. പൂജാരി കണ്ണുരുട്ടി. അതിപ്പോൾ എങ്ങനെ നിശ്ചയിക്കാം. നിശ്ചയിക്കാം പൂജാരി അവന്റെ വരവ് പ്രമാണിച്ചു ഭാര്യയുടെ കുളി വരെ തെറ്റിയിരിക്കയാണ്. അയാൾ പോകുമ്പോൾ ഞാൻ ചോദിച്ചു പണ്ഡിറ്റ് ജി മദാമ്മയെ കണ്ടത് ഹോമകുണ്ഡത്തിൽ നിന്നും എണീറ്റ് പോകുന്നതായിട്ടാണ് അല്ലേ?. മറ്റവരെയൊക്കെ നിങ്ങൾ കലശത്തിലാക്കി. അതെ അങ്ങനെ തന്നെയെന്നും പറഞ്ഞു പൂജാരി ഒന്നും പറയാതെ ദക്ഷിണയും വാങ്ങി തിരിഞ്ഞു നടന്നു. 

അതിഥികൾ  വേർപിരിഞ്ഞു. ഭാര്യയ്ക്ക് ചെറിയ പേടി തുടങ്ങി. ഒരു മുറിയിൽ നിന്ന് മറ്റേ മുറിയിലേക്ക് പോകാൻ പേടി. കുഞ്ഞിന് കുറെ കളിപ്പാട്ടങ്ങൾ കിട്ടിയത് വച്ച് അവൾ കളിച്ച് രസിക്കയാണ്. ദൈവമേ ഈ ശൈശവം എത്ര നല്ല കാലം. എല്ലാവരുമുണ്ടെങ്കിൽ എന്ന് കൂടി കൂട്ടിച്ചേർത്തു. ഭാര്യ പേടിച്ച് കെട്ടിപിടിച്ചു നടക്കയാണ്.  ഒരു ബുദ്ധി ഉണർന്നു. ഭാര്യമാർ വേണ്ടപോലെ സ്നേഹിക്കുന്നില്ലെന്നു തോന്നുന്ന ഭർത്താക്കന്മാർ ഒരു പ്രേതകഥ ചമക്കുക. പിന്നെ അവൾ എപ്പോഴും കൂടെ നടക്കും.

മദാമ്മയെ പ്രേമിച്ച് പ്രേമിച്ച് ഒരു മലയാളി സ്ത്രീയാക്കാനുള്ള കൗതുകത്തേക്കാൾ ശരിക്കും പ്രേതമെന്ന പ്രതിഭാസമുണ്ടോ എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ. ഈ വിഷയം എത്രയോ മഹാന്മാർ ചർച്ച ചെയ്തു എങ്ങും എത്താതെ അടിയറവ് പറഞ്ഞു ഓരോ മുട്ട് ന്യായങ്ങൾ നിരത്തിയിരിക്കുന്നു. അതേക്കുറിച്ച് പഠനം നടത്തിയപ്പോൾ എന്റെ വീട്ടിൽ സംഭവിച്ചത് എന്തെന്ന് മനസ്സിലായി. മദാമ്മ എന്നൊന്നില്ല. അത് പൂജാരിയുടെ മാനസിക വിഭ്രാന്തി മാത്രം. ഹോമകുണ്ഡത്തിലെ പുകയും അഷ്ടഗന്ധമംഗള ധൂപങ്ങളും മണിയടിയും പുറമേക്ക് കേട്ടാൽ. കണ്ടാൽ അയല്പക്കകാരൻ അഗ്നിശമനസേനക്കാരെ വിളിക്കും. അതിനാൽ പൂജ നിലവറയിലെ ഒരു ചെറിയ മുറിയിലാണ് നിർവഹിച്ചത്. പൂജാരി  കുറേനേരം ഹോമകുണ്ഡത്തിനു അരികിൽ ഇരുന്നപ്പോൾ ഒരളവിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ചുകാണും.  നിറവും മണവുമില്ലാത്ത ഒരു വിഷവാതകമാണിത്. ഇത് ശ്വസിച്ചാൽ മനുഷ്യനിൽ ഉണ്ടാകുന്ന അനുഭവങ്ങളാണ് വാതിലുകൾ അടയുന്ന ശബ്ദം കേൾക്കുക, ഫർണിച്ചറുകൾ നിരങ്ങുന്ന ശബ്ദം കേൾക്കുക, കാൽപ്പെരുമാറ്റം കേൾക്കുക, ആരോ കൂടെയുള്ളപ്പോലെ തോന്നുക, നിഴലുകളും രൂപങ്ങളും മുന്നിലൂടെ നീങ്ങുന്നതായി തോന്നുക. മായാകാഴ്ചകൾ കാണുക എന്നിവ. മരണം പോലും സംഭവിച്ചേക്കാം. അതും നമ്മൾ പ്രേതങ്ങളുടെ തലയിൽ വച്ചുകൊടുക്കാറുണ്ട്. (പഠനം:Dr. William H. Wilmer (W.H. Wilmer). നമ്മുടെ രക്തത്തിലെ ചുവന്ന രക്താണുക്കൾ ഓക്സിജൻ ഉള്ളിലേക്ക് വലിക്കുന്നതിനേക്കാൾ വേഗതയിൽ കാർബൺ മോണോക്സൈഡ് ആഗിരണം  ചെയ്യുന്നു.തൽഫലമായി രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നു. ഇതുമൂലമാണ്‌ ഓരോന്ന് കാണുന്നതും  കേൾക്കുന്നതും.  

ശാസ്ത്രം പറഞ്ഞത് വിശ്വസിച്ചെങ്കിലും മനസ്സിന്റെ ജാലകവാതിൽക്കൽ, കൺപീലികളിൽ മസ്കാര തേച്ച പൂച്ചക്കണ്ണിയായ മദാമ്മ പ്രത്യക്ഷപെടുന്നപോലെ തോന്നാറുണ്ട്. അവളുടെ മായാരൂപം തെളിഞ്ഞുവരാറുണ്ട്. നിലാവ് പെയ്യുന്ന കുളിരുള്ള രാവുകളിൽ സർഗ്ഗസങ്കല്പങ്ങളിൽ മുഴുകി കയ്യിൽ പേനയും പിടിച്ചിരിക്കുമ്പോൾ വയലാറിന്റെ വരികളിലൂടെ മദാമ്മയെ കാണാറുണ്ട്. "മധുചന്ദ്രികയുടെ ഛായതളികയിൽ മഴവിൽ പൂമ്പൊടി ചാലിച്ചു, മനസ്വിനി….നിൻ മായാരൂപം മനസ്സിൽ ഞാൻ വരച്ചു... കാണാത്ത സ്വപ്നങ്ങളിലെ കവിതകളാൽ കണ്ണെഴുതിച്ചു നിദ്രയിലെ നീലിമയാൽ ഞാൻ നിൻ കൂന്തൽ കറുപ്പിച്ചു. ഞാൻ നിന്നെ സ്നേഹിക്കുന്നു. പ്രേമിക്കുന്നു."

ശുഭം
 

Join WhatsApp News
Prof K B Pavithran 2025-10-31 03:13:00
ഡോ. വില്യം എച്ച്. വിൽമർ (William Holland Wilmer) പ്രശസ്തനായ ഒരു അമേരിക്കൻ നേത്രരോഗ വിദഗ്ദ്ധനാണ് (Ophthalmologist). അദ്ദേഹം പ്രേതബാധയായി തെറ്റിദ്ധരിക്കപ്പെടാവുന്ന ഒരു പ്രതിഭാസത്തെക്കുറിച്ച് പരാമർശിച്ച ഒരു പ്രത്യേക സംഭവം നിലവിലുണ്ട്: വിൽമറും "പ്രേതബാധയുള്ള വീടും" എന്ന സംഭവം 1921-ൽ ഡോ. വിൽമർ ഈ കൗതുകകരമായ വിവരണം അമേരിക്കൻ ജേണൽ ഓഫ് ഒഫ്താൽമോളജിയിൽ പ്രസിദ്ധീകരിച്ചു. അദ്ദേഹം "മിസ്സിസ് എച്ച്." എന്ന് മാത്രം വിശേഷിപ്പിച്ച ഒരു രോഗിയുടെ അനുഭവം പങ്കുവെച്ചു. മിസ്സിസ് എച്ചും കുടുംബവും ഒരു പഴയ വീട്ടിലേക്ക് താമസം മാറിയപ്പോൾ ഒരു പ്രേതത്തെ കണ്ടതായി അവർക്ക് തോന്നലുണ്ടായി. "കറുത്ത മുടിയും കറുത്ത വസ്ത്രങ്ങളുമണിഞ്ഞ ഒരു അപരിചിത സ്ത്രീ" പ്രത്യക്ഷപ്പെടുകയും പിന്നീട് അപ്രത്യക്ഷയാവുകയും ചെയ്തിരുന്നു. വീടിന് പ്രേതബാധയുണ്ടെന്ന് അവർ വിശ്വസിച്ചു. പ്രേതത്തെ കണ്ടെന്ന തോന്നലും അസാധാരണമായ അനുഭവങ്ങളും വീട്ടിലുള്ളവരിൽ വലിയ സ്വാധീനം ചെലുത്തി. ഇത് അങ്ങേയറ്റത്തെ മാനസിക പിരിമുറുക്കത്തിന് കാരണമാവുകയും വീട് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് അവർ ചിന്തിക്കുകയും ചെയ്തു. ഡോ. വിൽമറിന്റെ മെഡിക്കൽ കണ്ടെത്തൽ അനുസരിച്ച്, പ്രേതത്തെ കാണുന്നതും മറ്റ് അസാധാരണ ലക്ഷണങ്ങളും (തലവേദന, ക്ഷീണം, വിഷാദം) അമാനുഷികമല്ല, മറിച്ച് ഫർണസ്സിലെ തകരാറ് മൂലമുണ്ടായ കാർബൺ മോണോക്സൈഡ് വിഷബാധ ആയിരുന്നു. ഫർണസ് നന്നാക്കിയതോടെ "പ്രേതബാധ" അവസാനിച്ചു എന്ന കഥ വളരെ രസകരമാണ്. താങ്കളുടെ കഥയിൽ ഡോക്ടർ William Holland Wilmer നെ റെഫർ ചെയ്തത് വളരെ നന്നായി. അഭിനന്ദനങ്ങൾ 👍🙏
ജോസഫ് എബ്രഹാം 2025-10-31 09:46:24
പ്രേതാനുഭവങ്ങളുടെ അഥവാ ഹാലൂസിനേഷന്റെ ശാസ്ത്രീയമായ കാരണങ്ങൾ പറഞ്ഞത് ഒരു പുതിയ അറിവായി. കൂടുതൽ പ്രേതങ്ങളും നിലവറയിലും വായൂ സഞ്ചാരം കുറഞ്ഞ ഇടങ്ങളിലുമാണല്ലോ അവറ്റകളെ കൂടുതലും കാണുന്നത്?! മനോഹരമായ കുറിപ്പ്. ആശംസകൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക