
ബോധമുണ്ടെന്നു നിനച്ചു നിനച്ചങ്ങു
ബോധമില്ലാതെ നടക്കുന്ന കൂട്ടം
ബോധമുണ്ടെങ്കിലും ബോധംകളഞ്ഞിട്ട്
ബോധമുണ്ടെന്ന് നടിക്കുന്ന കൂട്ടം
ബോധമുള്ളോർ പല നന്മകൾ ചെയ്തിട്ടും
ബോധമുള്ളോരേ പഴിക്കുന്ന ലോകം
ബോധമില്ലാത്തവർ ചെയ്യുന്ന തിന്മകൾ
ബോധപൂർവ്വം പൊറുത്തീടുന്ന ലോകം
ബോധമിലായ്മ അലങ്കാരമായ് കണ്ട്
ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന കൂട്ടം
ബോധ്യപ്പെടുത്താൻ കഴിഞ്ഞീലയെങ്കിലോ
ബോധപൂർവ്വം ക്രുദ്ധരാകുന്ന കൂട്ടം
ബോധമുള്ളപ്പോൾ മനോബലമില്ലെങ്കിൽ
ബോധം കെടുത്തിയും നേടുന്നു ധൈര്യം
ബോധം കെടുത്തുവാൻ മദ്യവും സേവിച്ചു
ബോധമുള്ളോളെ പ്രഹരിപ്പൂ നിർദ്ദയം
ബോധം കെടുത്തും മയക്കുമരുന്നിന്റെ
പാതയിൽ പെട്ടുപോകുന്ന യുവജനം
ബോധം കെടുത്തുന്ന ദ്രവ്യത്തിനായവർ
പാതകങ്ങളിന്ന് കാട്ടുന്നു ക്രൂരമായ്
ബാധ്യതയെന്നു നിരീച്ചിട്ടിവരെ നാം
ബോധപൂർവമങ്ങു വിസമരിച്ചീടൊലാ
ബോധമുള്ളോർ ഇന്നുണർന്നെണീറ്റിടിലീ
ബാധയെ ധ്വംസിക്കാമെന്നതു നിശ്ചയം
ശുദ്ധരായ് ജന്മമെടുത്ത മനുഷ്യന്റെ
ശുദ്ധിയെ നശ്വരമാക്കുന്നതെന്തിനേം
ഒത്തൊരുമിച്ചു ചെറുത്തു തുരത്തുവാൻ
ഒത്തു ചേരേണ്ടതു മാനവ ധർമ്മമേ