Image

പാട്ടിന്റെ പൂങ്കുയിൽ നാദം ; പി.ലീല : വിനോദ് കട്ടച്ചിറ

Published on 31 October, 2025
പാട്ടിന്റെ പൂങ്കുയിൽ നാദം ; പി.ലീല : വിനോദ് കട്ടച്ചിറ

സുപ്രഭാതങ്ങളെ ധന്യവും
ഭക്തിസാന്ദ്രവുമാക്കിയ ആ ശബ്ദം.
"പാടുക പൂങ്കുയിലേ..." എന്നുപാടിക്കൊണ്ട്
മലയാളസിനിമാ പിന്നണി ഗാനരംഗത്തേക്ക്
പറന്നെത്തിയ പൂങ്കുയിൽ. ആദ്യഗാനംപോലെ മലയാളികളുടെ കാതുകളില്‍
ഒരുകുയിലിന്റെ സംഗീതംപോലെ അവര്‍കടന്നുകയറി.
പ്രണയംതുളുമ്പുന്ന, ഭക്തിയുടെചിറകിലേന്തിയ, വാത്സല്യത്തിന്റെ അമ്മമധുരമുള്ള ഒട്ടേറെഗാനങ്ങള്‍ അവര്‍പാടി അനശ്വരമാക്കി.

പി.ലീലയെന്നപേര് ആദരവോടെമാത്രമെ മലയാളികൾക്ക് ഓർക്കാനാവൂ. നാരായണീയത്തിലെ ശ്ലോക പ്രവാഹത്തിൽ ഗുരുവായൂരമ്പലത്തെ പാടിയുണർത്തിയ പാട്ടുകാരി, ഭക്തിയുടെകുമ്പിളിൽ പൂന്താനം നിവേദിച്ചുതന്ന ജ്ഞാനപ്പാനയെ ഗാനമാധുരിയാക്കി പകർന്നുതന്ന ഗായിക, തെന്നിന്ത്യൻസിനിമയിൽ സകലഭാഷാചിത്രങ്ങളിലും പറന്നുപാടിയ പൂങ്കുയിൽ. ഈശ്വരകടാക്ഷമായി ലഭിച്ച സ്വരഭംഗികൊണ്ട് താൻ കടന്നുപോയ കാലത്തെ
ധന്യമാക്കിയാണ് അവർ പറന്നുപോയത്.

മലയാളികൾ കേട്ടുപഠിച്ചു പാടിയ ആദ്യത്തെ മൂന്നു താരാട്ടുപാട്ടുകളും പാടാനുള്ളയോഗം
കൈവന്നത് പി.ലീലയ്ക്കായിരുന്നു.
"കണ്ണുംപൂട്ടി ഉറങ്ങുകനീയെൻ..."' എന്ന താരാട്ട്പാട്ട് പലതലമുറകളിലെ അമ്മമാർ
മക്കളെ  ഉറക്കാൻപാടിയിട്ടുണ്ട്. ദക്ഷിണാമൂർത്തി സ്വാമികൾ അരങ്ങേറ്റം കുറിച്ച നല്ലതങ്ക
എന്ന ചിത്രത്തിലെ ‘അമ്മതൻ പ്രേമ സൗഭാഗ്യത്തിടമ്പേ....’എന്ന താരാട്ടുപാട്ടും,
ഇരയിമ്മൻതമ്പിയുടെ "ഓമനത്തിങ്കൾകിടാവോ..." എന്ന താരാട്ടുപാട്ടും പി.ലീലയാണ്പാടിയത്.

പി.ലീലയെന്ന് കേൾക്കുമ്പോൾ ഇന്നത്തെ തലമുറയ്ക്ക് കുറേ ഭക്തിഗാനങ്ങളായിരിക്കാം ഓർമ്മയിലെത്തുക.
എന്നാൽ ശാസ്ത്രീയ സംഗീതത്തിലെ ഏതുഭാവവും വിദഗ്ധമായി പാടാനുള്ള കഴിവാണ്
പി.ലീലയെ ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും പ്രിയങ്കരിയായ പാട്ടുകാരിയാക്കിയത്.

ചിലമ്പൊലിയിലെ ''പ്രിയമാനസാ നീ വാ വാ....''
പാടുന്നപുഴയിലെ ''സിന്ധുഭൈരവി രാഗരസം...'' 
കാവ്യമേളയിലെ
"സ്വപ്നങ്ങൾ സ്വപ്നങ്ങളെ നിങ്ങൾ സ്വർഗകുമാരികളല്ലോ...."
തുടങ്ങിയ ഗാനങ്ങളുടെ മാധുര്യം അവർണ്ണനീയമാണ്.

"ചന്ദ്രികയിലലിയുന്നുചന്ദ്രകാന്തം..."
(ഭാര്യമാർസൂക്ഷിക്കുക),
"അഷ്ടമുടിക്കായലിലെ...'' 
(മണവാട്ടി),
"സ്വർണചാമരം വീശിയെത്തുന്ന..."
(യക്ഷി),
"അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ...."
(സ്ഥാനാർഥിസാറാമ്മ)
പാടിവച്ചപാട്ടുകളങ്ങനെ എത്രയെത്ര.

"കാനനഛായയിലാടുമേയ്ക്കാൻ...""താരമേതാരമേ...", താമരത്തുമ്പി വാ (കെ പി ഉദയഭാനു), "പടിഞ്ഞാറെമാനത്തുള്ള..."
(പി.ബി.ശ്രീനിവാസ്),
"കണ്ണാരംപൊത്തി പൊത്തി..."
(കമുകറ),
"കണ്ണുംപൂട്ടിയുറങ്ങുക നീയെൻ.."
(എ.എം.രാജ) എന്നിവയൊക്കെ അക്കാലത്തെ
മറ്റുപ്രസിദ്ധ ഗായകർക്കൊപ്പം പാടിയയുഗ്മഗാനങ്ങളാണ്.

വി.ദക്ഷിണാമൂർത്തിയുടെ ഗാനങ്ങളിലൂടെയാണ്
പി.ലീല തുടക്കത്തിൽ ഏറ്റവുംശ്രദ്ധിക്കപ്പെട്ടത്.
'കണ്ണനെകണ്ടേൻ സഖി...', "സ്വപ്നങ്ങൾ സ്വപ്നങ്ങളേനിങ്ങൾ..." "ചന്ദ്രികയിലലിയുന്നുചന്ദ്രകാന്തം...", "സ്വർഗവാതിലേകാദശി....",
ദേവിശ്രീദേവി തേടി വരുന്നൂഞാൻ...", "തമസാനദിയുടെ
തീരത്തൊരുനാൾ...."
എന്നിവയൊക്കെ സ്വാമിയുടെ ഈണത്തിൽ
പി.ലീല പാടി അനശ്വരമാക്കിയഗാനങ്ങളാണ്. "കഥകഥപ്പൈങ്കിളിയും..." "പൊന്നണിഞ്ഞിട്ടില്ല ഞാൻ...",
"പെണ്ണാളെ പെണ്ണാളേ..." "കൊട്ടും ഞാൻകേട്ടില്ല...", "ആദ്യത്തെകൺമണി ആണായിരിക്കണം..."
"കന്നിനിലാവത്ത്...", ഇന്നെന്റെകരളിലെ പൊന്നണി പാടത്തൊരു.."
തുടങ്ങിയ ഗാനങ്ങളെല്ലാം നിത്യസുന്ദര ഗാനങ്ങളായി.

"സ്വർണച്ചാമരം വീശിയെത്തുന്ന...", "ആരുടെ മനസ്സിലെ ഗാനമായി...", "അമ്പലക്കുളങ്ങരെ കുളിക്കാൻ ചെന്നപ്പോൾ...", താലിക്കുരുത്തോല പീലിക്കുരുത്തോല..." അങ്ങനെ
നിത്യഹരിതഗാനങ്ങളുടെ നിര നീളുന്നു.

കേരള സർക്കാർ സിനിമാപുരസ്കാരം നൽകിത്തുടങ്ങിയ 1969ലെ മികച്ച ഗായകയായത്
പി.ലീലയായിരുന്നു. കടൽപ്പാലം എന്ന ചിത്രത്തിലെ 'ഉജ്ജയിനിയിലെ ഗായിക' എന്ന പാട്ടിനായിരുന്നു പുരസ്കാരം.

ഭക്തിഗാനങ്ങളെ മാറ്റിനിർത്തി പി.ലീലയെന്ന ഗായികയെക്കുറിച്ച് പറയാനാവില്ല. ഗ്രാമഫോൺ റെക്കോർഡുകളിൽ കേട്ടുതുടങ്ങി പിന്നീട് കാസറ്റുകളിലൂടെയും, സിഡികളിലുടെയുമൊക്കെ
ആ ഭക്തി ഗാനധാര ഇന്നും നമ്മുടെ വീട്ടകങ്ങളിലേക്ക് പ്രവഹിക്കുന്നു.

1961ലാണ് ഗുരുവായൂർദേവസ്വത്തിനുവേണ്ടി നാരായണീയം റെക്കോർഡ് ചെയ്തുതുടങ്ങുന്നത്.
എം എസ് സുബ്ബലക്ഷ്മി , എം.എൽ.വസന്തകുമാരി, ഡി.കെ.പട്ടമ്മാൾ തുടങ്ങിയ സംഗീത വിദുഷികളെയൊക്കെ പരിഗണിച്ചിരുന്നുവെങ്കിലും നാരായണീയം ഗുരുവായൂരപ്പനു വേണ്ടി പാടാനുള്ള ഭാഗ്യം പി.ലീലയ്ക്കായിരുന്നു. മലയാളത്തിൽ ഏറ്റവുമധികം വിറ്റുപോയ
ഓഡിയോ കാസറ്റുകളിലൊന്നാണ് ദക്ഷിണമൂർത്തിയുടെ ഈണത്തിൽ പി.ലീല പാടിയ നാരായണീയം. പിൽക്കാലത്ത് മറ്റുപലരും നാരായണീയം പാടിയിട്ടുണ്ടെങ്കിലും
ഏവർക്കുംപ്രിയം പി.ലീല പാടിയതുതന്നെയാണ്. ജ്ഞാനപ്പാന, ഹരിനാമകീർത്തനം,
ഗുരുവായൂർ സുപ്രഭാതം, മൂകാംബിക സുപ്രഭാതം, പാറമേക്കാവ് സ്തുതികൾ,
ഹന്തഭാഗ്യം ജനാനാം തുടങ്ങി നിരവധി ഭക്തിഗാന ആൽബങ്ങൾ ലീലയുടെ സ്വരത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.
കേരളത്തിലെ ക്ഷേത്രങ്ങളിലെയെല്ലാം പുലർകാലങ്ങളെ ഭക്തിസാന്ദ്രമാക്കുന്നത് പി ലീലയുടെ സ്വര വീചികളാണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല.
സിനിമയിലും ഭക്തിഗാനങ്ങൾ വേണ്ടിവന്നപ്പോൾ സംഗീത സംവിധായകർ ആദ്യംപറയുക
പി.ലീലയുടെ പേരു തന്നെ. "നാരായണായനമ..."
(ചട്ടക്കാരി),
"കണികാണുംനേരം..."
(ഓമനക്കുട്ടൻ), "ഗോകുലപാല ഗോപകുമാര..."
(പോസ്റ്റ്മാനെകാണ്മാനില്ല),
"കൈതൊഴാംകണ്ണാ
(ശ്യാമളച്ചേച്ചി), "ഹേമാംബരാഢംബരി..."
(ശ്രീധർമ്മശാസ്ത)
"കന്യാതനയാ..."
(നിണമണിഞ്ഞ കാൽപ്പാടുകൾ) തുടങ്ങി ലീല പാടിയി ഭക്തിപ്രധാനമായ സിനിമാഗാനങ്ങൾ പലതുമുണ്ട്.

പാലക്കാട്ടെ ചിറ്റൂരിലായിരുന്നു പി.ലീലയുടെ ജനനം.
സ്കൂളിൽപഠിക്കുന്ന കാലംതൊട്ടെ സംഗീതമത്സരങ്ങളിൽസമ്മാനം നേടിത്തുടങ്ങിയ മിടുക്കി.
സംഗീതത്തിന്റെ പടവുകളിലെല്ലാം കയറിപ്പോയത് അച്ഛൻ കുഞ്ഞൻമേനോന്റെ
കൈപിടിച്ചായിരുന്നു. മകളുടെ കൂടെ സംഗീതവഴിയിൽ കൂട്ടുനടക്കാൻ വേണ്ടിമാത്രം അദ്ധ്യാപക ജോലി ഉപേക്ഷിക്കുകയായിരുന്നു കുഞ്ഞൻമേനോൻ.തന്റെ എല്ലാ സൗഭാഗ്യങ്ങൾക്കും കാരണം അച്ഛനാണെന്ന് പി.ലീല എപ്പോഴും ഓർത്തു പറയാറുമുണ്ടായിരുന്നു.

മറ്റുള്ളവർക്ക് നന്മ മാത്രംവരട്ടെ എന്നാഗ്രഹിച്ചുജീവിച്ച
ഒരുസാധുസ്ത്രീയായിരുന്നു ലീലയെന്ന് അവരെഅറിയാവുന്നവരെല്ലാം പറഞ്ഞിട്ടുണ്ട്. സിനിമയിൽ ആരും തനിക്കുകിട്ടിയ അവസരങ്ങൾ മറ്റുള്ളവർക്ക് നൽകാറില്ല. കാരണം അവസരംകൊടുത്താൽ അവർ തന്റെസ്ഥാനത്തേക്കു കയറിവരുമെന്ന് അറിയാവുന്നതുകൊണ്ടാണിത്. എന്നാൽ
പി.ലീല അവിടെയും വ്യത്യസ്തയായിരുന്നു.
തനിക്കുലഭിച്ച അവസരങ്ങളിൽ മറ്റുഗായികമാരുടെ പേര്
പി.ലീല നിർദേശിക്കുമായിരുന്നു.
തന്റെനേട്ടത്തേക്കാൾ വലുതായിരുന്നു അവർക്ക് ഗുരുജനങ്ങളോടുള്ള ബഹുമാനവും സ്നേഹിക്കുന്നവരോടുള്ളകടപ്പാടും. എല്ലാവർക്കും നന്മ വരണമെന്നാഗ്രഹിച്ചു ജീവിച്ച ലീലയ്ക്ക് പക്ഷെ നല്ലൊരു കുടുംബജീവിതം പോലും ലഭിച്ചില്ല. കയ്ക്കുന്ന അനുഭവങ്ങളായിരുന്നു ഏറെയും. വിവാഹിതയായെങ്കിലും അധികകാലമെത്തുംമുമ്പ് ദാമ്പത്യം വേർപിരിയേണ്ടിവന്നു.
സഹോദരിയുടെ തണലിലായിരുന്നു പിന്നീടുള്ള ജീവിതം.

അനേകം താരാട്ടു പാട്ടുകൾ പാടിയെങ്കിലും, വാത്സല്യം പകർന്നുനൽകാൻ പി.ലീലയ്ക്ക് മക്കളുമുണ്ടായിരുന്നില്ല.
ഒക്ടോബർ31 പി.ലീലയുടെ ഓർമ്മദിനമാണ്. എന്നെന്നേക്കുമായി പാട്ടുനിർത്തി പറന്നുപോയിട്ട്
വർഷങ്ങൾ കഴിഞ്ഞെങ്കിലും മലയാളികൾ മറക്കില്ലൊരിക്കലും ആ കുയിൽ നാദം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക