Image

ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ ബൈബിള്‍ കലോത്സവം, വിശ്വാസ പ്രഘോഷണവും,വചനാഘോഷവുമായി; ഓക്സ്ഫോര്‍ഡ് മിഷന് ഓവറോള്‍ കിരീടം.

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 31 October, 2025
ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ ബൈബിള്‍ കലോത്സവം, വിശ്വാസ പ്രഘോഷണവും,വചനാഘോഷവുമായി; ഓക്സ്ഫോര്‍ഡ് മിഷന് ഓവറോള്‍ കിരീടം.

നോര്‍ത്താംപ്ടണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ബൈബിള്‍ അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ ബൈബിള്‍ കലോത്സവം വിശുദ്ധ ഗ്രന്ഥത്തിലൂടെയുള്ള തീര്‍ത്ഥാടന അനുഭവവും, വിശ്വാസ പ്രഘോഷണവും, വിശ്വാസവും, കലയും, പ്രതിഭയും സമന്വയിക്കുന്ന മഹോത്സവ വേദിയുമായി.  


ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ ബൈബിള്‍ കലോത്സവത്തിന്റെ പ്രാരംഭമായി മത്സര വേദികളുടെ വെഞ്ചരിപ്പിനു ശേഷം, ബൈബിള്‍ പ്രതിഷ്ഠ നടന്നു.

ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ ഡയറക്ടര്‍ ഫാ. സോണി ജോര്‍ജ്ജ് വിശുദ്ധ ഗ്രന്‍ഥം വഹിച്ചു കൊണ്ട് നയിച്ച ബൈബിള്‍ പ്രതിഷ്ഠ റാലിയില്‍ , ആതിഥേയ മിഷന്‍ ഡയറക്ടറും, ബൈബിള്‍ കലോത്സവത്തിനു ചുമതല വഹിക്കുകയും ചെയ്യുന്ന ഫാ. സെബാസ്റ്റ്യന്‍ പൊട്ടനാനിയില്‍ (സെന്റ് തോമസ് അപ്പോസ്റ്റലേറ്റ് മിഷന്‍,  നോര്‍ത്താംപ്ടണ്‍), ഫാ. എല്‍വിസ് ജോസ് ( ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ ബൈബിള്‍ അപ്പസ്റ്റോലെറ്റ് ഡയറക്ടര്‍), ഓക്‌സ്‌ഫോര്‍ഡ് റീജന്‍ മിഷന്‍ ലീഗ്, സാവിയോ ഫ്രണ്ട്സ് ഭക്ത സംഘടനകളുടെ ഡയറക്ടര്‍, ഫാ. അനീഷ് നെല്ലിക്കല്‍, അപ്പാസ്റ്റ്‌ലേറ്റ് കമ്മീഷന്‍ മെംബറും, കലോല്‍സവത്തിന്റെ ജനറല്‍ കോര്‍ഡിനേറ്ററുമായ സജന്‍ സെബാസ്റ്റ്യന്‍, ബൈബിള്‍ അപ്പാസ്റ്റോലെറ്റ് കമ്മീഷന്‍ മെമ്പര്‍ ജിനീത ഡേവീസ്, സിസ്റ്റര്‍മാര്‍,ക്യാറ്റാകിസം റീജണല്‍ ഹെഡ് റാണി ഷിനോ, റീജണല്‍ പാസ്റ്റര്‍ കൌണ്‍സില്‍ സെക്രട്ടറി റീന ജെബിറ്റി വിവിധ കോര്‍ഡിനേറ്റര്‍മാര്‍, അപ്പസ്റ്റോലെറ്റ് അംഗങ്ങള്‍ എന്നിവര്‍ അണിനിരന്നു.  സോണി അച്ചന്‍ തിരുവചന ഭാഗം വായിച്ച് ബൈബിള്‍ പ്രതിഷ്ഠ നിര്‍വ്വഹിച്ചു. ബൈബിള്‍ പ്രതിഷ്ഠക്കു ശേഷം സെബാസ്റ്റ്യന്‍ അച്ചന്റെ  അദ്ധ്യക്ഷതയില്‍ തുടങ്ങിയ കലോത്സവ ഉദ്ഘാടന സമ്മേളനത്തില്‍ റീജനല്‍ അപ്പസ്റ്റോലേറ്റ് കമ്മീഷന്‍ മെമ്പര്‍ ജെനീത ഡേവീസ് ഏവര്‍ക്കും സ്വാഗതമരുളി. ഫാ. സോണി ജോര്‍ജ്ജ് ഉദ്ഘാടന പ്രസംഗം നടത്തി തുടര്‍ന്ന് ഭദ്രദീപം തെളിച്ചു കൊണ്ട് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഫാ. സെബാസ്റ്റ്യന്‍ പൊട്ടനാനിയില്‍,  ഫാ അനീഷ്, റാണി ഷിനോ , റീന ജെബിറ്റി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

( Overall champions- Oxford)
ഉദ്ഘാടന കര്‍മ്മത്തിനു ശേഷം, കലോത്സവ മത്സരങ്ങള്‍ ആരംഭിക്കുകയായി.  . മത്സരാര്‍ത്ഥികള്‍ക്കിത് ദൈവം നല്‍കിയ കലാവാസനകള്‍ക്കും, വരദാനങ്ങള്‍ക്കും സ്തുതിപ്പും, നന്ദിയും അര്‍പ്പിക്കുന്നതിനുള്ള  അനുഗ്രഹ അവസരമായി. 

ആത്മീയ സാന്ദ്രത പകര്‍ന്ന പാട്ടു മത്സരങ്ങള്‍, തിരുവചന വായന, വിശുദ്ധഗ്രന്ഥ ആഖ്യാനങ്ങള്‍ അവതരണങ്ങളിലൂടെ അനുഭവേദ്യമാക്കിയ മോണോ ആക്റ്റുകള്‍, ബൈബിള്‍ പ്രമേയങ്ങളെ ദൃശ്യവല്‍ക്കരിച്ച ടാബ്ലോസ്, ദൈവവചന സന്ദേശങ്ങള്‍ കോര്‍ത്തിണക്കി സംഗീത ദൃശ്യ വിരുന്നൊരുക്കിയ  സ്‌കിറ്റുകള്‍,  മാര്‍ഗ്ഗം കളി, പ്രസംഗ-ഉപന്യാസ മത്സരങ്ങള്‍, ചിത്ര രചന, പെയിന്റിംഗ് അടക്കം ഏറെ വിശ്വാസാത്മക  കലാസൃഷ്ടികളുടെ പറുദീസ ഒരുക്കിയ കലോത്സവം വിശ്വാസദീപ്തമായി.

(Runners Up- Northampton)
വചനോത്സവ വിരുന്നൊരുക്കിയ സ്‌കിറ്റ്  മത്സരങ്ങളില്‍ വിശുദ്ധ ഗ്രന്‍ഥത്തില്‍ നീതിമാനായ ജോബിനെ ദൈവം പരീക്ഷിക്കുന്ന അവസ്ഥകളില്‍, ഉയര്‍ച്ചയിലും തകര്‍ച്ചയിലും വിശ്വാസതീക്ഷ്ണതയും 
നീതിബോധവും കാത്ത ജോബിന്റെ  ജീവിത പ്രമേയം പുനരാവിഷ്‌ക്കരിച്ച് വേദി കീഴടക്കിയ ഓക്‌സ്‌ഫോര്‍ഡ് ടീം വിജയം ഉറപ്പിക്കുകയായിരുന്നു.

കലാസ്വാദകര്‍  തിങ്ങി നിറഞ്ഞ പ്രധാന ഹാള്‍ തുടര്‍ന്ന്  മത്സരങ്ങളുടെ സമാപന സമ്മേളനത്തിനും  സമ്മാനദാനത്തിനും ഉള്ള വേദിയായി.  

ബൈബിള്‍ അപ്പോസ്റ്റ്‌ലേറ്റ് കമ്മീഷന്‍ മെംബറും ബൈബിള്‍ കലോത്സവ ജനറല്‍  കോര്‍ഡിനേറ്ററുമായ സജന്‍ സെബാസ്റ്റ്യന്‍ നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് വ്യക്തിഗത ഇനങ്ങള്‍ക്കും , ഗ്രൂപ്പിനങ്ങള്‍ക്കും വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.


( 2nd Runners Up - Watford )
ആവേശകരമായ  മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഓക്‌സ്‌ഫോര്‍ഡ് കാര്‍ഡിനല്‍ ന്യൂമാന്‍ മിഷന്‍ ഓവറോള്‍ കിരീടം ഉയര്‍ത്തി. തൊട്ടു പിന്നിലെത്തിയ ആതിഥേയരായ നോര്‍ത്താംപ്ടണ്‍ സെന്റ് തോമസ് മിഷന്‍ രണ്ടാം സ്ഥാനവും, ഹോളി ക്വീന്‍ ഓഫ് റോസറി മിഷന്‍  വാറ്റ് ഫോര്‍ഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സംഘാടക പാഠവവും, കലാ പ്രതിഭകളുടെ പ്രാവീണ്യവും, കൃത്യതയാര്‍ന്ന വിധിനിര്‍ണ്ണയവും, മികച്ച വോളണ്ടിയേഴ്‌സും, ആസ്വാദ്യമായ ചൂടുള്ള നാടന്‍ ചൂടന്‍ ഭക്ഷണങ്ങളും കലോത്സവത്തെ വന്‍ വിജയമാക്കി.

സോണി അച്ചന്റെ സമാപന പ്രാര്‍ത്ഥനയും ആശീര്‍വാദത്തോടെയും  ബൈബിള്‍ കലോത്സവം സമാപിച്ചു. രാത്രി ഒമ്പതര വരെ പരിപാടികള്‍ നീണ്ടു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക