Image

എന്റെ കേരളം..!! (കവിത:ജോയ് പാരിപ്പള്ളില്‍)

Published on 31 October, 2025
എന്റെ കേരളം..!! (കവിത:ജോയ് പാരിപ്പള്ളില്‍)

കേരളമെന്നൊരു നാടുണ്ടാർന്നു
കേരം തിങ്ങും കരയുണ്ടാർന്നു
കഥകളി കൂത്തും തെയ്യം തിറയും
നടനം ചെയ്യും നാളുണ്ടാർന്നു

കായലുമരുവിയും കുഞ്ഞോളങ്ങളും
കവിത രചിക്കും കടലിൻ തീരവും
കാനനനിരയും മാമലമേടും
കരളിൽ നിറയും കഥയുണ്ടാർന്നു

കാലം ഒത്തിരി മാറും നേരം
കണ്ടാൽ ആരും മിണ്ടാണ്ടായി
കേരളനാടിൻ പഴമ മറന്ന്
കഥകൾ ഒന്നും പറയാണ്ടായി,

കൗമാരങ്ങൾ നാട് മറന്നു
മലയാളത്തിൻ ഭാഷ മറന്നു
വാർദ്ധക്യത്തിൻ നെടുവീർപ്പിൻ
തേങ്ങൽ മാത്രം കേൾക്കുകയായി

നന്മ വെളിച്ചം പകരും തലമുറ
"തന്ത വൈബായി" മാറും കാലം
"റേവ് പാർട്ടി" കൾ "ട്രെൻഡ് "ആയി
"ന്യൂ ജെൻ" കുഴഞ്ഞു വീഴുകയായി.

അമ്പലവാസികൾ അമ്പലമേട്ടിൽ
സ്വർണ്ണപ്പാളികൾ ചെമ്പായി മാറ്റി
ദിവ്യ ചേതസ്സ് നിറഞ്ഞ് നിൽക്കും
ദൈവം കണ്ണീർ വാർത്തൂ, കഷ്ടം..!!

നവംബർ ഒന്നിന് പിറവിയെടുത്ത
കേരള നാടിൻ പൈതൃകമെന്നും
സംരക്ഷിക്കാൻ പടയണി ചേരാം
കൈകൾ കോർക്കാം, ഒന്നാകാം..!!

Join WhatsApp News
Sudhir Panikkaveetil 2025-10-31 15:32:01
കേരളം എന്ന ഭൂപ്രദേശം നഷടമാകുന്നു. കേരങ്ങൾ പോലുമില്ല. ഭ്രാന്താലയം എന്ന പേരിനു മാറ്റം വേണ്ട. കവി വളരെ ലളിതമായ ഭാഷയിൽ എല്ലാം പറഞ്ഞിട്ടുണ്ട്. കണ്ണുള്ളവർ കാണുക,ചെവിയുള്ളവർ കേൾക്കുക. അഭിനന്ദനം ശ്രീ ജോയ് പാരിപ്പള്ളിൽ.
കള്ളന്മാരുടെ ഗുഹ 2025-10-31 20:02:27
ഇന്ന്, കേരളം കള്ളന്മാരുടെ ഗുഹയായി മാറിയിരിക്കുന്നു. ലോകത്തിൽ, ഏറ്റവും കൂടുതൽ കബളിപ്പിക്കപ്പെടുന്ന ജനമായി, മലയാളികൾ മാറിയിരിക്കുന്നു. തള്ളലും കള്ളകണക്കുമായി, ജനങ്ങളെ പറ്റിച്ചുകൊണ്ടേയിരിക്കുന്നു.
C. Kurian 2025-11-01 01:22:43
എന്റെ കാലത്ത് - അതായത് അഞ്ചു ദശകങ്ങൾക്കു മുൻപ് - ജീവിക്കാൻ വരവുള്ള ഒരു ജോലി തേടി മടുത്ത് എറണാകുളം ട്രെയിൻ സ്റ്റേഷനില് നിന്നു പോന്നതാണ് ഞാൻ കുറെ സ്വപ്നങ്ങളുമായി. കുറെ പണമുണ്ടാക്കി എന്നെങ്കിലും എന്റെ സുന്‍ദരമായ കേരള നാട്ടിൽ വന്നു സ്ഥിര താമാസമാക്കണമെന്ന സ്വപ്നം അനേക വർഷങ്ങൾ കാത്തു സൂക്ഷിച്ചു. അനേകമനേകം കേരള സന്ദർശനങൾ നടത്തി അതിനു ശേഷം. ഓരോ പ്രാവശ്യവും പണം ചെലവാക്കിയാല് വെക്കേഷൻ നന്നായി ആഘോഷിച്ചു തിരിച്ചു വരാം എന്നതിൽ കവിഞ്ഞു ആ സ്വപ്ന ഭൂവില് തിരിച്ചു പോയി വസിക്കണമെന്ന സ്വപ്നത്തിന്റെ ഗ്ലാമർ കുറഞ്ഞു വരികയാണുണ്ടായത്. കേരങ്ങൾ എല്ലാം വെട്ടി മാറ്റി; പാടങ്ങളെല്ലാം വെട്ടിയുയര്‍ത്തി. അശുദ്ധ രാഷ്ട്രീയം സമൂഹത്തെ മുഴുവൻ വിഷ ലിപ്തം ആക്കി. മാവേലി നാടു വാണീടും കാലം എന്നു കേൾക്കുമ്പോലുള്ള സങ്കല്പം പോലെ ഒരു മിഥ്യയായി എന്റെ സങ്കല്പ കേരളം. നാട്ടിൽ ചെല്ലുമ്പൊളെല്ലാം നാട്ടുകാർ എന്നെ നാട്ടിൽ നിന്നു രക്ഷപ്പെട്ട ആൾ എന്നാണ് വിശെഷിപ്പിക്കുക. അവിടെ നിന്നു രക്ഷപ്പെടാൻ അവിടത്തെ ഓരോ യുവാവും യുവതിയും ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഉൽപ്പാദന ക്ഷമമായ ഒരു വ്യ്വവസായവും അവിടെ സ്ഥാപിക്കപ്പെടുന്നില്ല. സ്വപ്നങ്ങളെ കുഴിച്ചു മൂടി ആ രാജ്യത്തിന്റെ പൗരത്വം ഉപേക്ഷിച്ചു ഞാനിന്ന് ആ നാടിന്റെ മറുവശത്തെ മഹാരാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചു കഴിയുന്നു. അനന്തര തലമുറയുടെ മാതൃ രാജ്യം ഈ രാജ്യമായി. കേരളത്തിന്റ സാമ്പത്തിക അവസ്ഥയേക്കാൾ രാഷ്ട്രീയവും സാമൂഹ്യവുമായ പരിതാപകരമായ അവസ്ഥയാണ് എന്റെ വേര് ഇപ്പോഴത്തെ രാജ്യത്ത് താഴുവാന് വളമിട്ടത്. കേരളമെന്ന സങ്കൽപനാടിനെ ഞാൻ എന്നും സൂക്ഷിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക